Categories: Meditation

അപ്പസ്‌തോലന് ഒരു ഉത്ഥാനനിര്‍വചനം

ഈ പഠനം നമ്മെ നയിക്കുന്നത് യേശുവിന്റെ ഉത്ഥാനസാക്ഷിയാണ് ഇന്നിന്റെ അപ്പസ്‌തോലനായ മെത്രാന്‍ എന്ന തികഞ്ഞ ബോധ്യത്തിലേക്കാണ്

ക്രിസ്തുവെന്നു തങ്ങള്‍ തിരിച്ചറിഞ്ഞവന്റെ പിന്നാലെ എല്ലാമുപേക്ഷിച്ച് മൂന്നുവര്‍ഷങ്ങള്‍ നടന്ന ശിഷ്യര്‍ക്ക് യേശുവിന്റെ ദാരുണമരണം എത്രമാത്രം നിരാശാജനകമായിരുന്നിരിക്കണം! എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ നെടുവീര്‍പ്പോടെയുള്ള ഏറ്റുപറച്ചിലില്‍ അതു വ്യക്തമാണല്ലോ: ”ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.” (ലൂക്കാ 24,21). യേശുവിന്റെ പരസ്യജീവിതകാലത്ത് അവിടത്തെ പ്രബോധനങ്ങള്‍ ശ്രവിക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിലും അവിടന്നില്‍നിന്ന് രോഗശാന്തിയും മാനസാന്തരവും പാപമോചനവും ഏറ്റുവാങ്ങിയവരിലും അവിടത്തെ സൗഹൃദം സമ്പാദിച്ചിരുന്ന അനേകരിലും ക്രൂശുമരണം ഉളവാക്കിയ ശൂന്യത വിവരിക്കാവുന്നതിലുമപ്പുറമാണ്. ആദിമസഭ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി യേശുവിന്റെ മരണവും സംസ്‌കാരവുമായിരുന്നു. അതിനാല്‍ത്തന്നെ അവിടത്തെ ഉത്ഥാനവാര്‍ത്ത അവര്‍ക്കു സമ്മാനിച്ച ആനന്ദവും ആശ്വാസവും അത്യധികമായിരുന്നു. സ്വാഭാവികമായും, ആദിമസഭയുടെ ആദ്യപ്രഘോഷണം ”കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നതായിരുന്നു (ലൂക്കാ 24,34).

എ.ഡി. 54-57-ല്‍ത്തന്നെ ഇങ്ങനെ കുറിക്കാന്‍ വി. പൗലോസപ്പസ്‌തോലനു കഴിഞ്ഞു: ”എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു” (1കോറി 15,3.4). ഏതാണ്ട് 20 വര്‍ഷംകൊണ്ടുതന്നെ പരമ്പരാഗതമായി കൈമാറിക്കിട്ടിയത് എന്നു വിശേഷിപ്പിക്കാന്‍തക്കവിധം വിശ്വാസീസമൂഹത്തില്‍ ഉത്ഥാനവിശ്വാസം ആഴപ്പെട്ടുകഴിഞ്ഞിരുന്നു എന്നര്‍ത്ഥം.

ആരാണ് അപ്പസ്‌തോലന്‍?

തന്റെ രണ്ടാം ഗ്രന്ഥത്തില്‍ ആദിമസഭാജീവിതത്തിന്റെ രേഖാചിത്രം ഏറെ തെളിച്ചത്തോടെ വരച്ചിടുന്ന വി. ലൂക്കാ അതിന്റെ ഒന്നാം അധ്യായത്തില്‍ത്തന്നെ അപ്പസ്‌തോലന്മാരുടെ മുഖ്യറോള്‍ ‘ഉത്ഥിതസാക്ഷികള്‍’ എന്നതാണെന്നു വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ യൂദാസിന്റെ സ്ഥാനത്ത് ഒരാളെ പകരംവയ്ക്കാനുള്ള പത്രോസിന്റെ നിര്‍ദേശം അപ്പസ്‌തോലസംബന്ധിയായ ഈ നിര്‍വചനത്തിലേക്കാണ് അനുവാചകരെ നയിക്കുന്നത്. ”കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം” (അപ്പ 1,21) എന്നു പത്രോസ് പ്രഖ്യാപിക്കുമ്പോള്‍ അപ്പസ്‌തോലിക സ്ഥാനത്തിന്റെ തനിമയും മുഖ്യദൗത്യവുമാണ് വെളിച്ചത്തുവരുന്നത്. ”…യേശുവിനെ ദൈവം ഉയര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്” (2,32) എന്നും ”ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചു. അതിന് ഞങ്ങള്‍ സാക്ഷികളാണ്” (3,15) എന്നും പത്രോസ് പ്രസംഗിക്കുമ്പോള്‍ വ്യക്തമാകുന്നതും ഈ അപ്പസ്‌തോലിക ധര്‍മ്മമാണ് (cf. 5,30-32). വിജാതീയരായ കൊര്‍ണേലിയോസിനോടും കുടുംബത്തോടും ”ദൈവം അവനെ മൂന്നാം ദിവസം ഉയര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത ഞങ്ങള്‍ക്കുമാത്രം. അവന്‍ മരിച്ചവരില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റതിന് ശേഷം, അവനോടു കൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍” എന്നു പത്രോസ് പ്രഘോഷിച്ചപ്പോള്‍ (10,40.41) അപ്പസ്‌തോലികതയുടെ ഉത്ഥിതസാക്ഷ്യധര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും പറഞ്ഞുകേട്ടതിന്റെ വെളിച്ചമോ ഒഴിഞ്ഞ കല്ലറയുടെ സ്വന്തംകാഴ്ചയോ അതിന്റെ വ്യാഖ്യാനമോ അല്ല പത്രോസിന്റെ ഉത്ഥിതപ്രഘോഷണങ്ങള്‍. അവയിലുടനീളം ഉത്ഥിതനുമായുള്ള വ്യക്തിപരമായ ഒരനുഭവത്തിന്റെ ഊഷ്മളതയും തീക്ഷ്ണതയും പ്രകടമാണ്.

വിശുദ്ധ പൗലോസിന്റെ വാദം

ഉത്ഥിതനെ കണ്ടതാണ് തന്റെ അപ്പസ്‌തോലികതയുടെ തെളിവെന്ന് അവകാശപ്പെടുന്ന പൗലോസിനെ 1കോറി 9,1-ല്‍ നാം ശ്രവിക്കുന്നു: ”ഞാന്‍ അപ്പോസ്തലനല്ലേ? ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെ കണ്ടിട്ടില്ലേ?” തനിക്കു വ്യക്തിപരമായി ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട സംഭവം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നര്‍മബോധം ഉണരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്: ”ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി” (1കോറി 15,8). തന്റെ മാനസാന്തരം ഉത്ഥിതനുമായുള്ള കണ്ടുമുട്ടലിന്റെ ഫലമാണെന്നാണ് പൗലോസ് നിരന്തരം അവകാശപ്പെട്ടിരുന്നത് (cf. അപ്പ 9,1-9; 22,4-16; 26,9-18). താന്‍ പ്രസംഗിച്ച സുവിശേഷം മനുഷ്യരില്‍നിന്നു പഠിച്ചെടുത്തതല്ലെന്നും അത് ഉത്ഥിതനായ കര്‍ത്താവിന്റെ വെളിപ്പെടുത്തലിലൂടെ ലഭിച്ചതാണെന്നും ഗലാ 1,12-ല്‍ അദ്ദേഹം കുറിച്ചുവച്ചു. 15.16 വാക്യങ്ങളിലാകട്ടെ, ഉത്ഥിതദര്‍ശനത്തെ പൗലോസ് വ്യാഖ്യാനിക്കുന്നത് അദ്ദേഹം ജനിക്കുംമുമ്പേയുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പും വിളിയും നിറവേറിയ നിമിഷമായിട്ടാണ്.

അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷി എന്ന നിര്‍വചനത്തിന് അടിവരയിടുന്ന ഒരു വിപരീത പ്രയോഗം പൗലോസിന്റേതായുണ്ട് – ‘കപടസാക്ഷ്യം’! ”ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി” (1കോറി 15,14.15). ക്രിസ്തുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള അപ്പസ്‌തോലികസാക്ഷ്യത്തിന്റെ സത്യസന്ധതയും സാധുതയും വെളിപ്പെടുന്ന വരികളാണിവ.

മെത്രാന്‍ ഉത്ഥിതസാക്ഷിയെങ്കില്‍…

ഉത്ഥിതകേന്ദ്രീകൃതമാണ് സഭ എന്ന സത്യത്തിനു സമാന്തരമാണ് അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷിയാണ് എന്ന സത്യവും. ഈ പഠനം നമ്മെ നയിക്കുന്നത് യേശുവിന്റെ ഉത്ഥാനസാക്ഷിയാണ് ഇന്നിന്റെ അപ്പസ്‌തോലനായ മെത്രാന്‍ എന്ന തികഞ്ഞ ബോധ്യത്തിലേക്കാണ്. ഒരു വിശ്വാസീസമൂഹത്തിന്റെ അപ്പസ്‌തോലന്‍ ഉത്ഥാനസാക്ഷിയെങ്കില്‍ രൂപത ഉത്ഥാനപ്രഭയില്‍ കുളിച്ചുനില്ക്കും. ഉത്ഥാനകേന്ദ്രീകൃതമായ ഒരു വിശ്വാസജീവിതം വിശ്വാസികള്‍ക്കു സാധ്യമാകും. ഞായറാഴ്ചകള്‍ ആഴ്ചയിലെ ഈസ്റ്റര്‍ദിനങ്ങളാകും. ആരാധനക്രമങ്ങളും പ്രാര്‍ത്ഥനാവേളകളും ഉത്ഥിതനെ സ്വജീവിതത്തിന്റെ നടുമുറ്റത്തു കണ്ടെത്തുന്ന ആനന്ദവേളകളായിത്തീരും. മഗ്ദലേനമാരുടെ കണ്ണീരിനു വിരാമമാകും. ജീവിതത്തിന്റെ ഗലീലിത്തീരങ്ങളില്‍ ഏവര്‍ക്കും പ്രാതലൊരുങ്ങും. പ്രത്യാശ വിശ്വാസികളുടെ കൊടിയടയാളമാകും. ലോകത്തെ ‘കീഴ്‌മേല്‍ മറിക്കാന്‍’ പര്യാപ്തമായ സുവിശേഷപ്രഘോഷണവും പീഡകരെയും മാനസാന്തരപ്പെടുത്താന്‍പോന്ന രക്തസാക്ഷിത്വവും ഉറപ്പായും ഉണ്ടാകും. സെക്ടുകളുടെ ആകര്‍ഷകത്വം തീര്‍ത്തും മങ്ങും. ജീവനു ഭീഷണികളായ മദ്യവും മയക്കുമരുന്നും മലിനീകരണവും ഭ്രൂണഹത്യയും കരുണാവധവും ആത്മഹത്യയും അന്യംനില്ക്കും. ചുരുക്കത്തില്‍, ജീവിതത്തിലെ വൈവിധ്യമാര്‍ന്ന കല്ലറകള്‍ക്കെല്ലാം ഒരു മൂന്നാം ദിനമുണ്ടാകും.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

1 day ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago