ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
എത്ര കേട്ടാലും മുഷിപ്പ് അനുഭവപ്പെടാത്ത ഉപമ ഏതാണെന്നു ചോദിച്ചാല്‍ ഞാൻ പറയും അത് നല്ല സമരിയാക്കാരന്റെതാണെന്ന്. എന്തെന്നാല്‍ സമരിയാക്കാരന്റെത് മാനുഷികത ഉത്പാദിപ്പിക്കുന്ന ഒരു പാഠമാണ്. അതില്‍ ദൈവത്തിന്റെ മുഖമുണ്ട്. ഒപ്പം ഷേക്ക്‌സ്പിറിയന്‍ ശൈലിയില്‍ പറഞ്ഞാൽ നാടകീയമായ മനുഷ്യജീവിതത്തിന് സാധ്യമായ തലത്തിൽ ഒരു പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്.
“ആരാണ് എന്റെ അയല്‍ക്കാരന്‍?” ഉപമയുടെ ആരംഭം ഈ ചോദ്യത്തില്‍ നിന്നാണ്. ഈശോയുടെ മറുപടി ഈ ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ മാറ്റുന്നു. അയല്‍ക്കാരന്‍ എന്ന സങ്കല്‍പ്പത്തെ തന്നെ അവന്‍ സമൂലമായി തിരുത്തുകയാണ്. നിന്റെ അയല്‍ക്കാരന്‍ എന്നാല്‍ നിന്റെ കരുതലിന്റെ ചക്രവാളത്തിലേക്ക് ആരെയെങ്കിലും കടത്തിവിടുന്ന നിന്റെ ഔദാര്യതയല്ല, മറിച്ച് ഒരു എളിയവനു ഇത്തിരിയോളം സാന്ത്വനമായി നീ മാറുമ്പോൾ, നീ തന്നെയാണ് ഒരു അയല്‍ക്കാരന്‍ ആയി തീരുന്നത്. നീ സ്നേഹിക്കുന്നു എന്നു പറയുന്നതിലല്ല കാര്യം ഇരിക്കുന്നത്, നീ എപ്പോള്‍ എങ്ങനെ സ്നേഹിക്കുന്നു എന്നതിലാണ് അയല്‍ക്കാരന്‍ എന്ന സങ്കല്‍പ്പം അടങ്ങിയിരിക്കുന്നത്.
ഈ ഉപമയില്‍ കേന്ദ്രസ്ഥാനം വഹിക്കുന്ന പദമാണ് “മനസ്സലിഞ്ഞു” എന്ന പദം. ആ സമരിയാക്കാരന്റെ ഓരോ പ്രവര്‍ത്തികളുടെയും പ്രഭവകേന്ദ്രമാണ് ഈ പദം. ഗ്രീക്ക് ഭാഷയില്‍ ഈ പദത്തിനെ splagnizomai എന്നു പറയും. ബൈബിള്‍ പശ്ചാത്തലത്തില്‍ ഈ വാക്കിന് ‘ഉദരത്തിലെ ഒരനക്കം, ഒരു കുത്ത്, ഒരു തരിക്കല്‍, ഒരു കോച്ചൽ’ എന്നീ അര്‍ത്ഥതലങ്ങള്‍ കാണാന്‍ സാധിക്കും. ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ അനങ്ങുന്നു. മനസ്സലിവ്, അത് ആന്തരികമായ ഒരു വിപ്ലവമാണ്. ഈയൊരു ഉറവിടത്തില്‍ നിന്നാണ് കാരുണ്യം പ്രവര്‍ത്തിയായി ഒഴുകുന്നത്.
അനുകമ്പ എന്നാല്‍ സഹജന്റെ വേദനയെ പ്രതി വേദനയനുഭവിക്കുകയെന്നതാണ്. കരുണയുണ്ടാകുക എന്ന മാനുഷികമായ പ്രവര്‍ത്തി ഉത്ഭവിക്കുന്നത് ദൈവീകമായ വികാരത്തില്‍ നിന്നും മാത്രമാണ്. അതുകൊണ്ടുതന്നെ കരുണ എപ്പോഴും മനുഷ്യന്‍റെ കണക്കു കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും മുകളില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ സദാചാര ബോധത്തിനും ധാര്‍മ്മികതയ്ക്കും അതീതമാണ് കരുണ എന്ന സങ്കല്‍പ്പം തന്നെ.
ഇനി സമരിയാക്കാരന്റെ ആദ്യത്തെ മൂന്നു പ്രവര്‍ത്തികള്‍ ഒന്നു വിശകലനം ചെയ്യാൻ ശ്രമിക്കാം: “അവന്‍ കാണുന്നു”, “അവൻ നില്‍ക്കുന്നു”, “അവൻ സ്പര്ശിക്കുന്നു”. ഈ മൂന്നു ക്രിയകളെ നമുക്ക് വേണമെങ്കിൽ കരുണയുടെ കിളിവാതിലുകൾ എന്നു വിളിക്കാം. എന്തെന്നാല്‍ അവയിലൂടെയാണ് ഉള്ളിലെ സ്നേഹപക്ഷികള്‍ കരുണയുടെ ചിറകുകള്‍ വീശി ആകാശത്തിലേക്ക് പറന്നുയരുന്നത്.
1) കാണുക: “അവനെ കണ്ടു മനസ്സലിഞ്ഞു”. സമരിയാക്കാരന്‍ വീണുകിടക്കുന്നവന്റെ മുറിവുകള്‍ കാണുന്നു. ആ മുറിവുകളെ തന്‍റെ തന്നെ മുറിവുകളാക്കി മാറ്റുകയാണവൻ. പലപ്പോഴും ഈയുള്ളവന്‍ ചിന്തിക്കാറുണ്ട്, ഈ ലോകം വലിയൊരു രോദനകടലാണെന്നും ദൈവം ആ കണ്ണീര്‍ തിരമാലകളുടെ ഇടയിലൂടെ അദൃശ്യനായി വഞ്ചി തുഴയുകയുമാണെന്നും. ചിലര്‍ക്ക് ഹൃദയനയനങ്ങള്‍ ഇല്ല. അതുകൊണ്ട് കണ്ണീര്‍ കടലിലെ ആ ദൈവത്തെ അവര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. ഉപമയിലെ പുരോഹിതനും ലേവ്യനും ആ ദൈവത്തെ വീണുകിടക്കുന്നവനില്‍ കാണാതെ പോയത് അതുകൊണ്ടാണ്.
2) നില്‍ക്കുക: സമരിയാക്കാരന്‍ തന്റെ യാത്ര നിര്‍ത്തുന്നു. അവന്‍റെ പദ്ധതികളും ലക്ഷ്യവും അവന്‍ മാറ്റിവയ്ക്കുന്നു. വാടിക്കൊണ്ടിരിക്കുന്ന ഒരു ജീവന് ജീവജലത്തിന്റെ ഊര്‍ജ്ജമായും ഇളംതെന്നലിന്റെ തഴുകലായും സ്വയം മാറാതെ മറ്റൊരു അജണ്ട ഇനി അവന്റെ യാത്രയ്ക്കില്ല. നമ്മുടെ ജീവിതവ്യഗ്രതയുടെ ഇടയിലും എന്തെങ്കില്ലുമൊക്കെ സ്വരൂപിക്കാനുള്ള ഈ നെട്ടോട്ടത്തിനുമിടയിലും “ഇതാ ഞാന്‍” എന്നു പറഞ്ഞുകൊണ്ട് സഹജനു വേണ്ടി ഒന്നു നില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് മാത്രമേ നമ്മുടെ ജീവിതത്തിനു ചാരിതാര്‍ത്ഥ്യം നല്‍കുകയുള്ളൂ.
3) സ്പര്‍ശിക്കുക: സമരിയാക്കാരന്‍ ആ വീണുകിടക്കുന്നവന്റെ അരികിലേക്ക് വന്നു എണ്ണയും വീഞ്ഞുമൊഴിച്ചു അവന്റെ മുറിവുകള്‍ വച്ചു കെട്ടി. എന്നിട്ട് അവനുമായി യാത്ര തുടര്‍ന്നു. സ്പര്‍ശിക്കുക എന്നത് നമ്മെ സംബധിച്ചു കഠിനമായ പദം തന്നെയാണ്. ശരീരം മുഴുവനും ഉള്‍പ്പെടുന്ന ഒരു പ്രവര്‍ത്തിയാണ് സ്പര്‍ശനം. അത് അറിവെന്ന അമൂര്‍ത്തമായ തലത്തില്‍ നിന്നും അനുഭവമെന്ന യാഥാര്‍ഥ്യത്തിലേക്ക് നമ്മെ തള്ളിയിടും. സ്പര്‍ശിച്ചാല്‍ പടരും, പണികിട്ടും എന്നു പറഞ്ഞു മാറി നില്‍ക്കാന്‍ എളുപ്പമാണ്. പക്ഷെ സാംക്രമികമാകുന്നതിനെ സ്പര്‍ശിക്കുക എന്നു പറഞ്ഞാല്‍ അതു വെറും യാദൃശ്ചികതയല്ല. അത് ആന്തരിക ധീരത കരുണയായി പുറത്തേക്കു നിര്ഗ്ഗളിക്കുകയാണ്. സ്നേഹമെന്നാല്‍ വെറുമൊരു വൈകാരികമായ കാര്യം മാത്രമല്ല. അതു കരങ്ങളും സ്പര്ശനങ്ങളും ഉള്‍പെടുന്ന മൂര്‍ത്തവും പ്രത്യക്ഷവുമായ കാര്യമാണ്. അതുകൊണ്ടാണ് യോഹന്നാന്‍ എഴുതുന്നത്, “കുഞ്ഞുമക്കളെ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവര്‍ത്തിയിലും സത്യത്തിലുമാണ്” (1 യോഹ 3:18).
സമരിയാക്കാരന്‍ തന്റെ യാത്ര തുടരുന്നുണ്ട്. തന്റെ ലക്ഷ്യത്തിലേക്ക് ഇത്തിരി താമസിച്ചാണെങ്കിലും അവന്‍ എത്തുന്നുണ്ട്. അവന്‍ വീണുകിടന്നവനെ അവഗണിച്ചില്ല, അവന്‍ സ്വയം ഒരു ലേപനവും സംരക്ഷണവുമായി മാറുന്നുമുണ്ട്. അവന്‍ ചെയ്തത് ചിലപ്പോള്‍ അത്ര വലിയ കാര്യമായി പലര്‍ക്കും തോന്നില്ലായിരിക്കാം. പക്ഷെ ആ പ്രവര്‍ത്തിയില്‍ മാനവീകതയും ദൈവീകതയും ഉണ്ട്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.