ദൈവീകപ്രകാശം പരത്തുന്ന നക്ഷത്രങ്ങളെ കുറിച്ച് ചിന്തിക്കാം
തിരുപ്പിറവി സമയത്ത്, ക്രിസ്മസിനെ വരവേൽക്കുന്ന ഏറ്റവും വലിയ അടയാളം ഒരുപക്ഷേ വീട്ടുമുറ്റത്തു തൂങ്ങുന്ന താരകങ്ങൾ തന്നെയാണ്. പല വലിപ്പത്തിലും, വർണ്ണാഭമായും, വ്യത്യസ്തവും, ആകർഷണീയവുമായ ക്രിസ്മസ് നക്ഷത്രങ്ങൾ ഒരുക്കുവാനായിട്ട് എല്ലാവരും മത്സരിക്കാറുണ്ട്. ജാതി-മതഭേദമെന്യേ എല്ലാവരും തന്നെ ഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രങ്ങൾ അലങ്കാരമാക്കാറുണ്ട്.
ക്രിസ്തുവിന്റെ ജനനവുമായി വളരെ അഭേദ്യമായ ബന്ധമാണ് നക്ഷത്രങ്ങൾക്കുള്ളത്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് എവിടെയാണ് അവൻ ജനിക്കുന്നതെന്ന് അന്വേഷിച്ച് ജ്ഞാനികൾ യാത്ര തിരിച്ചത് വാനത്ത് തെളിഞ്ഞു നിന്ന ഒരു പ്രത്യേക താരകത്തെ പിന്തുടർന്നായിരുന്നു. പാരമ്പര്യമനുസരിച്ചും, വ്യാഖ്യാനങ്ങളനുസരിച്ചും ഈ ജ്ഞാനികൾ വാനനിരീക്ഷകർ ആയിരുന്നുവെന്നാണ് നാമറിയുന്നത്. പ്രപഞ്ചത്തിലെ മാറ്റങ്ങളും ചലനങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തിന്റെ ഇടപെടലുകൾ കണ്ടറിഞ്ഞവരാണ് വാനനിരീക്ഷകർ. ദൈവം ഭൂമിയിൽ ജനിച്ചുവെന്ന് മനസിലാക്കുവാൻ താരകത്തിന്റെ സാന്നിധ്യം വഴി അവർക്ക് സാധിച്ചു. അവർക്ക് വഴികാട്ടിയായതും ആ നക്ഷത്രമാണ്.
എന്താണ് ഈ ക്രിസ്തുമസ് നക്ഷത്രം നമ്മെ പഠിപ്പിക്കുന്നത്?
ക്രിസ്തുമസ് നക്ഷത്രം ഒരു സൂചനയായിരുന്നു. ബെത്‌ലഹേമിൽ ദൈവപുത്രൻ ജനിച്ചു വീണതിന്റെ സൂചന. മറ്റുള്ളവർക്കുവേണ്ടി വഴി മാറാനായുള്ള സൂചന. മറ്റുള്ളവർക്ക് ദൈവത്തിലേക്കുള്ള വഴികാട്ടിയാകാനുള്ള വലിയൊരു ഉത്തരവാദിത്തം ഈ നക്ഷത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. നക്ഷത്രം അവർക്ക് (ജ്ഞാനികൾക്ക്) മുമ്പേയാണ് സഞ്ചരിച്ചിരിച്ചിരുന്നത്. എങ്കിലും ഇടയ്ക്കുവെച്ച് അവർക്ക് വഴി നഷ്ടമാകുന്നുണ്ട്. ഒരുപക്ഷേ, ആ നക്ഷത്രത്തിൽ നിന്നും അവരുടെ ദൃഷ്ടികൾ മാറിയപ്പോഴായിരിക്കും അവർക്ക് വഴി നഷ്ടപ്പെട്ടത്. ഈ ലോകത്തിലേക്ക് നമ്മൾ ജനിച്ചു വീഴുമ്പോൾ നമുക്കു വഴികാട്ടിയായി നിൽക്കുന്നത് നമ്മുടെ മാതാപിതാക്കളും, സഹോദരങ്ങളും, കുടുംബത്തിലുള്ളവരുമാണ്. എന്നാൽ നമ്മൾ സ്കൂൾ ജീവിതമാരംഭിക്കുമ്പോൾ ഗുരുഭൂതർ വഴികാട്ടികളായി മാറുന്നു. ഇപ്രകാരം നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പലരും നമുക്ക് മാർഗദർശികളായിട്ടു മാറാറുണ്ട്. പിന്നീട് നമുക്ക് വൈദികരും സമർപ്പിതരും മതാധ്യാപകരുമൊക്കെ നമ്മുടെ ജീവിതത്തിന്റെ നക്ഷത്രങ്ങളായി മാറാറുണ്ട്.
ദൃശ്യമാധ്യമങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയകളുടെ സ്വാധീനവും വളരെ വലുത് തന്നെയാണ്. ഇന്നു കുട്ടികൾ പിന്തുടരുന്നത് ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വഴിയുള്ള ചാറ്റിങ്, വീഡിയോകളും, മെസ്സേജുകളുമൊക്കെയാണ്. പലപ്പോഴും ഇവ കുട്ടികളെ കൂടുതൽ സ്വാധീനിക്കുന്നതിന് പകരം തെറ്റായ മാർഗത്തിലൂടെ ചരിക്കുന്നതിന് പ്രേരണയാകാറുണ്ട്. 17 വയസ്സുള്ള രണ്ടു കുട്ടികൾ തങ്ങളുടെ ക്ലാസ്സ് റൂമിൽ വെച്ച് പരസ്പരം മാലയിട്ട് വിവാഹിതരായതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഈ അടുത്ത കാലത്താണ്.
എന്താണ് ഇന്നത്തെ തലമുറയ്ക്ക് സംഭവിക്കുന്നതെന്ന് നാം ആലോചിക്കേണ്ടതാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവർ തന്നെ ദുർമാതൃക കാട്ടിക്കൊടുക്കുന്നു. മുതിർന്നവരുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ പോയത് കൊണ്ടുമാകാം. അവർക്ക് മാതൃകാപരമായ പ്രചോദനം നൽകുന്നതിൽ നാം പരാജയപ്പെടുന്നതു കൊണ്ടാകാം. എന്തുതന്നെയായാലും ഇന്ന് മാതൃകകൾ (വഴികാട്ടി നക്ഷത്രങ്ങൾ) നഷ്ടമാകുന്നുണ്ടോ എന്ന് നാം ചിന്തിക്കണം.
സെലിബ്രിറ്റികൾ കുട്ടികളുടെ ഹീറോകളായി മാറുമ്പോൾ അവർക്ക് ലഭിക്കേണ്ട ദൈവീക പാഠംങ്ങളും, മതാധ്യാപനങ്ങളും, മാനവിക മൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വൈദീക-സന്യസ്തരുടെയും കടമയാണ്. ഇരുട്ടിൽ പ്രകാശിച്ച നക്ഷത്രം അന്ധകാരത്തിന്റെ കാഠിന്യം കുറച്ചുകൊണ്ട് ജ്ഞാനികളുടെ പാതയിൽ വെളിച്ചമായി മാറി. ” ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്നരുൾചെയ്ത ക്രിസ്തു, പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയവരുടെ ജീവിതത്തിൽ പ്രകാശമായി. ആ ക്രിസ്തു നമ്മോട് പറയുന്നു: ഓരോ ക്രൈസ്തവരും ഓരോ നക്ഷത്രങ്ങളായി മാറാൻ വിളിക്കപ്പെട്ടവരാണ്. നാം മറ്റുള്ളവർക്ക് മാതൃകയായും, വഴികാട്ടിയായും മാറുമ്പോൾ ബത്‌ലഹേമിലേക്കുള്ള – ക്രിസ്തുവിലേക്കുള്ള – ദൈവത്തിലേക്കുള്ള വഴികാട്ടികളായി നാം മാറുകയാണ്.
മതബോധനവും, മാനവിക മൂല്യങ്ങളും, ക്രൈസ്തവ വിശ്വാസങ്ങളും നമ്മുടെ മക്കൾക്ക് പകർന്നു കൊടുക്കാതെ ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവർക്ക് ലഭിക്കേണ്ട ദൈവീക വരദാനങ്ങൾ നഷ്ടപ്പെടുത്തുകയല്ലേ നാം ചെയ്യുന്നത്? അങ്ങനെ ഏറ്റവും വലിയ വഴികാട്ടിയായ, നമ്മുടെ ആത്മീയ ഭോജനമായ “പരിശുദ്ധ കുർബാന” കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നില്ലേ? കുട്ടികളെ നേരായ മാർഗ്ഗത്തിൽ ചരിക്കുവാൻ സഹായിക്കുന്നതാണ് “കുമ്പസാരമെന്ന കൂദാശ”യെന്നും, ജീവിതത്തിലെ തെറ്റുകളും, പാകപ്പിഴകളുമൊക്കെ പരിഹരിച്ച് നേർവഴിയേ സഞ്ചരിക്കുവാൻ വഴികാട്ടിയാകുന്ന നക്ഷത്രമാണ് ഈ കൂദാശയെന്നും നാം എന്താണ് ഇനിയും തിരിച്ചറിയാതിരിക്കുന്നത്?
ഈ ആഗമന കാലത്ത് നമുക്കും മറ്റുള്ളവർക്കുവേണ്ടി നക്ഷത്രങ്ങളായി മാറാം, വഴികാട്ടിയായി മാറാം. നമ്മുടെ കുഞ്ഞുമക്കളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന ബത്‌ലഹേമിലെ ഉണ്ണിയേശുവിലേക്ക് ആനയിക്കാം. ജ്ഞാനികൾക്ക് താരകത്തിൽ നിന്നുമുള്ള ശ്രദ്ധ നഷ്ടമായതുപോലെ കുട്ടികൾക്ക് നഷ്ടമാകാതിരിക്കാൻ, അവരുടെ ആത്മീയ തേജസ്സായി കൂദാശകളെയും, ക്രൈസ്തവ പഠനങ്ങളെയും നൽകാം. ഈ തിരുപ്പിറവി കാലത്ത് നമ്മുടെ കുടുംബങ്ങളിൽ നക്ഷത്രം തെളിയുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ തെളിയുന്ന ക്രിസ്തുവിന്റെ പ്രകാശമാകട്ടെ അത്. ക്രിസ്തുവിനെ വഹിച്ചുകൊണ്ട്, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കാനും, നയിക്കാനുമുള്ള പ്രകാശം ക്രിസ്മസ് നക്ഷത്രം നമുക്ക് നൽകട്ടെ!
വെളിപാട് 1:20 നമുക്ക് മനഃപ്പാഠമാക്കാം: എന്റെ വലത്തുകയ്യിൽ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും, ഏഴു സ്വർണ്ണ ദീപ പീഠങ്ങളുടെയും രഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപ പീഠങ്ങൾ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.