Categories: Meditation

6th Sunday_Easter time_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

സ്നേഹത്തിൽ മാത്രമേ ദൈവത്തിന് മനുഷ്യ രൂപം പ്രാപിക്കാനും സാധിക്കു...

പെസഹാക്കാലം ആറാം ഞായർ

യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി നിൽക്കാനേ നമുക്ക് സാധിക്കു. അപ്പോഴും ഒരു കാര്യം ഓർക്കണം, മിസ്റ്റിസിസം എന്നത് ചിലർക്ക് മാത്രം ലഭിക്കുന്ന അനുഭവമാണെന്ന് കരുതരുത്. ഓരോ ക്രൈസ്തവനും കടന്നു പോകേണ്ട വഴിയാണിത്.

വെറും ഏഴ് വാക്യങ്ങൾ മാത്രമാണ് ഈ സുവിശേഷഭാഗത്തിലുള്ളത്. അത് തുടങ്ങുന്നതും അവസാനിക്കുന്നതും സ്നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. വരികളിലുള്ളത് വലിയൊരു ഉറപ്പാണ്. എന്നേക്കും നമ്മോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ പിതാവ് നൽകുമെന്ന ഉറപ്പ്. കൂടെ ആയിരിക്കുന്ന ദൈവം. കൂട്ടായി മാറുന്ന ദൈവം. ഇനി നമ്മൾ ഏകരല്ല, ഒറ്റയ്ക്കുമല്ല. ദൈവം നമ്മിലുണ്ട്, നമ്മൾ അവനിലുമുണ്ട്. ആ ബന്ധത്തിൽ ഐക്യമുണ്ട്, അടുപ്പമുണ്ട്, ചേർച്ചയുണ്ട്. അതിലുപരി ദൈവവുമായി അലിഞ്ഞുചേരുന്ന ആത്മഹർഷമുണ്ട്. അതെ, അവൻ നമ്മെ അനാഥരായി വിടുകയില്ല.

ആയിരിക്കുക, വസിക്കുക. ഇവ രണ്ടുമാണ് സുവിശേഷത്തിലെ പ്രധാന ക്രിയകൾ. യേശുവെന്ന മുന്തിരിച്ചെടിയിലെ ശാഖകളാണ് നമ്മൾ. അവനും നമ്മൾക്കും ഒരേ തണ്ടാണ്. അവനിലും നമ്മിലും ഒഴുകുന്നത് ഒരേ രക്തമാണ്, ഒരേ ജീവനാണ്. ആ മുന്തിരിച്ചെടിയിൽ ഹിമകണം പോലെ മന്നായുണ്ട്, ഹൊറേബ് മലയിലെ ജ്വാല പോലെ വിശുദ്ധിയുണ്ട്, കാറ്റുപോലെ ജീവശ്വാസമുണ്ട്.

വളരെ ലളിതമാണ് അവൻ നൽകുന്ന വ്യവസ്ഥ. “നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ”. അവൻ പറയുന്നില്ല, നിങ്ങൾ എന്നെ സ്നേഹിക്കണം എന്ന്. അങ്ങനെയായാൽ സ്നേഹം ഒരു കടമയായി മാറിയേനെ. ഇല്ല, ആരെയും നിർബന്ധിക്കുന്നില്ല. ആരെയും ബ്ലാക്ക് മെയിൽ ചെയ്യുന്നുമില്ല. അവനെ സ്വീകരിക്കാനും നിരസിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അതെ, സ്നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അവനെ സ്നേഹിക്കുക എന്നത്. കാരണം, അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. സ്നേഹത്തിനുമുണ്ട് മൂല്യം. സ്വന്തം ജീവിതം നൽകി മാത്രമേ അതിനെ സ്വന്തമാക്കാൻ സാധിക്കു. നിങ്ങൾ അവനെ സ്നേഹിക്കുന്നുവെങ്കിൽ മറ്റൊരു വ്യക്തിയായി നിങ്ങൾ മാറും. നിങ്ങൾ അവന്റെ കണ്ണാടിയായി മാറും. നിങ്ങളിൽ അവൻ പ്രതിഫലിക്കും.

“നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്റെ കല്പനകൾ പാലിക്കും.” കടപ്പാടല്ല, ആന്തരികശക്തിയാണത്. അവനെപ്പോലെ പ്രവർത്തിക്കാനും സ്വർഗീയതയേയും ചരിത്ര നന്മകളെയും പകർന്നു നൽകാനും ശത്രുക്കളെ സുഹൃത്തുക്കളായി മാറ്റാനും എല്ലാവരെയും ചേർത്തിരുത്തുന്ന വിരുന്നു മേശകൾ ഒരുക്കാനും വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ സകലരെയും ആശ്ലേഷിക്കാനും സാധിക്കുന്ന ആന്തരിക ഊർജ്ജമാണത്. കടമയല്ല അത്. അനർഗളമായി ഉള്ളിൽ നിന്നും ഒഴുകുന്ന അനിർവചനീയമായ ദൈവീകാനുഭൂതിയാണത്. അത് ദൈവ സ്നേഹമാണ്. മുന്തിരിവള്ളികളുടെ ഉള്ളിലുള്ള നിണനീരു പോലെയാണത്. അത് പിന്നീട് മുകുളങ്ങളാകും, ഇലകളാകും, പൂക്കളാകും, മുന്തിരികുലകളാകും.

സ്നേഹത്തിൽ മാത്രമേ മനുഷ്യന് ദൈവീക ഭാവം ലഭിക്കു. അതുപോലെതന്നെ സ്നേഹത്തിൽ മാത്രമേ ദൈവത്തിന് മനുഷ്യ രൂപം പ്രാപിക്കാനും സാധിക്കു. യേശു പറയുന്ന കൽപ്പനകൾ മോശയുടെ കല്പനകളല്ല. അവൻ ജീവിച്ച ജീവിതം തന്നെയാണത്. അതിലൊരു അവ്യക്തതയുമില്ല. അതൊരു സ്നേഹ വൃത്താന്തമാണ്. അവന്റെ ഓരോ പ്രവൃത്തിയിലും ആ ജീവിതത്തെ സംഗ്രഹിക്കാവുന്നതാണ്. അവൻ തന്നെയാണ് അവന്റെ കല്പനകൾ. നഷ്ടപ്പെട്ട ആടുകളെ തേടി ഇറങ്ങിയവനാണവൻ. ചുങ്കക്കാരെയും വേശ്യകളെയും വിധവകളെയും വഴിതെറ്റിയവരെയും ചേർത്തുനിർത്തിയവനാണവൻ. ശിശുക്കൾക്ക് ദൈവരാജ്യം നൽകിയവനാണവൻ. അവസാനത്തോളം, ഹൃദയം പിളരുന്നതുവരെയോളം, കൂടെയുള്ളവരെ സ്നേഹിച്ചവനാണവൻ. അവനാണ് പറയുന്നത്, “ഞാൻ നിങ്ങളെ അനാഥരായില്ല വിടുകയില്ല. ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും”.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago