നെൽസൺ തോമസ്
ഒട്ടകത്തിന് തലവയ്ക്കാൻ സ്ഥലം കൊടുത്ത തയ്യൽക്കാരന്റെ കഥ പണ്ട് വായിച്ചത് ഓർത്ത് പോകുന്നു. മഴ നനയാതിരിക്കാൻ തല മാത്രം കൂടാരത്തിനകത്ത് വെക്കട്ടെ എന്ന് ചോദിച്ചാണ് ഒട്ടകം വന്നത്. തല മാത്രമല്ലേ എന്ന് കരുതി കൂടാരത്തിനകത്ത് വയ്ക്കാൻ തയ്യൽക്കാരൻ ആദ്യം അനുവദിച്ചു. പിന്നെ ഒട്ടകം ദേഹവും കാലും ഒക്കെ വയ്ക്കാൻ സ്ഥലം ചോദിച്ചു. എതിർത്തു നിൽക്കാനാവാതെ പാവം തയ്യൽക്കാരൻ ഒടുക്കം കൂടാരം ഒട്ടകത്തിന് കൊടുത്ത് മഴയത്തേക്കിറങ്ങി. ഇതൊരു അറബികഥയിലെ പാവം തയ്യൽക്കാരന്റെ കര്യമാണ്. പാവം തയ്യൽക്കാരൻമാരെ പറ്റിച്ച് തലവയ്ക്കാൻ ഇടം ചോദിച്ചുകൊണ്ട് ഒട്ടകങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
കേരള ദേവാലയ വസ്തുവകകളും സ്ഥാപനങ്ങളും, കരട് 2019 ന്റെ ചില അപകടങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം. പ്രത്യക്ഷത്തിൽ വലിയ അപകടങ്ങളൊന്നും കരടിൽ കാണുന്നില്ലെങ്കിലും ഒട്ടകത്തിന്റെ തല മാത്രമാണ് ഈ കരട് എന്നതാണ് യഥാർത്ഥ്യം. പുരോഹിത ഗണത്തിനോട് അത്മായ ഗണത്തിനിലെ കുറേ പേർക്കെങ്കിലും പലവിധ കാരണങ്ങളാലും വിദ്വേഷം പൂണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ അമർഷം മുതലാക്കി അത്മായ ഗണത്തിനെ സംരക്ഷിക്കാനെന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ബില്ലിന്റെ യഥാർത്ഥ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് തിരിച്ചറിയാത്തവർ ഒട്ടകത്തിന്റെ തല മാത്രമേ കാണുന്നുള്ളൂ. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ഒട്ടകത്തിന്റെ ഉടലും കാലും വിശകലനം ചെയ്യുവാൻ ശ്രമിക്കുകയാണിവിടെ.
എന്താണ് കേരള ദേവാലയ വസ്തുവകകളും സ്ഥാപനങ്ങളും, കരട് 2019, കൊണ്ടുവരാൻ ശ്രമിക്കുന്നത്?
ചുരുക്കം ഇങ്ങനെയാണ്: ഓരോ ഇടവകയും, രൂപതയും, സഭയും കാനോൻ നിയമമനുസരിച്ച് ഭരണവും സ്വത്ത് ക്രയവിക്രയങ്ങളും നടത്തണം. വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുകയും അതാത് ഇടവക, രൂപത സമിതികളിൽ പാസാക്കുകയും വേണം. ഈ നടപടികളിൽ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ഒരു ട്രൈബ്യൂണലും ഉണ്ടാക്കുന്നു. പ്രത്യക്ഷത്തിൽ വളരെ സുതാര്യമെന്ന് തോന്നിപ്പിക്കുന്നതാണ് ഇത്. കാരണം, സീറോ മലബാർ സഭയിലെ ഭരണം മുഴുവൻ കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയാൽ മതിയെന്ന് പറയുകയും പരാതി പരിഹരിക്കാൻ മാത്രം ഒരു പ്രത്യേക ട്രൈബ്യൂണലിനെ നിയമിക്കുകയും ചെയ്യുന്നത് “പ്രത്യക്ഷത്തിൽ” സുതാര്യം തന്നെയാണ്!
ഇപ്പോഴുള്ള നടപ്പു ക്രമം എങ്ങനെയാണ്?
ഇടവകയുടെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നത് ഇടവകാധ്യക്ഷന്റെ നേതൃത്വത്തിൽ കൂടുന്ന പള്ളിയോഗങ്ങളാണ്. പൊതുയോഗം, പ്രതിനിധിയോഗം എന്നിങ്ങനെ രണ്ട് സമിതികളാണ് ഇടവകയിൽ ഉള്ളത്. പൊതുയോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങളും ഇടവകാദ്ധ്യക്ഷൻ ശുപാർശചെയ്യുന്ന അംഗങ്ങളുമാണ് പ്രതിനിധിയോഗത്തിൽ ഉള്ളത്. കൈക്കാരന്മാർ, ഓഡിറ്റേഴ്സ്, പള്ളിയിലെ ഇതര ജീവനക്കാർ തുടങ്ങിയവരെ നിശ്ചയിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുക, ഇടവകയുടെ ബഡ്ജറ്റ് വിലയിരുത്തുകയും പ്രധാന്യം അനുസരിച്ച് വകയിരുത്തുകയും ചെയ്യുക, രൂപതാധ്യക്ഷന്റെ നിർദ്ദേശാനുസരണം ഇടവകയിലെ കല്ലറകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സേവനങ്ങൾക്ക് ഫീസ് നിശ്ചയിക്കുക തുടങ്ങിയവയാണ് പള്ളി യോഗങ്ങളുടെ കടമകൾ. (വിശദമായിട്ട് അറിയുവാൻ സീറോ മലബാർ സഭയുടെ തനതു നിയമം, പേജ് 53 മുതൽ കാണുക.)
ഇങ്ങനെ പള്ളി യോഗങ്ങൾ വഴി തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾ നടത്തുന്നത് കൈക്കാരന്മാരൊ ഇടവക അദ്ധ്യക്ഷനൊ ആണ്. ഈ ചിലവുകൾ മൂന്നുമാസം കൂടുമ്പോൾ ഓഡിറ്റ് ചെയ്യപ്പെടുകയും ഇടവക ബുള്ളറ്റിൻ പരസ്യപ്പെടുത്തുകയും ചെയ്യും. ഈ കണക്കുകൾ വർഷാവർഷം ചാർട്ടേഡ് അക്കൗണ്ടൻറ് പരിശോധിച്ച് ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുകയും വേണം. കൂടാതെ രൂപത ഫിനാൻസ് ഓഫീസർ മുൻപാകെ സമർപ്പിക്കുകയും വേണം. ഈ നടപ്പു ക്രമങ്ങളിൽ ഉള്ള പരാതികൾ രാജ്യത്തിന്റെ എത് സിവിൽ കോടതിയിലും പരിഹരിക്കാവുന്നതാണ്. തീർത്തും സുതാര്യമാണ് കത്തോലിക്കാസഭയിലെ ഇപ്പോഴുള്ള നടപടിക്രമങ്ങൾ.
പുതിയ കരട് ഇവിടെ കൊണ്ടു വരുന്ന മാറ്റം എന്താണ്?
പ്രത്യക്ഷത്തിൽ സഭയുടെ ഭരണത്തിൽ ഒരു മാറ്റവും കൊണ്ടുവരുന്നില്ല. ഭരണത്തിൽ എന്ന് മാത്രമല്ല സ്വത്ത് ക്രയവിക്രയം ചെയ്യുന്നതിലും ഒരു നിയമനിർമ്മാണവും നടത്തുന്നില്ല. എന്നാൽ, സഭയുടെ ഇടവക തലം മുതലുള്ള പണമിടപാടുകളിൽ മേലുള്ള പരാതികൾ രാജ്യത്തിന്റെ സിവിൽ കോടതിയിൽ പരിഹരിക്കേണ്ടതിനു പകരം, ഇത് പരിഹരിക്കാൻ മാത്രമായി ഒരു പ്രത്യേക ട്രൈബ്യൂണൽ കൊണ്ടുവരുന്നു എന്നതാണ് ആകെയുള്ള മാറ്റം. സഭയിലെ ഭരണവും സ്വത്ത് ക്രയവിക്രയങ്ങളും എല്ലാം നിലവിലുള്ള കാനോൻ നിയമമനുസരിച്ച് നടത്തിയാൽ മതി.
ഈ മാറ്റം എങ്ങനെയാണ് ഒട്ടകത്തിന് തല വയ്ക്കാൻ കൊടുക്കുന്നതുപോലെ ആകുന്നത്?
ഇതറിയണമെങ്കിൽ ഇതിനു പുറകിലെ കുറച്ച് ചരിത്രം അറിയണം. ഈ കരട് ആദ്യം അവതരിപ്പിച്ചത് 2009ലാണ്. കുറച്ചുംകൂടെ വിപുലമായിരുന്നു അത്. ഇടവക, രൂപത, സഭ എന്നീ മൂന്ന് തലത്തിൽ മൂന്ന് തരം ട്രസ്റ്റികൾ രൂപീകരിക്കണമെന്നും ഇവിടങ്ങളിലേക്കുള്ള സമിതികളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനാധിപത്യപരം ആയിരിക്കണമെന്നും ഈ കരട് നിഷ്കർഷിച്ചു. നിരീശ്വര വാദികൾക്കും, അസന്മാർഗികൾക്കും, ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായുള്ളവർക്കും ഈ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഇല്ലെന്നും 2009 ലെ കരട് നിയമം അനുശാസിച്ചിരുന്നു. എന്നാൽ, തീർത്തും പ്രായോഗികതയിൽ കൊണ്ടുവരുവാൻ പറ്റാത്തതായിരുന്നു ഇത്തരത്തിൽ വോട്ടവകാശം ഉള്ളവരെയും ഇല്ലാത്തവരെയും കണ്ടെത്തുക എന്നത്. മാത്രവുമല്ല ഇതിലെ സമിതികൾക്ക് മുകളിൽ സർക്കാർ നിയമിക്കുന്ന ഒരു ചർച്ച് കമ്മീഷണർ ഉണ്ടാകുമെന്നും ഈ കരട് പറഞ്ഞിരുന്നു. തത്വത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് സംഘടിതമായി പിടിച്ചെടുക്കാവുന്ന ഒന്നായി ഇടവക, രൂപത സമിതികളിലൂടെയുള്ള ഭരണം. പരമാധികാരിയായി സർക്കാർ നിയമിക്കുന്ന കമ്മീഷണർ പൂർണ അധികാരത്തോടെ വരികയും ചെയ്യുമ്പോൾ അതീവ ഗൗരവപൂർണമായ മാറ്റമായിരുന്നു 2009 ലെ കരട് കൊണ്ടുവരുവാൻ ശ്രമിച്ചത്. ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പള്ളിയും പള്ളിയുടെ സ്ഥാപനങ്ങളെയും നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ കാഴ്ചവയ്ക്കുന്നത് തികച്ചും ആത്മഹത്യാപരമായിരുന്നു. കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളെ പ്രതി അന്നത്തെ ഭരണകൂടത്തിന് ആ കരട് നിയമമാക്കാൻ കഴിഞ്ഞില്ല.
അസാധാരണമായ അച്ചടക്കത്തോടും സുതാര്യതയോടും പ്രവർത്തിക്കുന്ന കത്തോലിക്ക സഭയുടെ സ്ഥാപനങ്ങൾ നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് എന്നും അസൂയാവഹമായിരുന്നു. ഇവ പിടിച്ചടക്കാനുള്ള ശ്രമങ്ങൾ അധികാരം കിട്ടുമ്പോഴെല്ലാം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇത് തുടങ്ങിയത് സര്‍ സിപിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണ കാലം മുതലാണ്. പിന്നീട് പനമ്പിള്ളിയുടെ വിദ്യാഭ്യാസ പദ്ധതികളിലൂടെയും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിലൂടെയും ഇത് പിടിച്ചടക്കാൻ ഇത്തരക്കാർ ശ്രമിച്ചിരുന്നു. 2009ലെ കരട് ഉൾപ്പെടെ ഇതിനെല്ലാം എതിർത്ത് തോൽപ്പിച്ചത് വിശ്വാസികളിൽ കാലാനുസൃതമായി ബോധവൽക്കരണം നടത്തിയ മെത്രാന്മാരുടെ ഇടയലേഖനങ്ങളിലൂടെയും സിനഡിന്റെ തീരുമാനങ്ങളിലൂടെയുമായിരുന്നു. തൃശ്ശൂർ രൂപതയും ഇരിങ്ങാലക്കുട രൂപതയും ശക്തമായ രീതിയിൽ തന്നെ 2009 ലെ കരടിനെതിരെ പ്രതിഷേധിച്ചിരുന്നു. പുരോഹിത സംരക്ഷിതമായ ചട്ടക്കൂടിനെ തകർക്കാതെ കത്തോലിക്ക സഭയിൽ നുഴഞ്ഞുകയറാൻ സാധിക്കില്ലെന്ന് പലപ്പോഴായുള്ള തോൽവിയിലൂടെ മനസ്സിലാക്കിയ നിഗൂഢ ഉപജാപങ്ങളുടെ ഉപജ്ഞാതാക്കളായ ഇവർ പുരോഹിത വിദ്വേഷത്തെ സൈദ്ധാന്തവത്കരിക്കുന്ന നയമാറ്റം അണിയറയിൽ കൊണ്ടുവന്നു.
ഒരു മെത്രാനെതിരെയുള്ള ‘നികൃഷ്ടജീവി’ പ്രയോഗവും ‘ളോഹയിട്ടവരെ വഴി നടത്തില്ലെന്ന’ പ്രഖ്യാപനവും ‘തിരണ്ടി വാലനടിക്കണമെന്ന’ പ്രയോഗവും ‘സ്വയാശ്രയ വൈദികർ’ എന്ന വിളിയും ഈ നയമാറ്റങ്ങളെ സാധൂകരിക്കുന്ന പലപ്പോഴായുള്ള വെളിപ്പെടുത്തലുകളായിരുന്നു. കുമ്പസാരമെന്ന കൂദാശയെ അവഹേളിച്ചതും സ്ത്രീ പൗരോഹിത്യം വേണമെന്ന് വാദിച്ചതും പുരോഹിത വിദ്വേഷം ആളിക്കത്തിക്കാൻ അല്ലാതെ മറ്റെന്തിനായിരുന്നു? ഏതാനും ചിലരുടെ തെറ്റിനെ പർവ്വതീകരിച്ച് കത്തോലിക്കാസഭയിലെ മുഴുവൻ പുരോഹിതരെയും തെറ്റുക്കാരായി വ്യാഖ്യാനിക്കുന്ന തരത്തിൽ ഗൂഢാലോചനകൾ ആരോപിച്ച് മാധ്യമ ചർച്ചകൾ ഇളക്കി വിട്ടതും ഈ നയമാറ്റത്തിന്റെ അപ്രഖ്യാപിത ലക്ഷ്യങ്ങൾ ആയിരുന്നെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൊട്ടിയൂർ പീഡനക്കേസിലെ കൂട്ടുപ്രതികളിൽ ഗൂഢാലോചന തെല്ലും ഇല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടത് ഇതിനോടകം നമ്മളെല്ലാവരും അറിഞ്ഞു കാണുമല്ലോ. പുരോഹിത വിദ്വേഷം ആളിപ്പടർത്തുക എന്ന സംഘടിത ഉദ്ദേശത്താൽ പ്രേരിതമായ “ഗൂഢാലോചനയുടെ കള്ളക്കഥകളുടെ” ചുരുളുകളാണ് കോടതിയിൽ അഴിഞ്ഞു വീണത്.
ഒട്ടകത്തിന്റെ തലയേത് ഉടലേത്?
ഒട്ടകത്തിന്റെ തല മാത്രമാണ് ഇപ്പോഴത്തെ കരട്. തല മാത്രം വയ്ക്കാൻ കൊടുക്കുന്നതിലും പ്രശ്നമുണ്ട്. ട്രൈബ്യൂണലാണ് ഇതിലെ പ്രശ്നം. കാരണം, കോടതിയുടെ അധികാരങ്ങൾ ഇല്ലാത്ത തർക്ക പരിഹാര കേന്ദ്രങ്ങളായ ട്രൈബ്യുണലുകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് സർക്കാരാണ്. ഏകാധിപത്യ മുഖച്ഛായയുള്ള സർക്കാരുകൾക്ക് സർക്കാരിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരെ മാത്രം അംഗങ്ങളായി നിയമിക്കാനുള്ള സാധ്യത ഇതിലൂടെ നിർബാധം തുറന്ന് കിട്ടുന്നു. ഇത്തരം ട്രൈബ്യുണലിന്റെ വിധി അന്തിമമാണെന്നാണ് കരട് നിയമത്തിൽ കാണുന്നത്. ഫലത്തിൽ കോടതികളിൽ പോലും ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ സഭാ സംവിധാനങ്ങളിൽ സർക്കാരിന് പരമാധികാരം ലഭിക്കും. “തല” വെക്കാൻ ഇടം കൊടുക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ “ഉടലിനെ”ക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കാലാകാലങ്ങളിൽ ഈ നിയമത്തിൽ പരിഷ്കരണം വരുത്തി 2009ലെ കരട് നിയമം ആക്കാൻ പിന്നീടവർക്ക് ഒരു പ്രയാസവും കാണില്ല. അങ്ങനെ വന്നാൽ ഇടവകകളുടെയും, ഇടവകയുടേയും രൂപതയുടേയും ഇതര സ്ഥാപനങ്ങളുടെയും ഭരണം ആർക്കും പിടിച്ചെടുക്കുന്ന തരത്തിൽ സഹകരണ ബാങ്കുകളുടേതിന് സമാനം രാഷ്ട്രീയപാർട്ടികളുടെ മേൽക്കോയ്മയ്ക്ക് വിധേയമാക്കപ്പെടും. കേരളത്തിലെ കത്തോലിക്ക വിശ്വാസികൾ കാണാൻ പോകുന്ന ഏറ്റവും വലിയ ദുരിതം ആയിരിക്കും അപ്പോൾ അത്.
പൗരാണികത എല്ലായിപ്പോഴും ശ്രേഷ്ഠമല്ല!
“ഓൾഡ് ഈസ് ഗോൾഡ്” എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. കേവലമൊരു പഴഞ്ചൊല്ല് എന്നതിനപ്പുറം താത്വികമായി അടിസ്ഥാനമൊന്നും ഇല്ലാത്തതാണിത്. പൗരാണിക കേരളകത്തോലിക്കാസഭയിൽ കൂടുതൽ അധികാരങ്ങളോടുകൂടിയ പള്ളിയോഗങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ചിലരുടെ വാദം. ഈ വാദം ഉന്നയിക്കുന്നവർ ഏതുവിധേനയും കരട് നിയമം ആക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പൗരാണിക കത്തോലിക്ക സഭയിൽ ഉത്തരവാദിത്വത്തോടെയും അധികാരത്തോടെയും പ്രവർത്തിച്ചിരുന്ന പള്ളിയോഗങ്ങൾ ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്. എന്നാൽ, ജാതിവ്യവസ്ഥയുമായി ഇഴചേർന്ന് ജീവിച്ചിരുന്ന കത്തോലിക്കരുടെ ഇടയിൽ ഉണ്ടായിരുന്ന പള്ളി യോഗങ്ങളിൽ ചില അപരിഷ്കൃതമായ രീതികളും ഉണ്ടായിരുന്നു. ഒരു ഏകീകൃത സംവിധാനമോ നിയമമോ അനുശാസിക്കുന്ന തരത്തിൽ പ്രവർത്തിക്കാതെ പള്ളിയോഗത്തിലൂടെ മാത്രം അന്തിമമായി തീരുമാനമെടുക്കുന്ന അടിസ്ഥാനത്തിൽ മഹറോൻ ചൊല്ലുകയും ഭ്രഷ്ട് കൽപ്പിക്കുകയും അക്കാലത്ത് ചെയ്തിരുന്നു. പള്ളി യോഗങ്ങളിലെ മേൽകോയ്മയുടെ അടിസ്ഥാനത്തിൽ തിരുമാനങ്ങൾ പലതരത്തിൽ സ്വാധീനിക്കപ്പെടാറും ഉണ്ടായിരുന്നു. ഇത്തരം പള്ളി യോഗങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ കത്തോലിക്കാ സഭകളിൽ ഉള്ളത്. നവോത്ഥാനത്തിന് തുടക്കം കുറിച്ച കത്തോലിക്കാസഭ തന്നെ അപരിഷ്കൃതമായ പഴയ സംവിധാനങ്ങളെല്ലാം കത്തോലിക്ക സഭയിൽ നിന്ന് എടുത്തുകളഞ്ഞ് ഏകീകൃതമായ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന പള്ളി യോഗങ്ങൾ കൊണ്ടുവന്നു. പിന്നീട് ഇവ പൗരസ്ത്യ കാനോൻ നിയമത്തിന്റെ ഭാഗമാകുകയും സീറോ മലബാർ സഭയുടെ തനത് നിയമത്തിന്റെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. ഈ നിയമത്തിൽ അത്മായരുടെ പങ്കാളിത്തം കുറയ്ക്കുന്ന ഘടകങ്ങൾ ഒന്നുംതന്നെ ഇല്ല എന്നതാണ് യഥാർത്ഥ്യം. എന്നാൽ പലപ്പോഴും ഇടവകയുടെ വലിപ്പവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് പൊതുയോഗത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങളിൽ പ്രതിനിധിയോഗം തീരുമാനമെടുക്കാറുണ്ട്. അൽമായരുടെ കൂട്ടായ പങ്കാളിത്തത്തോടെ പൊതുയോഗം കാനോൻ നിയമം അനുശാസിക്കുന്ന തരത്തിൽ പ്രായോഗികതയിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്താവുന്നതേ ഉള്ളൂ. അതിന് പകരം അകത്തോലിക്കർക്ക് അടിയറവ് വെക്കുന്ന ചർച്ച് ആക്ടിന്റെ ഒരു ആവശ്യവും നമുക്കില്ല.
ഉറവിടങ്ങളെ അടുത്ത് അറിയാതെ ഉറവിടങ്ങളിലേക്ക് പോകണമെന്ന് വാദിക്കുന്നത് ചില അവസരങ്ങളിൽ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്. പണ്ടുകാലത്തെ അപരിഷ്കൃത പള്ളിയോഗങ്ങൾ അല്ല; കാനോൻ നിയമം അനുശാസിക്കുന്ന തരത്തിലുള്ള പരിഷ്കൃത പള്ളിയോഗങ്ങൾ പ്രായോഗികതയിൽ കൊണ്ട് വരുന്നതാണ് ഇതിനുള്ള പരിഹാരം.
ഉപസംഹാരം
പ്രത്യക്ഷത്തിൽ യാതൊരു ഗുണവും കൊണ്ടുവരാത്തതാണ് ഇപ്പോൾ പരസ്യപ്പെടുത്തിയ ഈ കരട്. മാത്രവുമല്ല, ഇതിലെ പരമാധികാരമുള്ള ട്രൈബ്യൂണലുകൾ ദോഷകരവുമാണ്. അത് കത്തോലിക്കാസഭയിൽ ഭരണകൂടത്തിന് പലതരത്തിലും മേൽക്കോയ്മ അനുവദിക്കുന്നുമുണ്ട്. ഈ കരട് നിയമമായാൽ ഇതിന്റെ ചുവടുപിടിച്ച് നിയമത്തിൽ പല ഭേദഗതികളും പിന്നീട് കൊണ്ടുവന്ന്, കത്തോലിക്കാ സഭയുടെ അടിവേരിളക്കുന്ന ഭയാനകമായ സാഹചര്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതുമൂലം ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം നമുക്ക് നഷ്ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. കേരള കത്തോലിക്കാ സഭയെ ചൈനയിലെ കത്തോലിക്കാ സഭയിലേത് പോല ഭരണകൂടത്തിന് അടിയറവ് വെക്കുന്ന സാഹചര്യം ഇതുമൂലം തീരെ വിദൂരമല്ലാതെയും ആകുന്നു.
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.