Categories: Meditation

Advent 2nd Sunday_2025_ഭയമല്ല, സ്നേഹമാണ് മാനസാന്തരം (മത്താ 3:1-12)

സ്നാപകൻ പ്രഘോഷിക്കുന്നത് വിധിയാളനും ശിക്ഷകനുമായ ഒരു മിശിഹായെയാണ്...

ആഗമനകാലം രണ്ടാം ഞായർ

രക്ഷാകരചരിത്രത്തിന്റെ യാത്ര അതിന്റെ അവസാനഘട്ടമായ രക്ഷകനിൽ എത്തിയിരിക്കുന്നു. രക്ഷകനായുള്ള കാത്തിരിപ്പിന്റെ ചരിത്രം പൂർത്തിയാകുന്നു. അതു തിരിച്ചറിഞ്ഞ പ്രവാചകന്റെ ആനന്ദം ഒരു നിലവിളിയായി പൊട്ടിത്തെറിക്കുന്നു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു”. ഇതൊരു ആർത്തുവിളിയാണ്, വികാരഭരിതമായ കരച്ചിലാണ്. ആത്മാവാൽ ജ്വലിക്കുന്നവർക്ക് മാത്രമേ കർത്താവിന്റെ വരവിനെ ഒരു സുവാർത്തയായി പ്രഘോഷിക്കാൻ കഴിയൂ.

യോഹന്നാൻ മരുഭൂമിയിലാണ്. അത് യാദൃശ്ചികമല്ല. കാരണം, ജീവിതത്തെ അഭിനിവേശമായി അനുഭവിക്കാൻ പ്രേരിപ്പിക്കുന്ന ഇടമാണത്. അവിടെ അത് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. പല തടസ്സങ്ങളിൽ നിന്ന് മുക്തനായി ദൈവത്തെ അന്വേഷിക്കാൻ പഠിക്കുന്ന ഒരു ഇടമാണത്. ആരും മുഖംമൂടികൾ അണിയാത്ത ഇടം കൂടിയാണത്. അതുകൊണ്ടുതന്നെ അവിടെ സത്യം ഒരു ഉള്ളടക്കം അല്ല, വിഹായസാണ്.

പല പ്രവാചകരും സ്വപ്നം കാണുകയും കൊതിക്കുകയും ചെയ്ത യാഥാർത്ഥ്യമാണ് ഇന്നു സ്നാപകൻ പ്രഘോഷിക്കുന്നത്. മോശ മുതൽ സകല പ്രവാചകരും അതിനായി വഴിയൊരുക്കി. ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇസ്രായേലിനെ ബാബിലോണിയൻ പ്രവാസത്തിൽ നിന്നും തിരികെ നയിക്കുന്ന ഒരു പാതയൊരുക്കി; ഇപ്പോൾ, കാലത്തിന്റെ പൂർണ്ണതയിൽ, സൃഷ്ടിയെ പാപത്തിന്റെ പ്രവാസത്തിൽ നിന്ന് വീണ്ടെടുത്ത് പിതാവിലേക്ക് തിരികെ കൊണ്ടുവരാനുള്ള പുത്രന്റെ പാതയാണ് സ്നാപകൻ ഒരുക്കുന്നത്. ഈ പാത ആന്തരിക നവീകരണത്തിന്റെയും വ്യക്തമായ തിരഞ്ഞെടുപ്പുകളുടെയും പാത കൂടിയാണ്.

മാനസാന്തരം ആണ് സ്നാപകൻ പ്രഘോഷിക്കുന്നത്. അത് തികച്ചും വ്യത്യസ്തമായ ഒരു സ്വരത്തിലാണ് അവൻ പറയുന്നത്. അവന്റെ ഭാഷ കഠിനമാണ്. ആസന്നമായ ക്രോധത്തെക്കുറിച്ചും, വേരിൽ പതിയാൻ പോകുന്ന കോടാലിയെക്കുറിച്ചും, കെടാത്ത അഗ്നിയെക്കുറിച്ചുമൊക്കെ അവൻ സംസാരിക്കുന്നു. വാക്കുകളിലൂടെ അവൻ ഭയം വിതറുന്നു. ഏതോ ഒരു “ആത്മീയ ഭീകരതയുടെ” ചക്രവ്യൂഹത്തിലേക്ക് ശ്രോതാക്കളെ തള്ളിയിടാൻ ശ്രമിക്കുന്നതു പോലെയുള്ള പ്രഘോഷണശൈലി.

സ്നാപകൻ പ്രഘോഷിക്കുന്നത് വിധിയാളനും ശിക്ഷകനുമായ ഒരു മിശിഹായെയാണ്. അതായിരുന്നു അവന് രക്ഷകനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാൽ രക്ഷകനായി വന്ന യേശു അവന്റെ കാഴ്ചപ്പാടിൽ നിന്നും നേർവിപരീതമാണ്. മണ്ണിൽ ജീവിച്ചിരുന്നിട്ടുള്ളവരിൽ വച്ച് ഏറ്റവും സൗമ്യനായ മനുഷ്യനാണ് അവൻ. എല്ലാവരോടും ക്ഷമിക്കുകയും ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്തവൻ. യോഹന്നാൻ അവനെ സ്നാനപ്പെടുത്തുന്നതിൽ നിന്നും സ്വയം പിന്മാറാൻ ശ്രമിക്കുമ്പോൾ യേശു അവനെ തടയുന്നു: “ഇപ്പോൾ ഇതു സമ്മതിക്കുക.” സ്നാനത്തിനുശേഷം, സ്വർഗ്ഗത്തിൽ നിന്നും ഒരു ശബ്ദം ഉണ്ടായി, അത് ശിക്ഷകളുടെ ഇടിമുഴക്കം അല്ലായിരുന്നു, പകരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് പിതാവ് പ്രഖ്യാപിക്കുന്നതാണ്. പിന്നീട് യോഹന്നാൻ തിരിച്ചറിയുന്നുണ്ട്, യേശു താൻ പ്രവചിച്ചതുപോലെയല്ല പ്രവർത്തിക്കുന്നതെന്ന്. ആ സമയത്ത് യോഹന്നാൻ ഹേറോദേസിന്റെ തടങ്കലിലാണ്. അപ്പോൾ അവൻ തൻ്റെ ശിഷ്യന്മാരുടെ അടുത്ത് ഒരു സന്ദേശം അയയ്ക്കുന്നുണ്ട്: “വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ?” (ലൂക്കാ 7 : 19). വഴി ഒരുക്കിയവന്‍ മിശിഹായെ സംശയിക്കാൻ തുടങ്ങുന്നു…. യേശുവിന്റെ സ്ഥാനത്ത്, നമുക്ക് നിരാശയും സങ്കടവും അനുഭവപ്പെടുമായിരിക്കും. എന്നാൽ യേശു അവനെക്കുറിച്ച് പറയുന്നത്: “സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല”. (ലൂക്കാ 7 : 28). സ്നാപകൻ യേശുവിൻ്റെ ബന്ധുവാണ്, “ദൈവത്തിന്റെ ബന്ധു”. അവനു പോലും ദൈവത്തെ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചില്ല. അതിനാൽ ചിലപ്പോഴൊക്കെ നമുക്ക് അവനെ മനസ്സിലാക്കാൻ കഴിയാതെ വന്നാൽ നമുക്ക് നമ്മെത്തന്നെ ആശ്വസിപ്പിക്കാൻ സാധിക്കണം.

ഈ ആഗമനകാലത്ത്, നമ്മൾ മാനസാന്തരത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. അത് യുക്തിസഹമായ പ്രതിഫലനത്തിലൂടെയോ അല്ലെങ്കിൽ സ്നാപകൻ പ്രഘോഷിക്കുന്നതുപോലെ വിശുദ്ധ ഭയത്തിൽ നിന്നോ സംഭവിക്കണം. അതുമല്ലെങ്കിൽ മാനസാന്തരം സ്നേഹത്തിൽ നിന്നു സംഭവിക്കണം. അവസാനത്തേതാണ് പിതാവ് നമുക്ക് വാഗ്ദാനം ചെയ്യുന്ന പാത. തന്റെ പ്രിയപുത്രനെ സ്നേഹിക്കാൻ അവിടന്ന് നമ്മെ ക്ഷണിക്കുന്നു.

“മാനസാന്തരപ്പെടുക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതിനുശേഷം, യഥാർത്ഥത്തിൽ മാനസാന്തരം സംഭവിക്കുന്നത് ഭയത്തിൽ നിന്നല്ല സ്നേഹത്തിൽ നിന്നാണെന്ന് സ്നാപകൻ പിന്നീട് മനസ്സിലാക്കുന്നുണ്ട്. ആ തിരിച്ചറിവ് അവനിലും മാനസാന്തരം ഉണ്ടാക്കുന്നുണ്ട്: യേശു അവന് ആർദ്രതയുടെ ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നു (ലൂക്കാ 7:21-23). നമുക്ക് നമ്മുടെ ഉള്ളിലെ ഭയപ്പെടുത്തുന്ന ദൈവത്തിന്റെ പ്രതിച്ഛായയെ ഉപേക്ഷിച്ച് യേശുക്രിസ്തുവിന്റെ ദൈവമായ സ്നേഹപിതാവിനെ സ്വീകരിക്കാം. “ദൈവത്തിന്റെ കസിൻ” ആയ യോഹന്നാൻ, ദൈവത്തിന്റെ ബന്ധുവായിരിക്കുന്നതിനേക്കാൾ അനന്തമായി വിലപ്പെട്ടത്, അവന്റെ സ്നേഹിതരാകുകയാണെന്നു തിരിച്ചറിഞ്ഞപ്പോൾ ആനന്ദത്തിൽ ലയിച്ചിരിക്കണം.

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 week ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

1 week ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago