ക്രിസ്തുമസ്സ് കാലം
ജോസഫ് എന്ന കുടുംബനാഥന്റെ സ്വപ്നങ്ങളിലും പ്രവർത്തികളിലും നിറഞ്ഞു നിൽക്കുന്ന ശിശുവിന്റെയും അമ്മയുടെയും ദൈവദൂതന്റെയും ചിത്രമാണ് തിരുക്കുടുംബ തിരുനാളിലെ നമ്മുടെ ധ്യാനവിഷയം. ദൈവോത്മുഖമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തി യിലൂടെ ഒരു കുടുംബത്തിന്റെ മുഴുവന്റെയും ദൈവികതയെ സുവിശേഷകൻ വരച്ചിടുന്നു. ആ കുടുംബത്തിലേക്ക് ഒന്ന് പ്രവേശിക്കുക. ദൈവീക ചോദനയെ സ്വപ്നമായി കൊണ്ടുനടക്കുന്ന കുടുംബനാഥനായ ജോസഫ്. വിശുദ്ധമായ മൗനത്തോടെ നിൽക്കുന്ന അവന്റെ ഭാര്യയായ മറിയം. മിഴികളിൽ ആഴമായ ദൈവിക രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുള്ള കൈക്കുഞ്ഞായ യേശു. ദൈവപരിപാലനയുടെ മൂർത്തഭാവങ്ങളായി ദൈവദൂതന്മാരുടെ കാതോരങ്ങൾ. എല്ലാവരിലും വാക്കുകളേക്കാൾ ഉപരി പ്രവർത്തിയിൽ പ്രകടമാകുന്ന സ്നേഹഭാവം. ഈയൊരു ചിത്രത്തിലൂടെ ഇങ്ങനെയൊക്കെയാണ് കുടുംബം തിരുകുടുംബമാകുന്നത് എന്ന് സുവിശേഷകൻ പറയാതെ തന്നെ പറയുന്നുണ്ട്.
ലോകത്തിന്റെ ഭാഗധേയം തന്നെ മാറ്റി മറിച്ച ഒരു കുടുംബത്തിന്റെ ചിത്രമാണിത്; അപ്പൻ, അമ്മ, കുഞ്ഞ് പിന്നെ ദൈവദൂതനും. അദൃശ്യമായ ഒരു സാന്നിധ്യമായി ദൈവദൂതൻ ഒരംഗമായി മാറുന്നു എന്നതാണ് ഈ കുടുംബത്തിന്റെ ഒരു പ്രത്യേകത. അത് തിരിച്ചറിയുവാനും, ആ ദൂതന്റെ സ്വരം ശ്രവിക്കുവാനും കുടുംബനാഥനായ ജോസഫിന് സാധിച്ചു എന്നതാണ് ആ കുടുംബത്തിന്റെ വിശുദ്ധിക്ക് മാറ്റു കൂട്ടുന്നത്. ദൈവീകമായ സാന്നിധ്യത്തെ തിരിച്ചറിയുമ്പോൾ മാത്രമേ കുടുംബം ജീവന്റെ കണ്ണിയാകുകയും ഭാവിയുടെ കീലകമായി തീരുകയും ചെയ്യുക.
ബന്ധങ്ങളുടെ ഉള്ളിലെ അന്തിമമായ പലതും സംഭവിക്കു. ഹൃദയങ്ങൾ പരസ്പരം കൈമാറുന്നതും, സ്നേഹത്തെ പ്രതി ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതും ഊഷ്മളമായ ബന്ധങ്ങളുടെ ഉൾത്തലങ്ങളിൽ മാത്രമാണ്. അതുകൊണ്ടാണ് ജോസഫ് ദൈവസ്വരം ശ്രവിച്ച് ശക്തമായ തീരുമാനങ്ങൾ എടുക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള ഊർജ്ജമാണ് അവന്റെ വിശ്വാസവും സ്നേഹവും. അതുകൊണ്ടാണ് ദൈവം അവനിൽ സ്വപ്നമായി ഇറങ്ങിവരുന്നത്. ആ സ്വപ്നത്തിന്റെ വിത്ത് വന്നു വീഴുന്നത് ചരിത്രത്തിന്റെ നിരത്തിലാണ്. പിന്നെ സംഭവിച്ചത് ചരിത്രത്തിന്റെ ഗതി മാറിയുള്ള സഞ്ചാരമാണ്.
“അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി” (v.14). രാത്രിയുടെ മറവിൽ പലായനം ചെയ്യുന്ന ദൈവം! ഭാവിയെക്കുറിച്ച് ഒരു വ്യക്തമായ ധാരണയും നൽകാതെ, പോകേണ്ട വഴിയെ കുറിച്ച് ഒരു ഭൂപടവും കൊടുക്കാതെ, തിരിച്ചുവരവിനെ കുറിച്ച് ഒരു വാക്കും പറയാതെ എന്തിനാണ് ദൂതൻ അവനോട് പലായനം ചെയ്യാൻ കൽപ്പിച്ചത്? അപ്പോൾ ഒരു കാര്യം വ്യക്തമാണ്. പലായനത്തിൽ നിന്നും രക്ഷിക്കുന്നവനല്ല ദൈവം. പലായനത്തിൽ രക്ഷയാകുന്നവനാണ് ദൈവം. നിന്നിൽ നിന്നും മരുഭൂമിയെ ഒഴിവാക്കുന്നവനല്ല. മരുഭൂമിയിലെ ശക്തിയാണ് ദൈവം. ഇരുളിൽ നിന്നുള്ള സംരക്ഷണമല്ല. ഇരുളിലെ സംരക്ഷണമാണ് ദൈവം.
മൂന്നുപ്രാവശ്യം ദൂതൻ ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ മൂന്ന് പ്രാവശ്യവും ദൂതൻ നൽകുന്നത് ഭാഗികമായ ചില പ്രവചനാത്മകമായ വിളംബരങ്ങൾ മാത്രമായിരുന്നു. എന്നിട്ടും അറിയാദേശത്തേക്കുള്ള ആ യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് ജോസഫ് ഒരു വിശദീകരണവും ചോദിക്കുന്നില്ല. പൂർണ്ണമായ ഒരു ചക്രവാളം കാണിച്ചു തരാൻ അവൻ ആവശ്യപ്പെടുന്നില്ല. ആദ്യ ചുവടു വയ്ക്കുന്നതിനു മാത്രമുള്ള ഒരു നുറുങ്ങുവെട്ടം മാത്രമുണ്ട് ആ കാൽചുവട്ടിൽ. അതു മതി. അതു മാത്രം മതി ജോസഫിന്. എന്തെന്നാൽ ആ മങ്ങിയ വെട്ടത്തിലെ സാന്നിധ്യമാണ് അവന്റെ ദൈവം.
പ്രവാസത്തിലേക്കുള്ള കാൽവയ്പ്പാണിതെങ്കിൽ തന്നെയും കൂടെയുള്ളവർക്ക് ശ്വാസമായും തനിക്ക് തിരിവെട്ടമായും കൂടെ ഒരു ദൈവമുണ്ടെങ്കിൽ പോകുന്നിടം അടിമത്തത്തിന്റെ ഓർമ്മ പകരുന്ന ഇടമാണെങ്കിലും അവിടവും ഒരു ഭവനമായി മാറുമെന്ന ശക്തമായ ബോധം ജോസഫിന്റെ ഉള്ളിലുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു പലായനം ഒരു സാഹസിക യാത്രയോ സ്വപ്ന യാത്രയോ ഒന്നുമല്ല. മറിച്ച് ദൈവത്തിന്റെ കരങ്ങളിൽ ചുക്കാൻ ഏൽപ്പിച്ചു കൊടുത്തിട്ട് പരിശുദ്ധാത്മാവ് എന്ന കാറ്റിനാൽ നയിക്കപ്പെടുന്ന യാത്രയാണ്.
ജോസഫ് ഒരു പ്രതിനിധിയാണ്. കൂടെയുള്ളവരുടെ നന്മയ്ക്കായി സ്വയം ത്യാഗം ഏറ്റെടുക്കുന്ന, ഉള്ളിലെ സ്വപ്നങ്ങളെ സഹചാരിയുടെ നല്ല ഭാവിക്കായി പകുത്തു നൽകുന്ന, ഭയവും ക്ഷീണവും പരിഗണിക്കാതെ, സഹജരെ സ്നേഹിക്കാൻ മനസ്സുള്ള സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത നീതിമാന്മാരുടെ പ്രതിനിധി. കാഹളം മുഴക്കാതെ, കൈയ്യടി ആഗ്രഹിക്കാതെ, നിശബ്ദമായി തങ്ങളുടെ കടമകൾ നിർവഹിക്കുന്നവരുടെ പ്രതിനിധി. സഹജരുടെ ജീവനെ സംരക്ഷിക്കാൻ ഏതു റിസ്ക്കും എടുക്കാൻ സന്നദ്ധരാകുന്ന എല്ലാ ധീരശാലികളുടെയും പ്രതിനിധി. എവിടെ കാണാൻ സാധിക്കും ഇങ്ങനെയുള്ളവരെ? ദൈവം പ്രവർത്തിക്കുന്ന കുടുംബങ്ങളിൽ മാത്രമേ അവരെ കാണാൻ സാധിക്കു. അങ്ങനെയുള്ള കുടുംബങ്ങൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടോ? നല്ലൊരു ചോദ്യമാണ്. ഉത്തരം നമ്മൾ തന്നെ കണ്ടെത്തണം. കണ്ടെത്തേണ്ടിയിരിക്കുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.