ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാൾ
യേശു ഒരു ഉയർന്ന മലയിലേക്കു നടന്നു കയറുന്ന ചിത്രത്തോടെയാണ് ഇന്നത്തെ സുവിശേഷ ഭാഗം ആരംഭിക്കുന്നത്. മലകൾ പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയിലേക്കും നിഗൂഢതയിലേക്കുമുള്ള ചൂണ്ടുവിരലുകളാണ്. ജീവിതമെന്നാൽ താഴ്‌വരയുടെ പുൽമേടുകളിൽ ഒതുങ്ങേണ്ടതല്ലെന്നും സ്വർഗ്ഗത്തിലേക്കും പ്രകാശത്തിലേക്കുമുള്ള കയറ്റമാണെന്നും അവ നമ്മെ പഠിപ്പിക്കും. ആ കയറ്റം രൂപാന്തരീകരണത്തിലേക്കുള്ള ഒരു യാത്രയാണ്. അവിടെ സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി നിൽക്കുന്ന യേശു ഉണ്ട്. അവനെ നമ്മൾ കണ്ടുമുട്ടുമ്പോൾ ആ ശോഭയാർന്ന മുഖം നമ്മുടെയും മുഖമായി മാറും. നമ്മുടെ ഉള്ളിന്റെയുള്ളിലെ സൂര്യൻ അപ്പോൾ ഉദിച്ചുയരും. അങ്ങനെ ദൈവത്തിന്റെ ലാവണ്യത്തിൽ നമ്മളും പങ്കുകാരാകും. അപ്പോൾ പത്രോസിനെപ്പോലെ നമ്മളും പറയും; “കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്.”
“നിന്റെ കൂടെ ആയിരിക്കുന്നത് എത്രയോ നല്ലതാണ്” എന്ന് ഒരു ചങ്ങാതി നമ്മോട് പറയുകയാണെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിന്റെ ചാരിതാർത്ഥ്യം. പ്രകാശപൂരിതനായ യേശുവിന്റെ സാന്നിധ്യത്തിൽ ശിഷ്യർ ഒരു ഉണർവ് അനുഭവിക്കുന്നു. അവന്റെ പ്രകാശത്തിൽ അവരുടെ ശീതളമായ ഹൃദയങ്ങൾ ഊഷ്മളമാകുന്നു. വസന്തത്തിന്റെ കടന്നുവരവെന്ന പോലെ അവനിലെ പ്രകാശം അവരുടെ ഹൃദയങ്ങളിൽ പതിച്ചപ്പോൾ നന്മയുടെയും സൗന്ദര്യത്തിന്റെയും വിത്തുകൾ പൊട്ടിമുളക്കുന്നു. അതൊരു പുതിയ സ്വത്വബോധമായി പൂവിടുന്നു: “നിന്നോട് കൂടെ ആയിരിക്കുന്നത് നല്ലതാണ്”.
ക്രൈസ്തവ ജീവിതത്തിന്റെ സാരം ഈ സുവിശേഷത്തിലടങ്ങിയിട്ടുണ്ട്. ഹൃദയത്തിൽ സ്വർഗീയ പ്രകാശം ഉൾക്കൊണ്ട് രൂപാന്തരപ്പെടാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവിനെ ധ്യാനിച്ചുകൊണ്ട് അവിടത്തെ സാദൃശ്യത്തിലേക്ക് നമ്മൾ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നുവെന്ന് പൗലോസപ്പോസ്തലൻ പഠിപ്പിക്കുന്നുണ്ട് (2 കോറി 3:18). ധ്യാനിക്കുകയെന്നാൽ രൂപാന്തരീകരണമാണ്. ഹൃദയനേത്രം കൊണ്ട് എന്താണ് നമ്മൾ കാണുന്നത് അതുമായി ഒന്നാകുന്ന അവസ്ഥയാണത്. പ്രാർത്ഥന നമ്മെ കർത്താവിനു സദൃശ്യരാക്കും. “ഞാനല്ല, എന്നിൽ ക്രിസ്തു ജീവിക്കുന്നു” എന്നു പറയാനുള്ള ആത്മധൈര്യം നമുക്കത് നൽകും.
പത്രോസിന്റെ ഉത്സാഹം വിചിന്തനം ചെയ്യേണ്ട ഒരു വിഷയമാണ്. പത്രോസ് പറയുന്നു എത്രയോ നല്ലതായിരിക്കുന്നുവെന്ന്. നമ്മുടെ വിശ്വാസം ശക്തവും ജൈവികവുമാകണമെങ്കിൽ നമ്മെ വിസ്മയിപ്പിക്കുന്ന ആർദ്രതയുടെ ചില അനുഭവങ്ങളിലൂടെ പത്രോസിനെ പോലെ നമ്മളും കടന്നുപോകണം. എല്ലാ തിരക്കുകളും വ്യഗ്രതകളും മാറ്റിവച്ച് യേശുവിനോടൊപ്പം മലമുകളിലേക്ക് നമ്മളും ചുവടുവയ്ക്കണം. എന്നിട്ട് തുറന്ന മിഴികളോടുകൂടി അവനെത്തന്നെ നോക്കിയിരിക്കാൻ സാധിക്കണം. നിരാശയുടെയും സങ്കടങ്ങളുടെയും താഴ്‌വരയിൽ വസിച്ചിരുന്ന പലരും യേശുവിനോടൊപ്പം മല കയറുകയും “നിന്നോടു കൂടെ ആയിരിക്കുന്നത് എത്രയൊ നല്ലതെന്ന്” ഇന്നും വിളിച്ചു പറയുന്നുണ്ട്. കാറ്റിലാടുന്ന ഞാങ്ങണയല്ല അവരുടെ വിശ്വാസം, അവർ അനുഭവിച്ച സൗന്ദര്യത്തിന്റെ വർണ്ണരേഖകളാണത്. ആ അനുഭവത്തിൽ നിന്നാണ് അവർ ജീവിതത്തിന്റെ ചായക്കൂട്ടുകൾ ഒരുക്കുന്നത്. അങ്ങനെയാണവർ സ്നേഹത്തിന്റെയും നന്മയുടെയും സൗന്ദര്യം പരത്തുന്ന പ്രകാശവാഹകരാകുന്നത്.
ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗം കാഴ്ചയുടെ മാസ്മരികതയാണ് ഒരുക്കിയതെങ്കിൽ, ഇതിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് ശ്രവണത്തിന്റെ ജീവൽതുടിപ്പുകളാണ്. “മേഘത്തിൽ നിന്നും ഒരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ” (v.5). ദൈവത്തിന്റെ സൗന്ദര്യം നമ്മിലേക്ക് പടരുന്നതിനായുള്ള ആദ്യപടി എന്താണെന്നു ചോദിച്ചാൽ അതിനുത്തരം ദൈവത്തിലേക്ക് ചെവി ചായ്ക്കുകയെന്നതാണ്. യേശുവിന്റെ വചനം നമ്മുടെ കാതുകൾക്ക് തുടിയാകുമ്പോൾ, അവൻ നമ്മുടെ കണ്ണുകൾക്ക് പ്രകാശമാകും. സഹനത്തിന്റെ കയത്തിലൂടെ ജീവിതത്തോണി തുഴയേണ്ടി വന്നാലും സൂര്യനെപ്പോലെ മുഖശോഭയുള്ളവനും മേഘങ്ങളിൽ നിന്ന് സ്നേഹത്തിന്റെ വചസ്സുകൾ വർഷിക്കുന്നവനുമായ ദൈവം നമ്മോടു കൂടെയുണ്ടെങ്കിൽ ആരെ നാം ഭയപ്പെടേണം? സുവിശേഷം അവസാനിക്കുന്നത് ശക്തമായ ഒരു സന്ദേശത്തോടുകൂടെയാണ്: “യേശു അവരെ സ്പർശിച്ചുകൊണ്ടു പറഞ്ഞു; എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ടാ” (v.7).
അവസാനമായി, നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ദൈവീകമായ ഒരു കനൽ കെടാതെ കിടക്കുന്നുണ്ട്, യേശുവിനോട് ചേർന്നുനിന്ന് നമുക്ക് അതിനെ ആളി കത്തിക്കാം. അങ്ങനെ സൂര്യനെപ്പോലെ വെട്ടിത്തിളങ്ങാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.