Categories: Sunday Homilies

“ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ”

"ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ"

ആഗമനകാലം നാലാം ഞായർ

ഒന്നാം വായന: 2സാമുവൽ 7:1-5,8b-12,14a, 16

രണ്ടാം വായന: റോമാ 16:25-27

സുവിശേഷം: വി.ലൂക്കാ 1:26-38

ദിവ്യബലിയ്ക്ക് ആമുഖം

ആഗമനകാലത്തെ നാലാം ഞായറാഴ്ചയായ ഇന്ന്,  വിശുദ്ധ ഗ്രന്ഥത്തിലെ മൂന്ന് വ്യക്തികളെ നാം കേൾക്കുന്നു.  പഴയ നിയമത്തിലെ ദാവീദ് രാജാവിനെ, സുവിശേഷത്തിലെ കന്യകാമറിയത്തെ, റോമാ ലേഖനത്തിലെ വി.പൗലോസ് അപ്പോസ്തലനെ “എനിയ്ക്ക് വസിക്കാൻ നീ ആലയം പണിയുമൊ?” എന്ന് ദാവീദിനോട് ചോദിക്കുന്ന ദൈവം പിന്നീട് തന്റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചുകൊണ്ട്  നമ്മുടെ ഇടയിൽ വാസമുറപ്പിക്കുകയാണ്.  അവൻ വസിക്കാനാഗ്രഹിക്കുന്നത് ഈ ദൈവലയത്തിൽ മാത്രമല്ല നമ്മുടെ കടുംബങ്ങളിലും, കൂട്ടായ്മകളിലും, ജീവിതത്തിലും ഹൃദയത്തിലുമാണ്.  യേശുവിനെ സ്വീകരിക്കാനും അവനെ ശ്രവിക്കുവാനുമായി അവന്റെ തിരുശരീര രക്തങ്ങളിൽ പങ്കുകാരാകാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി, സഹോദരന്മാരേ,

ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ രക്ഷകനായ യേശുവിന്റെ പിറവി തിരുനാൾ ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്.  തിരുപ്പിറവിയ്ക്ക് മാസങ്ങൾക്ക് മുമ്പ് സംഭവിച്ച മംഗള വാർത്തയുടെ സുവിശേഷമാണ് നാം ശ്രവിച്ചത്.  വി.ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഈ തിരുവചനത്തിലൂടെ പരിശുദ്ധ കന്യക മറിയത്തെ വിശ്വാസത്തിന്റെ മാതൃകയായി തിരുസഭ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.

ദൈവവചനത്തെ ലോകത്തിന് മനുഷ്യപുത്രനായി നല്കുന്നതിന് മുമ്പ് പരിശുദ്ധ കന്യക മറിയം പ്രധാനമായും നാല് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്.  (1) മറിയം ഗബ്രിയേൽ മാലാഖയുടെ സന്ദേശം സ്വീകരിക്കുന്നു – ശ്രവിക്കുന്നു. (2) മാലാഖയുടെ അഭിവാദനത്തെകുറിച്ച് മറിയം ചിന്തിക്കുന്നു.  (3) മാലാഖ പറഞ്ഞ കാര്യം എങ്ങനെ സംഭവിക്കുമെന്ന് ചോദിച്ചു കൊണ്ട് ദൈവത്തിന്റെ പദ്ധതിയ്ക്ക് മുമ്പിൽ തന്റെ മാനുഷികത അവൾ വെളിപ്പെടുത്തുന്നു.  (4) ദൈവവചനത്തിന് വിധേയയായി രക്ഷാകര പദ്ധതിയ്ക്ക് തന്നെ തന്നെ സമർപ്പിക്കുന്നു.

നമ്മുടെ വിശ്വാസ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടതാണ് പരിശുദ്ധ മറിയം കടന്നു പോകുന്ന ഈ 4 ഘട്ടങ്ങൾ.  ഒന്നാമതായി നാം ദൈവവചനം ശ്രവിക്കുന്നു. ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടു എന്ന വാക്കുകളിലൂടെ നമ്മുടെ രക്ഷയുടെ കേന്ദ്രവും നിയന്താവും ദൈവം മാത്രമാണെന്നും, നമ്മുടെ രക്ഷയ്ക്ക് ദൈവമാണ് മുൻകൈയെടുക്കുന്നതെന്നും സുവിശേഷകൻ വ്യക്തമാക്കുന്നു.  നമ്മുടെ പ്രാഥമിക കടമ മറിയത്തെപ്പോലെ സന്ദേശം കേൾക്കുക എന്നതാണ്.  രണ്ടാമതായി ദൈവവചനത്തെ കുറിച്ച് ചിന്തിച്ചും ധ്യാനിച്ചും വിചിന്തനം ചെയ്തും വ്യഖ്യാനങ്ങൾ ശ്രവിച്ചുകൊണ്ടും, തിരുവചനവുമായി നിരന്തര ബന്ധത്തിലേർപ്പെട്ട് ജീവിതത്തിൽ ദൈവത്തിന്റേയും ദൈവവചനത്തിന്റെയും അർത്ഥമെന്തന്ന് നാം കണ്ടെത്താൻ ശ്രമിക്കുന്നു.  “കർത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം ഈ ഘട്ടത്തിൽ നമുക്ക് ധൈര്യം പകരുന്നു.  പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തോടും, പ്രവാചകന്മാരോടും, പിതാക്കന്മാരോടും കൂടെയുണ്ടായിരുന്ന കർത്താവ് മറിയത്തോടൊപ്പമുണ്ടെന്നും, നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ നിരന്തര സാനിധ്യമുണ്ടെന്നും നാം മനസ്സിലാക്കേണ്ട ഘട്ടമാണിത്.

മൂന്നാമതായി “ഇതെങ്ങനെ സംഭവിക്കും”  എന്ന് മാലാഖയോടു ചോദിക്കുന്ന പരിശുദ്ധ അമ്മയെ നാം കാണുന്നു.  നമ്മുടെ ജീവിതത്തിലും നമുക്ക് ഉൾകൊള്ളാനാകാത്ത, അപ്രതീക്ഷിതമായ, നമുക്ക് ഉത്തരം കണ്ടെത്താനാകാത്ത പലതും സംഭവിക്കുമ്പോൾ മറിയത്തെപ്പോലെ നമ്മളും ചോദിക്കാറുണ്ട്.  നമ്മുടേത് വ്യത്യസ്തമായ മറ്റൊരു ചോദ്യമാണ്.  “ഇതെന്തുകൊണ്ട് സംഭവിച്ചു?” അല്ലങ്കിൽ”, ദൈവം ഇതെന്തുകൊണ്ട് അനുവദിക്കുന്നു?”, അല്ലെങ്കിൽ “എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?”.  ഏറ്റവുമധികം വിചിന്തനം ചെയ്യപ്പെടേണ്ട ഒരു ഘട്ടമാണിത്.  യുക്തിയും വിശ്വാസവും തമ്മിൽ  വലിയ ഒരു വടംവലിയ്ക്ക് വിധയമാകുന്ന അവസ്ഥ പലപ്പോഴും പരിമിതമായ നമ്മുടെ അറിവിൽ നിന്നുകൊണ്ട് ദൈവീക പദ്ധതികളെ മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിൽ ഈ ചോദ്യങ്ങൾ ഉയരാറുണ്ട്.  ഇവിടെ നാം ഓർമ്മിക്കേണ്ടത് ദൈവം മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വഴികളിലൂടെയും പദ്ധതികളിലൂടെയുമാണ്.  അതുകൊണ്ടാണ് നമ്മുടെ വിശ്വാസ സത്യങ്ങളെ “വിശ്വാസത്തിന്റെ രഹസ്യം” എന്ന് വിശേഷിപ്പിക്കുന്നത്.  ഇവിടെ “മനുഷ്യ ചരിത്രം” എന്നത് കൊണ്ട് വിവരിക്കുന്നത് ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളുടെ മാത്രം ജീവിതമല്ല മറിച്ച് ഇന്ന് ജീവിക്കുന്ന ഞാനും നിങ്ങളുമടങ്ങുന്നതാണത്.  നാം ഓരോരുത്തരും ദൈവത്തിന് പ്രിയപ്പെട്ടവരാണ്.  “വന്ധ്യയായിരുന്ന എലിസബത്ത് ഒരു പുത്രനെ ഗർഭം ധരിച്ചു ‘ എന്നുപറഞ്ഞ് കൊണ്ട് ദൈവത്തിന് ഒന്നും അസാധ്യമല്ലന്ന വചന സന്ദേശം മാലാഖ നൽകുന്നു.  നമ്മുടെ വിശ്വാസ ജീവിതത്തിലും ബുദ്ധിയുടേയും അറിവിന്റേയും തലത്തിൽ മാത്രം നിന്നുകൊണ്ട് ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും, ദൈവത്തെ നോക്കി നെടുവീർപ്പിടുമ്പോഴും മാലാഖ നമ്മോട് പറയുന്നതും ഇതുതന്നെയാണ്.  ”വിശ്വസിക്കുക ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല”.

നാലാമതായി “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ” എന്ന് പറഞ്ഞുകണ്ട് ദൈവിക പദ്ധതിയ്ക്ക് പരിശുദ്ധ മറിയം പൂർണ്ണമായും സമർപ്പിക്കുന്നു.  ഇവിടെ “ദാസി” എന്ന വാക്കിനെ നാം മനസ്സിലാക്കുന്നത് വേലക്കാരി, ജോലിക്കാരി തുടങ്ങി അടിമത്വവുമായി ബന്ധപ്പെട്ട പദമായിട്ടാണ്.  ബിബ്ലിക്കൽ ഗ്രീക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ ഇത് വെറും ദാസിയല്ല മറിച്ച് പഴയ നിയമത്തിലെ അബ്രഹാമിനും ദാവീദിനും മോശയ്ക്കും പ്രവാചകന്മാർക്കും നല്കപ്പെട്ട വീരോചിതവും പ്രവാചകദൗത്യവുമായി ബന്ധപ്പെട്ട ഒരു വിശേഷണമാണിത്.  ദൈവിക പദ്ധതിയ്ക്ക് നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് ഇതാ കർത്താവിന്റെ ദാസി/ ഇതാ കർത്താവിന്റെ ദാസൻ എന്ന് പറയുമ്പോൾ നാം ദൈവത്തിന്റെ വെറും വേലക്കാരല്ല മറിച്ച് ദൈവത്തിന്റെ ദൗത്യം ഈ ഭൂമിയിൽ നിറവേറ്റുവാൻ, ദൈവത്തിനുവേണ്ടി വലിയകാര്യങ്ങൾ ചെയ്യുവാൻ ദൈവം തെരഞ്ഞെടുത്തവരാണ്.  പരിശുദ്ധ മറിയം സ്വീകരിച്ച അതേ ആത്മാവിനെ തന്നെയാണ് ജ്ഞാനസ്നാനത്തിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നാമും സ്വീകരിച്ചത്.  ”കർത്താെവേ നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ” എന്ന് പറഞ്ഞുകൊണ്ട്, നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നമുക്ക് യേശുവിന് ജന്മം നൽകാം… ആമേൻ.

ഫാ.സന്തോഷ്‌ രാജന്‍ ജര്‍മ്മനി

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago