പെന്തക്കൊസ്ത ഞായർ
ഒന്നാം വായന: അപ്പോ 2:1-11
രണ്ടാം വായന: 1കൊറി 12:3b-7.12-13
സുവിശേഷം: വി.യോഹന്നാൻ 20:19-23
പെന്തക്കൊസ്ത തിരുനാളോടുകൂടി പെസഹാക്കാലം അതിന്റെ പരിപൂർണ്ണതയിലെത്തുകയാണ്. യേശു വാഗ്ദാനം ചെയ്ത സഹായകൻ ഈ ലോകത്തിലേയ്ക്ക് വരുന്നു. പെന്തക്കൊസ്ത ഈ ഒരു ദിവസത്തെ തിരുനാൾ മാത്രമല്ല മറിച്ച് ദൈവാത്മാവിന് വേണ്ടി ദാഹിക്കുന്ന വിശ്വാസിയുടെ ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്നതാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനായി നമുക്കും നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.
ദൈവവചന പ്രഘോഷണ കർമ്മം
യേശുവിൽ സേനഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,
പന്തക്കോസ്ത ദിനം യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരുനാളായിരുന്നു. ദൈവം സീനായ് മലയിൽ വച്ച് ഇസ്രായേൽ ജനത്തിന് പത്ത് കല്പനകൾ നൽകി അവരുമായുള്ള ഉടമ്പടി ഉറപ്പിക്കുന്നതിന്റെ അനുസ്മരണമാണിത്. അന്നേ ദിനം തന്നെ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ അഗ്നിജ്വാലയുടെ രൂപത്തിൽ ഇറങ്ങി വന്ന് അവരെ “വരങ്ങളും ദാനങ്ങളും” കൊണ്ട് നിറച്ച് “തിരുസഭയുടെ കാലം” ലോക ചരിത്രത്തിൽ ആരംഭിക്കുന്നു.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും അദ്ദേഹം തന്നെ എഴുതിയ അപ്പോസ്തല പ്രവർത്തനത്തിലും ആദ്യം യേശുവും പിന്നീട് ശിഷ്യന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിൽ സാമ്യതകളുണ്ട്. വി.ലൂക്കായുടെ സുവിശേഷത്തിൽ ജോർദ്ദാനിൽ നിന്ന് സ്നാനം സ്വീകരിച്ച യേശു അതിനുശേഷം സ്വന്തം ഗ്രാമമായ നസ്രത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു. അപ്പോസ്തല പ്രവർത്തനത്തിൽ ജറുസലേമിലായിരുന്നു കൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാർ അവിടെ കൂടിയിരുന്ന ജനങ്ങളോട് ദൈവരാജ്യം പ്രഘോഷിക്കുന്നു.
പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പോസ്തലന്മാർ വിവിധ ഭാഷകൾ സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവരവരുടെ മാതൃഭാഷകളിൽ ശ്രവിച്ചതും പെന്തക്കൊസ്ത ദിനത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്. വിവിധ ഭാഷകളെ പ്രതിപാദിക്കുന്നത് കൊണ്ട് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഉത്പത്തി പുസ്തകത്തിലെ ബാബേൽ ഗോപുരത്തിന്റെ നിർമ്മാണമാണ്. ബാബേൽ ഗോപുരം നിർമ്മാണ വേളയിൽ അവർ ഓരോ ഭാഷ സംസാരിച്ചിട്ടും അവർക്ക് പരസ്പരം മനസ്സിലാകുന്നില്ല. എന്നാൽ പെന്തക്കുസ്ത ദിനത്തിൽ അപ്പോസ്തലന്മാർ വിവിധ ഭാഷകളിൽ സംസാരിച്ചിട്ടും എല്ലാവർക്കും അവരവരുടെ മാതൃഭാഷകളിൽ മനസ്സിലാകുന്നു. ബാബേൽ ഗോപുര നിർമ്മാണത്തിൽ അവർ ശ്രദ്ധിച്ചത് അവരവരുടെ സ്വന്തം നാമത്തിന് പേരും, പ്രശസ്തിയും, മഹത്വവും ഉണ്ടാകുവാൻ വേണ്ടിയാണ്. എന്നാൽ പെന്തക്കുസ്ത ദിനത്തിൽ ശിഷ്യന്മാർ ദൈവത്തിന്റെ വലിയ പ്രവൃത്തികൾ ജനത്തോട് പ്രഘോഷിച്ച് ദൈവത്തിന് മഹത്വം നൽകുന്നു. ബാബേൽ ഗോപുരം മനുഷ്യനെ ചിതറിക്കുന്നു, പെന്തക്കുസ്ത ലോകം മുഴുവനേയും ഒരുമിച്ചുകൂട്ടുന്നു. ബാബേൽ ഗോപുരം അഹന്തയുടേയും ഭിന്നിപ്പിന്റേയും പ്രതീകമാണെങ്കിൽ, പെന്തക്കുസ്ത ഒരുമയുടേയും ഐക്യത്തിന്റെയും അടയാളമാണ്. എല്ലാവർക്കും മനസ്സിലാകുന്ന പരിശുദ്ധാത്മാവിന്റെ ഭാഷ സ്നേഹത്തിന്റെയും, കരുണയുടെയും, പരസ്പരം മനസ്സിലാക്കുന്നതിന്റെയും ഭാഷയാണ്. നമ്മുടെ ജീവിതവും, ഭാഷയും, പ്രവൃത്തികളും, ബന്ധങ്ങളും ഒന്നുകിൽ ബാബേൽ ഗോപുരമാക്കി മാറ്റാം അല്ലങ്കിൽ പെന്തക്കുസ്ത അനുഭവമാക്കി മാറ്റാം.
ഈ ലോകത്തിന് ആത്മാവിനെ പകർന്ന് കൊടുക്കുന്ന ദൗത്യം പെന്തക്കുസ്ത തിരുനാൾ നമുക്ക് നൽകുന്നുണ്ട്. ഒന്നാം വായനയിലെ രാജ്യങ്ങളുടെ പേരുകൾ സൂചിപ്പിക്കുന്നത് ഈ ലോകം മുഴുവനേയുമാണ്. ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യന്റെ നസാരന്ധ്രികളിലേയ്ക്ക് ജീവശ്വാസം നൽകിയത് പോലെ ശിഷ്യന്മാരുടെ മേലും നിശ്വസിച്ചു കൊണ്ട് അവർക്ക് പരിശുദ്ധാത്മാവിനെ നല്കി ഈ ദൗത്യത്തിനായി യേശു അവരെ ഒരുക്കുന്നു. ഈ തിരുനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് കൊണ്ട് നമുക്കും ഈ ദൗത്യത്തിനായി ഒരുങ്ങാം.
ആമേൻ
ഫാ.സന്തോഷ് രാജൻ
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.