Categories: Meditation

XXIV Sunday_Year B_”ഞാൻ നിനക്കാരാണ്?” (മർക്കോ 8:27-35)

ഓരോ വിശ്വാസിയുടെയും ഹൃദയസ്പന്ദനമാണ് ഈശോയുടെ ഈ ചോദ്യം...

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ

യാത്ര ഒരു പ്രതീകമാണ്, ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അവബോധങ്ങളുടെയും പ്രതീകം. ചില യാത്രകളുണ്ട് അവ നമ്മുടെ ഉള്ളം തുറക്കും. അങ്ങനെയുള്ള ഒരു യാത്രയിലാണ് ഈശോയും ശിഷ്യന്മാരും. ബേത്സയ്ദായിൽ നിന്നും കേസറിയാ ഫിലിപ്പിയിലേക്കുള്ള ഒരു ദീർഘ യാത്രയാണത്; ഏകദേശം 111 കിലോമീറ്റർ ദൂരം. ആ വഴിമധ്യേയാണ് അവൻ ശിഷ്യന്മാരോട് കൗതുകംപേറുന്ന ഒരു ചോദ്യം ചോദിക്കുന്നത്: “ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്?” (v.28).

ഈശോയെകുറിച്ച് ആളുകൾ എന്തു പറയുന്നു. അതൊരു വിഷയമാണോ? വിഷയമാണ്. പക്ഷേ, അതിനു മുമ്പ് ആരാണ് “ആളുകൾ” എന്ന് നമ്മൾ മനസ്സിലാക്കണം. സുവിശേഷ വീക്ഷണത്തിൽ ഈശോയെ അടുത്തറിയാത്തവരാണ് ആളുകൾ. അടുത്തറിയാത്തവർക്ക് എന്തു വേണമെങ്കിലും പരികൽപ്പിക്കാം. കാരണം, അവർക്കുള്ളത് ദൂരക്കാഴ്ച മാത്രമാണ്. അതുകൊണ്ടാണ് അവർ പറയുന്നത് അവൻ ഒരു പ്രവാചകനാണെന്ന്. ഈ കാഴ്ച്ച അവ്യക്തമാണ്. “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു” (8:24) എന്നുപറയുന്ന ഒരുവനെ പോലെയാണ് അവരും. അവരുടെ കണ്ണുകൾ പൂർണമായും തുറന്നിട്ടില്ല. കാഴ്ചകൾക്ക് വ്യക്തത കിട്ടണമെങ്കിൽ അവൻ വീണ്ടും അവരുടെ കണ്ണുകളിൽ സ്പർശിക്കണം. ഈശോയുടെ സ്പർശനം അനുഭവിച്ചിട്ടില്ലാത്തവർക്ക് അവൻ ഒരു പ്രവാചകൻ മാത്രമായിരിക്കാം. അത് അപൂർണ്ണമായ ഒരു കാഴ്ച മാത്രമാണ്. അത് വ്യക്തമാക്കുന്നതിനാണ് ഈയൊരു സുവിശേഷഭാഗത്തിനു തൊട്ടുമുന്നിലായി അന്ധനു കാഴ്ച നൽകുന്നതിനായി രണ്ടുപ്രാവശ്യം അവനെ സ്പർശിക്കുന്ന ഈശോയുടെ ചിത്രം സുവിശേഷകൻ വരച്ചുകാണിക്കുന്നത് (8:22-26).

ഇനിയാണ് വലിയൊരു ചോദ്യം: “എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ചോദ്യം തീർത്തും വ്യക്തിപരമാണ്; ഒപ്പം ആളുകളുമായി താരതമ്യം ചെയ്യുന്നതുമാണ്. ഈ ചോദ്യത്തിലെ “എന്നാൽ” എന്ന അവ്യയം ആളുകളിൽ നിന്നും നിന്നെ വ്യത്യസ്തമാക്കുന്ന ഒരു പദമാണ്. തന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് എന്താണ് എന്നതല്ല ഇനി ഈശോയ്ക്ക് വേണ്ടത്, വഞ്ചിയും വലയും ഉപേക്ഷിച്ച് മൂന്നുവർഷക്കാലം തന്റെ കൂടെയായിരിക്കുന്ന ശിഷ്യർക്ക് താനാരാണ് എന്നതാണ് ചോദ്യം. ഈ ചോദ്യത്തിലാണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരം അടങ്ങിയിരിക്കുന്നത്.

ഞാൻ നിനക്ക് ആരാണ്? ഓരോ വിശ്വാസിയുടെയും ഹൃദയസ്പന്ദനമാണ് ഈശോയുടെ ഈ ചോദ്യം. ഉത്തരം നൽകണം ഈ ചോദ്യത്തിന്. അത് ഒരു ആത്മനിർവചനം (self-definition) ആകരുത്. മറിച്ച് ഒരു ആത്മനിമഗ്നം (self-involvement) ആയിരിക്കണം. നിർവചനം ആർക്കും ഉണ്ടാക്കാം. ആത്മ നിർവചനംകൊണ്ട് ഈശോയെ നമുക്ക് ഒരു വിഗ്രഹമാക്കാൻ എളുപ്പം സാധിക്കും. അങ്ങനെയുള്ളവർ ആ വിഗ്രഹത്തെ സംരക്ഷിക്കാൻ പെടാപ്പാട് പെടുകയും ചെയ്യും. പത്രോസ് ഈ ചോദ്യത്തിന് നൽകുന്നത് ഒരു ആത്മ നിർവചനമാണ്; “നീ ക്രിസ്തുവാണ്”. 100% സത്യമായ കാര്യമാണത്. പക്ഷേ ആ ഉത്തരം ആത്മനിമഗ്നമായിരുന്നില്ല. അതുകൊണ്ടാണ് ഈശോ തന്റെ പീഡാസഹനത്തെകുറിച്ച് പറയുമ്പോൾ പത്രോസിന് അത് ഗ്രഹിക്കാൻ സാധിക്കാതെ വരുന്നത്. ആ പത്രോസിനെ തന്നെയാണ് ഈശോ ശാസിക്കുന്നത്: “നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്”. പത്രോസ് ഈശോയെ ഒരു വിഗ്രഹമായി ഉള്ളിൽ പ്രതിഷ്ഠിച്ച് കുരിശിന്റെ വഴിക്ക് തടസ്സം നിൽക്കുകയാണ്. വിഗ്രഹവൽക്കരിക്കുന്ന ഒരു ബന്ധവും ഈശോ ആഗ്രഹിക്കുന്നില്ല. ബന്ധങ്ങളിൽ ആത്മലയനം ഉണ്ടെങ്കിൽ മാത്രമേ സഹനങ്ങളിലെ ദൈവികതയെ മനസ്സിലാക്കാൻ നമുക്ക് സാധിക്കു.

ഞാൻ നിനക്ക് ആരാണ്? സ്നേഹവലയത്തിൽ നിന്നുകൊണ്ട് മാത്രമേ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കു. അതുകൊണ്ടാണ് ഉത്തരം ആത്മനിമഗ്നമായിരിക്കണം എന്ന് പറയുന്നത്. നിന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നപ്പോൾ നിന്നിൽ സംഭവിച്ച മാറ്റങ്ങൾ എന്താണെന്ന് പറയാൻ സാധിക്കുന്നതരത്തിലുള്ള പ്രണയനിമഗ്നത പോലെ. വൈകാരികതയല്ല വിശ്വാസം. ബോധ്യമാണ്. വിശ്വാസം വൈകാരികമാകുമ്പോൾ ഈശോ ഒരു വിഗ്രഹമാകുകയും കുരിശു ഇടർച്ചയാകുകയും ചെയ്യും. ഈശോ ക്രിസ്തുവാണ് എന്ന് ബോധമുള്ളവർക്ക് കുരിശിനെ അവഗണിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് അവൻ പറയുന്നത് ആരെങ്കിലും അവനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് അവനെ അനുഗമിക്കാൻ (v.34).

vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

6 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

6 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

7 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago