Categories: Meditation

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

വാസ്തവത്തിൽ അവർ മൂന്ന് ആളുകളാണ്; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്...

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത് അസാധ്യമായ ഒന്നാണ്. ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നതിന്റെ കാരണം വിശദീകരിക്കാൻ ശ്രമിക്കുന്നതു പോലെയാണത്. എന്താണ് സ്നേഹം എന്ന് നമുക്ക് വിശദീകരിക്കാൻ സാധിക്കും, പക്ഷേ അത് അനുഭവമാകുമ്പോൾ മാത്രമേ നമുക്ക് ശരിക്കും മനസ്സിലാകൂ. പരിശുദ്ധ ത്രിത്വം എന്താണെന്ന് വിശദീകരിക്കാൻ നമുക്ക് വേണമെങ്കിൽ വാക്കുകളുടെ നദികളെ ഒഴുക്കാം, പക്ഷേ നമ്മുടെ സ്വന്തം ജീവിതത്തിൽ നാം അത് അനുഭവിക്കുമ്പോൾ മാത്രമേ ദൈവത്തെ മനസ്സിലാക്കാൻ കഴിയൂ.

ദൈവം സ്നേഹമാണ്. അതിനാൽ ദൈവത്തിന്റെ കാര്യങ്ങൾ സ്നേഹത്തിലൂടെ മാത്രമേ മനസ്സിലാകൂ. അതുകൊണ്ടാണ് യേശു ത്രിത്വത്തിലെ സ്നേഹമാകുന്ന പരിശുദ്ധാത്മാവിനെ കുറിച്ച് പറയുന്നത്. ആ ആത്മാവിനെ ലഭിച്ചാൽ മാത്രമേ നമുക്കും ദൈവം ആരാണെന്ന് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കു. അവനു മാത്രമേ ദൈവം ത്രിത്വമാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ സാധിക്കു.

പുറമേ നിന്ന് നോക്കുമ്പോൾ നമുക്ക് ഒരു ദൈവത്തെ മാത്രമേ കാണാൻ കഴിയൂ, പക്ഷേ വാസ്തവത്തിൽ അവർ മൂന്ന് ആളുകളാണ്; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. അവരുടെ സ്നേഹം വളരെ ആഴമുള്ളതാണ്, അത് അവരെ ഒന്നാക്കുന്നു!

ഇന്ന് ദൈവത്തിന്റെ തിരുനാളാണ്, കുടുംബമായ ഒരു ദൈവത്തിന്റെ തിരുനാൾ, ബന്ധങ്ങളിൽ അഭിരമിക്കുന്ന ഒരു ദൈവത്തിന്റെ തിരുനാൾ. ഈ ദൈവം ഒരു ഏകാന്ത അസ്തിത്വമല്ല, മറിച്ച് ജീവനുള്ള, ബന്ധപരമായ യാഥാർത്ഥ്യമാണ്. അവൻ അനന്തമായ ഏകാന്തതയല്ല, അനന്തമായ കൂട്ടായ്മയാണ്. ദൈവം കുടുംബമാണ്. “കുടുംബം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ചലനാത്മക യാഥാർത്ഥ്യത്തെയാണ്. ഇതാ ദൈവം!

ത്രിത്വം ഒരു ഗണിതശാസ്ത്ര പ്രശ്നമല്ല. കാരണം സ്നേഹത്തിൽ കൂട്ടലും കിഴിക്കലുമില്ല. സ്നേഹം ഒരു അനുഭവപരമായ മൂല്യമാണ്. പരസ്പരം ലയിക്കാതെ, പരസ്പരം റദ്ദാക്കാതെ ഒന്നാകുക എന്നതാണ് സ്നേഹത്തിന്റെ പ്രത്യേകത. യഥാർത്ഥ സ്നേഹം ത്രിത്വമാണ്. ഐക്യത്തിലാണെങ്കിലും ഏകീകൃതമല്ല ആ സ്നേഹം. വ്യത്യസ്തരാണെങ്കിലും വിഭജിക്കപ്പെട്ടിട്ടില്ല ആരും അവിടെ. വ്യക്തികൾ എന്ന നിലയിലും സഭ എന്ന നിലയിലും ഈ കൂട്ടായ്മയിലേക്കാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ ത്രിത്വം നമ്മോട് പറയുന്നത് നാം ത്രിത്വത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ്. അതുകൊണ്ടാണ് നമുക്ക് ഏകാന്തത സഹിക്കാൻ കഴിയാത്തത്.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് സഭ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ത്രിത്വത്തിന്റെ പ്രതിച്ഛായയാണ് സഭ. അതുകൊണ്ടാണ് സഭ നിയമങ്ങളെക്കാളും സിദ്ധാന്തങ്ങളെക്കാളും വ്യക്തികൾക്ക് പ്രാധാന്യം കൊടുക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെന്നപോലെ വ്യക്തികളിലെ പാരസ്പര്യമാണ് സഭ. ആ വ്യക്തികളുടെ ഇടയിൽ നിറയുന്ന സ്നേഹമാണ് സഭയുടെ ഉള്ളിലെ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം. അതുകൊണ്ടുതന്നെ സഭയിൽ എല്ലാവരും തുല്യരാണ്. തുല്യരും വ്യത്യസ്തരുമായ വ്യക്തികളുടെ കൂട്ടായ്മ, അതാണ് സഭ. അവിടെ ഓരോ വ്യക്തിക്കും അവന്റെ അഥവാ അവളുടെ തനിമയും ചരിത്രവും കഥയും സ്വപ്നങ്ങളും പരിശ്രമങ്ങളും അഭിലാഷങ്ങളും ഭയങ്ങളുമുണ്ട്. അവിടെ എല്ലാവർക്കും പേരുണ്ട്. അസ്തിത്വമുണ്ട്. ത്രിത്വൈകദൈവത്തിന് പേരുള്ളത് പോലെ.

ദൈവാനുഭവമാണ് പരിശുദ്ധ ത്രിത്വം എന്ന വിശ്വാസ സംഹിതയ്ക്കും എല്ലാ ദൈവശാസ്ത്ര സംഹിതകൾക്കും പിന്നിലുള്ള യാഥാർത്ഥ്യം. അതായത്: ദൈവം ഒരു അനുഭവമായി മാറിയതിന്റെ സൂക്ഷ്മമായ പ്രകാശനങ്ങളാണ് ദൈവശാസ്ത്രപരമായ സിദ്ധാന്തങ്ങൾ മുഴുവനും. അനുഭവിക്കാത്ത ദൈവത്തെ കുറിച്ചുള്ള മാനസികമായ വ്യാപാരങ്ങളൊന്നുമല്ല അവ. മറിച്ച് വ്യക്തിപരമായി അനുഭവിച്ച ദൈവത്തിന്റെ അറിയിപ്പുകളാണവ. ദൈവത്തെ അറിയാതെ ത്രിത്വം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് വെറുതെയാണ്, കാരണം ദൈവം ഒരു ചിന്തയോ തത്ത്വചിന്തയോ അല്ല, ജീവിതമോ അനുഭവമോ ആണ്.

ആദിമ സഭ ആദ്യം ദൈവത്തെ അനുഭവിച്ചു, ജീവിച്ചു, പിന്നീട് അതിന്റെ അർത്ഥം മനസ്സിലാക്കി. ആദ്യശിഷ്യന്മാരുടെ അനുഭവം ഇതായിരുന്നു: നസ്രത്തിലെ യേശുവിൽ ദൈവം ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അവനിൽ അവർ സ്വർഗീയ സ്നേഹത്തിന്റെ ആഴം അനുഭവിച്ചു, അതിന് അടിത്തറയില്ല. ആ അനുഭവം പ്രകടിപ്പിക്കാൻ കഴിയുന്ന ചിത്രം അവർ ഉപയോഗിച്ചു: പിതാവും പുത്രനും ആത്മാവിനാൽ പ്രതിനിധീകരിക്കപ്പെടുന്ന അവരുടെ സ്നേഹവും: പരിശുദ്ധ ത്രിത്വം!

“ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല” (യോഹ 16: 12). എല്ലാം പറയാതെ യേശു പോകുന്നു. അവൻ നമ്മിൽ വിശ്വസിക്കുന്നു. അതിനാൽ അവൻ നൽകിയ കൽപ്പനകളുടെ ലളിതമായ നടത്തിപ്പുകാരല്ല നമ്മൾ, മറിച്ച് ആത്മാവിനാൽ പുതിയ വഴിത്താരകളിൽ സഞ്ചരിക്കാനും, ആരും പര്യവേക്ഷണം ചെയ്യപ്പെടാത്ത പാടങ്ങളെ ഉഴുതുമറിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ്. കാരണം, സത്യം അതിനെ വിവരിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യങ്ങളേക്കാൾ വലുതാണ്. അത് നമ്മൾ അനുഭവിച്ചു തന്നെ അറിയണം.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുക എന്നാൽ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കുന്ന മുൻഗണനകൾ വീണ്ടും കണ്ടെത്തുക എന്നതാണ്. ഒരു ത്രിത്വൈക ഡിഎൻഎ നമ്മുടെ മുൻഗണനകളിലും തിരഞ്ഞെടുപ്പുകളിലും ഉണ്ടോ? എന്താണ് ത്രിത്വൈക ഡിഎൻഎ? ബന്ധങ്ങളെ ബലപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണത്. നമ്മുടെ ബന്ധങ്ങൾ ഗുണപരമായ സന്തോഷവും സംതൃപ്തിയും നമുക്ക് നൽകുന്നുണ്ടോ? ഉണ്ടെങ്കിൽ, ഓർക്കുക, ആ ബന്ധം ത്രിത്വൈക ബന്ധമാണ്. അവിടെ സ്നേഹമുണ്ട്, അവിടെ ദൈവമുണ്ട്.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago