Categories: Meditation

ദിവ്യകാരുണ്യ തിരുനാൾ

"പങ്കുവയ്ക്കുന്ന സ്നേഹം" (ലൂക്കാ 9:11-17)

ഇന്നത്തെ സുവിശേഷം തുടങ്ങുന്നത് യേശു ദൈവ രാജ്യത്തെപ്പറ്റി ജനങ്ങളോട് പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ്. ഈ വരികൾ യേശുവിന്റെ പരസ്യ ജീവിതത്തിന്റെ സംഗ്രഹമാണ്. നമുക്കറിയാം, സുവിശേഷത്തിലെ താളുകൾ അവന്റെ അത്ഭുതങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവൻ ആരെ സ്പർശിച്ചോ, അല്ലെങ്കിൽ അവനെ ആരൊക്കെ സ്പർശിച്ചുവോ അവരെല്ലാവരും സുഖംപ്രാപിക്കുന്നുണ്ട്. ജന്മനാ അന്ധനായിരുന്നവൻ പ്രകാശത്തിന്റെ നിറവിൽ സാക്ഷിയായി മാറുന്നു. മുടന്തരും തളർവാതരോഗികളും നൃത്തച്ചുവടുകൾ വയ്ക്കുന്നു. നോക്കുക, ഇതെല്ലാം ദൈവ രാജ്യത്തിന്റെ ഗവേഷണശാലയാണ്. ഇതെല്ലാം നവവും സ്വതന്ത്രവുമായ ഒരു ലോകത്തിനായുള്ള പരീക്ഷണങ്ങളാണ്. സ്വപ്നതുല്യമായ ഈ കാഴ്ചകൾ ഹൃദയത്തോട് ചേർത്തു വച്ചു കൊണ്ടാണ് ആ അയ്യായിരത്തോളം ആൾക്കാർ യേശുവിന്റെ ചുറ്റിലുമായി കൂടിയിരിക്കുന്നത്.

പക്ഷെ ആ സ്വപ്ന യാഥാർത്ഥ്യത്തെ ഖണ്ഡിക്കുന്ന രീതിയിലാണ് അവന്റെ കൂടയൂണ്ടായിരുന്ന ആ 12 പേർ ഇടപെടുന്നത്. “അവരെ പറഞ്ഞയക്കുക, പകൽ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു, നമ്മൾ നിൽക്കുന്നത് ഒരു വിജനപ്രദേശത്തുമാണ്” (v.13). ഈ ചിന്തയിൽ ജനങ്ങളെ ഓർത്തുള്ള അവരുടെ അസ്വസ്ഥത അടങ്ങിയിട്ടുണ്ട്. പക്ഷേ അവർ കണ്ടെത്തിയ പരിഹാരമോ തികച്ചും ശോച്യവും: “ജനങ്ങളെ പറഞ്ഞയയ്ക്കുക”. ഓർക്കുക, തൻറെ അരികിൽ വന്ന് ആരെയും യേശു വെറുംകൈയോടെ പറഞ്ഞയച്ചട്ടില്ല. പറഞ്ഞയക്കുകയുമില്ല. നിന്റെ മുമ്പിലേക്ക് കടന്നുവരുന്ന ചില വ്യക്തികളുടെ വേദനകളുടെയും ആശങ്കകളുടെയും മുമ്പിൽ കൈയൊഴിയുന്ന തരത്തിലുള്ള ചില പരിഹാരങ്ങൾ നീ എടുക്കാറുണ്ടോ? എങ്കിൽ കാണുക യേശു സ്വീകരിക്കുന്ന പരിഹാരമാർഗ്ഗം. അത് വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണ് പിന്നീട് അത്ഭുതമാകുന്നത്.

അത്ഭുതത്തിലേക്കുള്ള ആദ്യപടി അപ്പം വർധിപ്പിക്കുന്നതിനേക്കാൾ ഉപരി അതിന്റെ പങ്കുവയ്പ്പാണ്. വിശക്കുന്നവർ മുൻപിൽ നിൽക്കുമ്പോൾ പരിഹാരമായി അവരെ പറഞ്ഞു വിടുകയല്ല വേണ്ടത്. മറിച്ച് യേശു തന്റെ ശിഷ്യരോട് പറഞ്ഞ മനസ്സാണ് ഉണ്ടാകേണ്ടത്; “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (v.13). തീർത്തും ലളിതവും ക്രിയാത്മകവും വ്യക്തവുമായ ഒരു പദമാണ് യേശു അവിടെ ഉപയോഗിച്ചിരിക്കുന്നത്: “നൽകുവിൻ”. “നൽകുക” എന്ന പദം സുവിശേഷങ്ങളിൽ സ്നേഹത്തിൻറെ കൂടെ എപ്പോഴും ചേർന്നു നിൽക്കുന്ന ഒരു പദമാണ്. ഉദാഹരണത്തിന്, “തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3:16). “സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” (യോഹ 15:13).

അപ്പോസ്തലന്മാരുടെ കരങ്ങളിൽ ആകെ അഞ്ചപ്പം മാത്രമേയുള്ളൂ. അങ്ങനെയാകുമ്പോൾ ഒരു ഏകദേശ കണക്ക് വച്ച് നോക്കിയാൽ ആയിരം പേർക്ക് ഒരെണ്ണം വച്ചുണ്ട്. അത് ശരിക്കും പറഞ്ഞാൽ ഒന്നുമല്ല. പക്ഷേ ആ സായാഹ്നം വിസ്മയനീയമാകുന്നത് ആ “ഒന്നുമല്ല” എന്നു കരുതിയ അപ്പങ്ങളെ പങ്കുവച്ചപ്പോഴാണ്. അത് കരങ്ങളിലൂടെ കൈമാറി യേശുവിന്‍റെ കയ്യിൽ എത്തിയപ്പോൾ അത്ഭുതത്തിന്റെ പൂർണത സംഭവിക്കുന്നു.

ആ അഞ്ച് അപ്പങ്ങൾ അതുകൊണ്ടു വന്നവന് ഒറ്റയ്ക്ക് കഴിക്കാമായിരുന്നു. പക്ഷെ അവനറിയാമായിരുന്നു. വിശപ്പിന്റെ ശമനം സംഭവിക്കുന്നത് ആർത്തിയോടെ എല്ലാം ഒറ്റയ്ക്ക് കഴിക്കുമ്പോൾ അല്ല. മറിച്ച് ഉള്ളത് കുറച്ചാണെങ്കിലും അത് പങ്കുവെച്ച് കഴിക്കുമ്പോഴാണെന്ന കാര്യം. അങ്ങനെയുള്ള ഇടങ്ങളിൽ ദൈവത്തിൻറെ കരം പ്രവർത്തിക്കും. പങ്കുവയ്ക്കുവാൻ മനസ്സുള്ളവരുടെ ജീവിതത്തിൽ എപ്പോഴും ഒരു 12 കുട്ട എങ്കിലും ബാക്കി ഉണ്ടാകും. അവരുടെ ഭവനം സറേഫാത്തിലെ വിധവയുടെ ഭവനം പോലെയുമാകും. ആ ഭവനത്തിലെ “കലത്തിലെ മാവ് തീർന്നു പോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല” (1രാജ 17:16).

സുവിശേഷം പറയുന്നു, “എല്ലാവരും ഭക്ഷിച്ചു തൃപ്തരായി”. ഇവിടെ “എല്ലാവരും” എന്ന പദം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈയൊരു പങ്കുവയ്പ്പിൽ, ഈ അത്ഭുതത്തിന്റെ അനുഭവത്തിൽ നിന്നും ആരെയും മാറ്റി നിർത്തുന്നില്ല. അവിടെ കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവിടെ വിശുദ്ധരോ പാപികളോ, സത്യസദ്ധരോ നുണയരോ, ശിഷ്ടരോ ദുഷ്ടരോ എന്ന വ്യത്യാസങ്ങൾ ഒന്നുമില്ല. അഞ്ചു ഭർത്താവ് ഉണ്ടായിരുന്ന സമരിയക്കാരിയും, ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരുന്ന സക്കേവൂസ് എന്ന് ചുങ്കക്കാരനും, യേശുവിന്റെ ഹൃദയസ്പന്ദനങ്ങൾ അനുഭവിച്ചറിഞ്ഞ പ്രിയ ശിഷ്യരുമെല്ലാം ഒരേപോലെ, ഒരേ തലത്തിൽ നിന്നുകൊണ്ട് അവനോടൊപ്പം ഭക്ഷണം കഴിക്കുന്നു. ആ അത്ഭുതം അനുഭവിക്കുന്നു. ഇവിടെ ആരെയും ഒഴിവാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഈ വിരുന്നിൽ പങ്കുകാരാവുക എന്ന് പറഞ്ഞാൽ തികച്ചും ശുദ്ധമായ അനുഗ്രഹമാണ്.

അപ്പം വർധിപ്പിക്കൽ യേശുവിന്റെ ഏറ്റവും സുന്ദരമായ അത്ഭുതമാണ്. ഈ അത്ഭുതത്തിന് ആദ്യപടി പങ്കുവയ്പ്പായിരുന്നു. എന്തേ ഇന്ന് നിന്റെ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിക്കുന്നില്ല എന്ന് ചോദിച്ചാൽ അതിനുത്തരം നിന്റെ കുറുകിപ്പോയ കരങ്ങൾ മാത്രമാണ്. പങ്കുവയ്ക്കുക അപ്പങ്ങൾ മാത്രമല്ല, നിന്‍റെ ഉള്ളിലെ നന്മയും സ്നേഹവും കൂടി. അപ്പോൾ സുന്ദരവും ശാലീനമായ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും. അങ്ങനെ നിന്റെ ജീവിതവും വിശുദ്ധഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു താളു പോലെയായി തീരുകയും ചെയ്യും.

അവസാനമായി ഇന്നത്തെ തിരുനാളിനെ കുറിച്ച്. ജീവൻ ദാനമായി നൽകിയ തിരുനാളാണിത്. യേശുവിന്റെ ശരീരവും രക്തവും നിനക്കായി മുറിച്ചു നൽകുന്ന തിരുനാൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ പങ്കുചേരലിന്റെ തിരുനാൾ. യേശുവിൻറെ ശരീരത്തിലും രക്തത്തിലും പങ്കുകാരാവുക എന്ന് പറഞ്ഞാൽ നീ സ്വീകരിക്കുന്ന യാഥാർഥ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നാണർത്ഥം. ദിവ്യകാരുണ്യത്തിലൂടെ ദൈവം നിന്നിലേക്ക് ഇറങ്ങി വരുന്നു. നിൻറെ ഹൃദയത്തെ അവനിലേക്ക് ലയിപ്പിക്കുന്നു. അവന്റെ ഹൃദയത്തെ നീ നിന്നിലേക്കും ആഗിരണം ചെയ്യുന്നു. അങ്ങനെ നീയും ദൈവവും ഒന്നായി തീരുന്നു. അതുകൊണ്ടാണ് ദൈവത്തെ സ്വന്തം രക്തത്തിൽ വഹിക്കാൻ കഴിയുന്ന ഏക സൃഷ്ടി മനുഷ്യൻ മാത്രമാണെന്ന് പറയുന്നത്. ഓർക്കുക, നീയും ഞാനും ക്രിസ്തുവിൻറെ ശിഷ്യർ എന്ന നിലയിൽ ദൈവികമായ ക്രോമോസോം വഹിക്കുന്നവരാണ്.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

5 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

1 week ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago