Categories: Meditation

വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

നീയാണ് എന്നെക്കാൾ മുന്നേ സേവിക്കപ്പെടേണ്ടത്... ഇതാണ് സാഹോദര്യത്തിന്റെ യുക്തി...

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ

ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നു ശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന ക്ഷണിക്കപ്പെട്ടവർ വിരുന്നു ശാലയെ ഒരു മത്സര ശാലയാക്കി മാറ്റുന്ന പ്രതീതി. പങ്കുവയ്പ്പിന്റെയും കരുതലിന്റയും ഇടമാകേണ്ട വിരുന്നു ശാല ആർത്തിയുടെയും അസൂയയുടെയും ഇടമായി മാറുന്നത് കണ്ടപ്പോൾ യേശു ഒരു പ്രായോഗിക ഉപദേശം നൽകുകയാണ്; “ആരെങ്കിലും നിന്നെ ഒരു കല്യാണ വിരുന്നിനു ക്ഷണിച്ചാൽ പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്” (v.8). അതു നിന്റെ എളിമയോ വിനയമോ കാണിക്കുന്നതിനു വേണ്ടി വേണ്ടിയല്ല. മറിച്ച് സാഹോദര്യം സൃഷ്ടിക്കുന്നതിനാണ്. നിൻറെ സഹജനോട് ‘ആദ്യം നിനക്ക് ആകട്ടെ എന്നിട്ട് എനിക്ക് ആക്കാം’ എന്നു പറയുന്ന മനോഭാവമാണ് സാഹോദര്യം. എന്നെക്കാൾ പ്രാധാന്യം നിനക്കാണ്. ഞാൻ അവസാന സ്ഥാനത്തിരുന്നു കൊള്ളാം. നീയാണ് എന്നെക്കാൾ മുന്നേ സേവിക്കപ്പെടേണ്ടത്. ഇതാണ് സാഹോദര്യത്തിന്റെ യുക്തി. ഇത് സ്വയം ശൂന്യമാകുന്ന സ്നേഹത്തിൻറെ യുക്തിയാണ്.

നമ്മൾ പലരും കരുതാറുണ്ട് അവസാനത്തെ സ്ഥാനം ശിക്ഷയ്ക്ക് തുല്യമാണെന്ന്. ഓർക്കുക, ആ സ്ഥാനമാണ് ദൈവത്തിൻറെ സ്ഥാനം. എന്തെന്നാൽ ഒരു സേവകൻ ആയി മാറിയ ദൈവമാണ് നമ്മുടെ ദൈവം. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കനാണ് ഞാൻ വന്നിരിക്കുന്നത് എന്ന യേശു വചനം ചിത്രീകരിക്കുന്നത് ദൈവം എന്ന അവസാന സ്ഥാനകനെയാണ്. അവസാന സ്ഥാനം തോറ്റവൻറെ സ്ഥാനമല്ല. അത് വിട്ടുകൊടുത്തവന്റെ സ്ഥാനമാണ്. സ്വന്തമാക്കാൻ കരുത്ത് ഉണ്ടായിട്ടും സാഹോദര്യത്തെ പ്രതി ഒഴിഞ്ഞുമാറിയവനു കിട്ടുന്ന സ്ഥാനമാണത്. ഉള്ളിൽ ലാളിത്യം എന്ന പുണ്യം ഉള്ളവർക്ക് മാത്രമേ അത് സാധിക്കൂ. അല്ലാത്തവർക്ക് ജീവിതം പൊങ്ങച്ചത്തിന്റെ കൂടാരമൊരുക്കലായി മാത്രം അവശേഷിക്കും. അവസാനം ബാബേൽ കൊട്ടാരം തകർന്നടിഞ്ഞതു പോലെ ഞൊടി നിമിഷത്തിൽ എല്ലാം തീരുകയും ചെയ്യും.

അവസാന സ്ഥാനം എന്നത് യേശു വിഭാവനം ചെയ്യുന്ന എതിർ സംസ്കാരത്തിൻറെ ബഹിർസ്ഫുരണമാണ്. ആർഭാടത്തിന്റെ കൊട്ടിഘോഷങ്ങളില്ലാതെ, പൊങ്ങച്ചത്തിൻറെ കൽകൊട്ടാരങ്ങൾ പണിയാതെ, ഒരു കുഞ്ഞു ഹൃദയത്തിലും മുറിപ്പാട് അവശേഷിപ്പിക്കാതെ, നിത്യതയുടെ സൗരഭ്യം പരത്തുന്ന ഇളം തെന്നലായി തഴുകിത്തലോടി തെന്നി നീങ്ങുക. ഒന്നിനോടും ആസക്തിയില്ല. സ്ഥാനമാന മോഹങ്ങളില്ല. സ്നേഹത്തെ പ്രതിയുള്ള സ്വയം ശൂന്യവൽക്കരണം മാത്രം.

ആതിഥേയനോടുമുണ്ട് ഇത്തിരി കാര്യങ്ങൾ; “നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്‍െറ സ്‌നേഹിതരെയോ സഹോദരരെയോ ബന്‌ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്‌” (v.12). നോക്കുക, ഇവരെല്ലാവരും ബന്ധങ്ങളെ തുലനാവസ്ഥയിൽ നിലനിർത്തുന്ന കൊടുക്കൽ/വാങ്ങൽ പ്രക്രിയകൾക്ക് ഉറപ്പുനൽകുന്നവരാണ്. നിനക്ക് സംരക്ഷണമായി മാറും എന്നു കരുതുന്നവരാണവർ. നീ നൽകിയ നന്മകൾ ഇന്നല്ലെങ്കിൽ നാളെ അവർ നിനക്ക് തിരിച്ചു നൽകും. അല്ലെങ്കിൽ നീ അങ്ങനെ പ്രതീക്ഷിക്കും. തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന സ്നേഹം പൂർണമാണോ? സ്നേഹം പൂർണമാകുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുമ്പോഴാണ്. പ്രതിഫലേച്ഛയില്ലാതെ നൽകുമ്പോഴാണ് ദാനങ്ങൾ ദൈവികമാകുന്നത്. നീ ദാനമായി മാറേണ്ടത് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിലായിരിക്കരുത്. നിൻറെ ജീവിത പരിസരത്തിന്റെ വൃത്തപരിധിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ അതിൻറെ അതിരുകളിലേക്ക് നിന്റെ നന്മകൾ എത്തണം. അവിടെ മറ്റൊരു ലോകമുണ്ട്. നിൻറെ സമൃദ്ധിയിൽ ആ ലോകത്തെ ഒരിക്കലും അവഗണിക്കരുത്.

“നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്‌ഷണിക്കുക” (v.13). ക്ഷണിക്കപ്പെടാത്തവരെ ക്ഷണിക്കുക. കൂട്ടായ്മയിൽ നിന്നും ഒഴിവാക്കപ്പെട്ടവരോട് കൂട്ടായ്മ ഉണ്ടാക്കുക. പ്രതിഫലേച്ഛയില്ലാതെ നൽകുക. യേശുവിന് ഒരു സ്വപ്നമുണ്ട്. ആരും ആരെയും ഒഴിവാക്കാത്ത ഒരു ലോകം. പ്രാന്ത പ്രദേശങ്ങളിൽ നിന്നും കെട്ടിപ്പടുക്കുന്ന ഒരു നഗരം. നിരയുടെ ഒടുവിൽ നിൽക്കുന്നവനിൽ നിന്നും, ഒരു വറ്റ് ചോറിൽ പശി അടക്കുന്നവനിൽ നിന്നും ആരംഭിക്കുന്ന നീതി വിളങ്ങുന്ന ഒരു ലോകം.

“അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല” (v.14). ഭാഗ്യവാൻ എന്നതിന് ഗ്രീക്ക് ഭാഷയിൽ makarios എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് സന്തോഷവാൻ, അനുഗ്രഹീതൻ എന്നൊക്കെ അർത്ഥമുണ്ട്. ഒരു കാര്യം നീ ഓർക്കണം. സ്വന്തം നിലനിൽപ്പിനു വേണ്ടി ചെയ്യുന്ന പ്രയത്നങ്ങളിൽ നിന്നും കിട്ടുന്ന അനുഭൂതിയല്ല സന്തോഷം. മറിച്ച് സഹജന്റെ പുഞ്ചിരിയിൽ നിന്നും നിന്നിലേക്ക് പടരുന്ന അനുഭവമാണത്. നീ ഭാഗ്യവാൻ ആകുന്നത് തിരിച്ചു കിട്ടില്ല എന്ന ഉത്തമബോധ്യത്തോടെ സഹജരിലേക്ക് നന്മയായി ഇറങ്ങിച്ചെല്ലുമ്പോൾ മാത്രമാണ്. സാധുക്കളിൽ ഔചിത്യമില്ലാത്ത ഔദാര്യമായി സ്നേഹവും നന്മയും പകർന്നു നൽകുമ്പോൾ നിനക്കും ദൈവത്തിൻറെ ഒരു നിഴലായി മാറാൻ സാധിക്കും. നീ അനുഗ്രഹീതൻ ആകുന്നത് ഉന്നതത്തിൽ നിന്നും ദാനങ്ങൾ ലഭിക്കുമ്പോൾ മാത്രമല്ല, ഉള്ളതിൽ നിന്നും പ്രതിഫലേച്ഛയില്ലാതെ സഹജരുമായി പങ്കുവയ്ക്കുമ്പോഴും കൂടിയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ; പരസ്പര സ്നേഹം എവിടെയുണ്ടോ അവിടെ മാത്രമേ അനുഗ്രഹവും ഭാഗ്യവും സന്തോഷവും ഉണ്ടാകു. നിനക്ക് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ നൽകാൻ പഠിക്കുക.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

5 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

7 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

1 week ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago