Categories: Articles

“ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട്‌ പെങ്ങന്മാരെന്നും… ഇപ്പോൾ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വിളിക്കുന്നു…” ഒരു സന്യാസിനിയുടെ കത്ത്

ഇങ്ങനെയാണോ നിങ്ങൾ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്...?

“ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…” എന്ന തലക്കെട്ടിൽ സന്യാസത്തെ അപമാനിക്കുന്ന നെറികെട്ട അതിസംബോധനകളും വാക്ക്പ്രയോഗങ്ങളുമായി സോഷ്യൽ മീഡിയായിൽ വൈറലാകാൻ ശ്രമിക്കുന്ന ഏതാനും ചില വ്യക്തികൾക്കും, ഗ്രൂപ്പുകൾക്കുമായി സി. സോണിയ തെരേസ് ഡി. എസ്. ജെ. എഴുതുന്ന കത്താണിത്.

കത്തിന്റെ പൂർണ്ണ രൂപം:

ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും:

“ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു…
പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം ആയപ്പോൾ പെങ്ങന്മാരെന്നും…
ഇപ്പോൾ നിങ്ങൾ ഞങ്ങളെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വിളിക്കുന്നു…”

“പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല…” എന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രാർത്ഥന തന്നെ ഇന്ന് ഞങ്ങളും ആവർത്തിക്കുന്നു…

നിങ്ങളുടെ നിന്ദനങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങൾക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങൾ ഞങ്ങളുടെ ചുറ്റുമുണ്ട്. അതിൽ ഭൂരിഭാഗവും നിങ്ങളിൽ ചിലർ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്… അപരനെ ശുശ്രൂഷിക്കാൻ ഉള്ള തത്രപ്പാടിനിടയിൽ സമൂഹത്തിൽ ഞങ്ങൾക്കെതിരേ ഉയർന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ, ഇനിയും ഞങ്ങൾ മൗനം പാലിച്ചാൽ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളിൽ എല്ലാവരും പരിപൂർണ്ണർ ആണെന്ന് ഞങ്ങൾ പറയുന്നില്ല… നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകൾ ഉള്ളവരാണ്. പക്ഷേ, നിങ്ങൾക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമംകൊണ്ടും സന്യാസത്തിൽ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം…

ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാൽ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാൽ കഴിഞ്ഞ ദിവസം തിരുവല്ലായിൽ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതൽ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്…? മകളുടെ വേർപാടിൽ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് “ഞങ്ങളെ സമാധാനത്തിൽ വിടാൻ”. എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?

ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും തങ്ങൾ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികൾ തയ്യാറാക്കിയവർ അല്ല. ഒരു നിമിഷത്തെ മാനസികസംഘർഷം ആണ് മിക്കവരെയും ആത്മഹത്യയിൽ കൊണ്ട് എത്തിക്കുന്നത്.

സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകൾ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാൽ നമ്മുടെ ഒക്കെ ഭവനങ്ങളിൽ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തർ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്.

മാനസ്സികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് – മാനസിക ആരോഗ്യം എല്ലാവർക്കും ഒരുപോലെ അല്ല. ചിലർക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാൻ. എന്നാൽ, ചിലർ എന്തുവന്നാലും തളരില്ല.

വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വർഷത്തിനിടയിൽ സംഭവിച്ച ചില മരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇന്ത്യയിൽത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും
പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നീതി എവിടെയാണ്…? ആർക്കുവേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്…? ഇങ്ങനെയാണോ നിങ്ങൾ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്…? യഥാർത്ഥത്തിൽ, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരിൽ ഒരു മതവിഭാഗത്തെ തകർക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ അല്ലേ നിങ്ങൾ…?

കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകർ ഉണ്ട്, ബിരുദധാരികൾ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവർ ഉണ്ട്, സാമൂഹ്യ പ്രവർത്തകർ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരിൽ യഥാർത്ഥ സന്യാസികൾ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാൻ തുനിയാറില്ല. സർവ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേർ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങൾ… സമൂഹമാധ്യമങ്ങളിൽ കൂടി നിങ്ങളിൽ ചിലർ പറഞ്ഞു പരത്തുന്ന രീതിയിൽ, തിരിച്ചറിവില്ലാത്ത… ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഇല്ലാത്ത… വെറും ആൾക്കൂട്ടം അല്ല ക്രൈസ്തവസന്യാസം.

നിങ്ങൾക്ക് വിദ്യപകർന്നു തന്ന… നിങ്ങൾ രോഗികളായിത്തീർന്നപ്പോൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ ഞങ്ങളെ മാലഖമാർ എന്ന് വിളിച്ചു)… നിങ്ങളിൽ ചിലർ തെരുവിൽ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേർത്ത് കാത്തു പരിപാലിച്ച… നിങ്ങൾക്ക് ഭാരമായിത്തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച… ആ സന്യസ്തരെത്തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്.

ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: “ആദ്യം നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളിൽ നിന്ന് ഉയരുന്ന തേങ്ങലുകൾ പരിഹരിക്കുവാൻ വേണ്ടി ഒരു ചെറുവിരൽ എങ്കിലും അനക്കുവാൻ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം… “

സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ

 

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

24 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago