വിജിലന്റ് കാത്തലിക്ക്
നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂള് പ്രധാനാധ്യാപിക കുട്ടികള്ക്കായി നൽകിയ ഓണസന്ദേശത്തെ വിവാദമാക്കി മാറ്റുകയും, വര്ഗ്ഗീയ പ്രശ്നമാക്കി വളര്ത്താന് ശ്രമിക്കുകയും ചെയ്ത സംഭവം അത്യന്തം ഖേദകരമാണ്. കേരളത്തിലെ മതേതരസമൂഹം ഒരേ മനസ്സോടെ ഏറ്റവും സന്തോഷപൂര്വ്വം കൊണ്ടാടുന്ന ഏക ആഘോഷമാണ് ഓണം എന്നിരിക്കെ, ഇത്തരമൊരു ഉത്സവവേളയില് ഇതെച്ചൊല്ലി ബാലിശമായ ഒരു വിവാദം അനാവശ്യമായിരുന്നു എന്ന് പറയാതെ വയ്യ. അത്തരമൊരു വിവാദം സൃഷ്ടിച്ചവര് അത് കരുതിക്കൂട്ടിയാണ് ചെയ്തതെങ്കില് അത് തീര്ച്ചയായും പ്രതിഷേധാര്ഹമാണ്. ഹിന്ദു ഐക്യവേദി എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ശശികലയും മറ്റുള്ളവരും ഈ വിഷയത്തില് തങ്ങളുടെ പ്രതിഷേധ പ്രകടനങ്ങള് തുടരുകയും ജനം ടിവി, ജന്മഭൂമി പത്രം, നിരവധി സംഘപരിവാര്പക്ഷ ഓണ്ലൈന് ചാനലുകള് തുടങ്ങി നിരവധി മാധ്യമങ്ങള് ഈ വിഷയത്തെ കൂടുതല് ആളിക്കത്തിക്കാന് പോന്ന വിധത്തില് വാര്ത്തകള് നല്കുകയും ചെയ്യുന്നതിനാല് ഈ വിവാദം ആസൂത്രിതം എന്നേ കരുതാനാവൂ. അല്ലാത്തപക്ഷം, ആര്എസ്എസ്, ബിജെപി നേതാക്കള്ക്കോ അത്തരം രാഷ്ട്രീയ നിലപാടുകള് വച്ചുപുലര്ത്തുന്ന സാംസ്കാരിക പ്രവര്ത്തകര്ക്കോ സമൂഹമാധ്യമങ്ങളില് സജീവരായിട്ടുള്ളവര്ക്കോ ഈ വിഷയത്തില് ഫലപ്രദമായി ഇടപെടാന് കഴിയുമായിരുന്നു.
കേരളത്തിലെ സാംസ്കാരികോത്സവമായ ഓണത്തിന്റെ, അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ ചരിത്രം, നീതിമാനായ ചക്രവര്ത്തിയായിരുന്ന മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്ഷത്തില് ഒരിക്കല് സ്വന്തം പ്രജകളെ കാണാന് വേണ്ടി കേരളം സന്ദര്ശിക്കാന് മഹാബലിയെ അനുവദിക്കുകയും ചെയ്തു എന്നുള്ളതാണ്. സ്വന്തം ജനതയെ ഏറ്റവും സന്തോഷത്തോടെ കാണാനാഗ്രഹിക്കുന്ന മാവേലിയെ സന്തോഷിപ്പിക്കാന് ദിവസങ്ങള് നീണ്ട ഒരുക്കങ്ങള് നടത്തുന്ന മലയാളികള് ഓണദിവസങ്ങളില് ഏറ്റവും സന്തോഷത്തോടെയും ഉത്സാഹത്തോടെയും വ്യാപരിക്കുന്നു. അതിനപ്പുറമുള്ള കഥാപശ്ചാത്തലങ്ങള് കേരളത്തിലെ സാമാന്യജനതയ്ക്ക് അറിയാം എന്നു കരുതുന്നതില് യുക്തിയില്ല എന്നതാണ് സത്യം.
“സര്വ്വം ജയിച്ചു ഭരിച്ചു പോന്നോര്
ബ്രാഹ്മണര്ക്കീര്ഷ്യ വളര്ന്നു വന്നി
ഭൂതി കെടുക്കാനവര് തുനിഞ്ഞു
കൗശലമാര്ന്നൊരു വാമനനെ
വിട്ടു ചതിച്ചവര് മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീര്ഷം ചവിട്ടിയാചകനും
അന്നുതൊട്ടിന്ത്യയധ:പതിച്ചു
മന്നിലധര്മ്മം സ്ഥലംപിടിച്ചു.”
സഹോദരന് അയ്യപ്പന് രചിച്ച ‘മാവേലി നാട് വാണീടും കാലം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പൂര്ണ്ണ രൂപത്തില്നിന്നുമുള്ള ചില വരികളാണിത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആ ഓണപ്പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്:
“വാമനാദര്ശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്
ഊനം വരാതെയിരുന്നുകൊള്ളും.”
ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും അതിന്റെ മതപരമായ അര്ത്ഥതലങ്ങളും പൂര്ണ്ണമായ അളവില് മനസ്സിലാക്കാത്തിടത്തോളം, ‘ഓണം’ എന്ന ഉത്സവവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പൊതുബോധം തന്നെയാണ് ഇവിടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. അല്ലാത്തപക്ഷം, ഓണത്തിന്റെ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള് സൃഷ്ടിക്കാന് മുന്നില് നില്ക്കുന്നവര് തന്നെ, ഇതിന്റെ ‘വാസ്തവങ്ങള്’ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന് ബാധ്യസ്ഥരാണ്. കഴിഞ്ഞ വര്ഷം വരെയും പാടിപ്പഴകിയ ചില ഈരടികള് പെട്ടെന്നൊരു ദിവസം അവഹേളനമാകുന്നതെങ്ങനെ എന്ന് വിശദീകരണം നല്കാനുള്ള ബാധ്യതയും അവര്ക്കുണ്ട്. തന്റെ വിദ്യാര്ത്ഥികള്ക്കു മുന്നില് നിലവിലുള്ള ഓണസന്ദേശം പങ്കുവച്ച ആ പ്രധാനാധ്യാപികയല്ല ആദ്യമായി ഓണത്തിന് ഇത്തരമൊരു സന്ദേശം നല്കുന്നതെന്നും, താന് കേട്ടതിനെ അവര് വളച്ചൊടിക്കുകയായിരുന്നില്ലെന്നും വ്യക്തമായി അറിയാവുന്ന കേരളത്തിലെ മതേതര സമൂഹത്തിനും ഈ വിഷയം തുറന്നുപറയാനുള്ള ബാധ്യതയുണ്ട്.
ഇവിടെ ഒരു വിവാദം സൃഷ്ടിക്കുക മാത്രമായിരുന്നു ചിലരുടെ ഉദ്ദേശ്യമെന്ന് വ്യക്തം. പ്രധാനാധ്യാപികയായ സന്ന്യാസിനിയെ മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കളെയും പ്രശസ്ത വ്യക്തികളെയും ഈ വിവാദത്തിന് കൊഴുപ്പുകൂട്ടാന് അവര് കൂട്ടുപിടിച്ചു. സെന്റ് തെരേസാസ് സ്കൂളിന് മുന്നില് പ്രതിഷേധപ്രകടനം നടത്തി. പ്രധാനാധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാത്തിനും പുറമേ, സഭാനേതൃത്വം ഈ ‘അവഹേളനത്തിന്’ വിശദീകരണം നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.
ഒരുപക്ഷെ ഓണം മതേതരസമൂഹത്തിന്റെ ഉത്സവമെന്ന് അവകാശപ്പെടുന്നതിനെതിരേയാവാം ഈ പ്രതിഷേധങ്ങള്. അങ്ങനെയെങ്കില് ഓണം എന്ന കേരളത്തിന്റെ ദേശീയോത്സവത്തിന് ഇനിയുള്ള കാലത്ത് വലിയ ഭാവിയില്ല എന്നത് ഒരു വാസ്തവം മാത്രം. പറഞ്ഞും പാടിയും പഴകിയ, ഓണത്തിന് പിന്നിലെ ഐതിഹ്യം ഇനിയൊരാള് മിണ്ടാന് പാടില്ല എന്ന മുന്നറിയിപ്പ് കൂടിയായിരിക്കണം ഈ പ്രക്ഷോഭം. അങ്ങനെയെങ്കില് ഹിന്ദു ഐക്യവേദിയും, അവരെ ഇക്കാര്യത്തില് പിന്തുണച്ചവരും നിശ്ശബ്ദത പാലിച്ചവരുമെല്ലാം വിശദീകരണം നല്കേണ്ട ചില വസ്തുതകളുണ്ട്:
1) മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെക്കുറിച്ചുള്ള ചര്ച്ചകളാണല്ലോ ഈ വിവാദത്തെ ചൂടുപിടിപ്പിച്ചത്. വിഷ്ണുവിന്റെ അവതാരങ്ങളെല്ലാം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ദൈവികതയുള്ളവയാണ്, ആരാധ്യമാണ്. ആ വിശ്വാസത്തെയും അത് സംബന്ധിച്ച വികാരങ്ങളെയും പൂര്ണ്ണമായ അര്ത്ഥത്തില് മാനിക്കുകയും, അതിനുള്ള അവകാശത്തെ തുറന്ന മനസോടെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്, വാമനാവതാരത്തോട് അനുബന്ധിച്ചുള്ളതും സ്വന്തമായി മറ്റൊരു ഐതിഹ്യമുള്ളതുമായ ഓണം എന്ന ആഘോഷത്തെ ഇനിയുള്ള കാലത്ത് മലയാളികള് എങ്ങനെ കാണണമെന്നതിനും നിങ്ങള് വിശദീകരണം തരണം.
2) ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അസന്തുഷ്ടിയുടെയും വര്ഷകാലം പിന്നിട്ട് പ്രകൃതിയും മനുഷ്യമനസ്സുകളും തെളിഞ്ഞ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവം എന്നതായിരുന്നു ഓണത്തിന്റെ എക്കാലത്തെയും പ്രസക്തി. അത്തരം വിളവെടുപ്പുത്സവങ്ങള് എല്ലാ സംസ്ക്കാരങ്ങളിലും ദേശങ്ങളിലും നിലവിലുണ്ടല്ലോ. അത്തരം ഒന്നിനോട് മതപരമായ ചില ഐതിഹ്യങ്ങള് കൂട്ടിച്ചേര്ക്കപ്പെട്ടത് കാലങ്ങള് കഴിഞ്ഞാലും ആഘോഷം നിലനില്ക്കണമെന്ന നിഷ്കളങ്കമായ ഉദ്ദേശ്യത്തോടെയാവണം. പുരാണങ്ങളിലെ ദശാവതാര ക്രമമനുസരിച്ചുള്ള ആറാമത്തെ അവതാരമായ പരശുരാമന് മഴുവെറിഞ്ഞ് സൃഷ്ടിച്ചെന്നു പറയപ്പെടുന്ന കേരളത്തില് അഞ്ചാമത്തെ അവതാരമായ വാമനന് മാവേലിയെ ചവിട്ടിത്താഴ്ത്തി എന്ന അവിശ്വസനീയമായ കഥ ഇത്തരം കൂട്ടിച്ചേര്ക്കലുകളുടെ തെളിവല്ലേ? അങ്ങനെയെങ്കില് തികച്ചും മതേതരമായ ഒരു വിളവെടുപ്പുത്സവത്തെ തട്ടിയെടുക്കാനാണോ ഹിന്ദു ഐക്യവേദിയുടെ നീക്കം?
3) സ്വച്ഛവും സുന്ദരവുമായ ദ്രാവിഡ ജീവിതരീതികള്ക്കുമേല് ആര്യസംസ്കൃതിയുടെ തേരോട്ടം നടന്നതിന്റെ ബാക്കിപത്രമാണ് ഓണമെന്ന ദക്ഷിണേന്ത്യന് ധാരണയെക്കുറിച്ച് നിങ്ങള്ക്ക് എന്താണ് പറയാനുള്ളത്? ഉത്തരേന്ത്യന് സവിശേഷതയായ സവര്ണ്ണമേധാവിത്വം ഇന്ന് കേരളത്തില് അടിച്ചേല്പ്പിക്കാനാണോ നിങ്ങളുടെ ശ്രമം?
‘പുരകത്തുമ്പോള് വാഴവെട്ടുക’ എന്നത് ആപ്തവാക്യമാക്കിയ ചില ഓണ്ലൈന് മഞ്ഞ മാധ്യമങ്ങളും വിഷലിപ്തമായ മനസ്സുകളും ഈ വിഷയത്തില് ഇടപെട്ട്, തങ്ങളുടേതായ ദുഷിച്ച സംഭാവനകള് നൽകാന് മത്സരിക്കുന്നതും കാണുകയുണ്ടായി. മതമൗലിക വാദികള് പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് ഇത്തരം വിഷയങ്ങള്ക്ക് വലിയ മാര്ക്കറ്റ് ഉണ്ട് എന്ന തിരിച്ചറിവ് മാത്രമായിരിക്കണം അവരുടെ പ്രേരകശക്തി. കന്യാസ്ത്രീ എന്നും ക്രൈസ്തവ മാനേജ്മെന്റ് സ്കൂള് എന്നും മറ്റും കേള്ക്കുമ്പോള് ചെകുത്താന് കുരിശ് കണ്ടതുപോലെ ഉറഞ്ഞുതുള്ളുന്ന ചില മനോരോഗികളെ ഇത്തരക്കാര് തന്നെ ഇവിടെ ഒരുക്കി നിര്ത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില് സംസ്കാര ശൂന്യമായി പ്രതികരിക്കുന്നതില് മത്സരിക്കുന്ന ചെറുതല്ലാത്ത ഒരു വിഭാഗം യഥാര്ത്ഥത്തില് കേരളസമൂഹം മുഴുവനെയും അപമാനിക്കുകയാണ്.
വിഷലിപ്ത മനസ്സുകളേ, കേരളത്തില് നിലവിലുണ്ടായിരുന്ന ജാത്യാധിഷ്ഠിതമായ ഉച്ചനീചത്വങ്ങള് പാടേ തുടച്ചുനീക്കാന് കൈരളിയെ സഹായിച്ച ക്രൈസ്തവ സംസ്ക്കാരത്തെയും ക്രൈസ്തവ മിഷനറിമാരെയും അത്രയെളുപ്പത്തില് മറക്കാന് നിങ്ങള്ക്കു കഴിയുമോ? സന്യസ്തര്ക്കും വൈദികര്ക്കുമെതിരേ നിങ്ങള് നടത്തുന്ന വിഷപ്രയോഗങ്ങള് ഏറ്റവും മാന്യമായ ഭാഷയില് പറഞ്ഞാല്, തികഞ്ഞ നന്ദികേടല്ലേ?
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.