Categories: Meditation

XXIII Sunday_Year B_”എഫ്ഫാത്താ” (മർക്കോ 7:3-37)

അധികാരത്തിന്റെയോ ശക്തിയുടെയോ ഭാഷയല്ല എഫ്ഫാത്ത...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

ഒരു നാടോടിയായ അപ്പോത്തിക്കിരിയുടെ തന്മയീഭാവമുള്ള ക്രിസ്തുചിത്രമാണ് ഇന്നത്തെ സുവിശേഷഭാഗം. അതിരുകളിൽ സ്വയം തളച്ചിടാതെ അവൻ ജനതകളുടെയിടയിലൂടെ സഞ്ചരിക്കുന്നു: “അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്‌, സീദോന്‍ കടന്ന്‌, ദെക്കാപ്പോളീസ്‌ പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി” (v.31). മുറിവിന്റെ അഗ്രങ്ങളെ കോർത്തിണക്കുന്ന തുന്നൽപോലെ മനുഷ്യനൊമ്പരങ്ങളുടെ അതിരുകളിലൂടെ അവൻ നടക്കുന്നു. അവന്റെ മുൻപിൽ മതമില്ല, സംസ്കാരമില്ല, വർഗ്ഗമില്ല, വർണ്ണമില്ല; നൊമ്പരഹൃദയങ്ങളുടെ തുടിപ്പിന്റെ മങ്ങിയ താളം മാത്രം.

ഈശോയുടെ മുൻപിൽ, ഇതാ, ബധിരനും മൂകനുമായ ഒരുവൻ. നിശബ്ദതയുടെ തടവുകാരനാണവൻ. വാക്കും ശബ്ദവും നഷ്ടപ്പെട്ടവൻ. എങ്കിലും ആരൊക്കെയോ അവനുവേണ്ടി ശബ്ദമുയർത്തുന്നുണ്ട്, വാക്കായി മാറുന്നുണ്ട്. അവരാണ് അവനെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നിരിക്കുന്നത്. അതെ, ലോകം നിസ്സംഗമല്ല. സഹജന്റെ നൊമ്പരങ്ങളെയും അതിനു ചേർത്തു നിർത്താനറിയാം. അങ്ങനെയുള്ളവരിൽനിന്നും സ്വർഗ്ഗം മുഖംതിരിക്കുകയില്ല. നോക്കുക, കൈകൾവയ്ക്കണമെന്നാണ് അവർ അപേക്ഷിക്കുന്നത്. പക്ഷേ അതിനേക്കാൾ കൂടുതൽ ഈശോ ചെയ്യുന്നു.

മൗനത്തിന്റെ കൂട്ടിലടയ്ക്കപ്പെട്ട അവനെ ഈശോ ആൾക്കൂട്ടത്തിന്റെ ബഹളത്തിൽനിന്നും പുറത്തേക്ക് കൊണ്ടുവരുന്നു. ഇനിയുള്ളത് സ്പർശനത്തിന്റെ ഭാഷണമാണ്. കരങ്ങൾക്കുമുണ്ട് ഭാഷ. അവയ്ക്ക് മുറിവേൽപ്പിക്കുന്ന ഭാഷയുണ്ട്, വെറുപ്പിന്റെ ഭാഷയുണ്ട്, കാമത്തിന്റെ ഭാഷയുണ്ട്… അതെ, കരങ്ങളും സംസാരിക്കും. ആർദ്രതയാണ് ക്രിസ്തുകരങ്ങളുടെ ഭാഷ. അത് ദൈവത്തിന്റെ ഭാഷയാണ്, വൈദ്യന്റെ ഭാഷയാണ്. സുവിശേഷം പറയുന്നു ഈശോ ആ ബധിരനും മൂകനുമായവന്റെ ചെവികളിൽ വിരലുകളിട്ടു എന്ന്. നിശബ്ദതയെ സ്പർശനംകൊണ്ട് അവൻ നേരിടുന്നു. തുപ്പലുകൊണ്ട് നാവിൽ സ്പർശിച്ചു ജീവനം അവൻ പകർന്നു നൽകുന്നു.

തുപ്പൽ ഒരു പ്രതീകമാണ്. നിശ്വാസവും വചനവും കൂടിക്കലർന്ന ആത്മാവിന്റെ പ്രതീകം. അത് നാവിൽ നിന്നും പുറത്തേക്ക് വരുന്നു. ആത്മാവ് ശുദ്ധമെങ്കിൽ മരുന്നാണ് അത്. ഈശോ അത് പകർന്നു നൽകുമ്പോൾ ഊമന് അത് സൗഖ്യമാകുന്നു. തന്റെ സ്വത്വത്തിന്റെ ഭാഗമാണ് ഈശോ പകരുന്നത്. അത് നൽകുന്നതോ സ്പർശിച്ചു കൊണ്ടും. ആ സ്പർശനം വിശുദ്ധമാണ്. അങ്ങനെയുള്ള സ്പർശനങ്ങളിൽ ഇന്ദ്രിയങ്ങൾ പുല്ലാങ്കുഴലിന്റെ സുഷിരങ്ങളായി മാറും. അതിൽ നിന്ന് ദിവ്യഗീതങ്ങൾ നിർഗ്ഗളിക്കും.

നാവിൽ സ്പർശിച്ചുകൊണ്ട് ഈശോ സ്വർഗത്തിലേക്ക് നോക്കി അവനോട് പറയുന്നത് “എഫ്ഫാത്ത” എന്നാണ്. അരമായിക്ക് ആണത്. അവന്റെ മാതൃഭാഷ. അധികാരത്തിന്റെയോ ശക്തിയുടെയോ ഭാഷയല്ല എഫ്ഫാത്ത. നെടുവീർപ്പാണ്, നൊമ്പരമാണ്, സ്വർഗ്ഗം ഇടപെടും എന്ന ബോധ്യത്തിലുള്ള പ്രത്യാശയാണ്. മൂകതയുടെ തടവറയിൽ കിടക്കുന്നവനോടൊപ്പം സ്വതന്ത്രവിഹായസ്സിലേക്കുള്ള ഈശോയുടെയും കുതിച്ചുയരലാണത്.

തുറവിയുടെ വ്യാകരണമാണ് എഫ്ഫാത്ത. ഒരു അതിഥിക്കായി വാതിൽ തുറക്കുന്നത് പോലെ, ശുദ്ധവായുവിനായി ജനാലകൾ തുറക്കുന്നത് പോലെ തുറക്കപ്പെടട്ടെ നിന്റെ ഹൃത്തും മനവും. ദൈവതിരുമുമ്പിലും മനുഷ്യരുടെമുമ്പിലും തുറവിയുള്ളവനാകുക. നിന്റെ പഴയ മുറിവുകൾ വെറുപ്പിന്റെ അടയാളങ്ങളാകാതെ ജീവൻ പകരുന്ന ലൂപ്ഹോൾ അഥവാ പരിഹാരോപായമാകട്ടെ. തുറക്കപ്പെടട്ടെ എല്ലാ നാവുകളും കാതുകളും. ശ്രവിക്കുന്നവർക്കേ സംസാരിക്കാൻ അവകാശമുള്ളൂ. ജല്പനങ്ങളുടെ അതിപ്രസരത്തിൽ ക്രിസ്തുവിന്റെ നാവായ് നീ നിലകൊള്ളുക. കേൾക്കാൻ മനസു കാണിക്കാത്തവരുടെയിടയിൽ എഫ്ഫാത്തയുടെ പര്യായമായി നീ മാറുക.

vox_editor

Recent Posts

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

6 days ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

3 weeks ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

4 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

4 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

4 weeks ago