Categories: Vatican

നിയന്ത്രണങ്ങളോടുകൂടിയ പെസഹാത്രിദിന പരികർമ്മങ്ങളെ സംബന്ധിച്ച് പുതിയ ഡിക്രി

ഉചിതമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഇല്ലാതെ മെത്രാന്മാരും വൈദികരും തിരുക്കര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയാകും...

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിന്റെ വ്യാപനത്താൽ ലോകമാസകലം ഭീതിയിലായിരിക്കുന്നതിനാൽ ഈ വർഷത്തെ പെസഹാത്രിദിന കൂദാശകള്‍ക്കും ആരാധനക്രമ പരികർമ്മങ്ങൾക്കും പരിശുദ്ധ പിതാവിന്റെ നിർദ്ദേശമനുസരിച്ച്, ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പുതിയ കല്പന (Decree from the Congregation for Sacraments & Divine Worship) നിലവിൽ വന്നു. ഈശോയുടെ മംഗലവാര്‍ത്ത തിരുനാളില്‍ 2020 മാര്‍ച്ച് 25-നാണ് ഈ ഡിക്രി നൽകപ്പെട്ടത്.

പ്രധാനപ്പെട്ട ഡിക്രി നിർദേശങ്ങൾ ഇങ്ങനെയാണ്:

1) അടിയന്തിരാവസ്ഥ കണക്കിലെടുത്തു വരുത്തുന്ന മാറ്റങ്ങള്‍

കൊറോണാ വൈറസ് ബാധമൂലം അടിയന്തിരമായും ആഗോളതലത്തിലും ഉണ്ടായിട്ടുള്ള അസൗകര്യങ്ങള്‍ മാനിച്ചാണ് സഭ ഈ വ്യത്യാസങ്ങള്‍ വീണ്ടും വരുത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറാ അറിയിച്ചു. സഭാമക്കളുടെ പ്രാര്‍ത്ഥന ആഗോളപ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ നിലയ്ക്കരുതെന്നും, എന്നാല്‍ മഹാമാരിയുടെ പകര്‍ച്ച തടയാന്‍ നാം ആവതു ചെയ്യണമെന്നും, അതിനായി എല്ലാ വിശ്വാസികളും മെത്രാന്മാരോടും അജപാലകരോടും സഹകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ ഇല്ലാതാക്കണമെന്നും കര്‍ദ്ദിനാള്‍ സറാ ആമുഖമായി അഭ്യര്‍ത്ഥിച്ചു. ഒരു അടിയന്തിരാവസ്ഥാ കാലത്താണ് നാം ജീവിക്കുന്നത്. ചുറ്റുപാടുകള്‍ പെട്ടന്നാണ് മാറുന്നത്. മഹാമാരിയുടെ ഭീകരതയും, വലുപ്പവും മൂലം വിശുദ്ധവാര ആരാധനക്രമത്തില്‍ വരുത്തുന്ന ഏതാനും ചില വ്യത്യാസങ്ങള്‍കൂടി അറിയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2) സമ്പര്‍ക്കം ഒഴിവാക്കുന്ന പരിപാടികള്‍

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിലെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോടു പൂര്‍ണ്ണമായും സഹകരിച്ചുകൊണ്ട് എല്ലാ ആഘോഷങ്ങളും ജനരഹിതമായിരിക്കണമെന്നും, ജനക്കളുടെ നീക്കങ്ങള്‍ ഒട്ടും ഇല്ലാത്തതായിരിക്കണമെന്നും ഓര്‍പ്പിക്കുന്നു. ഉചിതമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഇല്ലാതെ മെത്രാന്മാരും വൈദികരും തിരുക്കര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയാകും. സഹകാര്‍മ്മികരെ (Concelebrants) കഴിവതും ഒഴിവാക്കുകയും, സമ്പര്‍ക്കത്തിന് ഇടനൽകിയേക്കാവുന്ന സമാധാനാശംസയ്ക്കുള്ള ആഹ്വാനം വിട്ടുകളയേണ്ടതുമാണ്.

3. അടിയന്തിരാവസ്ഥ മാനിക്കുന്ന വലിയ ത്യാഗം

ക്രിസ്തീയ വിശ്വാസാചരണങ്ങള്‍ പ്രത്യേകിച്ച് ദിവ്യബലിയുടെ ആഘോഷം സാമൂഹികമാണെങ്കിലും ഇന്നിന്റെ അടിയന്തിര സാഹചര്യം മാനിച്ച് നാം കൂട്ടംചേരലും, സ്പര്‍ശവും ഒഴിവാക്കുന്ന വിധത്തില്‍ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ സഹായത്തോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കുക. മാധ്യമസൗകര്യങ്ങളില്‍ ഇല്ലാത്തവര്‍ക്കും, ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളുടെ സമയം മനസ്സിലാക്കി, അവയില്‍ ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും, അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍ സാധിക്കും.

4. സമയബദ്ധമായ ആത്മീയ പങ്കാളിത്തവും

മാധ്യമങ്ങളിലൂടെയുള്ള തത്സമയം പങ്കുചേരലും, ഫ്രാന്‍സിസ് പാപ്പായുടെ അനുദിന ദിവ്യബലിയും, വിശുദ്ധവാര കര്‍മ്മങ്ങളും തത്സമയം മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ പ്രാദേശിക സഭാസ്ഥാപനങ്ങളും മാധ്യമ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. തത്സമയം വീടുകളില്‍ ഇരുന്ന് അവയില്‍ പങ്കുചേര്‍ന്ന് ആത്മീയ ഫലപ്രാപ്തി നേടാമെന്ന് ഡിക്രി അറിയിക്കുന്നു. എന്നാല്‍, റെക്കോര്‍‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ലെന്നും ഡിക്രി പറയുന്നു. ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും, തത്സമയവുമുള്ള ബന്ധപ്പെടലാണ്. അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും, അര്‍ത്ഥവുമില്ലെന്ന് ഓര്‍പ്പിക്കുന്നു.

5) ഈസ്റ്റര്‍ദിനം മാറ്റിവയ്ക്കാവുന്നതല്ല

പെസഹാജാഗരാനുഷ്ഠാനം ഭദ്രാസന ദേവാലയങ്ങളില്‍ മാത്രം നടത്തിയാൽ മതിയാകും. ഈസ്റ്റര്‍ദിനം ഒരിക്കലും മാറ്റിവയ്ക്കാവുന്നതല്ലെന്ന് അറിയിക്കുന്നു. കാരണം, വിഭൂതിയില്‍ ചാരം പൂശിക്കൊണ്ട് തപസ്സുകാലം നാം ആരംഭിച്ചത് ജീവിതത്തിന്റെ നിസ്സാരതയെയും മരണത്തെയും കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ്. ഈ തപസ്സുകാലം ഏറെ വേദനയോടെയും ഭീതിയോടെയും അനിശ്ചിതത്വത്തോടെയുമാണ് കടന്നുപോകുന്നത്. നാം നിസ്സാരമായ പൂഴിയാണെങ്കിലും ഈ പൂഴിയെ ദൈവം സ്നേഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ തപസ്സിന്റെ സന്ദേശത്തിലൂടെ നമ്മെ എല്ലാവരെയും അനുസ്മരിപ്പിച്ചതാണ്. ദൈവം നമ്മുടെ രക്ഷകനും നമ്മെ മോചിപ്പിക്കുന്നവനുമാണ്. മരണത്തിന്റെമേലുള്ള വിജയത്തിന്റെ മഹോത്സവമാണ് ഈസ്റ്റര്‍. അത് നിത്യതയിലേയ്ക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ അനുസ്മരണവുമാണ്. അതിനാല്‍ ജനരഹിതമാണെങ്കിലും ആ ദിവസത്തില്‍ മാറ്റമില്ലാതെ, അന്നാളില്‍തന്നെ ആചരിക്കേണ്ടതാണ്.

6) പ്രദക്ഷിണം ഒഴിവാക്കി ഹോസാന

ഹോസാന മഹോത്സവം ദേവാലയത്തിനു പുറത്തുള്ള പ്രദിക്ഷിണം ഇല്ലാതെ കുര്‍ബ്ബാന പുസ്തകത്തിലെ ഹ്രസ്വരൂപം ഉപയോഗിച്ചാല്‍ മതിയാകും.

7) പൗരോഹിത്യസ്ഥാപനത്തിന്റെ അനുസ്മരണബലി (Unum Presibiterium) മാറ്റിവയ്ക്കാം

ഓരോ രാജ്യത്തെയും അവസ്ഥ മനസ്സിലാക്കിക്കൊണ്ട്, പൗരോഹിത്യ സ്ഥാപനത്തിന്റെ ഓര്‍മ്മയായി രൂപതാദ്ധ്യക്ഷനോട് ചേര്‍ന്ന് അര്‍പ്പിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ ദിവ്യബലിയും തൈലാഭിഷേക കര്‍മ്മവും സൗകര്യമുള്ള മറ്റൊരു അവസരത്തിലേയ്ക്ക് ആവശ്യമെങ്കില്‍ മാറ്റിവയ്ക്കാവുന്നതാണ്.

8) കാലുകഴുകല്‍ ശുശ്രൂഷ ഒഴിവാക്കാം

തിരുവത്താഴപൂജയിലെ കാലുകഴുകല്‍ ഏറെ പ്രതീകാന്മകമായ ശുശ്രൂഷയാണെങ്കലും, നിര്‍ബന്ധമില്ലാത്ത കര്‍മ്മമാകയാല്‍ ഈ അടയന്തിര സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ ദിവ്യബലിയുടെ അന്ത്യത്തിലുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും ഒഴിവാക്കേണ്ടതാണ്.

9) കുരിശിന്റെവഴിയും നഗരികാണിക്കലും ഒഴിവാക്കാം

ദഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ ശുശ്രൂഷയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ കൊറോണ രോഗികള്‍ക്കും, ഈ രോഗംമൂലം ക്ലേശങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കുംവേണ്ടിയുള്ള പ്രത്യേകം നിയോഗം ചേര്‍ക്കേണ്ടതാണ്. കുരിശുചുംബനം കാര്‍മ്മികന്‍ മാത്രം നടത്തിയാല്‍ മതിയാകും. തുടര്‍ന്നുള്ള കുരിശിന്റെവഴി, പീഡാനുഭവ പ്രദക്ഷിണം, പാരമ്പര്യമായുള്ള നഗരികാണിക്കല്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.

10) പെസഹാജാഗരാനുഷ്ഠാനം

പെസഹാജാഗരാനുഷ്ഠാനം, ജ്ഞാനസ്നാനവ്രത നവീകരണത്തോടെ ഭദ്രാസന ദേവാലയത്തില്‍ മാത്രം നടത്തിയാല്‍ മതി. ഇടവകകളില്‍ നടത്തേണ്ടതില്ല. സാഹചര്യം അനുവദിക്കുന്നുണ്ടെങ്കിൽ നടത്താവുന്നതാണ്.

11) സ്ഥാപനങ്ങള്‍ക്കും ബാധകം

ആശ്രമങ്ങളും, സെമിനാരികളും, സന്ന്യാസസമൂഹങ്ങളും ഈ കല്പനകള്‍ പാലിക്കേണ്ടതാണ്.

12) പാരമ്പര്യാനുഷ്ഠാനങ്ങള്‍ സൗകര്യപ്പെടുമെങ്കില്‍ സെപ്തംബറില്‍ നടത്താം

പെസഹാത്രിദിനങ്ങളിലെ പാരമ്പര്യാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമുള്ളിടങ്ങളില്‍ രൂപതാദ്ധ്യക്ഷന്റെ അനുമതിയോടെ സെപ്തംബര്‍ 14 കുരിശിന്റെ മഹത്വീകരണത്തിന്റെയും സെപ്തംബര്‍ 15 വ്യാകുലമാതാവിന്റെയും തിരുനാളുകളില്‍ സൗകര്യപ്പെടുമെങ്കില്‍ നടത്താവുന്നതാണ്.

ഡിക്രിയുടെ പൂർണ്ണ രൂപം 

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago