ക്രിസ്തുരാജന്റെ തിരുനാൾ
വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമൊന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണവ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നമ്മൾ ആരാണെന്ന വ്യക്തമായ ബോധത്തിലേക്ക് നമ്മൾക്ക് ഉണരാൻ സാധിക്കു. അതുകൊണ്ടാണ് വിധിയാളൻ രാജകീയ പരിവേഷത്തോടു കൂടി പ്രത്യക്ഷപ്പെടുമ്പോഴും പറയുന്നത് ഞാനായിരുന്നു ആ വിശന്നവൻ, ആ ദാഹിച്ചവൻ, ആ അലഞ്ഞുതിരിഞ്ഞു നടന്നവൻ…
അന്ത്യവിധി ഒരു കണക്കെടുപ്പാണ്. നന്മകളുടെ കണക്കെടുപ്പ്. ആ ദാരിദ്ര്യത്തിന്റെയും ദൗർബല്യത്തിന്റെയും ഉള്ളിൽ നിന്നാണ് ജീവിതത്തിന്റെ നന്മകളെ അവൻ തിരയുന്നത്. എന്നിട്ട് അവൻ പറയുകയാണ് എനിക്ക് നിങ്ങൾ അപ്പവും വെള്ളവും നൽകി. എത്രയോ മഹോന്നതനാണ് ഈ വിധിയാളൻ! നമ്മുടെ പാപങ്ങളുടെയോ തെറ്റുകളുടെയോ ഒരു ലിസ്റ്റ് നിരത്തിയല്ല അവൻ നമ്മോട് ഇടപെടുന്നത്. ചെയ്ത നന്മകളെ കുറിച്ചാണ് അവന് ആദ്യം അറിയേണ്ടത്. ഇതാണ് നമ്മുടെ ഏക ആശ്വാസം. ഇതുതന്നെയാണ് നമ്മുടെ വിശ്വാസത്തിന്റെ ലാവണ്യവും. അപ്പോഴും ഒരു ചോദ്യം നമ്മുടെ മുന്നിലുണ്ട്: നിന്റെ സഹജനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?
രാജാവ് ചോദിക്കുന്ന ചോദ്യങ്ങൾ മലമറിക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നുമല്ല. തീരെ ലളിതമായ കാര്യങ്ങളാണ്. എങ്കിലും ശക്തമാണവ. ജീവൻ നൽകുന്ന പ്രവർത്തികളെക്കുറിച്ചാണ് അവൻ ചോദിക്കുന്നത്. ഒരു പാത്രം ചോറ്, ഒരു കവിൾ വെള്ളം, ഒരു ചെറുപുഞ്ചിരി, ഒരാലിംഗനം, ഒരു ചേർത്തുനിർത്തൽ, ഒരു സന്ദർശനം, ഇവയെല്ലാം ചെറിയ പ്രവർത്തികളാണ്, ഒപ്പം ജൈവികവുമാണ്. ദൈവികമായ കാഴ്ചപ്പാടുള്ളവനു മാത്രമേ ജീവൻ നൽകുന്ന പ്രവർത്തികളിൽ മുഴുകാൻ സാധിക്കു. അല്ലാത്തവൻ നിസ്സംഗതയുടെ പാത സ്വീകരിക്കും.
അന്ത്യവിധിയുടെ യുക്തിയിലേക്കാണ് ഇനി നമ്മൾ കടക്കേണ്ടത്. അവശേഷിക്കാനായിട്ടു പോലും ഇനി ഒന്നുമില്ല എന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാണ് വിധി സംഭവിക്കുന്നത്. അപ്പോഴും നൽകിയതും സ്വീകരിച്ചതുമായ സ്നേഹം അവിടെ പൂവിട്ടു നിൽക്കുന്നുണ്ട്. അവസാനം അത് മാത്രമേ ഉണ്ടാകൂ. ആ സ്നേഹത്തിൽ നിന്നാണ് നിങ്ങൾ കണ്ടുമുട്ടിയ എളിയവർ ഞാൻ തന്നെയാണ് എന്ന് രാജാവ് വെളിപ്പെടുത്തുന്നത്. ഇത്തിരിയോളം ദൈവസ്നേഹം ഉള്ളിലുണ്ടെങ്കിൽ മാത്രമേ സഹജരിൽ ക്രിസ്തുവിനെ കാണാൻ സാധിക്കു.
എളിയവരുമായി താദാത്മ്യം പ്രാപിക്കുന്ന ക്രിസ്തുവിന്റെ ചിത്രത്തിന് മറ്റൊരു വശം കൂടിയുണ്ട്. നീ വിശക്കുന്നവനാണോ നിന്നിൽ യേശുവും വിശക്കുന്നുണ്ട്, നീ സഹിക്കുന്നവനാണോ നിന്നിൽ യേശുവും സഹിക്കുന്നുണ്ട്… അങ്ങനെ നോക്കുമ്പോൾ ക്രിസ്തുവിന്റെ മാംസരക്തം തന്നെയാണ് നമ്മളോരോരുത്തരും. ഇതാണ് ക്രിസ്തുവിന്റെ രാജകീയതയുടെ തനിമ. മാറി നിന്നുകൊണ്ടുള്ള ഒരു ഭരണമല്ല ഇത്. മറിച്ച് ഓരോ എളിയവരുടെയും സ്വത്വത്തിലേക്ക് ഇറങ്ങി അവരുടെ നൊമ്പരങ്ങളിലും ആനന്ദത്തിലും ഭാഗഭാക്കാകുന്നു. നിന്റെ സഹനത്തിൽ നിന്നോടൊപ്പം നിൽക്കുന്ന ഈ രാജാവ് നിന്റെ സഹജരുടെ സഹനത്തിലും കൂടെ നിൽക്കുന്നവനാണ്. അങ്ങനെയാകുമ്പോൾ അവരുടെ വേദനകളിൽ കരുണയായി മാറാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പാപം.
ഇനി സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കാം. ഇടതുഭാഗത്തേക്ക് മാറ്റിനിർത്തിയവരെ ശപിക്കപ്പെട്ടവർ എന്നാണ് വിളിക്കുന്നത്. കഠിനമാണ് ഈ വിശേഷണം. എന്ത് തെറ്റായിരിക്കാം അവർ ചെയ്തിട്ടുണ്ടായിരിക്കുക? നന്മകൾ ഒന്നും ചെയ്തില്ല എന്നതാണ് അവരുടെ പാപം. അവർ മോശമായവരോ അക്രമികളോ ആയിരുന്നില്ല. അവർ തിന്മയുടെ മേൽ തിന്മ പ്രവർത്തിച്ചവരോ, വെറുപ്പിന്റെ പ്യൂപ്പയിൽ സമാധിയടഞ്ഞുവരോ അല്ലായിരുന്നു. അവർ എളിയവരുടെ നൊമ്പരങ്ങളുടെ മുമ്പിൽ ഒന്നും ചെയ്യാതെ നിസ്സംഗരായി നിന്നവരായിരുന്നു.
മോശമായതൊന്നും ഞാൻ ചെയ്യുന്നില്ല എന്ന് ആത്മഗതം ചെയ്തു സ്വയമൊരു വിശുദ്ധനായി പ്രഖ്യാപിക്കാൻ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. അപ്പോഴും ഓർക്കണം, നിശബ്ദതയിലൂടെയും സഹജനെ ഹനിക്കാൻ സാധിക്കും. നിന്റെ വീടിന്റെ ജനലഴിയിൽ വെറുതെ ഒരു കാഴ്ചക്കാരനായി നിന്നുകൊണ്ടും എളിയവരെ ഇല്ലാതാക്കാനും സാധിക്കും. സാമൂഹികമായ നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും വേദനിക്കുന്നവരെയും വിശക്കുന്നവരെയും വെറും കാഴ്ച വസ്തുവായി കരുതുന്നവർക്ക് നിസ്സംഗത എന്ന പാതകത്തിലൂടെ പലരെയും കൊല്ലാൻ പറ്റും. സ്നേഹത്തിന്റെ വിപരീതം വെറുപ്പാണെന്ന് കരുതരുത്. അത് ഉദാസീനതയാണ്. നിസ്സംഗതയാണ്. നിസ്സംഗ മനസ്സുള്ളവൻ കൺമുന്നിലുള്ളതൊന്നും കാണില്ല. അവൻ കാണുന്നത് അവനെ മാത്രമായിരിക്കും. അങ്ങനെ അവൻ ആത്മരതിയുടെ വലിയൊരു കാരിക്കേച്ചറുമായി അവസാനം രാജാവിന്റെ അരികിലെത്തും. അങ്ങനെയുള്ളവരെ ശപിക്കപ്പെട്ടവർ എന്നല്ലാതെ വേറെ എന്ത് വിശേഷണമാണ് നൽക്കേണ്ടത്?
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.