സ്നാപകയോഹന്നാനെയും, എളിമയെയും, സന്തോഷത്തെയും കുറിച്ച് ചിന്തിക്കാം
ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ച, സന്തോഷത്തിന്റെ, ആനന്ദത്തിന്റെ, ആഹ്ലാദത്തിന്റെ വലിയ ആഘോഷമായിട്ടാണ് തിരുസഭ ആഘോഷിക്കുന്നത്. ക്രിസ്തുപിറവി സമീപസ്ഥമായിരിക്കുന്നതിന്റെ “ആത്മാവിലുള്ള സന്തോഷ”മാണ് തിരുസഭ ഇതിലൂടെ പങ്കുവെയ്ക്കുന്നത്.
“പാവപ്പെട്ടവർക്കുള്ള സന്തോഷ”ത്തിന്റെ സദ്വാവാർത്ത ഏശയ്യാ പ്രവാചകൻ അറിയിക്കുമ്പോൾ, സാധാരണ സങ്കീർത്തനത്തിൽ നിന്നും വ്യത്യസ്തമായിട്ട് “മാതാവിന്റെ സ്തോത്രഗീത”മാണ് ഇന്നു പ്രതിവചന സങ്കീർത്തനമായി തിരുസഭ ആലപിക്കുന്നത്. എലിസബത്തിനെ സന്ദർശിക്കുമ്പോൾ മാതാവിന്റെ ആത്മാവിലുയരുന്ന ദൈവീകമായ കൃതജ്ഞതാ സമർപ്പണമാണ് “മാതാവിന്റെ സ്തോത്രഗീതം”. ആ സദ്വാർത്ത ഉൾക്കൊണ്ടതുകൊണ്ടാണ് പൗലോസപ്പോസ്തോലൻ “എപ്പോഴും സന്തോഷ വദരായിരിക്കുവി”നെന്ന് നമ്മോടാവശ്യപ്പെടുന്നത്.
യഥാർത്ഥത്തിൽ എന്താണ് സന്തോഷം? എല്ലാ മനുഷ്യരും സന്തോഷിക്കുവാനായിട്ടാഗ്രഹിക്കുന്നവരാണ്. നമ്മൾ പ്രവർത്തിക്കുന്നതും, അധ്വാനിക്കുന്നതുമെല്ലാം സന്തോഷത്തിനു വേണ്ടിയാണ്. സ്വന്തമായിട്ടോ, കുടുംബത്തിന്റെയോ, ജീവിതപങ്കാളിയുടെയോ, മകളുടെയോ, സഹപ്രവർത്തകരുടെയോ അല്ലെങ്കിൽ നമ്മുടെ ഇടവകയുടെയോ, സഭയുടെയോ ഒക്കെ ആത്യന്തിക ലക്ഷ്യം സന്തോഷം തന്നെയാണ്.
ഇന്നു മനുഷ്യർ സന്തോഷം കണ്ടെത്തുന്നത് വിവിധ മാർഗങ്ങളിലൂടെയാണ്. ചിലർ മദ്യത്തിലും, മയക്കുമരുന്നിലും ആനന്ദം കണ്ടെത്തുമ്പോൾ, ചിലർ ആർഭാട ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നു. ചിലർ പരസ്പര സ്നേഹത്തിൽ സന്തോഷം കണ്ടെത്തുന്നു. എന്നാൽ ഏതാനും ചിലർ മറ്റുള്ളവരെ സഹായിക്കുന്നതിലും, ശുശ്രൂഷിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു.
എന്താണ് ക്രൈസ്തവമായിട്ടുള്ള സന്തോഷം? എങ്ങനെയാണ് സന്തോഷം വരുന്നതെന്ന് ഇന്നത്തെ സുവിശേഷത്തിൽ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ അസ്തിത്വം അംഗീകരിച്ചുകൊണ്ട്, ദൈവം നമുക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്തം മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ജീവിതത്തിൽ സന്തോഷം വരുന്നത്.
സ്നാപകയോഹന്നാനോട് “നീയാണോ വരാനിരിക്കുന്ന മിശിഹാ?” എന്നു ചോദിച്ചപ്പോൾ “അല്ല” എന്നു പറയുവാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, മറ്റുള്ളവരുടെ മുന്നിൽ ഇല്ലാത്ത വിശേഷണങ്ങൾ സ്വന്തമാക്കാനുള്ള തന്ത്രപ്പാടിലാണ്. അനന്തരഫലമായി നമ്മുടെ സന്തോഷം പോലും നഷ്ടപ്പെടുന്നു. നമ്മുടെ കുറവുകൾ മറച്ചുവെച്ചുകൊണ്ട് പൊങ്ങച്ചം കാണിക്കുവാനായിട്ട് നമ്മളിന്ന് പരക്കംപായുകയാണ്. നമുക്ക് നഷ്ടപ്പെടുന്നത് ദൈവം നൽകിയിരിക്കുന്ന സവിശേഷമായിട്ടുള്ള സന്തോഷമാണ്; പരിശുദ്ധാത്മാവിന്റെ പരമപ്രധാനമായ ദാനം!
സ്നാപകയോഹന്നാൻ തന്റെ കുറവുകളെല്ലാം അംഗീകരിച്ച്, “ഞാൻ അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ല, എന്റെ പിന്നാലെ വരുന്നവനാണ് യഥാർത്ഥ ക്രിസ്തു”, എന്നേറ്റുപറഞ്ഞു. യോഹന്നാന് അതിന് സാധിച്ചത് എളിമയുള്ളതുകൊണ്ടാണ്.
‘കുറവുകൾ അറിഞ്ഞു കൊണ്ട് ദൈവഹിതം നിറവേറ്റുക’ എന്നതുതന്നെയാണ് ആനന്ദത്തിലേക്കുള്ള ഏറ്റവും വലിയ മാർഗ്ഗം. നമ്മളാരാണ്, എന്തായിരിക്കുന്നു, എന്നത് അംഗീകരിക്കാൻ ഭയപ്പെടേണ്ടതില്ല. എളിമയോടുകൂടി അതംഗീകരിക്കാനായിട്ട് നമുക്ക് സാധിക്കണം. പക്ഷേ ഇന്നു നമ്മുടെ കേരളത്തിലെ പല ആത്മഹത്യകളും, പഠനങ്ങളിലെ പരാജയവും, പരീക്ഷയിലുണ്ടാകുന്ന തോൽവി മൂലവുമെന്നത് നിത്യസംഭവമാണ്. അതിനുള്ള കാരണം പ്രധാന കാരണം, മാതാപിതാക്കൾ മക്കളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുകയും, ആ കുഞ്ഞിന്റെ അസ്തിത്വം മനസിലാക്കുന്നതിൽ പരാജിതരാവുകയും ചെയ്യുന്നതാണ്. ഇതുമൂലം കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല. അവരെ കുറ്റപ്പെടുത്തി, തരം താഴ്ത്തുന്നത് അവരുടെ ഹൃദയത്തിലെ സന്തോഷം കെടുത്തിക്കളയുന്നു.
പൗലോസ് അപ്പോസ്തോലൻ തെസലോനിക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്: “നിങ്ങൾ എപ്പോഴും സന്തോഷ വദരായിരിക്കുവിൻ; നിരന്തരം പ്രാർത്ഥിക്കുവിൻ; ദൈവത്തിനെപ്പോഴും നന്ദി അർപ്പിക്കുവിൻ; നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കെടുത്തരുത്; എപ്പോഴും എല്ലാ കാര്യങ്ങളും നിങ്ങൾ വിലമതിക്കുവിൻ; തിന്മയിൽ നിന്ന് അകന്നിരിക്കുവിൻ; എപ്പോഴും നന്മ ചെയ്യാൻ ജാഗരൂകരായിരിക്കുവിൻ…” ഇതുതന്നെയാണ് സന്തോഷത്തിന്റെ യഥാർത്ഥ മാർഗം. അതു പ്രത്യാശയിലേക്കുള്ള മാർഗ്ഗമാണ്. വിശ്വാസം നിറഞ്ഞവർക്കു മാത്രമേ അതിനു സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്: “ദൈവത്തിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദൈവത്തിന്റെ കൃപ എന്റെ മേലുണ്ട്”. ഓർക്കുക, അതാണ് നമ്മെ സ്വതന്ത്രരാക്കുന്നത്; അതാണ് നമുക്ക് സന്തോഷം നൽകുന്നത്.
ദൈവത്തെ കൂടാതെ ജീവിക്കുവാൻ നമുക്ക് സാധിക്കുകയില്ലായെന്ന് തിരിച്ചറിയുന്നിടത്താണ് ‘എളിമ’ ആരംഭിക്കുന്നത്. ഇന്നത്തെ തിരുവചനങ്ങളും നമ്മോടാവശ്യപ്പെടുന്നത് നമ്മൾ അനുതപിച്ചു കൊണ്ട്, മാനസാന്തരപ്പെട്ടുകൊണ്ട്, നമ്മുടെ കുറവുകൾ മനസ്സിലാക്കികൊണ്ടു, ദൈവം നൽകുന്ന സാധ്യതകൾക്കൊപ്പമുയരുവാനാണ്.
എന്തൊക്കെയാണ് നമ്മുടെ ജീവിതത്തിലുപകരിക്കുന്നത്? അതു തിരിച്ചറിയണമെങ്കിൽ, മാതാവിനെപ്പോലെ നമ്മുടെ ജീവിതത്തിൽ ദൈവദാനങ്ങൾ കീർത്തനമായിട്ട് പുറത്തേക്ക് ഒഴുകണം. പരിശുദ്ധ കന്യകാമറിയം ഉദരത്തിൽ ഉണ്ണിയേശുവിനെ വഹിച്ചപ്പോൾ ജീവിതം ആനന്ദ കീർത്തനമാക്കിയതുപോലെ, ഉണ്ണിയേശുവിനെ ഹൃദയത്തിൽ വരവേറ്റി സന്തോഷത്തോടു കൂടി നമുക്കും ആലപിക്കാം: “എന്റെ ആത്മാവ് എന്റെ രക്ഷകനായ കർത്താവിലാനന്ദിക്കുന്നു…”.
1 തെസലോനിക്ക 5:17-18 നമുക്ക് മനഃപ്പാഠമാക്കാം: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ്, യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം”.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.