Categories: Sunday Homilies

നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചു പോവുകയില്ല

കർത്താവിന്റെ നാമത്തെ ഭയപ്പെടുന്നവർക്ക് ജീവന്റെ സമൃദ്ധി ഉണ്ടാകുന്നു...

ആണ്ടുവട്ടം മുപ്പത്തിമൂന്നാം ഞായർ

ഒന്നാം വായന : മലാക്കി 3:19-20
രണ്ടാം വായന : 2 തെസ്സലോനിക്ക 3:7-12
സുവിശേഷം : വി.ലൂക്കാ 21:5-19.

ദിവ്യബലിക്ക് ആമുഖം

നാം ആരാധനാക്രമവത്സരത്തിന്റെ അവസാനത്തോടടക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെയും ഈ ലോകത്തിന്റെയും അവസാനത്തെയും, പരിസമാപ്തിയെയും കുറിച്ചും എല്ലാറ്റിനുമുപരി കർത്താവിന്റെ വരാനിരിക്കുന്ന ദിനത്തെക്കുറിച്ച് തിരുസ്സഭ പഠിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച നാം ശ്രവിച്ചത് പുനരുത്ഥാനത്തെ കുറിച്ചും, ഉത്ഥാനാനന്തര ജീവിതത്തെക്കുറിച്ചുമാണെങ്കിൽ ഈയാഴ്ച മലാക്കി പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലൂടെയും, തെസ്സലോനിക്കാർക്കുള്ള ലേഖനത്തിലൂടെയും, ജെറുസലേം ദേവാലയത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളിലൂടെയും ഓരോ ക്രൈസ്തവ വിശ്വാസിയും ദൈവത്തിന്റെ ദിനത്തിനായി കാത്തിരിക്കേണ്ടതെങ്ങനെയെന്നും, കർത്താവിന്റെ വരവിന്റെ പ്രത്യേകതകളെന്തെന്നും തിരുസഭ നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

കർത്താവിന്റെ ദിനം, അന്ത്യകാലം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ ഇന്നത്തെ 3 വായനകളെയും ബന്ധിപ്പിക്കാം. കർത്താവിന്റെ രണ്ടാം വരവിന്റെ ദിനത്തെക്കുറിച്ച് മാത്രമല്ല, അതുവരെ നാം എങ്ങനെയാണ് ജീവിക്കേണ്ടതെന്നും ഇന്നത്തെ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. നമുക്കീ തിരുവചനങ്ങളെ ധ്യാനിക്കാം.

കർത്താവിന്റെ ദിനം ആസന്നം (ഒന്നാം വായന)

പഴയനിയമത്തിലെ ഏറ്റവും അവസാന പുസ്തകമായ മലാക്കി പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള വായനയാണ് നാം ഇന്നത്തെ ഒന്നാം വായനയിൽ ശ്രവിച്ചത്. ഇസ്രായേൽ പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങി വന്നതിനുശേഷം ദേവാലയ പുനർനിർമാണം പൂർത്തിയാക്കിയതിനു ശേഷം ഏകദേശം ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി പ്രവചനം ആരംഭിക്കുന്ന പ്രവാചകൻ ദൈവത്തെ സേവിക്കുന്നവർക്ക് പ്രതിഫലം ലഭിക്കും എന്ന സത്യം വെളിപ്പെടുത്തുന്നു. കർത്താവിന്റെ ദിനത്തിൽ അഹങ്കാരികളും ദുഷ്ടന്മാരും വൈക്കോൽ പോലെ ആകുമെന്നും, അവരെ വേരും ശാഖയും അവശേഷിപ്പിക്കാതെ ദഹിപ്പിച്ചു കളയുമെന്നും പ്രവാചകൻ പറയുന്നു. ഇനി ഒരിക്കലും ജീവൻ വയ്ക്കാത്ത നിലയിൽ സമ്പൂർണ്ണമായി തിന്മ നശിക്കും എന്നാണ് പ്രവാചകൻ പറയുന്നത്. എന്നാൽ കർത്താവിന്റെ നാമത്തെ ഭയപ്പെടുന്നവരുടെമേൽ ദൈവം നീതി സൂര്യനായി ഉദിക്കും. അതുകൊണ്ടാണ് ആദിമ സഭ ആദ്യംമുതൽക്കേ യേശുവിനെ “നീതി സൂര്യനായി” അവതരിപ്പിക്കുന്നത്. ചുരുക്കത്തിൽ കർത്താവിന്റെ ദിനത്തിൽ തിന്മ പ്രവർത്തിക്കുന്നവർക്ക് സമ്പൂർണ നാശവും, നന്മ പ്രവർത്തിക്കുന്നവർക്ക് – കർത്താവിന്റെ നാമത്തെ ഭയപ്പെടുന്നവർക്ക് ജീവന്റെ സമൃദ്ധിയും ഉണ്ടാകുന്നു.

കർത്താവിന്റെ ദിനം വരെ എങ്ങനെയാണ് ജീവിക്കേണ്ടത്? (രണ്ടാം വായന)

കർത്താവിന്റെ ദിനം വരെ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഇന്നത്തെ രണ്ടാം വായന. “അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രബോധനം നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. എന്തുകൊണ്ടാണ് അപ്പോസ്തലൻ ഇത്തരമൊരു നിർദേശം തെസ്സലോനിക്കായിലെ വിശ്വാസികൾക്ക് നൽകുവാൻ കാരണം? യേശുവിന്റെ രണ്ടാംവരവ് ഉടനെ ഉണ്ടാകുമെന്ന് കരുതി ചില വിശ്വാസികൾ ജോലിചെയ്യാതെ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ, മറ്റുള്ളവർക്ക് ഒരു ഭാരമായി ജീവിക്കാൻ തുടങ്ങി. ഇത്തരം പ്രവണതയെ അപ്പോസ്തലൻ ശക്തമായി താക്കീത് ചെയ്യുകയാണ്. പ്രത്യേകിച്ച്, അപ്പോസ്തലൻ ഈ വിശ്വാസ സമൂഹത്തിന്റെ കൂടെയായിരുന്നപ്പോൾ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ കഠിനാധ്വാനം ചെയ്തത് എടുത്തുപറയുന്നു. കർത്താവിന്റെ ദിനത്തിനായി കാത്തിരിക്കുന്നത് അലസരായി, നിർജീവ പങ്കാളിത്തത്തോടെയല്ല മറിച്ച്, ജീവിതത്തിലെ സ്വന്തം ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുന്നതിലൂടെയും, ആഹാരത്തിനുവേണ്ടി അദ്ധ്വാനിക്കുന്നതിലൂടെയും, സാധാരണ ജീവിതം നയിക്കുന്നതിലൂടെയുമാണ്. കർത്താവിനു വേണ്ടിയുള്ള സജീവമായ കാത്തിരിപ്പാണ്.

ക്ലേശങ്ങളും ആശ്വാസവും (സുവിശേഷം)

ഇന്നത്തെ സുവിശേഷത്തിന്റ ആരംഭംതന്നെ ജെറുസലേം ദേവാലയത്തിന്റെ നാശത്തെ കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തോട് കൂടിയാണ്. യഹൂദ വിശ്വാസത്തിന്റെ സിരാകേന്ദ്രമായിരുന്നു ജറുസലേം ദേവാലയം. പുരോഹിതന്മാരും ലേവ്യരും ഉൾപ്പെടെ ഏകദേശം ഇരുപതിനായിരത്തോളം പേർ സേവനമനുഷ്ഠിക്കുന്ന ആത്മീയ കേന്ദ്രം. യഹൂദ വിശ്വാസത്തിന്റെ ഹൃദയമെന്ന വിശേഷിപ്പിക്കാവുന്ന ഈ ദേവാലയം തകർക്കപ്പെടുമെന്നാണ് യേശു പറയുന്നത്. വി.ലൂക്കാ സുവിശേഷകൻ, യേശുവിന്റെ ഈ വാക്കുകൾ എഴുതുന്ന കാലത്ത് തന്നെ എ.ഡി. 70-ൽ ദേവാലയം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. എ.ഡി. 66 മുതൽ 74 വരെയുള്ള റോമാക്കാരുടെ ആക്രമണം യുദ്ധത്തിന്റെ ഭീതിയും ഭയവും എങ്ങും നിറച്ചു. ഇത്തരത്തിൽ കൊടിയ പീഡനങ്ങളും, ആശയക്കുഴപ്പങ്ങളും, കർത്താവിന്റെ രണ്ടാംവരവിനെ സംബന്ധിച്ച ആശങ്കകളും, നിരാശകളും അനുഭവിക്കുന്ന ഒരു വിശ്വാസ സമൂഹത്തിന് അവർ കടന്നുപോകുന്ന- പോകാനിരിക്കുന്ന ഞെരുക്കങ്ങളും, ബുദ്ധിമുട്ടുകളും വിവരിച്ചുകൊണ്ട് ആശ്വസിപ്പിക്കുകയും ധൈര്യപ്പെട്ടുത്തുകയും ചെയ്യുകയാണ് സുവിശേഷകൻ.

യേശുവിന്റെ വാക്കുകളിൽനിന്ന് ഇന്നത്തെ വിശ്വാസ സമൂഹത്തിന് എന്തൊക്കെ പഠിക്കാനുണ്ടെന്ന് നോക്കാം.

1) യേശുവിന്റെ നാമത്തിൽ പലരും വന്ന് നമ്മെ വഴിതെറ്റിക്കാൻ നോക്കും, നാം അവരുടെ പിന്നാലെ പോകരുത്.

2) പീഡനങ്ങളുടെയും ദുരിതങ്ങളുടെയും അവസരങ്ങൾ വിശ്വാസ സാക്ഷ്യം നൽകാനുള്ള അവസരം കൂടിയാണ്, അതിലൂടെ നാം ജീവൻ നേടും.

3) ഏതു വിധ പ്രതിസന്ധികളെയും നേരിടുന്ന രീതിയിലുള്ള വാക്ചാതുര്യവും ജ്ഞാനവും പരിശുദ്ധാത്മാവ് നമുക്ക് നൽകും.

4) നാം കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ഭയാനകമായ ശക്തികളെക്കാളും ശക്തിയുള്ളവനാണ് നമ്മുടെ ദൈവം.

5) കർത്താവിന്റെ നാമം നിമിത്തം ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും നാം ഭയപ്പെടരുത്. നമ്മുടെ തലമുടിയിഴ പോലും നശിച്ചു പോവുകയില്ല (ദിവസവും നാമറിയാതെ നമ്മിൽനിന്ന് നഷ്ടപ്പെടുന്ന തലമുടി പോലും നമ്മിൽ സംരക്ഷിക്കപ്പെടുമെന്ന് പറയുന്നത് ഏറ്റവും വലിയ ശ്രദ്ധയുടേയും, ദൈവപരിപാലനത്തിന്റെയും അടയാളമാണ്).

ഉപസംഹാരം

അവസാന നാളുകളെ കുറിച്ചും, യേശുവിന്റെ രണ്ടാം വരവിനെ കുറിച്ചുമുള്ള ധാരണകളും, തെറ്റിദ്ധാരണകളും എക്കാലവും സജീവമായിരുന്നു. പ്രത്യേകിച്ച് അതിന്റെ കാലവും, സമയവും, രീതിയും. അതുകൊണ്ടുതന്നെയാണ് ഓരോ ആരാധനക്രമവത്സരത്തിന്റെയും അവസാനം നമുക്ക് ശരിയായ പ്രബോധനം നൽകാനും, തെറ്റായ പഠനങ്ങളിൽ നാം അകപ്പെട്ട് പോകാതിരിക്കാനുമായി ഇത്തരം വിഷയങ്ങളെ നമ്മുടെ വിചിന്തനത്തിനായി തിരുസഭ മാതാവ് നമുക്ക് നൽകുന്നത്. വെളിപാട് പുസ്തക ശൈലിയിൽ എഴുതപ്പെട്ട ഈ തിരുവചനങ്ങൾ നമ്മെ ഭയപ്പെടുത്താനല്ല, മറിച്ച് ആശ്വസിപ്പിക്കാനും, ധൈര്യപ്പെടുത്താനും വേണ്ടിയാണ്.

ആമേൻ.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago