Categories: Meditation

നമുക്ക് ഉറച്ചു നിൽക്കാം (ലൂക്കാ 21: 5-19)

"ഉറച്ചു നിൽക്കുക" എന്നു പറഞ്ഞാൽ "തോൽക്കാൻ എനിക്ക് മനസ്സില്ല" എന്നു പറയാനുള്ള ആത്മധൈര്യമാണ്...

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ

ഇന്നത്തെ സുവിശേഷത്തിന് വെളിപ്പെടുത്തലിന്റെ ഭാഷയാണുള്ളത്. അപ്പകലിപ്റ്റിക്ക് ആയിട്ടുള്ള ഭാഷയിൽ സുവിശേഷം എന്തെങ്കിലും കുറിക്കുമ്പോൾ സാധാരണ നമ്മുടെ മനസ്സിലേക്ക് വരുന്നത് മഹാദുരന്തങ്ങളുടെ ചിത്രങ്ങളായിരിക്കും. അതിനെ നമ്മൾ ലോകാവസാനമായി കരുതുകയും ചെയ്യും. (അങ്ങനെ കരുതുകയും ഭയം വിതക്കുകയും ചെയ്യുന്ന ഒത്തിരി വ്യാഖ്യാതാക്കൾ നമ്മുടെ ഇടയിലുണ്ട്. അവരെ പരിഗണിക്കേണ്ട കാര്യമില്ല. നമുക്ക് വിഷയത്തിലേക്ക് വരാം) ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത് ലോകാവസാനത്തെ കുറിച്ചല്ല. മറിച്ച് ലോകത്തിന്റെ രഹസ്യാത്മകതയെ കുറിച്ചാണ്. ഈ സുവിശേഷ ഭാഗം ഒന്ന് സൂക്ഷ്മമായി വായിച്ചാൽ സഹനങ്ങളെ കുറിച്ചുള്ള വിവരണങ്ങളുടെ ഇടയിലും പ്രത്യാശയുടെ ചക്രവാളങ്ങളിലേക്ക് തുറന്നുകിടക്കുന്ന വാതിലുകളും കാണാൻ സാധിക്കും. ഓർക്കുക, ഒരു ജീവിതവും സഹനത്തിൽ മാത്രമായി അവസാനിക്കുന്നില്ല. തല ഉയർത്തി നിൽക്കുക രക്ഷ അരികിൽ തന്നെയുണ്ട്.

വ്യാജ പ്രവാചകന്മാരുടെ മോഹന വാഗ്ദാനങ്ങളും (v.8), വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും കൂടി (v.9) നമ്മുടെ ജീവിതത്തെ ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റിമുറുക്കിയാലും യേശു നമുക്ക് നൽകുന്ന ഒരു ഉറപ്പുണ്ട്; “നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല” (v.18). ചരിത്രവും ലോകവും അതിന്റെ അലങ്കോലാവസ്ഥയിലൂടെ കടന്നു പോയാലും ദൈവത്തിന്റെ കണ്ണ് നമ്മുടെ ഓരോരുത്തരുടെയുമേൽ പതിഞ്ഞിട്ടുണ്ട്. ആ നോട്ടവും ശ്രദ്ധയും നമ്മുടെ തലയ്ക്കുമേൽ തൂങ്ങിക്കിടക്കുന്ന ഒരു വിധി കൽപനയോ ഭീഷണിയോ അല്ല. അത് കരുതലും സ്നേഹവും തരുന്ന ഉറപ്പാണ്.

ഇന്നത്തെ സുവിശേഷം നമ്മെ നയിക്കുന്നത് ചരിത്രത്തിന്റെ വരമ്പിലെക്കാണ്. അവിടെ ഒരു വശത്തുള്ളത് അക്രമങ്ങളുടെ അന്ധകാരവും നാശകാരികളായ ഇരുളടഞ്ഞ ഹൃദയങ്ങളുമാണെങ്കിൽ, മറുവശത്തുള്ളത് ആർദ്രതയുടെ ആഘോഷമാണ്. ഇത് മരണവും സ്നേഹവും തമ്മിലുള്ള മൽപിടുത്തത്തിന്റെ ചിത്രമാണ്. ഇവിടെ “ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും” (v.19). അതായത് മനുഷ്യ ജീവൻ രക്ഷിക്കാപ്പെടുന്നത് ഉറച്ചു നിൽക്കുമ്പോൾ മാത്രമാണ്. സുവിശേഷ വരികളിൽ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവിതം തന്നെയാണ്. അത് സ്നേഹത്തിന്റെയും, നിസ്സംഗതയുടെയും, തള്ളിപ്പറയലിന്റെയും, ചേർന്നു നിൽക്കലിന്റെയും, അപ്രതിക്ഷിതമായ ദുരന്തങ്ങളുടെയും, ക്ഷണിക്കാതെ കടന്നു വരുന്ന ആഹ്ലാദങ്ങളുടെയും ഇടയിലൂടെയുള്ള സഞ്ചാരമാണ്. വേദനകളുടെയും നൊമ്പരങ്ങളുടെയും മുന്നിൽ നിന്നും ഒരു ഒളിച്ചോട്ടം ക്രിസ്തുശിഷ്യന് പറഞ്ഞിട്ടുള്ള കാര്യമല്ല. മറിച്ച് നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിലും ഒരു പടയാളിയുടെ വീറോടെ ഉറച്ചുനിൽക്കുന്ന വിശ്വാസത്തിന്റെ മൂർത്തഭാവങ്ങളാകണമവർ. മനുഷ്യത്വം ഇല്ലാത്ത തലങ്ങളിൽ മാനവികതയുടെ വക്താക്കളാകേണ്ടവരാണവർ.

“ഉറച്ചു നിൽക്കുക” എന്നു പറഞ്ഞാൽ “തോൽക്കാൻ എനിക്ക് മനസ്സില്ല” എന്നു പറയാനുള്ള ആത്മധൈര്യമാണ്. വേദനകളുടെയും ഒറ്റപ്പെടലിന്റെയും ദുരിതങ്ങളുടെയും ചൂടുകാറ്റ് ജീവിതത്തിലേക്ക് ആഞ്ഞടിച്ചാലും, നിഷ്ഠൂരർക്കും ക്രൂരന്മാർക്കും മാത്രമേ ഇവിടെ വിജയമുള്ളൂ എന്ന പ്രതീതി ലോകം നമ്മുടെ മുൻപിൽ നിരത്തി വച്ചാലും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചുതന്ന എന്റെ യേശുവിന്റെ വഴിയിൽ നിന്നും ഞാൻ വ്യതിചലിക്കില്ല എന്ന് പറയാനുള്ള ചങ്കൂറ്റമാണ് ഓരോ ക്രിസ്തുശിഷ്യനിൽ നിന്നും അവൻ ആഗ്രഹിക്കുന്നത്. ചിലപ്പോൾ ജീവിതം തന്നെ ഈ തിന്മകളുടെ മുൻപിൽ അർത്ഥരഹിതമായി തോന്നിയാലും മരണത്തിനോട് ഞാൻ കൂട്ടു കൂട്ടില്ല എന്ന് പറയാനുള്ള ആത്മചൈതന്യം നമുക്കുണ്ടാകണം. എന്തെന്നാൽ നിന്റെ ജീവിതത്തിലെ രക്തവർണ്ണമായ രേഖകളെയെല്ലാം ദൈവത്തിന് ആകാശത്തിലെ മഴവില്ല് പോലെ സുന്ദരമാക്കുവാനും സാധിക്കും. ശക്തിയും അക്രമവും വഴി ലോകം എന്തൊക്കെയോ കെട്ടിപ്പൊക്കിയിട്ടുണ്ടോ അതെല്ലാം അതിനെതിരായി തന്നെ തിരിഞ്ഞിട്ടുണ്ട് എന്ന കാര്യം സാർവത്രികമായ സത്യമാണ്. അക്രമത്തിന് ചാവേറുകളുടെ സ്വഭാവമാണുള്ളത്. അത് അതിനെ തന്നെ നശിപ്പിക്കും. അതുകൊണ്ട് അക്രമങ്ങളുടെയും പീഡകളുടെയും മുൻപിൽ ഭയചകിതരാകാതെ തല ഉയർത്തി നിൽക്കാനാണ് യേശു നമ്മോട് ആഹ്വാനം ചെയ്യുന്നത്.

ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത് പ്രത്യാശ പകരുന്ന പ്രവചനാത്മാകമായ വരികളിലൂടെയാണ്: “നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും” (vv.19-18). സ്വന്തം കാലിൽ തല ഉയർത്തി ഉറച്ചുനിൽക്കുക: ഇതാണ് സുവിശേഷം ചിത്രീകരിക്കുന്ന ശിഷ്യധർമ്മം. തല ഉയർത്തണം നമ്മൾ. എന്നിട്ട് ദൂരെയുള്ള ആ ചക്രവാളത്തിലേക്ക് നമ്മുടെ കണ്ണുകൾ എത്തിക്കണം. എന്തെന്നാൽ ഈ കാണുന്നതും അനുഭവിക്കുന്നതും മാത്രമല്ല ജീവിതവും യാഥാർഥ്യവും ഇതിന് മറ്റൊരു തലവും കൂടിയുണ്ട്.

നമ്മുടെ ജീവിത പരിസരം ഒരു കൊച്ചു വയലേലയാണ്. അതിൽ തഴച്ചുവളരുന്നത് ചിലപ്പോൾ അക്രമങ്ങളും വേദനകളും ദുരിതങ്ങളും ആയിരിക്കാം. അവിടെ മഴയായി പെയ്യുന്നത് തട്ടിപ്പുകളും അഴിമതികളുമായിരിക്കാം. അങ്ങനെയാകുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? അവിടെയാണ് നമ്മൾ ഒരു കർഷകനെ പോലെ അവന്റെ തന്ത്രം പ്രയോഗിക്കേണ്ടത്. എത്ര പ്രാവശ്യം കൃഷി നശിക്കപ്പെട്ടാലും ഒരു യഥാർത്ഥ കർഷകൻ പണി ഉപേക്ഷിച്ചു പോകാറില്ല. അവൻ വീണ്ടും കൃഷിയിറക്കും. അതുപോലെ നാശങ്ങൾ വിതയ്ക്കുന്ന കൽമഴയോട് പുതിയ തോട്ടങ്ങൾ നട്ടുവളർത്തി പ്രതികരിക്കണം. ഇന്ന് വിളവെടുക്കാൻ സാധിക്കാത്ത തരത്തിൽ തോട്ടം നശിച്ചു പോയാലും നാളത്തേക്ക് വേണ്ടി പുതിയത് നട്ടു പിടിപ്പിക്കണം. വിതച്ചും നട്ടും പരിചരിച്ചും സംരക്ഷിച്ചും തളിരിടുന്ന നവജീവനുകൾക്കായി നമുക്ക് ഉണർന്നിരിക്കാം, ഉറച്ചു നിൽക്കാം.

vox_editor

View Comments

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago