Categories: Kerala

ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപത സ്ഥാപിതമായിട്ട് ഇന്ന് 689 വർഷം പൂർത്തിയാകുന്നു

ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപത സ്ഥാപിതമായിട്ട് ഇന്ന് 689 വർഷം പൂർത്തിയാകുന്നു

പി.ദേവദാസ്, നെയ്യാറ്റിൻകര

ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപത അല്ലെങ്കിൽ ലത്തീൻ രൂപത സ്ഥാപിതമായിട്ട് ഇന്ന് 689 വർഷം പൂർത്തിയാകുന്നു. 1329 ഓഗസ്റ്റ് മാസം 9-ന്, ജോൺ XXII-മൻ പാപ്പായാണ് കൊല്ലത്തെ ഭാരതത്തിലെ ലത്തീൻ ഹൈരാർക്കിയിലുള്ള പ്രഥമ രൂപതയായി സ്ഥാപിച്ചത്.

കൊല്ലം രൂപതാ സ്ഥാപനത്തിന്റെ ചരിത്രവഴികളിലൂടെ…

വടക്ക് കൊടുങ്ങല്ലൂർ പോലെ, തെക്ക് കൊല്ലം വിശുദ്ധ തോമാ ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു. അതിനാൽ ആദ്യകാല മിഷനറിമാർക്ക് തെക്കൻഭാഗമായ കന്യാകുമാരിയിലേക്ക് മാറി സുവിശേഷ പ്രവർത്തനങ്ങൾ നടത്താൻ എളുപ്പമായിരുന്നു. കന്യാകുമാരി വരെ വ്യാപിച്ചു കിടന്ന തെക്കൻ തിരുവിതാംകൂറിന്റെ ഒരു പ്രധാന വാണിജ്യ കേന്ദ്രവുമായിരുന്നു കൊല്ലം.

സംഘകാലത്തിനു മുൻപ് കേരളത്തിലെ ക്രൈസ്തവ സമൂഹം വളരെ സമ്പുഷ്‌ടമായിരുന്നു. എ. ഡി.520-525 കാലയളവിൽ കേരളം സന്ദർശിച്ച ബൈസന്റയിൽ ക്രിസ്‌തീയ സന്യാസിയായ കോസ്മോസ് ഇന്ഡിക്കാപ്ലാമൂസ് കൊല്ലത്ത് ഒരു സജീവ ക്രൈസ്തവ സമൂഹത്തെയും, ഒരു പേർഷ്യൻ മെത്രാനെയും കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. 849-ലെ അയ്യൻ അടികൾ തിരുവടികളുടെ തരിസാപ്പള്ളി (കൊല്ലം) ചെമ്പുപ്ളേറ്റ് ദാനം, രാജസിംഹന്റെ താഴേക്കാട് പലിശാസനം (1028-1043), വീരരാഘവചക്രവർത്തി 1225-ൽ നൽകിയ ചെമ്പുപ്ളേറ്റ് തുടങ്ങിയവ ഈ ക്രിസ്‌തീയ സമൂഹത്തിന് ഭരണാധികാരികൾ നൽകിയിരുന്ന വിവിധ ആനുകൂല്യങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

കൊല്ലത്തെ ക്രൈസ്തവ ആരാധനാലയം അറിയപ്പെട്ടിരുന്നത് തരിസാപ്പള്ളി എന്നപേരിലായിരുന്നു. “തരിസാപ്പള്ളി താമ്രശാസനം” എന്ന പേരിലറിയപ്പെടുന്ന ചെപ്പേട് ഇവിടുത്തെ സഭാസമൂഹത്തിനുള്ള വാണിജ്യാവകാശവും, കൊല്ലം നഗരി പുതുക്കിപ്പണിയാനുള്ള അധികാരവും ആലേഖനം ചെയ്തിരിക്കുന്നു. ഇത് ഭാരതത്തിലെ ക്രൈസ്തവീകതയുടെ ഏറ്റവും പുരാതനവും ആധികാരികവുമായ രേഖയാണ്.

ഇന്ത്യ സന്ദർശിച്ച പ്രശസ്ത അലക്‌സാൻഡ്രിയൻ തത്വശാസ്ത്രജ്ഞനായ പന്തേനൂസ്‌ തന്റെ ഭാരത സന്ദർശന വേളയിൽ ഇവിടെയുള്ള പണ്ഡിതന്മാരുമായി ചർച്ച നടത്തിയെന്നും, പോർച്ചുഗീസുകാരുടെ വരവിനുമുമ്പുതന്നെ ഇവിടെ ക്രൈസ്തവ വിശ്വാസമുണ്ടായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. മോണ്ടികോർവ്വിനോ എന്ന ഫ്രാൻസിസ്കൻ സന്യാസി 1291-ൽ കൊല്ലം സന്ദർശിക്കുകയും പതിമൂന്ന് മാസക്കാലം ദക്ഷിണേന്ത്യയിൽ താമസിക്കുകയും ചെയ്തു. 1292-ൽ കൊല്ലം സന്ദർശിച്ച വെനീഷ്യൻ യാത്രികനായ മാർക്കോപ്പോളോ കൊല്ലത്ത് ഒരു ക്രൈസ്തവ സമൂഹത്തെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. ജോർദാനൂസ്‌ കറ്റലാനി എന്ന ഫ്രഞ്ച് ഡൊമിനിക്കൻ സന്യാസി തന്റെ റോമൻ കത്തോലിക്കാ മിഷന്റെ ഭാഗമായി 1321-ൽ കൊല്ലം സന്ദർശിച്ചു. അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം ധാരാളം വിദേശ മിഷനറിമാർ കേരളത്തിൽ വരികയും ഒരു ശക്തമായ ക്രൈസ്തവ സമൂഹത്തിന് രൂപം നല്കിയതിനുശേഷം, 1329-ൽ റോമിൽ പരിശുദ്ധ പിതാവിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ചൈനയിലെ പാപ്പായുടെ പ്രതിനിധിയും ഫ്ലോറൻസിലെ ഫ്രാൻസിസ്കൻ സന്യാസിയുമായിരുന്ന ജോൺ മരിഞ്ഞോളി 1346-ൽ കൊല്ലത്തു വരികയും, കൊല്ലത്തുള്ള സെൻറ് ജോർജ് ലത്തീൻ ദേവാലയത്തിൽ താമസിക്കുകയും, കന്യാകുമാരി സന്ദർശിക്കുകയും ചെയ്തു. 16 മാസക്കാലം ഈ പ്രദേശത്ത് താമസിച്ച മരിഞ്ഞോളി ഇതര ക്രൈസ്തവ കേന്ദ്രങ്ങൾ സന്ദർശിക്കുകയും, ഇന്ത്യയിൽ നിന്ന് തിരിച്ചു പോകുന്നതിനു മുൻപ് കന്യാകുമാരിയിൽ ഒരു തൂണ് സ്ഥാപിക്കുകയും ചെയ്തു. സന്ദർശന സ്മാരകമായി കൊല്ലം കടൽക്കരയിൽ ജോൺ മരിഞ്ഞോളി സ്ഥാപിച്ച മാർബിൾ ശില കടലെടുത്തുപോയി. ഇവയിൽ നിന്നെല്ലാം വ്യക്തമാകുന്നത് പോർച്ചുഗീസുകാർ വരുന്നതിനു മുൻപ് തന്നെ ഫ്രാൻസിസ്കൻ – ഡൊമിനിക്കൻ സന്യാസിനി വിഭാഗങ്ങൾ കൊല്ലത്തുള്ളവരെ സുവിശേഷവത്ക്കരിച്ചുവെന്നാണ്. അവർ തിരുവിതാംകൂറിന്റെ തെക്കൻ ഭാഗങ്ങളിലും സുവിശേഷമറിയിച്ചു. മാമ്പള്ളിയിലെ പരിശുദ്ധാതമാവിന്റെ ദേവാലയവും, വലിയതുറ വിശുദ്ധ അന്തോനീസിന്റെ ദേവാലയവും പോർച്ചുഗീസുകാരുടെ വരവിനു മുമ്പുള്ളവയാണ്.

വാസ്കോഡഗാമയുടെ വരവിനു മുൻപുതന്നെ ഈ സ്ഥലങ്ങളിൽ ക്രൈസ്തവരുണ്ടായിരുന്നു എന്നതിനുള്ള മറ്റൊരു തെളിവാണ് കന്യാകുമാരിയ്ക്കടുത്ത് കുമരിമുട്ടത്തുള്ള വിശുദ്ധ തോമസ് പള്ളി (തോമാപ്പള്ളി). ഈ അടുത്തകാലത്ത് കുമരിമുട്ടത്തിനടുത്തു നിന്ന് കുഴിച്ചടുത്ത 1494-ലെ ശിലാശാസനവും ഈ യാഥാർഥ്യത്തിലേയ്ക്ക് വെളിച്ചമേകുന്നതാണ്. ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളുമായി വിദേശ മിഷനറിമാർ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

മതപരിവർത്തനം ചെയ്തവരുടെ സംഖ്യ കണക്കിലെടുത്ത് ജോൺ XXII-മൻ പാപ്പാ 1329 ഓഗസ്റ്റ് മാസം 9-ന് കൊല്ലത്തെ ഭാരതത്തിലെ ലത്തീൻ ഹൈരാർക്കിയിലുള്ള പ്രഥമ രൂപതയായി സ്ഥാപിക്കുകയും, ജോർദ്ദാനൂസ്‌ കറ്റലാനിയെ പ്രഥമ ബിഷപ്പായി നിയമിക്കുകയും ചെയ്തു. എന്നാൽ, 1330-കാലഘട്ടത്തിൽ ബോംബയ്ക്ക് അടുത്തുള്ള താനെയിൽ തന്റെ സഹപ്രവർത്തകരെ കാണുവാൻ പോയപ്പോൾ മുസ്ലീം തീവ്രവാദികളാൽ വധിക്കപ്പെട്ടു. 600-ലധികം വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ Mirabila Discripta എന്ന കറ്റലാനിയുടെ യാത്രാവിവരണം ഭാരതത്തെ സംബന്ധിക്കുന്ന പൂർവ്വകാല ആധികാരിക രേഖയായി നിലനിൽക്കുന്നു.

തുടർന്ന്, കറ്റലാനിയ്ക്കു ശേഷം ബിഷപ്പായി നിയമിതനായത് ആരാണെന്നോ, പോർച്ചുഗീസുകാരുടെ വരവുവരെ സഭയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു വെന്നോ ഉള്ള വിശദമായ വിവരണങ്ങൾ ലഭ്യമല്ല. കേരള സഭാചരിത്രത്തിൽ, പ്രത്യേകിച്ച് കൊല്ലത്തെ സഭാചരിത്രത്തിൽ, ‘ചരിത്ര പരമായ ഒരു വിടവ്’ നാം ദർശിക്കുന്നുണ്ട്. ഒരുപക്ഷെ, പിൽക്കാലത്തേയ്ക്ക് വേണ്ടി ചരിത്ര രേഖകളും സ്മാരകങ്ങളും മറ്റും സൂക്ഷിക്കുന്ന കാര്യത്തിൽ ലത്തീൻ ക്രിസ്ത്യാനികൾ കാണിച്ചിരുന്ന അമാന്തമായിരിക്കാം ഇതിന് കാരണം. എങ്കിലും ബിഷപ്പ് കറ്റലാനിയ്ക്കു ശേഷം പോർച്ചുഗീസുകാരുടെ വരവുവരെയുള്ള ഏതാണ്ട് രണ്ടു നൂറ്റാണ്ടുകാലം മെത്രാന്റെ അഭാവത്തിലും, കൊല്ലത്തെ കത്തോലിക്കാ സമൂഹം സജീവമായി മുന്നോട്ടുപോയി.

അതുപോലെ, 1544 നവംബറിലും 1549 മാർച്ചിലും വിശുദ്ധ ഫ്രാൻസിസ് സേവ്യർ കൊല്ലം സന്ദർശിച്ചിരുന്നതായും കാണുന്നു.

1498 മെയ് 27- ന് വാസ്കോഡഗാമ കേരളക്കരയിൽ കപ്പലിറങ്ങിയതോടെ പോർച്ചുഗീസ് മിഷനറിമാരുടെ സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന്, 1533-ൽ ഗോവ രൂപതയും, 1558-ൽ കൊച്ചി രൂപതയും സ്ഥാപിതമായി.

ഗവേഷണഗ്രന്ഥങ്ങൾ:

1) “രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകൾ”, ധർമ്മാരാം പബ്ലിക്കേഷൻസ് : ബാംഗ്ലൂർ, 1981.

2) മരിയ ജോൺ ബി. “Christianity in South India”, 2006.

3) നടരാജൻ സി., “Thiruvithamcode : A forgotton capital”, journal of kerala studies, 2005.

4) ഡാർവിൻ ജെ., “നാടുണർത്തിയ നാടാർ പോരാട്ടങ്ങൾ”, ചിന്ത പബ്ലിക്കേഷൻസ് : തിരുവനന്തപുരം, 2008.

5) ജോസഫ് തെക്കേടത്ത്, “History of Christianity in India Vol. II”, ബാംഗ്ലൂർ, 1982, pp.150&186.

6) ലോറെൻസ് വി., “History of the Catholic Church in Kanyakumari District” (thesis), മധുര, 1995, Pp.95&98.

7) മുണ്ടാടൻ, “The Sixteenth Century Traditions of St. Thomas Christians”, ബാംഗ്ലൂർ, 1970, pp. 105,106.

8) ലാസർ എസ്. പാട്ടക്കടവ്, “ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം”, ജീവനും വെളിച്ചവും, സെപ്റ്റംബർ 2004.

9) ക്രിസാന്തസ് ഫെർണാണ്ടസ് റ്റി. ജോർദാനൂസ്‌, മെനസിസ് ഇടവേള, “കൊല്ലം ക്രിസ്ത്യാനികൾ”, മോൺ. എ.ജെ.റൊസാരിയോ (ചീഫ് എഡിറ്റർ), പെല്ലിശ്ശേരി പബ്ലിക്കേഷൻസ് : കോട്ടയം, 1995, p.141.

10) സിൽവസ്റ്റർ പൊന്നുമുത്തൻ, “The Spirituality of Basic Ecclesial Communities in the Socio-Religious context of Trivandrum/Kerala”, യൂണിവേഴ്സിറ്റി ഓഫ് ഗ്രിഗോറിയാനാ : റോം, 1996, p.141.

11) ജോർജ് മനാച്ചെറി, “The St.Thomas Christians Encyclopedio of India, Vol.1”, p.20.

12) ഫാ.സി.കെ.മറ്റം (പരിഭാഷകൻ), “മഹാപിതാ അഥവാ വി.ശവരിയാർ”, സെന്റ് ജോസഫ് പ്രസ് :മാന്നാനം, 1984.

13) ഫെറോളി ഡി. S.J., “The Jesuts in Malabar Vol.1”, pp.352,353.

Text : പി.ദേവദാസ്, “നെയ്യാറ്റിൻകര ലത്തീൻ രൂപത: ചരിത്രവും സംസ്ക്കാരവും”

vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

6 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

6 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

7 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago