ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ
ഒരു പ്രാവശ്യം പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രം വീണ്ടും പ്രസിദ്ധീകരിച്ചതിന് ശേഷം തങ്ങൾക്ക് തെറ്റുപറ്റി എന്നു പറയുന്നത് ഏത് തരത്തിലുള്ള മാധ്യമധർമ്മവും ആവിഷ്ക്കാര സ്വാതന്ത്ര്യവുമാണ്?

ജോസ് മാർട്ടിൻ
ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495 – 1498 കാലഘട്ടത്തിൽ പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചി വരച്ച, ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസ സമൂഹം ഏറെ പരിപാവനമായി കാണുന്ന ചിത്രത്തിന് നേരെ വീണ്ടും ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ അവഹേളനം.
ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടാണ് 15/5/26 ലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ വികലമായ ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രകടമാക്കിയിരിക്കുന്നത്. ഇതിന് മുൻപ് 27/9/25-ൽ പുന:രുത്ഥാനം അല്ലെങ്കിൽ പ്രവാസം (Resurrection or exile) എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രം പ്രസിദ്ധീകരിച്ചത് വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഒരു പ്രാവശ്യം പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രം വീണ്ടും പ്രസിദ്ധീകരിച്ചതിന് ശേഷം തങ്ങൾക്ക് തെറ്റുപറ്റി എന്നു പറയുന്നത് ഏത് തരത്തിലുള്ള മാധ്യമധർമ്മവും ആവിഷ്ക്കാര സ്വാതന്ത്ര്യവുമാണ്? ഭാരതത്തിലെ മുൻനിര ദിനപത്രമെന്ന് അവകാശപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ടീമിന് ഇത് ഭൂഷണമല്ല.
ഇത്തരത്തിൽ ഒരു മതത്തിന്റെ വിശ്വാസ പ്രതീകത്തെ വികലമായി ചിത്രീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹവും, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള മതസ്വാതന്ത്ര്യത്തിന്റെമേലുള്ള കടന്നുകയറ്റവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവുമാണ്.
മാറിവന്ന കേരള രാഷ്ട്രീയ സാഹചര്യത്തിൽ ആ ചിത്രം പുന:പ്രസിദ്ധീകരിച്ചത് സമാധാനപൂർവ്വം ജീവിക്കാനാഗ്രഹിക്കുന്ന ഒരു വിശ്വാസ സമൂഹത്തെ പ്രകോപിപ്പിക്കുകയും അതുവഴി ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യം ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റുപറയാനാവില്ലല്ലോ.



