വത്തിക്കാൻ സിറ്റി: അഭയാർഥികളെയും കുടിയേറ്റക്കാരെയും കുറിച്ച് ഭയം തോന്നുന്നത് പാപമല്ലെന്നു ഫ്രാൻസിസ് മാർപാപ്പ. എന്നാൽ, ഭയത്തിനു കീഴ്പ്പെട്ട് അവരെ തിരസ്കരിക്കുന്നതു പാപമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്കാസഭ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായി ആചരിച്ച ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു മാർപാപ്പ. 49 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരം വരുന്ന കുടിയേറ്റക്കാരും അഭയാർഥികളും ദിവ്യബലിയിൽ പങ്കെടുത്തു. 650 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു.
കുടിയേറ്റക്കാരെയും അഭയാർഥികളെയുംകുറിച്ച് സംശയവും പേടിയും ഉണ്ടാവുന്നത് മാനുഷികം മാത്രമാണ്. എന്നാൽ അതിനു കീഴ്പ്പെട്ട് ഉദാരമനോഭാവം വെടിയരുതെന്ന് മാർപാപ്പ നിർദേശിച്ചു. കുടിയേറുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും നിയമവും സംസ്കാരവും മനസിലാക്കാൻ കുടിയേറ്റക്കാർ തയാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കയിലെ ചിലി, പെറു രാജ്യങ്ങൾ സന്ദർശിക്കാൻ മാർപാപ്പ ഇന്നു തിരിക്കും.
Related