Categories: Articles

“ഈ.മ.യൗ.” സിനിമയുടെ മതവും രാഷ്ട്രീയവും

"ഈ.മ.യൗ." സിനിമയുടെ മതവും രാഷ്ട്രീയവും

റവ. ഡോ. ഗാസ്പർ കടവിപ്പറമ്പിൽ                                                                                                                                         

സുഹൃത്താണ് പറഞ്ഞത്-താൻ നിർബന്ധമായിട്ടും ഈ സിനിമ കാണണമെന്ന് – ‘ഈ.മ.യൗ’ എന്ന ‘ഈശോ മറിയം യൗസപ്പേ’. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും സംവിധായകൻ എഴുതിക്കാണിക്കുന്നതുപോലെ, ലിജോ ജോസ് പെല്ലിശേരീസ് “ഈ.മ.യൗ”. ചെകിട്ടോർമയാണ് പേരിന്റെ ധ്വനി. മരണനേരത്തും സഹിക്കാനാകാത്ത സങ്കടങ്ങളുടെ നേരത്തും തീരദേശത്തെ കത്തോലിക്കാ വിശ്വാസികൾ നെടുവീർപ്പോടെ ഉന്നതങ്ങളിലേയ്ക്ക് ഉയർത്തുന്ന പ്രാർത്ഥനയാണ് “ഈശോ മറിയം യൗസേപ്പേ”. പി. എഫ്. മാത്യൂസിന്റെ ആശയവും തിരക്കഥയും സിനിമയാക്കി പരുവപ്പെടുത്തിയിരിക്കുന്നു. ലിജോ ഷൈജു ഖാലിദിന്റെ അസാമാന്യ കൈയ്യടക്കത്തോടെയുള്ള ഛായാഗ്രഹണം കവിത പോലെ തോന്നിക്കും.

ചെല്ലാനമാണ് കഥയുടെ സ്ഥല പശ്ചാത്തലം. ഈ കുറിപ്പെഴുതുന്ന ആളുടെ ദേശവും ചെല്ലാനം തന്നെ. കഥാകാരന്റെ ഭാവനാദേശമാകാം ചെല്ലാനം-ലന്തൻ ബത്തേരിയെ എൻ. എസ് മാധവൻ പുതുക്കിപ്പണിതതുപോലെ. അത് കഥാകാരന്റെ സ്വാതന്ത്ര്യം. സിനിമയുടെ കാലം നിശ്ചയമില്ല. ഒരുപക്ഷേ, എല്ലാക്കാലത്തും ഈ ദേശം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നാണാവോ വിവക്ഷ. ‘ചാവുനില’ത്തിന്റെ കഥാകാരനു മാത്രമല്ലല്ലോ, മിക്കവാറും എല്ലാ എഴുത്തുകാർക്കും എല്ലാ കാലവും കലികാലം തന്നെ. കാലത്തെ കലികാലമാക്കിയാലേ സിനിമയിൽ, കഥയിൽ നായകനും വില്ലനുമുണ്ടാകൂ.

ചവിട്ടുനാടക കലാകാരനും മരപ്പണിക്കാരനുമായ വാവച്ചൻ ആശാന്റെ മരണവും തുടർന്നു നടക്കുന്ന സംഭവബഹുലമായ മരിച്ചടക്കുമാണ് സിനിമയുടെ പ്രമേയം. തീരദേശത്തെ ലത്തീൻ കത്തോലിക്കരിൽ ഭൂരിഭാഗവും മീൻ പിടുത്തത്തൊഴിലുമായി ബന്ധപ്പെട്ടവരാണെന്ന സാംസ്‌കാരിക അറിവ് കേരളത്തിന്റെ സാമൂഹ്യബോധത്തിൽ പേർത്തും പേർത്തും പറഞ്ഞുറപ്പിച്ചിട്ടുള്ളതാണ്. തീരദേശവാസികളുടെ, പ്രത്യേകിച്ച് കൊച്ചി-ആലപ്പുഴ ദേശത്തുള്ളവർ സംസാരിക്കുന്ന മലയാളത്തിന്റെ പ്രാദേശിക വഴക്കം അതുകൊണ്ടുതന്നെ തമാശപോലെ മലയാള സിനിമയിൽ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. അതിഭാവുകത്വം നിറഞ്ഞ അത്തരം പ്രയോഗങ്ങൾ ഈ നാട് തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ഓഖി ദുരന്തം ആഞ്ഞടിച്ച കാലത്ത്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ തീരദേശ ജില്ലകളിലെ മനുഷ്യർ മാധ്യമങ്ങളോട് സംസാരിച്ച ഭാഷ ഈ നാട് കേട്ടതാണ്. അതിലെ നീട്ടലും കുറുകലും ദുരന്തത്തിന്റേതും സങ്കടത്തിന്റേതുമായിരുന്നു. സിനിമകളുടെ തമാശയായിരുന്നില്ല അത്. “ഈ.മ.യൗ” സിനിമയിൽ കഥാപാത്രങ്ങളായി വരുന്നവർ മീൻപിടിത്ത തൊഴിലിൽ ഉള്ളവരല്ല. മീൻപിടുത്തക്കാരല്ലാത്ത ലത്തീനികളെ, അവരുടെ ജീവിത പരിസരങ്ങളെ അവതരിപ്പിക്കുന്നുവെന്ന അവകാശവാദം ഈ സിനിമക്കുണ്ട്.

മരപ്പണിചെയ്യുന്ന വാവച്ചനാശാന്റെ മകൻ ഈശി, നാട്ടിലെ സൊസൈറ്റിയിലാണ് പണിയെടുക്കുന്നത്. പണം കൈകാര്യം ചെയ്യുന്ന സൊസൈറ്റികൾക്ക് കേരളത്തിൽ എല്ലാക്കാലത്തും രാഷ്ട്രീയ ധ്വനിയുണ്ട്. അതുകൊണ്ടുതന്നെ ലത്തീനികൾക്കും രാഷ്ട്രീയമുണ്ട്. ഈശിയുടെ ഭാര്യ സബേത്തെന്ന എലിസബത്ത് ഡിഗ്രിക്കാരിയാണ്. വാവച്ചന്റെ മരണവാർത്ത പത്രക്കുറിപ്പായി കൊടുക്കാൻ വിവരങ്ങൾ നൽകുമ്പോൾ  സ്ഥലത്തെ വാർഡ് മെംബറായ അയ്യപ്പൻ ഇക്കാര്യം പ്രത്യേകം ചോദിക്കുന്നുണ്ട്. ലത്തീനികളായ പെൺകുട്ടികൾ പഠിച്ചു മുന്നേറുന്നുണ്ട്. പക്ഷേ, അതിനു തക്കതായ ജോലി കിട്ടുന്നുണ്ടോ? അവളുടെ വിദ്യാഭ്യാസ യോഗ്യതയൊന്നും അറിയിപ്പിൽ കൊടുക്കേണ്ടെന്ന് ഈശി പറയുന്നു. തമാശയായിട്ടാണ് അവതരിപ്പിക്കുന്നതെങ്കിലും പെൺകുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത, തീരദേശത്തിന്റെ അറിവിടങ്ങൾ നിർമിക്കുന്നവർ എന്നും തമസ്‌കരിച്ചിട്ടുള്ളതാണ്.

ഈശോയുടെ അമ്മ, പെണ്ണമ്മയെന്ന മറിയം ത്രേസ്യ, ഈശോയുടെ സഹോദരി, നിസയെന്ന ആഗ്‌നീസ എന്നിവരാണ് സിനിമയിലെ വീട്ടുകാർ. പിന്നെ അയല്‍പക്കത്തുള്ളവർ നാനാജാതി മതസ്ഥർ.

വാവച്ചനാശാന് പെണ്ണമ്മയെക്കൂടാതെ മറ്റൊരു ബന്ധവുമുണ്ട്. ഈശിയ്ക്ക് അത് നേരത്തെ അറിയാം. വാവച്ചന്റെ മരണവീട്ടിലേയ്ക്ക് അവരെത്തുന്നതോടെ അടിപിടിയുണ്ടാകുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന വാവച്ചൻ ഈശിയുമൊത്ത് മദ്യപിച്ച അന്ന് രാത്രിയാണ് മരിക്കുന്നത്. ഈശി വാങ്ങിക്കൊണ്ടുവന്ന ബ്രാണ്ടിയും വാവച്ചൻ തന്നെ കൊണ്ടുവന്ന വാറ്റ് ചാരായവും അകത്താക്കിയിരുന്നു. ചവിട്ടുനാടകത്തിന്റെ ശീലുകള്‍ പാടി, ചുവടുവച്ചുകൊണ്ടിരിക്കവേ, വാവച്ചനാശാൻ കുഴഞ്ഞുവീഴുന്നു. തലയടിച്ച് ചോരകിനിയുന്നു. മരിക്കുന്നു. തുടർന്നാണ് മരണവീടിന്റെ പശ്ചാത്തലത്തിൽ തീരദേശ ലത്തീനികളുടെ ജീവിത പരിസരം ആവിഷ്‌ക്കരിക്കപ്പെടുന്നത്; കഥയിലെ വില്ലൻ കഥാപാത്രം രൂപപ്പെടുന്നത്.

അധികാരവും പദവിയുമുള്ളവർ വില്ലൻ സ്ഥാനത്ത് മാത്രമേ പ്രതിഷ്ഠിക്കപ്പെടാവൂ എന്ന് ബുദ്ധിജീവി ചമയുന്ന കലാകാരന്‍മാർക്ക് നിർബന്ധമുള്ളതുപോലെ തോന്നുന്നു. ലിജോയുടെ തന്നെ ‘ആമേൻ’ സിനിമയിൽ നന്മയുള്ള വട്ടോളിയച്ചൻ തന്നെ അവസാനം ഗീവർഗീസ് പുണ്യാളനാണെന്നു വരുന്നു. വികാരിയച്ചൻ അപ്പോഴും വില്ലൻ തന്നെ. “ഈ.മ.യൗ”വിലെ പള്ളി വികാരി സക്കറിയാസച്ചൻ, വാവച്ചനാശാന്റെ ശവമടക്കിന് തടസം നിൽക്കുന്ന ആളായിട്ടാണ് വരുന്നത്. മരിച്ചയാളുടെ തലയിലെ മുറിവ് അന്വേഷിക്കേണ്ടതാണെന്ന് അച്ചന് ശാഠ്യമുണ്ട്. നിയമവും സമകാലീന സാമൂഹ്യപശ്ചാത്തലവും അത് അനിവാര്യമാക്കുന്നുണ്ട്. പരാതിയിന്മേൽ, അടക്കിയ മൃതദേഹം കുഴിയിൽ നിന്നെടുത്ത് പരിശോധിക്കേണ്ടതടക്കമുള്ള നിയമ നടപടികൾക്കും വിധേയരാകേണ്ടി വന്ന വൈദികർ ഈ സമൂഹത്തിലുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നതിന് തടസമില്ലായെന്ന പൊലീസ് വകുപ്പിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാകുന്ന നിയമ സന്ദർഭങ്ങളിൽ കരുണയുടെയും സ്‌നേഹത്തിന്റെയും സുവിശേഷങ്ങൾ പറയുന്ന വൈദികർ നിസഹായരാണ്. ഇത് മാത്യൂസിനും ലിജോയ്ക്കും അറിയാഞ്ഞിട്ടല്ല. മരണവീട്ടിൽ നടക്കുന്ന കോലാഹലത്തിനിടയിൽ എത്തുന്ന അച്ചന്റെ കരണത്ത് അടി വീഴുന്നു. തുടർന്ന് അദ്ദേഹം ക്ഷുഭിതനായി തിരികെപ്പോകുന്നു.

അച്ചനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്, സാധിക്കുമെങ്കിൽ മൃതസംസ്‌കാര ശുശ്രൂഷ നടത്തിക്കാതിരിക്കാൻ കിണഞ്ഞു പണിപ്പെടുന്ന ആളായിട്ടാണ്. മരണ വാർത്തയറിഞ്ഞ് വാവച്ചനാശാന്റെ വീട്ടിലേയ്‌ക്കെത്തുന്ന വികാരിയച്ചന്റെ ടോർച്ച് വെളിച്ചത്തിലാണ് സിനിമയുടെ ഇടവേള. അതിമനോഹരമായ ഫ്രെയിം. അരവിന്ദന്റെ ‘എസ്തപ്പാനിലെ’ റാന്തൽ വെളിച്ചം പ്രതീക്ഷയുടേതാണെങ്കിൽ ലിജോയുടെ സക്കറിയാസച്ചന്റെ ടോർച്ച് വെട്ടം ഡിറ്റക്ടീവിന്റേതാണെന്നു മാത്രം.

മരണ അറിയിപ്പുമായി രാത്രിയിൽ പള്ളിയിലെത്തുന്ന ഈശിയുടെ അയൽവാസി വികാരിയച്ചന്റെ കൈയിലെ പുസ്തകം നോക്കിപ്പറയുന്നുണ്ട്: അച്ചന്‍ ഡിറ്റക്ടീവ് നോവൽ വായിക്കുവായിരുന്നോ എന്ന്.  അതെ, കഴിയുന്നത്ര നിയമത്തിന്റെ കുരുക്കുകൾ പരിശോധിക്കുന്നൊരാൾ ഈ വൈദികൻ എന്നാകാം! മാത്രമല്ല; അച്ചൻ കർക്കശനക്കാരൻ കൂടിയാണ്. പള്ളിയിലേക്ക് മരപ്പണിയും കയ്യടക്കത്തോടെ കൊത്തുവേലയും ചെയ്തുകൊടുത്തയാളാണ് വാവച്ചനാശാൻ. നിസ അപ്പനോട് പറയുന്നുണ്ട്, ”അച്ചൻ പള്ളി പുതുക്കുന്നു; അപ്പന്റെ കൊത്തുപണിയെല്ലാം എടുത്തുമാറ്റും”. ചരിത്രത്തോടും നിർമിതികളോടും പാരമ്പര്യത്തോടും തരിമ്പും സ്‌നേഹമില്ലാത്തവരാണ് പള്ളിയുടെ അധികാരികളെന്ന് പി. എഫ്. മാത്യൂസ് ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. അതുമാത്രമാണോ ശരി? ദൈവാലയത്തിന്റെ ശില്പചാതുരിയുടെ ദൈവശാസ്ത്രം അറിയാത്തവരാണോ ലത്തീനികളുടെ നേതാക്കളായ വൈദികരെല്ലാം?

എല്ലാ കലകളും സാംസ്‌കാരിക പാഠങ്ങൾ നിർമിക്കുന്നുണ്ട്. സമൂഹത്തിനുള്ള സമ്മാനങ്ങൾ.

അപ്പന്റെ മരണനേരത്തും അലമ്പുണ്ടാക്കുന്ന സമൂഹം, കണ്ണോക്കിന്റെ പതംപറച്ചിലുകളിൽ സ്ത്രീധനപ്പോരെടുക്കുന്ന പെണ്ണമ്മ, ധനശേഖരാർത്ഥം തെരുവിൽ ഗാനമേള നടത്തുന്നവൻ പൈസ കൊടുക്കാതെ, ബിവറജസിൽ ക്യൂ നിന്ന് പണം കൊടുക്കുന്ന മകൻ, കരിസ്മാറ്റിക് ധ്യാനം കൂടി കെട്ടിയോന്മാർക്ക് കള്ളുകൂടി നിർത്താൻ ‘പൊടി’കൊടുക്കുന്ന വീട്ടമ്മമാർ, ശവപ്പെട്ടിക്ക് ധാരാളിത്തം കാണിക്കുന്ന, കെട്ട്യോളുടെ കെട്ടുതാലി പണയപ്പെടുത്തുന്ന ഈശി, നന്മയുള്ള അയല്‍പക്കക്കാർ, കുശുമ്പുപറയുന്നവർ, സിനിമ കണ്ടിറങ്ങുന്നവർ -ചെല്ലാനത്തെ ലത്തീനികളെ ഇങ്ങനെയെല്ലാം അടയാളപ്പെടുത്തും.

ഇതാണോ ചെല്ലാനം? ഇതാണോ ലത്തീൻകാർ? കള്ള് ഉള്ളിൽച്ചെന്നാൽ സ്വയം പിറുപിറുക്കുന്ന, ആകാശത്ത് റൂഹാദകദിശെയയും ഗീവർഗീസിനെയും കാണുന്ന, ബാൻഡ് മേളമിഷ്ടപ്പെടുന്ന, ഗതികേടിന്റെ ആൾരൂപങ്ങൾ പോലുള്ള ജന്മങ്ങളാണോ ലത്തീൻകാർ? ആണെന്ന സാംസ്‌കാരിക പാഠം സിനിമ തരുന്നുണ്ട്. മാത്യൂസും ലിജോയും ചേർന്ന് ഒരുക്കിയ ആഷിക് അബു പൈസമുടക്കിയ വ്യവസായ ഉല്പന്നമായ ഈ എന്റർടെയ്‌നർ നിർമ്മിക്കുന്ന സാംസ്‌കാരിക പാഠത്തിനപ്പുറം ലത്തീൻകാർക്ക് ജീവിതമുണ്ട്. അവരുടെ വൈദികർ അവരുടെ ജീവിതങ്ങളിൽ ഇടം നേടുന്നുണ്ട്. പുതിയ കാലത്തിന്റെ ക്രൈസ്തവ ജീവിത പരിസരത്തേയ്ക്ക് നോക്കാതെ കലികാലത്തിന്റെ പഴഞ്ചാക്ക് നോട്ടവുമായി ഇവർ പണം മുടക്കുകയും പണം നേടുകയും ചെയ്തുകൊണ്ടിരിക്കേ ഈ സമൂഹം  മുന്നോട്ടേക്ക് ആഞ്ഞുതുഴയുക തന്നെയാണ്.

ഈ സിനിമക്കു വേണ്ടി ഛായാഗ്രഹണം നടത്തിയ ഷൈജു ഖാലിദ് നിർമിച്ച ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ അവതരിപ്പിച്ച ഇസ്ലാം സമൂഹപശ്ചാത്തലം നിങ്ങൾ ശ്രദ്ധിച്ചോ? നന്മയുള്ള മലബാറി സമൂഹം! സിനിമ നിർമിക്കുന്ന സാംസ്‌കാരിക പാഠങ്ങൾക്ക് വ്യക്തവും ശക്തവുമായ രാഷ്ട്രീയമുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ, ഇന്ത്യയുടെ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ.

അപ്പന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ കുഴിയെടുത്തു മൂടുന്ന ഈശി, ഏതു കാലഘട്ടത്തിന്റെ ലത്തീനിയാണെന്നറിയില്ല! തെമ്മാടിക്കുഴികളുടെ കാലം കഴിഞ്ഞില്ലേ?

മനുഷ്യ ദുരന്തങ്ങളിലും സങ്കടങ്ങളിലും കൂടെനിൽക്കുന്ന, പോരായ്മകളെ തിരുത്തുന്ന, ലത്തീൻ സമൂഹത്തെ മുന്നോട്ടുനയിക്കുന്ന വൈദികരുടെ, അൽമായ നേതൃത്വത്തിന്റെ കാലത്തെ അടയാളപ്പെടുത്താൻ കലാകാരന്മാർ വിമുഖരാകുന്നതിന്റെ സാംസ്‌കാരിക രാഷ്ട്രീയം തള്ളിക്കളയപ്പെടേണ്ടതാണ്.

ഓഖിയുടെ കാലത്ത്, കടലിരമ്പത്തോടൊപ്പം ലത്തീനികളുടെ ആത്മീയനേതൃത്വം ഉണ്ടായിരുന്നതിന്റെ ചരിത്രം അത്ര പഴയതല്ലല്ലോ! സിനിമ കണ്ടിറങ്ങുന്നവർ അതും ഓർമിക്കുന്നുണ്ടാകണം.

ലത്തീനികളുടെ കലയെ, സാംസ്‌കാരികബോധത്തെ, ജീവിതത്തെ വക്രീകരിച്ചു ചിത്രീകരിക്കുമ്പോഴും അതിമനോഹരമായ കാവ്യഭാഷപോലെ സിനിമയുടെ ദൃശ്യഭാഷ ഒഴുകുന്നുണ്ട്. ചെമ്പൻ വിനോദും വിനായകനും പൗളിയും ചെല്ലാനത്തെ സുതനും അഭിനയത്തിന്റെ ആകാശത്തെത്തുന്നുണ്ട്. കലയെന്ന നിലയിലെ വാഴ്ത്ത് സിനിമ അർഹിക്കുന്നു. ഒപ്പം അത് കൈകാര്യം ചെയ്യുന്ന, നിർമ്മിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക പാഠങ്ങൾ നിശിതമായി വിമർശനവിധേയമാകേണ്ടതുമാണ്. കാരണം കൊച്ചിയുടെ, ചെല്ലാനത്തിന്റെ ലത്തീനികൾ ഇതല്ല!

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

13 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago