ആണ്ടുവട്ടം ഇരുപത്തിമൂന്നാം ഞായർ
ഒന്നാം വായന : ജ്ഞാനം 9:13-18
രണ്ടാം വായന : ഫിലെമോൻ 9-10, 12-17
സുവിശേഷം : വി.ലൂക്കാ 14:25-33
ദിവ്യബലിക്ക് ആമുഖം
ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയും, ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് പറയുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷവും നാമിന്ന് ശ്രവിക്കുന്നു. വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമായിലെ കാരാഗൃഹത്തിൽ നിന്ന് സ്വന്തം കൈപ്പടയിൽ ഫിലെമോന് എഴുതിയ ലേഖനത്തിൽ നിന്നാണ് ഇന്നത്തെ രണ്ടാം വായന. വലിയ ഗഹനമായ ദൈവശാസ്ത്ര വിഷയങ്ങളൊന്നും പ്രതിപാദിക്കുന്നില്ലെങ്കിലും ഒനേസിമോസ് എന്ന അടിമയെ ഇനിമുതൽ ഒരു സഹോദരനായി കാണണമെന്ന് അവന്റെ ഉടമയായ ഫിലെമൊനോട് അപേക്ഷിക്കുന്നത് വഴി അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളെ അപ്പോസ്തലൻ വ്യക്തമാക്കുന്നു. തിരുവചനം ശ്രദ്ധിക്കാനും ദിവ്യബലി അർപ്പിക്കാനും നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
1) ദൈവഹിതം അറിയാൻ ജ്ഞാനം വേണം
യേശുവിനും ഒരു നൂറ്റാണ്ടു മുൻപ് രചിക്കപ്പെട്ട ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള തിരുവചനങ്ങളാണ് നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചത്. വിജ്ഞാനത്തെ ഒരു സ്ത്രീയായി (ഒരു വ്യക്തിയായി) ചിത്രീകരിക്കുന്നത് അക്കാലത്തെ രചനകളിൽ സർവ്വസാധാരണമായിരുന്നു. ജ്ഞാനത്തെ സ്വന്തമാകുന്നവൻ രക്ഷ കൈവരിക്കുന്നു എന്നതാണ് മുഖ്യപ്രമേയം. ജീവിതത്തിൽ ദൈവഹിതവും പദ്ധതികളും മനസ്സിലാക്കുന്നതിന് ജ്ഞാനം അത്യാവശ്യമാണ്. “അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും നൽകിയില്ലെങ്കിൽ അങ്ങയുടെ ഹിതം ആരറിയും” (ഒന്നാം വായന:ജ്ഞാനം 9:17) എന്നതിരുവചനം ‘ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് അതിലെ വ്യവസ്ഥകളെക്കുറിച്ച്’ വിവരിക്കുന്ന ഇന്നത്തെ സുവിശേഷത്തെ മനസ്സിലാക്കുന്നതിന് നമ്മെ സഹായിക്കുന്നു. കാരണം, സ്വന്തം കുരിശും എടുത്ത് യേശുവിനെ അനുഗമിക്കുന്നവൻ ജീവിതത്തിലെ ദൈവിക പദ്ധതികൾ തിരിച്ചറിയുവാനും, മനസ്സിലാക്കാനും, അംഗീകരിക്കാനും, അതനുസരിച്ച് ജീവിക്കുവാനും കെൽപ്പുള്ളവരായിരിക്കണം. അതിനൊരുവന് ജ്ഞാനവും, പരിശുദ്ധാത്മാവിന്റെ സഹായവും വേണം.
a) യേശുവിന്റെ വ്യവസ്ഥകൾ
വെറുതെ അംഗസംഖ്യ കൂട്ടാൻ വേണ്ടി നാമമാത്ര (പേരിൽ മാത്രം ശിഷ്യന്മാരായ) അനുയായികളെ ആകർഷിക്കാൻ വേണ്ടി കള്ളത്തരം നിറഞ്ഞ ആകർഷണീയങ്ങളായ വ്യവസ്ഥകളും, മോഹന വാഗ്ദാനങ്ങളുമല്ല യേശു നൽകുന്നത് മറിച്ച് സത്യസന്ധമായ, യാഥാർഥ്യബോധമുള്ള, സ്വതന്ത്രമായ അതേസമയം വെല്ലുവിളികൾ നിറഞ്ഞ വ്യവസ്ഥകളാണ്.
ഒന്നാമത്തെ വ്യവസ്ഥ
സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും എന്നല്ല, ജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആർക്കും എന്റെ ശിഷ്യൻ ആയിരിക്കുവാൻ സാധിക്കുകയില്ല. ഇതിൽ “വെറുക്കുക” എന്ന വാക്ക് നമ്മളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാം. മലയാളത്തിലും ഗ്രീക്കിലും “വെറുക്കുക” എന്ന തർജ്ജമ ചെയ്യപ്പെടുന്ന വാക്കിന്റെ അരമായ/ ഹീബ്രു മൂലരൂപത്തിൽ “പുറകിൽ നിർത്തുക” എന്നതാണ് അർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എന്റെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെയും, അവന് പ്രിയപ്പെട്ടവരെല്ലാവരെയും ‘യേശുവിന്റെ പുറകിൽ നിർത്തണ’മെന്നാണ്. മറ്റൊരർത്ഥത്തിൽ യേശു കഴിഞ്ഞിട്ടുള്ള സ്ഥാനം നൽകണമെന്നതാണ്.
രണ്ടാമത്തെ വ്യവസ്ഥ
സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായി ഇരിക്കുവാൻ കഴിയുകയില്ല. ഏത് ജീവിതാവസ്ഥയിലും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വർക്കുള്ള മുന്നറിയിപ്പാണിത്. ആത്മീയജീവിതം യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, യാഥാർഥ്യങ്ങളെ അംഗീകരിക്കലും നിറവേറ്റലുമാണ്.
മൂന്നാമത്തെ വ്യവസ്ഥ
മൂന്നാമത്തെ വ്യവസ്ഥയെ രണ്ടു ചെറിയ ഉപമകളിലൂടെ യേശു വ്യക്തമാക്കുന്നു. ഗോപുരം പണിയാൻ ആഗ്രഹിക്കുന്നവൻ അത് പൂർത്തിയാക്കാൻ വേണ്ട വക തനിക്ക് ഉണ്ടോ എന്ന് മുൻകൂട്ടി ചിന്തിക്കണം. അതുപോലെതന്നെ ഇരുപതിനായിരം ഭടന്മാരുടെകൂടെ തനിക്കെതിരെ വരുന്നവനെ പതിനായിരം കൊണ്ട് നേരിടാൻ സാധിക്കുമോ എന്ന് ഒരുത്തൻ (രാജാവ്) ചിന്തിക്കണം. യഥാർത്ഥമായ ദീർഘവീക്ഷണമില്ലാതെയും, പദ്ധതികളും, പ്ലാനും, മൂലധനവും ഇല്ലാതെ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നവർ അപമാനവും പരാജയവും ആണ് നേരിടേണ്ടി വരുന്നത് എന്ന് യേശു പറയുന്നു. യേശുവിനെ അനുഗമിക്കുന്നതിനുമുൻപ് ദീർഘവീക്ഷണവും, മുന്നൊരുക്കവും, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഏകദേശ രൂപവും നമുക്ക് ഉണ്ടാകണം എന്നാണ് യേശു പറയുന്നത്. അല്ലെങ്കിൽ നാമം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടു പോകുമെന്ന അപകടമുണ്ട്.
b) വ്യവസ്ഥകൾക്ക് പിന്നിലെ യാഥാർഥ്യം
ശിഷ്യത്വത്തിന്റെ ഈ വ്യവസ്ഥകൾക്കു മുൻപിൽ ആദിമക്രൈസ്തവ പശ്ചാത്തലമുണ്ട്. ഒരുവശത്ത്: യഹൂദ, യഹൂദേതര ജനസമൂഹത്തിൽ ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. മറുവശത്ത്: ക്രിസ്ത്യാനിയാണെന്നതിന്റെ പേരിലുള്ള ഞെരുക്കങ്ങളും, പീഡനങ്ങളും. ഈ അവസരത്തിൽ, ഒരുവൻ ക്രിസ്തുവിന്റെ ശിഷ്യൻ ആകുന്നതിന് മുൻപുള്ള ആ ജീവിതത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള ഉദ്ബോധനമായി (മതബോധന പാഠം) ഇന്നത്തെ സുവിശേഷത്തെ നമുക്ക് കാണാം. ഒരിക്കൽ ക്രിസ്ത്യാനിയായി കഴിഞ് പിന്നീട് പീഡനം വരുമ്പോൾ വിശ്വാസം ഉപേക്ഷിക്കേണ്ട ദുരവസ്ഥയെ ഒഴിവാക്കാനാണിത്.
2) നാം പഠിക്കുന്ന പാഠങ്ങൾ
ഇന്നത്തെ സുവിശേഷം അമാനുഷികമായ, ഭയാനകമായ വെല്ലുവിളികൾ ഉയർത്തി യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന വചനങ്ങളല്ല. മറിച്ച് സ്വതന്ത്രമായ മനസ്സോടെ, ഉത്തരവാദിത്വബോധത്തോടെ യേശുവിനെ അനുഗമിക്കാൻ നമ്മെ യോഗ്യരാക്കുകയാണ്. ഇത്ര വെല്ലുവിളികൾ നിറഞ്ഞ വ്യവസ്ഥകളായിട്ടും ഈ ലോകത്തിലെ മറ്റേതൊരു നേതാവിനെക്കാളും യേശുവിന് അനുയായികളെ ലഭിച്ചു. ഇന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ളതും യേശുവിനാണ്. അതായത്, യേശുവിന്റെ മുന്നറിയിപ്പുകളുടെ പ്രത്യേകത അത് ആളുകളെ അകറ്റുന്നതല്ല മറിച്ച് ആകർഷിക്കുന്നതാണ്. നമുക്കും ഈ തിരുവചനത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാം.
നമ്മൾ ശ്രദ്ധിക്കേണ്ടവ എന്തെല്ലാം?
1) യേശുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുക
2) യേശുവിനെ ഒന്നാംസ്ഥാനം നൽകുന്നതിൽ നിന്ന് നമ്മെ തടയുന്നവരെ നാം ഒഴിവാക്കുക
3) യേശുവിനെ അനുഗമിക്കുമ്പോൾ വ്യവസ്ഥകളെയും പരിണിത ഫലങ്ങളെ കുറിച്ച് ബോധവാനാവുക.
4) വിശ്വസിക്കാൻ ആരെയും നിർബന്ധിക്കരുത് വിശ്വാസം സ്വതന്ത്രമായ ഒരു തീരുമാനമാണ്.
5) യേശുവിലുള്ള വിശ്വാസം ഒരു ഉപപദ്ധതി (സൈഡ് ബിസിനസ്) അല്ല ഏറ്റവും സുപ്രധാന ആവശ്യമായ കാര്യമാണ്.
6) എല്ലാം ഉപേക്ഷിക്കുമ്പോഴാണ് യേശുവിനെ അനുഗമിക്കാൻ നാം കൂടുതൽ സ്വതന്ത്രമാകുന്നത്.
3) ആത്മപരിശോധന
ഗോപുരം പണിയാൻ ആഗ്രഹിച്ച വ്യക്തിയുടെയും, യുദ്ധത്തിന് പോകാൻ ആഗ്രഹിച്ച രാജാവിന്റെയും ഉപമയുടെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ ആത്മീയ ജീവിതവും, ഇടവക പ്രവർത്തനങ്ങളെയും ഒന്ന് പരിശോധിക്കാം.
a) ആത്മീയ ജീവിതത്തിൽ
ഒരു കാര്യം ചെയ്യുന്നതിന് മുൻപ് ഒരുക്കവും, ചിന്തയും, ദീർഘവീക്ഷണവും നാം പുലർത്താറുണ്ടോ? ആത്മീയ ജീവിതത്തിൽ നാം എടുത്ത ചില തീരുമാനങ്ങളൊക്കെ പിന്നീട് പാളി പോകാൻ കാരണം എന്ത്? ആത്മീയ ജീവിതത്തിൽ ചില ദുശീലങ്ങൾ ഒക്കെ നിർത്തിയിട്ടും, തിരികെ വരാൻ കാരണമെന്ത്? ചിലപ്പോഴൊക്കെ അനുരഞ്ജനപ്പെട്ടതിനുശേഷവും വീണ്ടും പിണങ്ങാൻ കാരണമെന്ത്? പരീക്ഷകളിൽ ഒക്കെ ചില പരാജയങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട്? ചില പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷവും നിരന്തരമായി ഉടലെടുക്കുന്നത് എന്തുകൊണ്ട്?
b) ഇടവകയിൽ
ചില പദ്ധതികൾ ഒക്കെ പരാജയപ്പെട്ടു പോകാൻ കാരണം എന്തുകൊണ്ട്? ചില സംരംഭങ്ങൾ പിന്നീട് മുരടിച്ച് പോകാൻ കാരണമെന്ത്? ചില പ്രശ്നങ്ങൾക്ക് ഒരിക്കലും പരിഹാരം കാണാൻ സാധിക്കാത്തത് എന്തുകൊണ്ട്?
ഇന്നത്തെ തിരുവചനത്തിലെ ഉപമകളിലൂടെ പ്രായോഗികമായ ഒരു ആത്മപരിശോധനയ്ക്ക് യേശു നമ്മെ ക്ഷണിക്കുന്നു. വിവേകവും, ദീർഘവീക്ഷണവും, പ്ലാനും പദ്ധതിയും ആത്മീയത ജീവിതത്തിലും ഇടവക ജീവിതത്തിൽ അത്യാവശ്യമാണ്.
ആമേൻ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.