പ്രത്യക്ഷവൽക്കരണ തിരുനാൾ
പ്രത്യക്ഷവൽക്കരണം അഥവാ വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ സ്വകാര്യ സ്വത്തായിരുന്ന ദൈവം ലോകത്തിന്റെ നിധിയാണെന്ന വെളിപ്പെടുത്തലും ആഘോഷവുമാണ് ഈ തിരുനാൾ. ലൂക്കായുടെ സുവിശേഷത്തിൽ ഇടയന്മാർക്കാണ് മിശിഹായെക്കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്, മത്തായിയിൽ അത് ജ്ഞാനികൾക്കാണ്. രണ്ടിടത്തും സന്ദേശം ഒന്നുതന്നെയാണ്: ദൈവം എല്ലാവരുടേതുമാണ്, അവന്റെ സ്നേഹത്തിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടുമില്ല. ലൂക്കാ സമൂഹത്തിലെ തിരസ്കൃതരായ ഒരുകൂട്ടം ആളുകളുടെ ഇടയിൽ മിശിഹായെ അവതരിപ്പിക്കുമ്പോൾ, മത്തായി അവതരിപ്പിക്കുന്നത് ഇസ്രായേൽ നിരസിച്ച വിജാതിയരുടെ മുന്നിലാണ്. ഇതാ, തിരസ്കരിക്കപ്പെട്ടവർ ദൈവസ്നേഹത്താൽ വലയം ചെയ്യപ്പെടാൻ പോകുന്നു.
മത്തായിയുടെ സുവിശേഷത്തിലെ ജ്ഞാനികളുടെ സന്ദർശനം എന്ന ഉപാഖ്യാനം ആദിമ ക്രൈസ്തവർക്ക് അസ്വസ്ഥത ഉളവാക്കിയ ഒരു സംഭവമായിരുന്നുവെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ജ്ഞാനി എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്ന മാഗോസ് (μάγος) എന്ന ഗ്രീക്ക് പദത്തിന് ജ്യോത്സ്യൻ, മന്ത്രവാദി, ആഭിചാരകൻ എന്നീ അർത്ഥങ്ങളുണ്ട്. വിശുദ്ധഗ്രന്ഥം അപലപിക്കുന്ന കൂട്ടരാണിത്. എന്നിട്ടും യേശുവിനെ ആരാധിക്കാൻ ആദ്യം വരുന്നത് അവരാണ്. ദൈവത്തിന്റെ സ്വന്തം എന്ന് കരുതുന്നവർക്ക് ബത്‌ലഹേമിലെ ഒരു ശിശുവിൽ അവനെ തിരിച്ചറിയാൻ സാധിച്ചില്ല. മന്ത്രവാദികളും വിജാതീയരും എന്ന് കരുതുന്നവർ അവനെ തിരിച്ചറിയുന്നു. വ്യാഖ്യാനങ്ങൾ കടന്നുവന്നപ്പോഴാണ് മാഗോസുകൾ വാനനിരീക്ഷകരും ശാസ്ത്രജ്ഞരും ജ്ഞാനികളുമായൊക്കെയായി മാറിയത്. ഇന്നത്തെ വ്യാഖ്യാനങ്ങളിൽ അവർ കാല്പനിക കഥാപാത്രങ്ങളാണ്, രാജാക്കന്മാരാണ്. മൂന്ന് സമ്മാനങ്ങളെക്കുറിച്ച് സുവിശേഷം പറയുന്നതുകൊണ്ട് അവർ മൂന്നു പേരെ ഉണ്ടായിരുന്നുവെന്നും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കിഴക്കുനിന്നും വന്നവരാണ് അവർ. സൂര്യനുദിക്കുന്ന ഇടം എന്ന നിലയിൽ കിഴക്ക് ദാനത്തിന്റെ അടയാളമാണ്. ഒപ്പം കിഴക്ക് തന്നെയാണ് നോദു ദേശവും. അത് അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ ഇടമാണ്. വിജാതീയരുടെ ഇടം. അവിടെനിന്നാണ് അവനെ കാണാൻ അവർ പുറപ്പെട്ടിരിക്കുന്നത്. അടുത്തിരിക്കുന്നവർ ദൈവത്തെ കാണുന്നില്ല. അകലെയായിരിക്കുന്നവർ അവനെ തേടി അലഞ്ഞു തിരിയുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ സുവിശേഷത്തിലെ ജ്ഞാനികൾ ശിഷ്യത്വത്തിന്റെ മാതൃകയാണ്. ദൈവം അടുത്തുണ്ട് എന്ന് വിചാരിക്കുന്നവർ അവനെ കണ്ടെത്തണമെന്നില്ല. അവനെ അന്വേഷിക്കുന്നവർ മാത്രമേ കണ്ടെത്തുകയുള്ളൂ.
ദൈവാന്വേഷണം എവിടെ നിന്നും തുടങ്ങുന്നു എന്നതല്ല ശരിക്കും പറഞ്ഞാൽ ഇവിടുത്തെ വിഷയം. അടുത്തുനിന്നോ അകലെനിന്നോ എന്നത് ഒരു പ്രശ്നമേയല്ല. എത്രത്തോളം അവനെ തേടുന്നു എന്നതാണ്. അവനിലേക്ക് നയിക്കുന്ന ഒരു നക്ഷത്രത്തിൽ, ഒരു അടയാളത്തിൽ, ഒരു വചനത്തിൽ എത്രമാത്രം നമ്മൾ ആശ്രയിക്കുന്നു എന്നതു കൂടിയാണ്. അവിടെ സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഉണ്ടാകും. അവയെ അഭിമുഖീകരിക്കാനും അതിജീവിക്കാനും സാധിക്കണം. ദൈവം നല്ലവരുടെ മാത്രം ദൈവമാണെന്ന് കരുതരുത്. അവൻ എല്ലാവരുടേതുമാണ്. എല്ലാവർക്കും അവനെ അനുഭവിക്കാനുള്ള അവസരമുണ്ട്. ദൈവം നല്ലവരുടെ മാത്രം സ്വന്തമായി ചുരുങ്ങിയിരുന്നെങ്കിൽ സുവിശേഷം ഒരിക്കലും ഒരു നല്ല വിശേഷമാകുമായിരുന്നില്ല.
വൈരുദ്ധ്യാത്മകമായ വരികളിലൂടെയാണ് ജ്ഞാനികളുടെ തേടലിനെയും ഹേറോദേസിന്റെയും പുരോഹിതരുടെയും തുറവിയില്ലായ്മയെയും സുവിശേഷകൻ ചിത്രീകരിക്കുന്നത്. പുരോഹിതർ ദൈവത്തിനോട് അത്ര അടുത്തായിരുന്നു. പക്ഷേ അവർ ഒന്നും കണ്ടില്ല. അവർക്ക് ഒന്നും മനസ്സിലായുമില്ല. മിശിഹാ അവരുടെ അടുത്തുതന്നെയുണ്ട്. ഒരു കല്ലേറ് ദൂരം മാത്രം. കണ്ണുകൾ ഉയർത്തി ഒന്ന് നോക്കിയാൽ മതി. പക്ഷേ അവർ ചെയ്യുന്നില്ല. അവർ വിശുദ്ധഗ്രന്ഥം വായിക്കുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്. ഏതാനും കാലടികൾ അകലെയുള്ള മിശിഹായെ മാത്രം പക്ഷെ അവർക്ക് കാണാൻ സാധിക്കുന്നില്ല.
മിശിഹായുടെ നക്ഷത്രത്തെ ദൂരെ നിന്നും കണ്ടവരാണ് ജ്ഞാനികൾ. അവർ കണ്ടു, ഇറങ്ങി തിരിച്ചു. സംശയങ്ങളും ആശങ്കകളും കൊണ്ട് നിറഞ്ഞതായിരുന്നു ആ യാത്ര. എങ്ങോട്ടെന്നറിയാതെയാണ് അവർ ഇറങ്ങിത്തിരിച്ചത്. അബ്രാഹത്തിന്റേതു പോലെയുള്ള ഒരു യാത്രയായിരുന്നു അത്. എങ്ങോട്ടാണ് നക്ഷത്രം കൊണ്ടുപോകുന്നത്? അറിയില്ല. എങ്കിലും നടക്കണം. കാരണം, വിശ്വാസയാത്രയ്ക്ക് ഒരു ലക്ഷ്യസ്ഥാനമില്ല. യാത്രയാണ് ലക്ഷ്യസ്ഥാനം! ഇറങ്ങിത്തിരിക്കുന്നവർക്കേ അവനെ കാണാൻ സാധിക്കൂ. ഹൃദയത്തിന്റെയും യുക്തിയുടെയും വടക്കുനോക്കിയന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവനെ തേടണം. ലൂക്കായുടെ സുവിശേഷത്തിൽ ഇടയന്മാർ ഹൃദയവഴി പിന്തുടരുമ്പോൾ, മത്തായിയുടെ സുവിശേഷത്തിൽ ജ്ഞാനികൾ യുക്തിവഴിയാണ് സ്വീകരിക്കുന്നത്. അതായത്, ദൈവാന്വേഷണ വീഥിയിൽ യുക്തിയും വിശ്വാസവും നമുക്ക് താങ്ങായി നിൽക്കണം. അങ്ങനെ വിശ്വാസത്തിന്റെ പടിവാതിൽക്കൽ നമ്മൾ എത്തിക്കഴിഞ്ഞാൽ ബുദ്ധിയും ഹൃദയവും നമ്മൾ ഉപയോഗിക്കണം. യുക്തി മാത്രമായാൽ അനന്തമായതിനെ മനസ്സിലാക്കാൻ സാധിക്കുകയില്ല. ഇനി ഹൃദയം മാത്രമായാലോ, വിശ്വാസം ഒരു വൈകാരിക വിഷയം മാത്രമായി ചുരുങ്ങും.
അടയാളങ്ങളാണ് ക്രിസ്തുമസ് കാലയളവിന്റെ സൗന്ദര്യം. മറിയത്തിന് മാലാഖ ഒരു അടയാളമാകുന്നു. ജോസഫിന് സ്വപ്നവും ഇടയന്മാർക്ക് പുൽത്തൊട്ടിയിലെ കുഞ്ഞും ജ്ഞാനികൾക്ക് നക്ഷത്രവും ഹേറോദേസിന് ജ്ഞാനികളും അടയാളങ്ങളാണ്. ദൈവത്തിലേക്ക് നയിക്കാൻ അടയാളങ്ങൾ എപ്പോഴും നമ്മുടെ മുന്നിലുണ്ട്. അവ എങ്ങനെ വായിക്കണമെന്ന് അറിഞ്ഞാൽ മാത്രം മതി. പലപ്പോഴും അടയാളങ്ങളെ തിരിച്ചറിയാൻ നമുക്ക് സാധിക്കാറില്ല. നമ്മൾ കണ്ടുമുട്ടുന്നവർ തന്നെയാണ് ദൈവത്തിലേക്ക് നമ്മെ നയിക്കുന്ന അടയാളങ്ങൾ. നക്ഷത്രങ്ങളാണവർ. അതെ, മനുഷ്യരാണ് താരകങ്ങൾ. അതുകൊണ്ടാണ് വിശുദ്ധ അഗസ്റ്റിൻ പറയുന്നത് മനുഷ്യനിലേക്ക് നടക്കുക നിങ്ങൾ ദൈവത്തെ കണ്ടെത്തുമെന്ന്. പുസ്തകത്താളുകളിലല്ല, മനുഷ്യരിലാണ് ദൈവം മറഞ്ഞുനിൽക്കുന്നത്.
ജ്ഞാനികളെപ്പോലെ എങ്ങനെ നമുക്ക് അടയാളങ്ങളിലൂടെ ദൈവത്തിലേക്ക് എത്താൻ സാധിക്കും? അതിന് നാല് നുറുങ്ങു വഴികളുണ്ട്.
ഒന്ന്, മുകളിലേക്ക് നോക്കുക. അതിനായി സ്വന്തം ചട്ടക്കൂടിൽ നിന്നും നമ്മൾ പുറത്തേക്ക് വരണം.
രണ്ട്, നക്ഷത്രത്തിന്റെ പിന്നാലെ നടക്കുക. അന്വേഷിക്കണം യുക്തിയും ഹൃദയവും ഉപയോഗിച്ചുകൊണ്ട്. ഒറ്റയ്ക്കല്ല, ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കണം.
മൂന്ന്, തെറ്റുകളെ ഓർത്ത് ഭയപ്പെടരുത്. അറിയാതെ ഹേറോദേസിന്റെ കൊട്ടാരങ്ങളിലൊക്കെ കയറിപ്പോകും. എങ്കിലും യാത്ര നിർത്തരുത്. തുടരണം. വീണാലും ഏഴെഴുപത് പ്രാവശ്യം എന്നതുപോലെ വീണ്ടും വീണ്ടും എഴുന്നേൽക്കണം.
നാല്, ഉള്ളിലെ ആഗ്രഹത്തെ ജൈവികമായി നിലനിർത്തണം. ജീവസുറ്റ ആഗ്രഹങ്ങൾ യാത്രയെ മനോഹരമാക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം നഷ്ടപ്പെട്ടാലും ആഗ്രഹം നിലനിൽക്കും.
അത് നമ്മെ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകും. അപ്പോൾ നമ്മൾ തിരിച്ചറിയും ദൈവസ്നേഹത്തിന് അതിരുകളില്ല. ദൈവം നല്ലവരുടെ മാത്രം സ്വന്തവുമല്ല. അർഹതപ്പെട്ടവർക്കും അർഹതയില്ലാത്തവർക്കും അടുത്തുള്ളവർക്കും അകലെയുള്ളവർക്കും അവൻ സ്വന്തമാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.