പാറേൽ പള്ളിക്ക് ബസിലിക്ക പദവി
3,000 പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന വിശാല സൗകര്യത്തോടെയാണ് പ്രധാന പള്ളി ഒരുക്കിയിരിക്കുന്നത്...
ജോസ് മാർട്ടിൻ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതായി ദൈവാരാധനയ്ക്കും, കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി (Dicastery for Divine Worship and the Discipline of the Sacraments) അറിയിച്ചു. ഇനി മുതൽ ‘മാർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക’ (Marth Mariam Immaculate Conception Shrine Basilica) എന്ന പേരിൽ ഈ പള്ളി അറിയപ്പെടും. നവംബർ 21-ന് അതിരൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ ബസിലിക്കാ പദവിയും പുതിയ നാമവും അടങ്ങുന്ന പേപ്പൽ ബുൾ വായിച്ചുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ചങ്ങനാശ്ശേരി അതിരൂപതക്ക് പരിശുദ്ധ സിംഹാസനം അനുവദിച്ചു നൽകുന്ന രണ്ടാമത്തെ ബസിലിക്കയാണ് പാറേൽ പള്ളി (ആദ്യത്തെ ബസിലിക്ക ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പക്കുളം സെന്റ് മേരീസ് ഫൊറോനാ പള്ളിയാണ്). 1854 ഡിസംബർ 8-ന് പീയൂസ് ഒമ്പതാമൻ പാപ്പ Ineffabilis Deus എന്ന അപ്പസ്തോലിക രേഖയിലൂടെ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ വിശ്വാസ സത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ,1904-ൽ അന്നത്തെ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ മാത്യു മാക്കിലിന്റെ നിർദേശപ്രകാരം വികാരി ജനറൽ ഫാ. സിറിയക് കണ്ടങ്കരിയാണ് പരിമിതമായ സൗകര്യങ്ങളോടെ ഈ സ്ഥലത്തെ ആദ്യ പള്ളി നിർമ്മിച്ചത്. പാറമേൽ നിർമിച്ച ഈ പള്ളി “പാറേൽ പള്ളി” എന്ന് സ്ഥലവാസികൾ വിളിച്ചു വന്നു. കാലക്രമത്തിൽ പള്ളിയുടെ ഔദ്യോഗിക നാമത്തെക്കാൾ ആഴത്തിൽ ജനഹൃദയങ്ങളിൽ “പാറേൽ പള്ളി” എന്ന വിളിപ്പേര് പതിഞ്ഞു.
2026 നവംബർ 21-ന് കൂദാശ ചെയ്യപ്പെടുന്ന പുതിയ പള്ളിയുടെ നിർമാണ പ്രാരംഭ നടപടികൾ 2014-ൽ ആരംഭിച്ചു. മൂന്ന് നിലകളായി നിർമ്മിച്ചിരിക്കുന്ന ഏകദേശം 51,000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള പള്ളിയുടെ താഴത്തെനില – ഭൂഗർഭ കപ്പേള, രണ്ടാംനില – മാർത്ത മറിയം അമലോത്ഭവ കപ്പേള, നിത്യാരാധനയ്ക്കും കുമ്പസാരത്തിനും വ്യക്തിപരമായ പ്രാർഥനയ്ക്കും വേണ്ടി മൂന്നാം നിലയിൽ പാറേൽ വലിയ പള്ളി. ഏകദേശം 3,000 പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന വിശാല സൗകര്യത്തോടെയാണ് പ്രധാന പള്ളി ഒരുക്കിയിരിക്കുന്നത്.
എന്താണ് ബസിലിക്ക പദവി? കത്തോലിക്കാ സഭയിൽ ചില പള്ളികൾക്ക് അവയുടെ ചരിത്രപരമായ പ്രാധാന്യം, ആത്മീയമായ പ്രത്യേകത, ആരാധനാപാരമ്പര്യം, കലാ-വാസ്തുവിദ്യാ മൂല്യം, വിശ്വാസികളുടെ ജീവിതത്തിലുള്ള സ്ഥാനം എന്നിവ പരിഗണിച്ച് പരിശുദ്ധ സിംഹാസനം നൽകുന്ന പ്രത്യേക പദവിയാണ് ബസിലിക്ക. “ബസിലിക്ക” എന്നത് ഒരു വലിയ പള്ളി എന്നതിന്റെ മറ്റൊരു പേരല്ല. വലിപ്പം മാത്രം അടിസ്ഥാനമാക്കി ഈ പദവി ലഭിക്കുകയുമില്ല. സഭയുടെ അംഗീകാരവും ഔദ്യോഗിക പ്രഖ്യാപനവും നിർണായകമാണ്.
പ്രഖ്യാപനത്തോടെ ആഗോള കത്തോലിക്കാ സഭയുമായും പാപ്പയുമായും പള്ളിയുടെ ആത്മീയബന്ധത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നു. സഭാ നിയമങ്ങൾ അനുവദിക്കുന്ന പ്രത്യേക ആരാധനാപരമായ അവകാശങ്ങളും ആചാരങ്ങളും ലഭിക്കുന്നു. നിബന്ധനകൾക്ക് വിധേയമായി ബസിലിക്കയുടെ പദവിയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിക്കാം. വിശ്വാസികൾക്ക് കൂടുതൽ ആത്മീയ സമ്പന്നമായ തീർഥാടനാനുഭവം നൽകുന്ന കേന്ദ്രമെന്ന നിലയിൽ പള്ളിയുടെ പ്രാധാന്യം നൽകുന്ന ഈ പദവി ഒരു ബഹുമതി മാത്രമല്ല പള്ളിയുടെ ആരാധനാജീവിതവും സഭാപരമായ ഉത്തരവാദിത്വവും കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ആഹ്വാനം കൂടിയാണ്.



