
മനുഷ്യന് പച്ചമേച്ചിൽപ്പുറമൊരുക്കുന്ന ഇടയനെക്കുറിച്ച് ചിന്തിക്കാം
വിശുദ്ധ ബൈബിളിൽ ആടുകൾ ദൈവ-മനുഷ്യ ബന്ധത്തെ പ്രതിനിധാനം ചെയ്യുന്ന സൂചകമാണ്. രക്ഷാകര ചരിത്രത്തിന്റെ, തുടക്കം മുതൽ ഒടുക്കം വരെ അവയുടെ സജീവപങ്കാളിത്തം നമുക്ക് കാണാവുന്നതാണ്. ഓരോ വീടിന്റെ കട്ടിളക്കാലുകളിലും, മേല്പടിയിലും ആട്ടിൻകുട്ടിയുടെ രക്തം തളിച്ചാണ് ഇസ്രായേൽ ജനതയുടെ പുറപ്പാടിന്റെ രക്ഷാകര ചരിത്രം ആരംഭിച്ചത് തന്നെ. ആ കാലഘട്ടത്തിൽ ആട്ടിൻ കുട്ടികളെ ബലിയർപ്പിച്ചാണ് പാപപരിഹാരം ചെയ്തിരുന്നത്. രക്ഷാകര ചരിത്രത്തിന്റെ അവസാനം, നമ്മുടെ പാപങ്ങൾക്കുവേണ്ടി ബലി അർപ്പിക്കപ്പെട്ട “ആട്ടിൻകുട്ടിയായിരുന്നു യേശു ക്രിസ്തു”. അതിനാൽ ത്തന്നെ, സ്നാപക യോഹന്നാൻ യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ് പ്രഘോഷിച്ചത്.
ക്രിസ്തുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, മനസ്സിലാദ്യം വരുന്ന ചിത്രം “നല്ല ഇടയനായ ക്രിസ്തുവിന്റെ” ചിത്രമാണ്. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തിൽ ക്രിസ്തു തന്നെത്തന്നെ നല്ല ഇടയനായിട്ട് ചിത്രീകരിക്കുന്നുണ്ട്. ക്രിസ്തു പിറന്ന പാലസ്തീനിലെ ജനതയുടെ മുഖ്യ തൊഴിൽ ആടുവളർത്തലും, കൃഷിയുമായിരുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റവും മഹത്തായ സങ്കൽപ്പവും അതുകൊണ്ട് ഇടയന്റെ ചിത്രം കൊണ്ട് വളരെ വ്യക്തവുമാണ്.
തിരുസഭയെക്കുറിച്ചു ചിന്തിക്കുമ്പോൾ, “അജഗണം” എന്നുള്ള വിശേഷണം ഉപയോഗിച്ചാണ് തിരുസഭയെ സഭാപിതാക്കന്മാർ വർണ്ണിക്കുന്നത്. ക്രിസ്തുവിനെ നമ്മുടെ ഇടയനായി സ്വീകരിച്ചുകൊണ്ട് നാം ദൈവത്തിന്റെ അജഗണമായി മാറുന്ന ഏറ്റവും മനോഹരമായിട്ടുള്ള പ്രതിബിംബമാണത്.
ക്രിസ്തു പിറന്നപ്പോഴും, ഈ കുഞ്ഞാടുകളുടെ സാന്നിധ്യമുണ്ടായിരുന്നു. അത് വ്യക്തമായി മനസ്സിലാകുന്നത് ഉണ്ണിയേശുവിനെ സന്ദർശിക്കുന്ന ആട്ടിടയന്മാരുടെ സാമീപ്യം കൊണ്ടാണ്. ഇടയന്മാർ ഉണ്ണിയേശുവിനെ ആരാധിക്കുവാനും, വണങ്ങുവാനും, സമ്മാനം നൽകുവാനും സമീപിച്ചപ്പോൾ ആടുകളും അവരെ അനുഗമിച്ചിട്ടുണ്ടാകും. ആടുകളെ ഒറ്റയ്ക്കാക്കി എങ്ങനെയാണ് ഇടയന്മാർക്ക് സഞ്ചരിക്കാനാവുക? ആടുകളെ വഴിയോരങ്ങളിലുപേക്ഷിച്ചുകൊണ്ട് നല്ലിടയന് ഒരിക്കലും സമാധാനത്തോടു യാത്രചെയ്യാനാകില്ല. അപ്പോൾ ക്രിസ്തുവിനെയാദ്യം സന്ദർശിച്ച ഇടയന്മാർക്കൊപ്പം കുഞ്ഞാടുകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഉണ്ണിയേശുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ “കുഞ്ഞ്” എന്ന സങ്കൽപത്തിൽ, “ആടുകൾ” എന്ന സങ്കൽപവും കൂട്ടിവായിക്കണം.
യോഹന്നാന്റെ സുവിശേഷത്തിൽ അവസാന ഭാഗത്ത്, വിശുദ്ധ പത്രോസിന് വിശ്വാസ ധൈര്യം നൽകി ശക്തിപ്പെടുത്തുമ്പോൾ, “യോനായുടെ പുത്രനായ ശിമയോനെ എല്ലാവരെക്കാളുമുപരിയായി നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന മൂന്നുപ്രാവശ്യത്തെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കും പ്രത്യുത്തരമായി ക്രിസ്തു നൽകുന്ന മറുപടി “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്നാണ്.
ചുരുക്കത്തിൽ, വിശുദ്ധ ബൈബിളിലുടനീളം നിറഞ്ഞുനിൽക്കുന്ന ഒരു സങ്കല്പമാണ് “ദൈവം നമ്മുടെ ഇടയനും, നാമെല്ലാവരും അവിടുത്തെ കുഞ്ഞാടു”കളുമാണെന്നത്. ആടുകളെപ്പോഴും ഇടയനെയാണ് അനുഗമിക്കുന്നത്. അവർ ഇടയന്റെ സ്വരം തിരിച്ചറിയുന്നു. ഇടയനെ വിട്ടൊരിക്കലുമവർ സഞ്ചരിക്കാറില്ല. കൂടാതെ, വഴിവിട്ടുപോയ ആടിനെയും, മുറിവേറ്റതിനെയും തോളിലേറ്റി നടക്കുന്നവനാണ് നല്ലിടയൻ. ക്രിസ്തുവിന്റെ ജീവിതത്തിന്റെ ഒരു നാന്ദികുറിക്കലായിരുന്നു ആ ഇടയന്മാരുടെയും, കുഞ്ഞാടുകളുടെയും സാന്നിധ്യം. അതിശൈത്യത്തിലെ മഞ്ഞു പെയ്യുന്ന രാത്രിയിൽ, ക്രിസ്തുവിന് കമ്പിളിപുതപ്പിന്റെ സാന്നിധ്യമായി, ഊഷ്മളത നൽകുവാൻ ആ കുഞ്ഞാടുകൾക്ക് സാധിച്ചിട്ടുണ്ടാകാം.
ക്രിസ്തുവിന്റെ തിരുപ്പിറവിയോട് അടുക്കുമ്പോൾ നമ്മുടെ വലിയൊരു ദൗത്യത്തെക്കുറിച്ച് ഈ ആടുകൾ ഓർമ്മപ്പെടുത്തുന്നുണ്ട്. അതായത്, നമ്മൾ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ചൂട് പകരേണ്ടവരാണെന്നും, അവരുടെ തണുത്തുറഞ്ഞ ജീവിതാനുഭവങ്ങളിൽ അവർക്ക് ആത്മവിശ്വാസത്തിന്റെ ശക്തിപകരേണ്ടവരാണെന്നും നമ്മെ പഠിപ്പിക്കുന്നു. ഉണ്ണിയേശുവിനെ വരവേൽക്കാനായിട്ട് ഇടയന്മാരോടൊപ്പം പോയ കുഞ്ഞാടുകളെ പോലെ നമുക്കും ഉണ്ണി യേശുവിന്റെ പുൽത്തൊട്ടിയിലേക്ക് യാത്രയാകാം. നമ്മുടെ ഇടയനായ ക്രിസ്തുവിനെ തേടി, മുറിവേൽക്കുമ്പോൾ ശക്തിപ്പെടുത്തുന്ന അവന്റെ ദിവ്യഔഷധം തേടി, വഴിതെറ്റിപ്പോകുമ്പോൾ നമ്മെ തേടി കണ്ടുപിടിച്ച് മാറോടണക്കുന്ന അവന്റെ സ്നേഹത്തിനായി ബെത്‌ലഹേമിലേക്ക് നൈർമ്മല്യ ഹൃദയത്തോടു കൂടി ആടുകളോടൊപ്പം നമുക്കും യാത്രയാകാം.
യോഹ. 10:29 നമുക്ക് മനഃപാഠമാക്കാം: അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.