Categories: Articles

“ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും”: ആർ.എസ്.എസ്. വാരികയ്ക്ക് മറുപടി

ക്രൈസ്തവ സഭകളെക്കുറിച്ചോ മാർത്തോമാ നസ്രാണികളെക്കുറിച്ചോ കത്തോലിക്കാസഭയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ ലേഖനം എഴുതാൻ ശ്രമിക്കുന്നതാണ് വ്യാജചരിത്ര നിർമ്മിതി.

ഫാ.ബിബിൻ മഠത്തിൽ

“ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും” എന്ന പേരിൽ മുരളി പാറപ്പുറം ‘കേസരി’ എന്ന ആർ.എസ്.എസ്. വാരികയിലെഴുതിയ ലേഖനം വായിച്ചു. “മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണ്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്ര നിർമ്മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്…” എന്ന് തുടങ്ങുന്ന ലേഖനം തുടക്കത്തിൽ തന്നെ അതിന്റെ ലക്ഷ്യത്തെ തുറന്നു കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ തന്നെ ലേഖനം പരാജയപ്പെടുകയാണ്. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണ്. മാത്രമല്ല, ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണ്. ഉദാഹരണത്തിനു ബൈബിളിന്റേതായി ലഭ്യമായിരിക്കുന്ന ഏറ്റവും പഴക്കമുള്ള മാനുസ്ക്രിപ്റ്റ് (ലിഖിതം) ബി.സി. 600-ലെ കെതെഫ് ഹിന്നോം ചുരുളുകൾ (Ketef Hinnom scrolls) ആണ്. ബി.സി. 150-നും എ.ഡി 70-നും ഇടയിലേതാണ് ലഭ്യമായ ചാവുകടൽ ചുരുളുകൾ (Dead Sea Scrolls). ബി.സി. 2-ആം നൂറ്റാണ്ടു മുതൽ എ.ഡി 4-ആം നൂറ്റാണ്ടുവരെയുള്ള ചുരുളുകൾ കോഡെക്സ് വറ്റിക്കാനൂസ്, കോഡെക്സ് സൈനൈറ്റിക്കൂസ് എന്നിവയിൽ കാണുവാൻ സാധിക്കും. ഇവയൊക്കെ ക്രൈസ്തവസഭകൾ ചരിത്രത്തിനു നൽകുന്ന പ്രാധാന്യങ്ങളെ വ്യക്തമാക്കുന്നതാണു. ദ ഗ്രേറ്റ് ഹിന്ദു സംസ്കാരത്തിന്റെ പഴമ അവകാശപ്പെടുകയും അതിൽ കോൾമയിർ കൊള്ളുകയും ചെയ്യുന്ന ആർ.എസ്.എസി.നോ തത്തുല്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മറ്റാർക്കെങ്കിലുമോ തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ ഇത്തരത്തിലുള്ള എന്തു രേഖകൾ കാണിക്കാൻ സാധിക്കും?

ഇനി കേസരിയുടെ ബാക്കി കണ്ടെത്തലുകളിലേക്ക് കടക്കാം. “ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാസഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണ്” എന്നാണു പ്രസ്തുത ലേഖനം പറയുന്നത്. ശ്രദ്ധിക്കുക, ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു എന്നുള്ളത് കത്തോലികാസഭയുടെ തിയറി അല്ല. അതു മാർത്തോമാ നസ്രാണികൾ എന്നറിയപ്പെടുന്ന ഭാരത ക്രൈസ്തവരുടേതാണ്. മാർത്തോമാ നസ്രാണികളിൽ കത്തോലിക്കരും അകത്തോലിക്കരുമായി അരഡസനോളം ക്രൈസ്തവസഭകളിൽ പെട്ടവരുണ്ട്. ഇവിടെ ലേഖകൻ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ആധികാരികമായി ചരിത്രം എഴുതുമ്പോൾ എഴുതുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം എന്നുള്ളതാണ്. ക്രൈസ്തവ സഭകളെക്കുറിച്ചോ മാർത്തോമാ നസ്രാണികളെക്കുറിച്ചോ കത്തോലിക്കാസഭയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ ഇത്തരത്തിലുള്ള ലേഖനം എഴുതാൻ ശ്രമിക്കുന്നതാണ് യഥാർത്ഥത്തിൽ വ്യാജചരിത്ര നിർമ്മിതി.

ഇനി തോമാശ്ലീഹായുടെ ചരിത്രത്തിലേക്ക് വരാം. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നും അവർ ഹീബ്രു ഭാഷയിൽ എഴുതപ്പെട്ടിരുന്ന മത്തായിയുടെ സുവിശേഷം ഉപയോഗിച്ചിരുന്നുവെന്നുമൊക്കെ പന്തേനൂസ് റിപ്പോർട്ട് ചെയ്തിരുന്നതായി സഭാചരിത്രകാരനായി യുസേബിയൂസ് നാലാം നൂറ്റാണ്ടിലെ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുശിഷ്യനായ ബർത്തലമ്യോ ആയിരുന്നു ഇവിടെ സുവിശേഷം പ്രചരിപ്പിച്ചതെന്നാണു ആ പുസ്തകത്തിൽ പറയുന്നതെന്നുള്ളതും സത്യമാണു. എന്നാൽ എ.ഡി മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട “തോമസിന്റെ പ്രവർത്തനങ്ങൾ“ (Acts of Thomas) എന്ന കൃതിയിൽ ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയിൽ വന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോക്രിഫൽ ഗ്രന്ഥം ആണെങ്കിൽ കൂടി ഈ കൃതിയിലെ വിവരങ്ങൾ അനുസരിച്ച് അപ്പസ്തോലനായ തോമസ് ഇന്ത്യയിൽ വന്നിരുന്നുവെന്നും ഇവിടെ സുവിശേഷം പ്രസംഗിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും ആ സഭക്ക് സുറിയാനിസഭയുമായി ബന്ധമുണ്ടായിരുന്നുവെന്നും അക്കാലത്ത് ആളുകൾ മനസിലാക്കിയിരുന്നു എന്നുള്ളതിന്റെ തെളിവ് ഇതിൽ കാണുവാൻ സാധിക്കും.

ഇനി ഇതിലും പുരാതനമായ ലിഖിത തെളിവുകൾ എന്തുകൊണ്ട് ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാണിക്കാൻ സാധിക്കുന്നില്ല എന്നുള്ളതിനു മൂന്ന് കാരണങ്ങൾ പറയാം:
1. ഭാരതത്തിന്റെ ചരിത്രവും മറ്റു പുരാതനകൃതികളും പോലും എഴുത്തിലൂടെ അല്ല, വായ്മൊഴിയായിട്ടാണു കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.
2. അക്കാലത്ത് എഴുതി സംരക്ഷിക്കുക എന്നത് വളരെയധികം ചിലവുള്ളതും കഠിനവുമായ കാര്യമായിരുന്നു. വളരെ ചെറിയ സമൂഹമായിരുന്ന ക്രിസ്ത്യാനികൾക്ക് അക്കാലത്ത് അതിനു കഴിവുണ്ടായിരുന്നില്ല.
3. ഇനി എഴുതി വച്ചിരുന്നെങ്കിൽ കൂടി അവ ഇത്രയും വർഷം കേടുകൂടാതെ നിലനിൽക്കുമായിരുന്നില്ല. കേടുകൂടാതെ നിന്നിരുന്ന ചരിത്രരേഖകളിൽ പലതും കൊളോണിയൽ കാലത്ത് പോർച്ചുഗീസ് മിഷണറിമാർ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇനി ഇക്കാര്യം മനസിലാക്കാനായി കേസരിയോട് ഞാൻ ഒരു ചോദ്യം ചോദിക്കാം. വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ടെന്നാണ് ഹൈന്ദവ ചരിത്രകാരന്മാരുടെ അവകാശവാദം. എന്നാൽ വേദങ്ങളുടെ ഇന്ന് ലഭ്യമായ ഏറ്റവും പുരാതന പ്രതി എ.ഡി. 15-ആം നൂറ്റാണ്ടിലേതാണു. അപ്പോൾ വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ട് എന്ന് എങ്ങനെ സംശയലേശമന്യേ തെളിയിക്കും? സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന അവകാശവാദം വ്യാജചരിത്രനിർമ്മിതിയുടെ ഭാഗമല്ലേ?

തോമ്മാശ്ലീഹായുടെ കേരളത്തിലെ വരവിനെയും കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെയും ചോദ്യം ചെയ്തശേഷം കേസരിയിലെ ലേഖനം കടക്കുന്നത് കത്തോലിക്കാസഭയിൽ വ്യക്തികളെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്ന പ്രക്രിയയെ വിമർശിക്കാനാണു. മദർ തെരേസയെ വിശുദ്ധയാക്കിയതും ഇപ്പോൾ ദേവസഹായം പിള്ളയെ വിശുദ്ധനാക്കിയതും ശരിയായില്ല എന്നാണു ആരോപണം. ഹൈന്ദവർ വ്യക്തികളെ “സന്ത്” (saint) എന്നു വിളിക്കുന്ന രീതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. യാതൊരു നടപടി ക്രമങ്ങളുമില്ലാതെ ചില വ്യക്തികളെ അങ്ങ് സന്തായിട്ട് ആദരിക്കും. അതുപോലെ ഉള്ള എന്തോ പരിപാടി ആണ് കത്തോലികാസഭയിലും ഉള്ളത് എന്നാണ് കേസരിയിലെ ലേഖകൻ ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിന്റെ എഴുത്തു വായിച്ചാൽ. ഈ ആരോപണം ഉന്നയിക്കുന്നതിനുമുമ്പ് ലേഖകൻ കത്തോലിക്കാസഭയിൽ ഒരാളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന പ്രക്രിയയെ കുറിച്ച് പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അബദ്ധം പറയില്ലായിരുന്നു. വ്യക്തമായ ചരിത്രരേഖകൾ പഠിച്ചും അവ ഇഴകീറി പരിശോധിച്ചുമാണ് ഒരാളെ വിശുദ്ധ പദവിയിലേക്ക് സഭ ഉയർത്തുന്നത്.

ദേവസഹായം പിള്ളയുടെ ചരിത്രം എഴുതിയിരിക്കുന്ന സി.എം.ആഗൂറിന്റെ ഗ്രന്ഥം സംശയാസ്പദമാണെന്നും അത് ക്രൈസ്തവ മിഷണറിമാരുടെ കണ്ണിൽ കൂടി ഉള്ളതാണെന്നും ആരോപിച്ചിരിക്കുന്ന ലേഖകൻ സ്വയം ഒന്നു കണ്ണാടിയിൽ നോക്കണം. അവിടെ അയാൾ കാണുക ഒരു ചരിത്രകാരന്റെ കണ്ണുകൾ ആയിരിക്കില്ല, പകരം ഒരു ആർ.എസ്.എസ്. പ്രൊപ്പഗാണ്ഡിസ്റ്റിന്റെ കണ്ണുകൾ ആയിരിക്കും. ചരിത്രത്തിന്റെ കാര്യത്തിൽ സഭാചരിത്രകാരന്മാരുടെ ആധികാരികതയുടെ ഒരംശം എങ്കിലും ആധികാരികത ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ഡിസ്റ്റുകൾക്ക് എന്നെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യം എന്നും അവശേഷിക്കും.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago