മനുഷ്യഹൃദയങ്ങളിൽ ഭവനമൊരുക്കുന്ന തമ്പുരാൻ
ദേവാലയം ക്രിസ്തുവിന്റെ പിറവിയുമായി അടുത്തുനിൽക്കുന്ന ചിന്തയാണ്. “ആദിയിൽ വചനമുണ്ടായിരുന്നു വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു…” (യോഹ 1:1), എന്ന അർത്ഥസമ്പുഷ്ടമായ വിവരണത്തിൽ, ഗ്രീക്കോ-റോമൻ “ലോഗോസ്” (വചനം) ലോകോത്പത്തിയുമായുള്ള ചിന്താസരണിയെ യോഹന്നാൻ ക്രിസ്തു വിന്റെ ജനനവുയുമായി മനോഹരമായി ബന്ധപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തിന്റെ തന്നെ ആദ്യ താളവും, നിറവും ദൈവമാണെന്നാണ് ഇതിന്റെ സാരാംശം. പ്രപഞ്ചം മുഴുവനും ദൈവം വസിക്കുമ്പോൾ ദൈവത്തിനെന്തിനാണ് ഒരാലയം?
ദേവാലയത്തിന് ക്രിസ്തുവിന്റെ ജീവിതത്തിൽ നിർണ്ണായകമായ പ്രാധാന്യമുണ്ട്. യഹൂദരുടെ ജീവിതത്തിൽ ജെറുസലേം ദേവാലയത്തെ മാറ്റിനിറുത്തി സങ്കൽപ്പിക്കാനാവാത്തതുകൊണ്ടു തന്നെയാണ്, യഹൂദനായ ക്രിസ്തുവിന്റെ ജീവിതത്തിലും ദേവാലയത്തെ കുറിച്ചുള്ള വ്യക്തമായ പഠനങ്ങളുണ്ട്. ബാലനായ യേശുവിനെയും കൊണ്ട് ദേവാലയത്തിൽ പോകുന്ന മാതാപിതാക്കന്മാരെക്കുറിച്ച് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്. കച്ചവടക്കാരെ ദേവാലയത്തിൽ നിന്നും പുറത്താക്കി ദേവാലയം ദൈവത്തിന്റെ ഭവനമാണെന്നും, അതു പരിശുദ്ധമായി സംരക്ഷിക്കണമെന്നും കൽപ്പിക്കുന്നുണ്ട്. ദേവാലയ പ്രൗഡിയിൽ അഭിമാനിക്കുന്ന യഹൂദരുടെ ഇടയിൽ, വിധവയുടെ കാണിക്ക കർത്താവിന്റെ കണ്ണിലുടക്കുന്നതും വളരെ പ്രാധാന്യമുള്ള സംഭവമാണ്. തന്റെ ശരീരത്തെത്തന്നെ ദേവാലയവുമായി ബന്ധപ്പെടുത്തി “നിങ്ങളീ ദേവാലയത്തെ നശിപ്പിക്കൂ. ഞാനതു മൂന്നുദിവസംകൊണ്ട് പുനരുദ്ധരിക്കും” എന്നവിടുന്ന് വെല്ലുവിളിക്കുന്നുമുണ്ട്. ക്രിസ്തുവിണ്ട് നിരവധി പ്രബോധനങ്ങൾ ഉരുത്തിരിഞ്ഞതും ദേവാലയത്തിലെ പ്രഭാഷണത്തിൽ നിന്നു തന്നെയാണ്. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” എന്നുള്ള വിഖ്യാതമായ പ്രഖ്യാപനത്തിലൂടെയാണ്, തന്റെ പരസ്യജീവിതം അവിടുന്നു ആരംഭിക്കുന്നത് തന്നെ.
ആഗമനകാലത്തെ നാലാമത്തെ ഞായറാഴ്ച ക്രിസ്മസിനോട് വളരെയധികം അടുത്തിരിക്കുന്ന സമയം കൂടിയാണ്. ഈ ആഗമനകാലത്ത് നമ്മുടെ മനസ്സിലുയരുന്ന ഏറ്റവും വലിയ ചോദ്യം ക്രിസ്തുവിന് പിറക്കുവാനായിട്ട് എന്തൊക്കെ ക്രമീകരണങ്ങളാണ് നമ്മുടെ ജീവിതത്തിൽ വരുത്തിയിട്ടുള്ളത്? അവനായി ഒരു ഭവനം ഹൃദയത്തിൽ രൂപപ്പെടുത്തുവാൻ നമുക്കായിട്ടുണ്ടോ?
ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത് നമ്മുടെ ഹൃദയങ്ങളിലും, ജീവിതങ്ങളിലും, ഭവനങ്ങളിലും വസിക്കുവാനായിട്ടാണ്. നമ്മളെപ്പോലെ തന്നെ മജ്ജയും മാംസവുമായി അവിടുന്ന് ജനിച്ചതുതന്നെ നമ്മളിലൊരുവനായി ജീവിക്കുവാൻ ആഗ്രഹിച്ചതുകൊണ്ടാണ്. ക്രിസ്തുവിന്റെ ഭവനമായിട്ട് മാറുവാൻ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. അതുതന്നെയാണ് ഈ ഞായറാഴ്ചത്തെ എല്ലാ വായനകളിലും നിറഞ്ഞുനിൽക്കുന്നതും.
ഒന്നാം വായനയായ സാമുവേലിന്റെ രണ്ടാം പുസ്തകത്തിൽ നാം കാണുന്നത് ദൈവത്തിനുവേണ്ടി ഒരാലയം പണിയുവാൻ ദാവീദ് രാജാവിന് ആഗ്രഹമുണ്ടെങ്കിലും അതിനു വിളിക്കപ്പെട്ടവൻ അവനല്ലെന്നുള്ള ദൈവഹിതം നാഥാൻ അറിയിക്കുന്നതാണ്. ദാവീദ്, ഇസ്രായേൽ ജനതയുടെ പ്രബലനായ രാജാവായിരുന്നു. അദ്ദേഹമാണ് യഹൂദരെ ഒന്നടങ്കം ഒരുമിപ്പിച്ച്, ഒരു ജനതയാക്കി, ഒരു രാജ്യമാക്കി വാർത്തെടുത്തത്. എന്നാലും എന്തുകൊണ്ടാണ് ദൈവത്തിന് അനിഷ്ടനായി ദാവീദ് മാറിയത്? എന്തുകൊണ്ടാണ് തന്റെ ആലയം പണിയുവാനുള്ള അധികാരം ദൈവം ദാവീദ് രാജാവിനു നൽകാതിരുന്നത്? വേദപുസ്തകത്തിൽ വളരെ വ്യക്തമായിട്ടതിനുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. ദാവീദ് രാജാവ് ദൈവഹിതമനുസരിച്ചല്ല പലപ്പോഴും ജീവിച്ചത്. അദ്ദേഹം മഹാനായ രാജാവായിരുന്നിട്ടും ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചു, അനീതികളും, വീഴ്ചകളും ജീവിതത്തിൽ സംഭവിച്ചു. ദൈവഹിതത്തിനെതിരായി അദ്ദേഹം ജീവിച്ചതു കൊണ്ടായിരിക്കണം ദേവാലയ നിർമ്മാണത്തിൽ നിന്നും അദ്ദേഹത്തെ ദൈവം മാറ്റി നിർത്തിയത്.
ദേവാലയം പണിയുന്നതിനു സോളമൻ രാജാവ് നിയുക്തനായത് സോളമൻ രാജാവിലെ വ്യത്യസ്തകൊണ്ടുതന്നെയാണ്. നന്മതിന്മകളെ തിരിച്ചറിയാനുള്ള ജ്ഞാനമാവശ്യപ്പെട്ട മനുഷ്യനായിരുന്നു സോളമൻ. ദൈവജ്ഞാനത്താൽ നിറയുന്ന വ്യക്തികൾക്കേ ദേവാലയം രൂപീകരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് നാം മനസ്സിലാക്കേണ്ടത്. സോളമൻ രാജാവിന്റെ ജീവിതത്തിലും പിന്നീടു പരാജയങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ദൈവം തനിക്കുവേണ്ടി ആലയം പണിയാനുള്ള ദൗത്യം സോളമനെ ഏൽപ്പിക്കുകയാണ് ചെയ്തത്. ദൈവം ജനിക്കുന്നത് ദാവീദിന്റെ രാജവംശത്തിലാണെന്നത് ജോസഫിനെ ദൈവം വളർത്തുപിതാവായി തെരെഞ്ഞെടുക്കുകവഴി പൂർത്തിയാക്കുന്നുണ്ട്. ദാവീദിന്റെ വംശത്തിലാണ് ഈശോ പിറന്നത്. ഇവിടെ ആലയം “ബായ്ത്” (ഹീബ്രുവിൽ ഭവനം) രാജവംശത്തിന്റെ അടയാളമാണ്. ദാവീദിന്റെ രാജവംശത്തിലാണ് ക്രിസ്തു ജനിക്കുന്നതെന്നു നാഥാൻ പ്രവാചകൻ വഴി ദാവീദിന് ദൈവം വാഗ്ദാനം നൽകുന്നുണ്ട്.
തിരുസഭയെ പൗലോസ് അപ്പോസ്തലൻ പലപ്പോഴും ഒരു ഭവനമായിട്ട് ചിത്രീകരിക്കുന്നുണ്ട്. ക്രിസ്തുവാണ് ആ ഭവനത്തിന്റെ മൂലക്കല്ല്! ദൈവവചനത്തിൽ ജീവിക്കുന്നവൻ പാറമേൽ ഭവനം പണിതവനാണെന്ന് വി.മത്തായിയുടെ സുവിശേഷത്തിൽ നിന്ന് നാം മനസ്സിലാക്കുന്നുണ്ട്. ദൈവത്തിന്റെ ആലയമകാനായിട്ട്, ദൈവത്തിന്റെ സാന്നിധ്യംകൊണ്ട് നിറയുവാനായിട്ട് നാമോരോരുത്തരും വിളിക്കപ്പെടുകയാണ്: “നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?”
മനുഷ്യജീവിതങ്ങളും ദൈവത്തിന്റെ ഭവനങ്ങളായി മാറണമെന്ന് സുവിശേഷത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാ മാതാവിനെ “ഭവനത്തിനുള്ളിൽ” വന്നാണ് ദൈവത്തിന്റെ മാലാഖ അഭിസംബോധന ചെയ്യുന്നത്. നമ്മുടെ ഹൃദയങ്ങളിലായിട്ട് വസിക്കാനാഗ്രഹിക്കുന്നവനാണ് ദൈവം. പുറത്ത് പുൽക്കൂടുകളും, നാം കെട്ടിപ്പൊക്കുന്ന വലിയ ദേവാലയങ്ങളുമൊക്കെ ദൈവസാന്നിധ്യം കൊണ്ട് സമ്പന്നമാകണമെങ്കിൽ നമ്മുടെ ഹൃദയങ്ങളെയും അതിനുവേണ്ടി സജ്ജമാക്കേണ്ടതുണ്ട്. അതിന് പരിശുദ്ധ അമ്മയെപ്പോലെ നമ്മളും ദൈവഹിതത്തിന് സമർപ്പിക്കുന്നവരായി മാറണം. ദൈവീക പദ്ധതി പലപ്പോഴും നമ്മുടെ ചിന്തകൾക്കും, ആഗ്രഹങ്ങൾക്കും വിപരീതമായിരിക്കും. എങ്കിലും ദൈവം നമ്മെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസത്താൽ നമ്മുടെ ജീവിതങ്ങളെയും, കുടുംബങ്ങളെയും, മക്കളെയും, ജീവിത പങ്കാളിയെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയുമൊക്കെ സജ്ജരാക്കാൻ സാധിക്കുകയാണെങ്കിൽ ദൈവം നമ്മളിൽ ജനിക്കുന്ന സമയവും വിദൂരത്തല്ല.
ക്രിസ്തുമസിനോട് വളരെ അടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവാലയങ്ങളായിട്ടു മാറുവാൻ, ദൈവത്തിന് അൾത്താരയൊരുക്കുവാൻ നമ്മുടെ ഹൃദയവും ജീവിതവും ഉണ്ണിയേശുവിന്റെ മുൻപിൽ സമർപ്പിക്കാം.
1കോറിന്തോസ് 3:16-17 നമുക്ക് മനഃപ്പാഠമാക്കാം: നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.