
ദിവ്യകാരുണ്യത്തിന്റെ തിരുനാൾ
ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ കൊത്തിയ നിയമങ്ങൾ ദൈവതനയൻ നൽകുന്നില്ല. മറിച്ച്, സ്വയം നൽകികൊണ്ടവൻ അവരെ ദേവതുല്യരാക്കാൻ ശ്രമിക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ ഇനിയാരും മുറിവേൽക്കണമെന്നില്ല, ബലിയർപ്പിക്കണമെന്നുമില്ല. ഇതാ, ദൈവം സ്വയം മുറിച്ചു നൽകുന്നു, സ്വയം ഒരു ബലിയായി മാറുന്നു. രോഷാകുലനായ ദൈവത്തിന്റെ ചിത്രം ഇനിയില്ല. അനേകർക്കായി രക്തം ചിന്തുന്നവനെ കാൽവരിയുടെ വിരിമാറിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അങ്ങനെ തലയോടിടം എന്നറിയപ്പെട്ട കാൽവരി ജീവന്റെ ശ്രീകോവിലായി മാറുന്നു.
ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്നവനെ നിങ്ങൾ കണ്ടുമുട്ടും അവന്റെ വീട്ടിലെ മാളികമുറിയിൽ പെസഹ ഒരുക്കുവിൻ. ആഘോഷമാണ് പശ്ചാത്തലം. ആ മാളികമുറിയിൽ തിരുനാളും വിരുന്നും ബലിയും സംഗമിക്കുന്നു. ശരിയാണ്, നാളെ ദുഃഖവെള്ളിയാണ്. എങ്കിലും ഈ അത്താഴം ഗുരുവിന്റെ മരണത്തിനാമുഖമാണെന്ന ശോകവ്യാഖ്യാനത്തിന് സ്ഥാനമില്ല. അവന്റെ അന്ത്യഅത്താഴത്തിന് ഖിന്നഭാവമില്ല. അത് ജീവന്റെ ആഘോഷമാണ്. മുന്നിലുള്ള മരണത്തിന്റെ പുരാവൃത്തത്തെ ആഘോഷമാക്കി മാറ്റുന്ന ദൈവികമാന്ത്രികതയാണത്. സ്വയം മുറിച്ചു നൽകുന്ന ഈ അത്താഴം ഉത്ഥാനത്തിന്റെ പ്രതിബിംബനമാണ്. വരാനിരിക്കുന്ന നൊമ്പരങ്ങളുടെ മുകളിൽ ഉദിക്കുന്ന ജീവസൂര്യന്റെ പ്രസന്നതയാണത്.
എപ്പോഴെല്ലാം യേശു തന്റെ മരണത്തെക്കുറിച്ച് പറയുന്നുവോ അപ്പോഴെല്ലാം അവന്റെ വാക്കുകളിൽ അടയാളങ്ങളും പ്രതീകങ്ങളും അലങ്കാരങ്ങളുമുണ്ടാകും. പക്ഷേ ജീവനെ കുറിച്ച് പറയുമ്പോൾ അനന്തമായ അഭിനിവേശമാണ് അവനിൽ നിറയുന്നത്. അതുകൊണ്ടാണ് അവനൊരു ഹൃദയമന്ത്രണം എന്നപോലെ ശിഷ്യരുടെ കാതുകളിൽ ഓതുന്നത്: “ഇതു സ്വീകരിക്കുവിൻ; ഇത് എന്റെ ശരീരമാണ്…, ഇത് എന്റെ രക്തമാണ്”.
നിത്യത പരിമിതിയെ തേടുന്നു! ഇതാണ് അത്ഭുതം, ഹൃദയസ്പന്ദനം, വിസ്മയം: ദൈവം നമ്മളിൽ! നിത്യത നമ്മുടെ ഹൃദയത്തെ ആഗിരണം ചെയ്യുന്നു. ഒപ്പം യേശുവെന്ന പച്ചയായ മനുഷ്യനെ നമ്മൾ ഉൾക്കൊള്ളുന്നു. അത് അനിർവചനീയമായ സ്വർഗ്ഗീയ മോഹനമാണ്. ക്രിസ്തു ഞാനായി മാറുന്ന ശൂന്യവൽക്കരണവും ഞാൻ ക്രിസ്തുവായി മാറുന്ന മഹത്വീകരണവും സംഭവ്യമാകുന്ന ആത്മീയനുഭവം!
ഇതെന്റെ ശരീരമാണ് എന്ന മന്ത്രണത്തിൽ ദൈവപുത്രന്റെ ഇതിഹാസം മുഴുവനുമുണ്ട്. കാലിത്തൊഴുത്തുണ്ട്, പാംസുലമായ നിരത്തുകളുണ്ട്, മലയുണ്ട്-കടലുണ്ട്- വയലേലകളണ്ട്, നിസ്സംഗമായ ചില മുഖങ്ങളുണ്ട്, കുരിശിന്റെ ഭാരമുണ്ട്, നിർദ്ദയമായ അവഗണനയുടെ അനുഭവങ്ങളുണ്ട്, ശൂന്യമായ കല്ലറയുണ്ട്, അതിൽ പൂവണിയുന്ന ജീവചേതസ്സുണ്ട്.
എന്റെ ശരീരം സ്വീകരിക്കുവിൻ: അതായത് നിന്റെ ലോകത്തിലേക്ക് എന്റെ സ്നേഹത്തെ, നൊമ്പരത്തെ, ആർദ്രതയെ, ആഘോഷത്തെ സ്വീകരിക്കുവിൻ. ഇതെന്റെ രക്തമാണ് – തീവ്രമായ വിശ്വസ്തതയോടുള്ള അഭിനിവേശത്തിന്റെ ചായില്യം. നിന്റെ നാഡികളിൽ ഊഷ്മളചൈതന്യമായി അതു പടരട്ടെ. നിന്റെ ഹൃദയത്തിൽ ആർദ്രതയുടെ വേരുകൾ ആഴ്ന്നിറങ്ങട്ടെ. നീയാകും സക്രാരിയിൽ ഞാനെന്നും വസിക്കട്ടെ. അതെ, നിത്യതയുടെ ഉടമ്പടിയായ ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ സ്വീകരണത്തിലൂടെ നമ്മൾ അവന്റെ ദേവാലയമായി മാറുന്നു. ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്; ശരീരത്തിന്റെ ശരീരമായും രക്തത്തിന്റെ രക്തമായും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.