Categories: Meditation

Lent_1st Sunday_പ്രലോഭനങ്ങൾ (മർക്കോ 1: 12-15)

മരുഭൂമിയനുഭവത്തിലൂടെ കടന്നുപോയാൽ മാത്രമേ നമ്മൾ ആരാണ് എന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ...

തപസ്സുകാലം ഒന്നാം ഞായർ

“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു” (മർക്കോ 1:12). എപ്പോഴാണ്? “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ജ്ഞാനസ്നാന വേളയിൽ ദൈവം യേശുവിനോടും ലോകത്തിനോടും അരുൾചെയ്തതിനുശേഷം. ഇനിയുള്ളത് ആത്മാവിൻ്റെ പ്രവർത്തനമാണ്. മരുഭൂമിയിലേക്ക് നയിച്ചു എന്നാണ് മലയാളത്തിൽ എഴുതിയിരിക്കുന്നത്. ഒരു ഗ്രീക്കു വായന നടത്തിയാൽ “അവനെ മരുഭൂമിയിലേക്ക് തള്ളിവിട്ടു” എന്ന അർത്ഥം കാണാൻ സാധിക്കും. ഗ്രീക്കിൽ “ഏക്ബല്ലോ” (ἐκβάλλω) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “നയിച്ചു” എന്നതിനേക്കാൾ ഉപരി “നിർബന്ധിച്ചു കൊണ്ടു പോയി” എന്ന് തന്നെയാണ് ആ പദത്തിൻ്റെ അർത്ഥം. ഇംഗ്ലീഷിൽ “cast out” എന്നാണ് ആ പദത്തിൻ്റെ ആദ്യ അർത്ഥം. അതെ, ദൈവസ്നേഹം അനുഭവിക്കുന്നവൻ മരുഭൂമിയനുഭവങ്ങളിലൂടെയും കടന്നു പോകണം. മരുഭൂമിയിൽ ഇസ്രായേലിന്റെ ചരിത്രങ്ങളും ഓർമ്മകളുമുണ്ട്. അത് പരീക്ഷണത്തിന്റെയും പ്രലോഭനത്തിന്റെയും ഇടമാണ്. ദൈവവുമായുള്ള ആത്മബന്ധത്തിന്റെയും അത്ഭുതങ്ങളുടെയും വിശ്വാസവഞ്ചനയുടെയും അപകടത്തിന്റെയും കൂടി ഇടമാണത്.

തീരുമാനങ്ങൾ എടുക്കേണ്ട ഇടമാണ് മരുഭൂമി. അതുകൊണ്ടാണ് ആത്മാവ് യേശുവിനെ അങ്ങോട്ട് തള്ളിവിടുന്നത്. കാരണം ഓരോ പ്രലോഭനവും നമ്മൾ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾക്കിടയിലുള്ള തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പിൽ വേണ്ടത് സത്യസന്ധതയാണ്. മുന്നിലുള്ള പ്രതിസന്ധികളെ ഒഴിവാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം, അത് ഇരുണ്ട തലങ്ങളാണ്. പക്ഷേ സുവിശേഷം പറയുന്നു അവയെയും നേരിടാനുള്ള ധൈര്യം നമുക്കുണ്ടാകണമെന്ന്. നമ്മുടെ ജീവിതത്തിൻ്റെ ഇരുണ്ട തലങ്ങളെയും നമ്മൾ അഭിമുഖീകരിക്കണം. എന്തെന്നാൽ എല്ലാ പ്രതിസന്ധികൾക്കും പിന്നിൽ നമ്മെ വെല്ലുവിളിക്കുന്ന ഒരു ദൈവമുണ്ട്. മരുഭൂമിയിലേക്ക് നമ്മെ തള്ളിവിടുന്നത് ആത്മാവാണ്. ആ മരുഭൂമിയെ നമ്മുടെ ജീവിതത്തിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ കഴിയുകയില്ല.

ആത്മാവാണ് നമ്മെ മരുഭൂമിയിലേക്ക് കൊണ്ടുപോകുന്നതെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളും പരീക്ഷണങ്ങളും പ്രലോഭനങ്ങളും ആരോഗ്യകരമായിരിക്കും. അവിടെ സ്വർഗ്ഗത്തിന് വേണ്ടിയുള്ള ഒരു നിലപാടെടുക്കാൻ നമുക്ക് സാധിക്കും. ഇങ്ങനെയുള്ള മരുഭൂമി അനുഭവത്തിലൂടെ പോയാൽ മാത്രമേ നമ്മൾ കൂടുതൽ റിയലും തുറവിയുള്ളവരും സ്നേഹിക്കുന്നവരും മനുഷ്യത്വമുള്ളവരുമായി മാറൂ. ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളാണ് നമ്മെ നിശ്ചയദാർഢ്യം ഉള്ളവരാക്കുന്നത്. മരുഭൂമിയനുഭവത്തിലൂടെ കടന്നുപോയാൽ മാത്രമേ നമ്മൾ ആരാണ് എന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ. അത് തിരിച്ചറിവാണ്. ആ തിരിച്ചറിവ് നമ്മോട് കരുണയില്ലാത്ത തിരിച്ചറിവായിരിക്കും. അതുകൊണ്ടാണ് നമ്മൾ മരുഭൂമിയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. ആ പ്രലോഭനങ്ങളുടെ മുമ്പിൽ നിന്നും നമ്മൾ ഒളിച്ചോടുകയും ചെയ്യുന്നത്.

ഒരു രീതിയിൽ പറഞ്ഞാൽ മരുഭൂമിയെന്നത് നമ്മുടെ ആന്തരികത തന്നെയാണ്. ഇടയ്ക്കൊക്കെ ഉള്ളിലേക്ക് ഒന്ന് പ്രവേശിക്കാൻ സാധിക്കണം. അവിടത്തെ നിശബ്ദതയിൽ ഒറ്റയ്ക്കായിരിക്കാൻ ശ്രമിക്കണം. എന്നിട്ട് ആ ശൂന്യത പകരുന്ന ഉന്മാദത്തെയും മനുഷ്യത്വരഹിതമായ ചിന്തകളെയും അഭിമുഖീകരിക്കാനുള്ള ആത്മധൈര്യവും നമുക്കുണ്ടാകണം. ഇന്നുവരെയും ആ മരുഭൂമിയിലൂടെ കടന്നുപോകാത്തവരാണ് സ്വർഗ്ഗത്തിനും മനുഷ്യത്വത്തിനും നിരക്കാത്ത നിലപാടുകളിൽ അഭിരമിക്കുന്നവർ. അവർ ഇപ്പോഴും ദൈവത്തെ കണ്ടുമുട്ടിയിട്ടില്ല. അവരിൽ ഇപ്പോഴും ആത്മാവ് പ്രവർത്തിക്കുന്നുമില്ല.

യേശു അഭിമുഖീകരിച്ച പ്രലോഭനങ്ങൾ എന്തായിരുന്നുവെന്ന് മർക്കോസ് വിവരിക്കുന്നില്ല. പക്ഷേ സന്ദേശം വളരെ വ്യക്തമാണ്; പ്രലോഭനങ്ങളെ ഒഴിവാക്കാനാവില്ല, അവയെ അതിജീവിക്കണം. പ്രലോഭനങ്ങൾ അനിവാര്യമാണ്. കാരണം അവയുണ്ടെങ്കിലെ ജീവിതത്തിൽ തിരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളൂ. അവയില്ലെങ്കിൽ സ്വാതന്ത്ര്യവും അപ്രത്യക്ഷമാകും. മനുഷ്യൻ തന്നെ ഇല്ലാതാകും. പ്രലോഭനങ്ങൾ ഇല്ലെങ്കിൽ തിന്മയെ കൈകാര്യം ചെയ്യേണ്ട ആവശ്യകതയെ വരുന്നില്ല എന്നതാണ് സത്യം.

യേശുവിന്റെ പരസ്യജീവിതത്തിനു മുന്നോടിയായിട്ടാണ് സുവിശേഷങ്ങൾ അവന്റെ പ്രലോഭനങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. തിന്മയുമായുള്ള ഒരു കണ്ടുമുട്ടലാണത്. ഈയൊരു കണ്ടുമുട്ടൽ ഉണ്ടെങ്കിൽ മാത്രമേ ഒരു യഥാർത്ഥ യാത്ര നടത്താൻ സാധിക്കു എന്ന ഓർമ്മപ്പെടുത്തലാണത്. പ്രലോഭനങ്ങൾ എന്നത് ആന്തരിക ഭയങ്ങളുമായുള്ള തീവ്രമായ ഒരു ഏറ്റുമുട്ടലാണ്. ആ ഏറ്റുമുട്ടലിൽ നിന്ന് ശക്തി സംഭരിച്ചതിനുശേഷമാണ് യേശു യാത്ര തിരിക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടൽ നമ്മൾക്ക് നമ്മുടെ ശക്തിയെക്കുറിച്ച് അവബോധം നൽകും. അത് നമ്മെ നൊമ്പരങ്ങളെ അഭിമുഖീകരിക്കാൻ പാകപ്പെടുത്തുകയും ശക്തരാക്കുകയും ചെയ്യും.

ആഹ്ലാദാനുഭവങ്ങൾ ജീവിതത്തെ മനോഹരമാക്കുന്നതുപോലെ നൊമ്പരാനുഭവങ്ങൾ നമ്മെ വളരാൻ പ്രേരിപ്പിക്കുന്നു. ചില പ്രലോഭനങ്ങളെ അഭിമുഖീകരിക്കുമ്പോൾ മാത്രമേ ഇനിയും വളരാനുണ്ട് എന്ന് നമ്മൾക്ക് മനസ്സിലാകൂ.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

23 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago