Categories: Daily Reflection

ഡിസംബർ 7: വിമോചകൻ

സമൂഹത്തിൽ വിരഹത്തിന്റെയും, ഒറ്റപ്പെടലിന്റെയും അരാജകത്വത്തിലാണ്ടുപോയവർക്ക് പ്രത്യാശ നൽകുന്ന നാളുകളാണ് ക്രിസ്മസ് ദിനങ്ങൾ...

ഏഴാം ദിവസം
“യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ്‌ ശക്‌തിയോടെ വരുന്നു. അവിടുന്ന്‌ കരബലത്താല്‍ ഭരണം നടത്തുന്നു” (ഏശയ്യാ 40:10).

നിരവധി വിമോചകരെയും സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ചും നമ്മൾ പഠിക്കുകയും, വായിക്കുകയും, കേൾക്കുകയും ചെയ്തിട്ടുണ്ട്. ഹിംസയുടെയോ അല്ലെങ്കിൽ അഹിംസയുടെയോ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചവരായിരുന്നു ഈ ചരിത്ര പുരുഷന്മാർ. ഗാന്ധിജി, നെൽസൺ മണ്ടേല തുടങ്ങിയവർ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ജനതയുടെ മോചനത്തിനുവേണ്ടി അഹിംസ മാർഗ്ഗത്തിലൂടെ പ്രയത്നിക്കുകയും സഫലമാക്കുകയും ചെയ്തവരാണ്. ആ കാലഘട്ടത്തിലെ, ധീര യോദ്ധാക്കളുടെ പദവി അലങ്കരിച്ചവർ. എന്നാൽ ഈ നൂറ്റാണ്ടിൽ, ചരിത്രത്താളുകളിൽ മാത്രം ഇടം കണ്ടെത്തിയവരായി അവർ അവഗണിക്കപ്പെടുന്നുണ്ട്. ലോകം വിമോചകരായി കൊട്ടിഘോഷിക്കുന്നവർക്കൊന്നും തന്നെ, മനുഷ്യവർഗ്ഗത്തിന് യഥാർത്ഥത്തിലുള്ള മോചനം നൽകാൻ കഴിഞ്ഞില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കും, ബന്ധനങ്ങളിൽ നിന്നും ബന്ധങ്ങളിലേക്കും പരിണമിക്കപ്പെടുന്നുണ്ട് അവർ സമ്മാനിച്ച സ്വാതന്ത്ര്യം. ഇവിടെയാണ് എല്ലാവരുടെയും, എല്ലാ കാലത്തെയും വിമോചകനായ ക്രിസ്തു മറ്റുള്ള വിമോചകാരിൽ നിന്നും വ്യത്യസ്തനാകുന്നത്.

ക്രിസ്തുവിന്റെ വിമോചന ദൗത്യത്തെ പറ്റി പൗലോസ് അപ്പോസ്തലൻ പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്: “ഇസ്രായേല്‍ മുഴുവന്‍ രക്‌ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍ നിന്ന്‌ അധര്‍മം അകറ്റിക്കളയും” (റോമാ 11:26). ഇപ്രകാരം അധർമ്മം അകറ്റാനായി ബെത്ലഹേമിൽ ഭൂജാതനായ ദൈവപുത്രനെ ആദ്യം കാണാനെത്തിയ ആട്ടിടയന്മാർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട്, ഏകാന്ത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. എന്നാൽ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണമായിരുന്നു കാലിത്തൊഴുത്തിലെ അവരുടെ സന്ദർശനം. കർത്താവിന്റെ ദൂതൻ അവരെ അറിയിച്ച സന്തോഷത്തിന്റെ സദ്വാർത്ത അവരുടെ ജീവിതത്തിലും പരിവർത്തനമുണ്ടാക്കിയതിന് സുവിശേഷം സാക്ഷിയാകുന്നു: “ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11). രക്ഷകനെ അന്വേഷിച്ചിറങ്ങി ഒടുവിൽ രക്ഷകനെ കണ്ടുമുട്ടി മടങ്ങുമ്പോൾ ആട്ടിടയന്മാരുടെ ഹൃദയം പ്രകാശനിർഭരമായിരുന്നു. അവരുടെ ഹൃദയത്തിൽ നിന്നും നിർഗളിച്ച സന്തോഷത്താൽ “ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാർ തിരിച്ചുപോയി” (ലൂക്ക 2:20). ചുരുക്കത്തിൽ, സമൂഹത്തിലും കുടുംബത്തിലും വ്യക്തിഗത ജീവിതത്തിലും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും മടിത്തട്ടിൽ അകപ്പെട്ടവർക്ക് വിമോചനത്തിന്റെ പ്രത്യാശ ബത്‌ലഹേമിൽ കണ്ടെത്താം.

ദൈവം, തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ അവരുടെ അത്യാഗ്രഹത്താൽ ദൈവസന്നിധിയിൽ നിന്നും പുറത്താക്കപ്പെട്ടു. അന്നുമുതൽ ദുരിതമനുഭവിച്ച തുടങ്ങിയ ജനസമൂഹം കാലാന്തരത്തിൽ ഈജിപ്തിൽ നാനൂറു വർഷക്കാലം അടിമകളായി ജീവിച്ചു. ഒടുവിൽ ഇസ്രായേല്യരുടെ നിലവിളി കേട്ട ദൈവം ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ കർത്താവാണ്. ഈജിപ്തുകാർ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാൻ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തിൽ നിന്നും നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയർത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും” (പുറപ്പാട് 6:6). ബന്ധനങ്ങളിൽ വിശ്വസ്തനായ കർത്താവ് വിമോചകനായി മോശയെ അയച്ചു. ഈജിപ്തിൽനിന്ന് ഇസ്രയേലിനെ മോചിപ്പിക്കുക മാത്രമായിരുന്നില്ല ദൈവത്തിന്റെ ലക്ഷ്യം. യഥാർത്ഥ വിമോചകനായ യേശുവിനെ മനുഷ്യരാശിയുടെ എക്കാലത്തെയും ശത്രുവായ കീഴടക്കി അവരെ എന്നെന്നേക്കുമായി പാപങ്ങളിൽനിന്നും മോചിപ്പിക്കുവാൻ വേദിയൊരുക്കുക യായിരുന്നു: “അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും” (മത്തായി 1: 21).

ദൈവം, ഇസ്രായേലിനെ വാഗ്ദത്ത ഭൂമിയിൽ എത്തിച്ചെങ്കിലും പുതുജീവൻ നൽകിയ വിമോചകനെ മറന്ന് വിഗ്രഹാരാധനയിൽ ആകൃഷ്ടരായി അവർ കഠിനമായ പാപ ഗർത്തത്തിലേക്ക് വീണു. എന്നും കാരുണ്യവാനും കൃപാലുമായ ദൈവത്തിന് തന്റെ ജനത്തെ ഉപേക്ഷിക്കാൻ കഴിയാതെ, അവരുടെ തിരിച്ചുവരവിനു രക്ഷാമാർഗ്ഗം ഒരുക്കുന്നതിനായി നിരവധി രാജാക്കന്മാരെയും പ്രവാചകന്മാരെയും വിമോചകരായി അയച്ചു. എന്നാൽ ഇഹലോകാസക്തിയിൽ ആനന്ദം കണ്ടെത്തിയ അവർക്ക് പിതാവിന്റെ സ്നേഹവും വാത്സല്യവും അന്യമായി അനുഭവപ്പെട്ടു. ഒടുവിൽ, ദൈവത്തെ ധിക്കരിച്ചവരെ, ശിക്ഷിക്കുവാൻ തന്നെ അവിടുന്ന് തീരുമാനിച്ചു: “അവിടുന്ന് അവരെ പ്രവാസത്തിലയച്ചു ശിക്ഷിച്ചു” (ഏശയ്യ 27:8).

പക്ഷേ, ദൈവത്തിനു തന്റെ ജനത്തെ കൈവെടിയാൻ കഴിയുമായിരുന്നില്ല. ഇസ്രായേൽ ജനത തങ്ങളുടെ വിമോചകനെ തള്ളിക്കളഞ്ഞെങ്കിലും, ദൈവം അവരെ തള്ളിക്കളയാതെ കൈകളിൽ വഹിക്കുകയുണ്ടായി എന്ന് ഏശയ്യ പ്രവാചകന്റെ പുസ്തകം നാല്പതാം അധ്യായത്തിൽ സൂചിപ്പിക്കുന്നു: “ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ!” (ഏശയ്യ 40:1). ശാശ്വത അഭയ ശിലയായ കർത്താവിൽ ആശ്രയിക്കാത്ത ഇസ്രയേൽ ജനതയെ ബാബിലോൺ പ്രവാസത്തിനു വിധിച്ചെങ്കിലും അവരെ ആശ്വസിപ്പിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ ദർശിക്കുക. എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ടില്ലാത്ത ഒരു ജനതയെ സ്വന്തമാക്കി വീണ്ടും ഇവരുടെ ദൈവമാകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ: “ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും” (പുറപ്പാട് 6:7) എന്ന ഉടമ്പടി വിസ്മരിക്കാത്ത ദൈവം.

എന്നാൽ ഈ ഉടമ്പടിയുടെ പൂർത്തീകരണത്തിനായി ദൈവം തന്റെ സുതനെ ഭൂമിയിലേക്കയച്ചു. “കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേലുണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19). ഇപ്രകാരംതന്നെ പിതാവിന്റെ പ്രതീക്ഷകൾ സാക്ഷാത്കരിച്ചു കൊണ്ട് യേശു മനുഷ്യവർഗ്ഗത്തിന്റെ സമഗ്രവിമോചകനായി. മർദ്ദിതരെയും, അടിച്ചമർത്തപ്പെട്ട വരെയും നീതി നിഷേധിച്ച വരെയും സാമൂഹ്യ വിവേചനമനുഭവിച്ച വരെയും ചേർത്തു പിടിച്ചവൻ. ഏത് മേഖലയിൽപ്പെട്ട വ്യക്തികളും, സ്നേഹത്തിന്റെയും, നീതിയുടെയും, നന്മയുടെയും, സമത്വത്തിന്റെയും, മൂല്യങ്ങളുടെയും പൂർണ്ണരൂപമായ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ അന്ധകാരാടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ച് പുതിയ വ്യക്തികളായി മാറി.

ക്രിസ്തു നമ്മുടെ ഇടയിൽ നമ്മളിലൊരാളായി ജീവിച്ചുകൊണ്ട്, സ്വന്തം ജനതയ്ക്ക് വേണ്ടി മരണംവരിച്ച വിമോചകനാണ്. അതിനാൽത്തന്നെ, നമ്മുടെ സാമൂഹിക-സാമുദായിക വിമോചകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ക്രിസ്തു. സമൂഹത്തിലും മാനുഷിക ഹൃദയത്തിലും ലോകത്തിലാകമാനം തന്നെയുള്ള അന്ധകാരത്തെ നീക്കി പ്രകാശം പരത്താൻ വന്നവനായിരുന്നു ക്രിസ്തു. കാലിത്തൊഴുത്തിൽ ആരംഭിച്ച വിമോചനം കാൽവരിയിൽ പൂർണ്ണതയിലെത്തിയെങ്കിലും പര്യവസാനിച്ചില്ല. ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിൽ വിരഹത്തിന്റെയും, ഒറ്റപ്പെടലിന്റെയും അരാജകത്വത്തിലാണ്ടുപോയവർക്ക് പ്രത്യാശ നൽകുന്ന നാളുകളാണ് ക്രിസ്മസ് സുദിനങ്ങൾ!

vox_editor

Share
Published by
vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

5 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

5 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

7 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago