Categories: Sunday Homilies

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ

 

യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്. അവൻ എപ്പോഴും മറ്റുള്ളവരുടെ ഭവനങ്ങളിലാണ്. യോഹന്നാന്റെ സുവിശേഷമാണ് പറയുന്നത് മർത്തായുടെയും മറിയത്തിന്റെയും ഭവനം ഒരു സൗഹൃദ ഇടമാണെന്ന കാര്യം. തന്റെ സ്നേഹിതൻ ലാസറിന്റെ ഭവനമാണത്. സൗഹൃദം തേടുന്ന ദൈവം. നസ്രായേൻ ദൈവം മാത്രമല്ല, പച്ച മനുഷ്യൻ കൂടിയാണ്. അവൻ ആതിഥ്യം തേടുന്നു, ഒരു വീട് അന്വേഷിക്കുന്നു. അവനും വേണം സൗഹൃദങ്ങളും സംവാദങ്ങളും. അവനു വീടില്ല. നമ്മുടെ വീടുകളാണ് അവൻ്റെ വീട്. അവൻ നമ്മുടെ വീട്ടിലെ ഒരാളാണ്, കുടുംബത്തിലെ ഒരാളാണ്. ഔപചാരികതയില്ലാതെ സ്വാഗതം ചെയ്യാവുന്ന അടുത്ത ബന്ധുവാണ് അവൻ (ബന്ധു എന്നതിന് ഹീബ്രൂ ഭാഷയിൽ גָּאַל = ga’al എന്ന പദമാണ് ഉപയോഗിക്കുന്നത്. അതിന് വിമോചകൻ എന്നും അർത്ഥമുണ്ട്). നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ഈ ബന്ധുവുമായി അല്ലെങ്കിൽ ഈ സുഹൃത്തുമായി “സംസാരിക്കുന്നതിന്റെ” “സമയം ചിലവഴിക്കുന്നതിന്റെ” സന്തോഷം നമ്മൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ ഇടവകകൾ ലാസറിന്റെ ഭവനംപോലെ ബന്ധങ്ങൾ വളർത്തിയെടുക്കുന്ന സ്ഥലങ്ങളാകണം. ശുശ്രൂഷയും പ്രാർത്ഥനയും ശ്രവണവും ഉള്ള ഇടങ്ങൾ. ഓർക്കുക, പരസ്പരം ശ്രവിക്കാൻ ചെലവഴിക്കുന്ന സമയം ഒരിക്കലും പാഴാകില്ല.

യേശുവിനായി വിരുന്ന് ഒരുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവളാണ് മർത്താ. ആ വിരുന്നിൽ ഒരു കുറവും ഉണ്ടാകരുത്; അതിനായി അവൾ മേശ ഒരുക്കുന്നു, ഭക്ഷണം തയ്യാറാക്കുന്നു, എല്ലാം ക്രമീകരിക്കുന്നു. അവൾ ആവേശഭരിതയാണ്, തിരക്കിലാണ്. സുവിശേഷം പറയുന്നു അവൾ പലവിധ ശുശ്രൂഷകൾ അഥവാ “πολλὴν διακονίαν” (pollēn diakonian) ചെയ്യുകയായിരുന്നു എന്നാണ്. ശുശ്രൂഷ എന്നതിന് ഡിയക്കോണിയ (διακονία) എന്ന പദമാണ് സുവിശേഷകൻ ഉപയോഗിക്കുന്നത്. ഒരുപക്ഷേ ഇതൊരു വിമർശനമായിരിക്കാം. നമ്മളും ഒത്തിരി ശുശ്രൂഷകൾ ചെയ്യുന്നു, പക്ഷെ വചനം ശ്രദ്ധയോടെ കേൾക്കുന്നതിന് കുറവ് വരുത്തുന്നു. സഭയ്‌ക്കുവേണ്ടിയും സഭയിൽ ആയിരിക്കുന്നതിനുവേണ്ടിയും പ്രവർത്തിക്കുകയും ക്ഷീണിതരാകുകയും ചെയ്യുന്നവരുടെ മാതൃകയാണ് മർത്താ. അവൾ ധാരാളം ചെയ്യുന്നു, അത് സത്യമാണ്, പക്ഷേ യേശുവിന് ആവശ്യമുള്ളതല്ല.

യേശുവിന് എന്താണ് വേണ്ടതെന്ന് മർത്താ ഇതിനകം തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതിനുവേണ്ടി അവൾ കഷ്ടപ്പെടുകയാണ്. അവന് എന്താണ് വേണ്ടതെന്ന് അവൾക്ക് അവനോട് നേരിട്ട് ചോദിക്കാമായിരുന്നു. വാസ്തവത്തിൽ, യേശു അവളെ തിരിച്ചറിയേണ്ടതായിരുന്നു. അവനുവേണ്ടിയുള്ള അവളുടെ പ്രയത്നങ്ങളെ അഭിനന്ദിക്കാമായിരുന്നു. പക്ഷേ അവളുടെ ഔദാര്യവും ശുശ്രൂഷാമനോഭാവവും സഹോദരിയെ കുറ്റപ്പെടുത്തുന്നതിലാണ് അവളെ എത്തിക്കുന്നത്: “കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്‍റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക” (10: 40).

യേശു സ്നേഹപൂർവ്വം മർത്തായുടെ ഉൾക്കണ്ഠയെയും അസ്വസ്ഥതയെയും തുറന്നു കാണിക്കുന്നു. “മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല” (10: 41-42). സഹോദരരെ സേവിക്കുന്നതിനേക്കാൾ നല്ലത് പ്രാർത്ഥിക്കുന്നതാണ് എന്ന ചിന്ത ഈ വരികളിലില്ല. “ശുശ്രൂഷാ ജീവിതത്തെയും” “ധ്യാനാത്മക ജീവിതത്തെയും” തമ്മിൽ അവൻ താരതമ്യം ചെയ്യുന്നുമില്ല. യേശു സേവനത്തെ എതിർക്കുകയല്ല, മറിച്ച് ഉത്കണ്ഠയെയാണ്; അവൻ മർത്തായുടെ ഔദാര്യത്തെയല്ല, അവളുടെ ആവേശത്തെയാണ് വെല്ലുവിളിക്കുന്നത്. കർത്താവിനെ ശ്രദ്ധിക്കുന്നതും ശ്രദ്ധിക്കാതിരിക്കുന്നതും തമ്മിലുള്ള എതിർപ്പാണത്.

സഭയിൽ പതിയിരിക്കുന്ന ചില “ആവേശങ്ങളിൽ” നമ്മൾ ജാഗ്രത പാലിക്കണം. ഒത്തിരി പ്രവർത്തനങ്ങൾ, ഒത്തിരി ലക്ഷ്യങ്ങൾ, ഒത്തിരി തിരക്ക്… ഇവയൊന്നും മോശമാണെന്നല്ല പറയുന്നത്, മർത്തായെപ്പോലെ തിടുക്കത്തിൽ ചെയ്താൽ അവ ഫലശൂന്യവും ഉപയോഗശൂന്യവുമാകും എന്നാണ്. സഭ എന്ന ഭവനത്തിനുള്ളിൽ പരസ്പരമുള്ള ശ്രവണവും ബന്ധങ്ങളുമായിരിക്കണം നിയമങ്ങൾക്കും ഘടനകൾക്കും മുമ്പേ മുൻഗണന കൊടുക്കേണ്ടത്. അമിതവും ആവശ്യമുള്ളതും തമ്മിൽ നമ്മൾ വേർതിരിച്ചറിയേണ്ടതുണ്ട്. മർത്താ ഉത്കണ്ഠാകുലയാണ്. സൂക്ഷ്മവും അപകടകരവുമായ ഈ “രോഗത്തിന്” ഇരയാകുന്നതിനെതിരെ യേശു തന്റെ ശിഷ്യന്മാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്തായിരിക്കണം നമ്മുടെ മുൻഗണനകളെന്നും എങ്ങനെയായിരിക്കണം നമ്മുടെ ശ്രേണികളെന്നുമാണ് ആ മുന്നറിയിപ്പുകൾ. സഭയിൽ ശുശ്രൂഷ തീർച്ചയായും പ്രധാനമാണ്, പക്ഷേ പ്രഥമമല്ല. നമ്മൾ ചെയ്യുന്ന കാര്യങ്ങളല്ല നമ്മൾ. ദൈവവുമായി ബന്ധപ്പെട്ട്, നമ്മൾ സേവനങ്ങൾ മാത്രം പങ്കിടന്നവരാകരുത്; നമുക്ക് ചിന്തകളും വികാരങ്ങളും സ്വപ്നങ്ങളും കൂടി കൈമാറാൻ കഴിയണം. യേശു ദാസന്മാരെയല്ല, സുഹൃത്തുക്കളെയാണ് അന്വേഷിക്കുന്നത്. ഞാൻ ദൈവത്തിനുവേണ്ടി എന്തു ചെയ്യുന്നു എന്നതല്ല വിശ്വാസത്തിന്റെ കേന്ദ്രം, ദൈവം എനിക്കു വേണ്ടി എന്തു ചെയ്യുന്നു എന്നതാണ്. ദൈവത്തിനുവേണ്ടി നമ്മൾക്ക് ഒന്നും ചെയ്യാനില്ല, അവനുവേണ്ടി നിറവേറ്റാൻ നമുക്ക് കടമകളുമില്ല. നമ്മൾ ചെയ്യേണ്ടത് ദൈവം നമ്മൾക്കുവേണ്ടി എന്തുചെയ്യുന്നു എന്ന അത്ഭുതത്തിലേക്ക് സ്വയം തുറക്കുക എന്നതാണ്. വ്യക്തമായ ഒരു നിയോഗമില്ലാതെ പ്രവർത്തിക്കുന്നത് നമ്മുടെ ആത്മാവിനെ നശിപ്പിക്കും. പ്രവൃത്തി പ്രാർത്ഥനയായാൽ നമ്മിൽ പരിഭവങ്ങളുണ്ടാകില്ല. ആന്തരീകത ഇല്ലാതാകുമ്പോഴാണ് നമ്മുടെ ശുശ്രൂഷകളുടെ ആധികാരികത നഷ്ടപ്പെടുന്നത്.

മറിയം തന്റെ സഹോദരിയെപ്പോലെയല്ല, അവൾ യേശുവിന്റെ ആവശ്യം മനസ്സിലാക്കുന്നു. ശ്രവിക്കപ്പെടാനാണ് അവൻ ആ ഭവനത്തിൽ വന്നത്. ഈ സൗഹൃദഭവനത്തിൽ തന്നെ മറ്റുള്ളവർ സേവിക്കണമെന്നോ ബഹുമാനിക്കണമെന്നോ അവൻ ആഗ്രഹിക്കുന്നില്ല. മറിയം ഒരു വാക്കുപോലും പറയുന്നില്ല; അവൾ നിശബ്ദയായി അവനെ ശ്രവിക്കുന്നു, ശ്രദ്ധിക്കുന്നു. ലൂക്കായുടെ കാഴ്ചപ്പാടിൽ അവൾ ശിഷ്യത്വത്തിന്റെ മാതൃകയാണ്; അവൾ അവൻ്റെ കാൽപാദത്തിങ്കൽ ഇരിക്കുന്നു, വചനം ശ്രവിക്കുന്നു. ഒരു സ്ത്രീ യേശുവിന്റെ ശിഷ്യയാകുന്നു!

നമ്മിൽ എല്ലാവരിലുമുണ്ട് ഈ മർത്തായും മറിയവും. അത്യധികമായി അവർ രണ്ടു ധ്രുവങ്ങളല്ല. സഭയിൽ അവർ തമ്മിൽ വൈരുദ്ധ്യങ്ങളല്ല, പാരസ്പര്യമാണുള്ളത്. മർത്താ ശുശ്രൂഷയുടെ പ്രതീകമാണെങ്കിൽ, മറിയം സ്നേഹത്തിൻ്റെതാണ്. സ്നേഹമാണ് എല്ലാം ശുശ്രൂഷകളുടെയും ഉറവിടം. അതുപോലെതന്നെ എല്ലാ സ്നേഹവും മൂർത്തമായ പ്രവർത്തികളിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അത് വെറും വാചാലത മാത്രമായി ഒതുങ്ങും. ശുശ്രൂഷയും ശ്രദ്ധയും സ്നേഹത്തിന്റെ രണ്ടു വഴികളാണ്. ഇവ രണ്ടുമാണ് നമ്മുടെ അനുദിന ജീവിതത്തെ അനുപമമാക്കുന്നത്. നമുക്കാർക്കും മർത്താ മാത്രമായി മാറാൻ സാധിക്കില്ല, അതുപോലെതന്നെ മറിയമായി വസിക്കാനും പറ്റില്ല. നമ്മൾ “മർത്തായും മറിയവും” ആണ്. യേശുവിൻ്റെ വചനം ശ്രവിച്ചുകൊണ്ട് നമ്മൾ ദൈവത്തിൽ വേരുറപ്പിക്കുകയാണെങ്കിൽ, മനുഷ്യരാശിയെ സേവിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല.

/// മാർട്ടിൻ N ആൻ്റണി ///

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago