
കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണം
ഒന്നാം വായന : ഏശയ്യ 60:1-6
രണ്ടാം വായന : എഫേ. 3:2-6
സുവിശേഷം : വി. മത്തായി 2:1-12
ദിവ്യബലിയ്ക്ക് ആമുഖം
തിരുപ്പിറവിക്കാലത്തെ രണ്ടാമത്തെ പ്രധാന തിരുനാളായ ‘നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണം’ നാമിന്ന് ആഘോഷിക്കുന്നു. പ്രാചീനകാലം മുതല്‍ ഇന്നേവരെ എല്ലാ കാലഘട്ടത്തിലും സകല ജനതകളുടെയുമിടയില്‍ ദൈവത്തെ അന്വേഷിക്കുകയും യേശുവില്‍ അവനെ കണ്ടെത്തുകയും ചെയ്ത ദൈവാന്വേഷകരുടെ പ്രതിനിധികളാണ് യേശുവിനെ കാണാന്‍ വരുന്ന മൂന്ന് ജ്ഞാനികള്‍. ഈ ദേവാലയത്തില്‍, ഈ ദിവ്യബലിയില്‍ യേശുവിനെ കാണാനായി നമുക്കും ഒരുങ്ങാം.
ദൈവവചന പ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,
യേശുവിനെ കാണാന്‍ വന്ന ജ്ഞാനികളെ സഭയുടെ പാരമ്പര്യത്തില്‍, കാസ്പര്‍, മെല്‍ക്കിയോര്‍, ബല്‍ത്തസാര്‍ എന്നീ പേരുകള്‍ നല്‍കിയാണ് വിളിക്കുന്നത്. വിദൂര നാടുകളില്‍ നിന്നുളള വ്യത്യസ്തരായ ജ്ഞാനികളുടെ സന്ദര്‍ശനത്തിലൂടെ യേശു യഹൂദരുടെ മാത്രം രാജാവല്ലെന്നും ഈ ലോകത്തിലെ എല്ലാ ജനതതികള്‍ക്കും വംശങ്ങള്‍ക്കും വേണ്ടിയുളള രാജാവാണെന്ന് സുവിശേഷത്തില്‍ വെളിപ്പെടുത്തുന്നു. ജ്ഞാനികളുടെ സന്ദര്‍ശനത്തിലെ മൂന്ന് പ്രധാന കാര്യങ്ങള്‍ നമുക്കു ധ്യാനിക്കാം.
1) നക്ഷത്രത്തെ കാണുന്നു:
ജ്ഞാനികളുടെ യാത്രയുടെ തുടക്കം അവര്‍ നക്ഷത്രത്തെ കണ്ടതായിരുന്നു. അവര്‍ മാത്രം നക്ഷത്രം കാണാന്‍ കാരണമെന്താണ്? കാരണം, അവര്‍ എപ്പോഴും താഴേക്ക് നോക്കി നടക്കാതെ ഇടയ്ക്കിടക്ക് മുകളിലേക്കു നോക്കാനും ധൈര്യം കാണിച്ചു. ഇതൊരു ജീവിതപാഠമാണ്. നാം താഴേക്കു നോക്കുന്നരീതിയില്‍ ആരോഗ്യം, പണം, സമ്പത്ത് തുടങ്ങിയ ഭൗതിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധപതിപ്പിക്കുന്നവരാണോ? അതോ ഇതിനിടയില്‍ മുകളിലേക്കു നോക്കി ദൈവത്തെ അന്വേഷിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? ദൈനംദിന ജീവിതത്തിലെ തിരക്കിനിടയിലും ഉന്നതമായ ആത്മീയലക്ഷ്യം നാം മുന്നില്‍ കാണണം.
അതോടൊപ്പം, മുകളിലേക്കു കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ നമുക്കോര്‍മ്മിക്കാം, നാം കാണുന്ന എല്ലാ നക്ഷത്രങ്ങളും അവന്‍റെ നക്ഷത്രമല്ല (വി.മത്താ. 2:2) അവന്‍റെ നക്ഷത്രത്തിന് മറ്റു നക്ഷത്രങ്ങളെക്കാള്‍ തിളക്കം കുറവായിരിക്കാം, ആകര്‍ഷണം കുറവായിരിക്കാം. എന്നാല്‍, യേശുവിന്‍റെ നക്ഷത്രം നമുക്കു മുന്‍പേ നീങ്ങികൊണ്ടിരിക്കുന്ന നിത്യസാന്നിധ്യമായിരിക്കും. ജീവിതത്തില്‍ ഏതു നക്ഷത്രത്തെയാണ് പിന്‍തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടതിനുളള സ്വാതന്ത്ര്യം നമുക്കുണ്ട്. നാം കാണുന്നവയില്‍ ഏറ്റവും ശക്തമായ, ഏറ്റവും തിളക്കമുളള നക്ഷത്രങ്ങള്‍ക്കു പക്ഷേ നമ്മെ തെറ്റായവഴിയിലൂടെയേ നയിക്കാന്‍ സാധിക്കൂ. പണത്തിന്‍റെയും പ്രതാപത്തിന്‍റെയും അധികാരത്തിന്‍റെയും യുക്തിയുടെയും നക്ഷത്രങ്ങളെ പിന്‍തുടര്‍ന്നവര്‍ ശ്രദ്ധിക്കുക. അവ നക്ഷത്രങ്ങളല്ല തിളക്കമുളളതും വേഗത്തില്‍ സഞ്ചരിക്കുന്നതുമായ ധൂമകേതുക്കള്‍ മാത്രമാണ്. വേഗതയും തിളക്കവും കൊണ്ട് നമ്മെ ആകര്‍ഷിക്കാമെങ്കിലും അല്പസമയത്തിന് ശേഷം നമ്മുടെ ജീവിതം മുഴുവനെയും അന്ധകാരത്തിലാഴ്ത്തി കൊണ്ട് അവ പൊലിഞ്ഞുപോകും. “യേശുവിന്‍റെ നക്ഷത്രത്തിന്” നമ്മുടെ കണ്ണില്‍ തിളക്കം കുറവായിരിക്കാം, വേഗതകുറവായിരിക്കാം, പക്ഷേ നമുക്ക് വഴികാട്ടിയായി സന്തോഷവും സമാധാനവും നല്‍കി നമുക്ക് മുന്‍പേ സഞ്ചരിക്കും.
2) പുറപ്പെടുക:
നക്ഷത്രം കണ്ട ജ്ഞാനികളുടെ രണ്ടാമത്തെ പ്രവര്‍ത്തിയാണ് യാത്രപുറപ്പെടല്‍. യേശുവിന്‍റെ നക്ഷത്രം നമ്മില്‍ നിന്ന് പ്രതികരണം ആവശ്യപ്പെടുന്നു. നാം പ്രവര്‍ത്തിക്കണം. സുഖസുഷുപ്തമായ ആലസ്യതയുടെ ജീവിത ശൈലിയില്‍ നിന്നു ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന, അപ്രതീക്ഷമായതിനെയും അഭിമുഖീകരിക്കുന്ന, അദ്ധ്വാനത്തിന്‍റെയും പ്രയത്നത്തിന്‍റെയും ഒരു ജീവിതശൈലി നാം തുടങ്ങേണ്ടിയിരിക്കുന്നു. യാത്രയിലെ പ്രതിബന്ധങ്ങളെക്കുറിച്ചുളള ചിന്തകള്‍ ജ്ഞാനികളെ ദൈവാന്വേഷണത്തില്‍ നിന്ന് തടയുന്നില്ല.
ഇന്നത്തെ സുവിശേഷത്തിലെ ഏറ്റവും കൗതുകകരമായ കാര്യം, കിഴക്കുദിച്ച നക്ഷത്രത്തെകുറിച്ച് കേട്ടപ്പോഴുളള ഹെറോദേസിന്‍റെയും പ്രധാന പുരോഹിതരുടെയും നിയമജ്ഞരുടെയും പ്രതികരണമാണ്. ഹെറോദേസ് യേശുവിനെ അന്വേഷിച്ച് പുറപ്പെടുന്നില്ല. മറിച്ച്, തന്‍റെ അധികാരത്തിന്‍റെയും സുഖലോലുപതയുടെയും കൊട്ടാരത്തില്‍ കഴിഞ്ഞുകൂടുന്നു. ജ്ഞാനികളും നിയമജ്ഞരുമാകട്ടെ യേശു ജനിച്ച സ്ഥലം പോലും കണ്ടുപിടിക്കുന്നു. എന്നാല്‍, അവിടെ പോയി അവനെ കാണാന്‍ അവര്‍ പരിശ്രമിക്കുന്നില്ല.
യേശുവിനെ അന്വേഷിക്കുന്നവന്‍ ഏത് മേഖലയിലും ജ്ഞാനികളെപ്പോലെ പ്രവര്‍ത്തന നിരതനാകണം. വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയാറാകണം. തന്‍റെ യാത്രയെ തടസ്സപ്പെടുത്തുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനും അന്യായമായവ അവഗണിക്കാനുമുളള ആര്‍ജ്ജവം കാണിക്കണം. അതോടൊപ്പം മുന്നോട്ടുളള യാത്രയെ പിന്നോട്ടാക്കുന്ന ആന്തരിക പ്രതിസന്ധികളായ അസൂയ, അപകര്‍ഷതാബോധം, ദുരാഗ്രഹം, പാപം എന്നിവയില്‍ നിന്നും മോചിതരാകണം.
3) കാഴ്ചയര്‍പ്പിക്കുക:
യേശുവിനെ കണ്ട ജ്ഞാനികള്‍ അവനോടുളള ആദരസൂചകമായി പൊന്നും കുന്തുരുക്കവും മീറയും സമര്‍പ്പിക്കുന്നു. സ്വര്‍ണ്ണം – അമര്‍ത്യതയെയും പരിശുദ്ധിയെയും കാണിക്കുന്നു. മീറയാകട്ടെ മര്‍ത്യതെയയും മൃതസംസ്കാരത്തെയും കാണിക്കുന്നു. കുന്തിരിക്കം – പ്രാര്‍ത്ഥനയെയും ബലിയെയും പ്രതിനിധീകരിക്കുന്നു.
ഈ കാഴ്ചസമര്‍പ്പണം രണ്ട് ആത്മീയ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി: നമുക്കു സ്വന്തമായതെല്ലാം നമ്മുടെ ജീവിതം മുഴുവന്‍ യേശുവിന് കാഴ്ചയായി സമര്‍പ്പിക്കാം. രണ്ടാമതായി: യേശുവിന്‍റെ സ്ഥാനത്ത് നമ്മുടെ എളിയ സഹോദരങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ട് അവരുടെ ആവശ്യനേരത്ത്, യാതൊരു പ്രതിഫലേച്ഛയും കൂടാതെ, നമുക്കുളളതില്‍ പങ്ക് അവര്‍ക്ക് നല്‍കുമ്പോള്‍, മൂന്ന് ജ്ഞാനികള്‍ക്കൊപ്പം പുല്‍ക്കൂട്ടില്‍ നാമും നാലാമത്തെ ജ്ഞാനിയായി മാറുന്നു.
ആമേന്‍
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.