Categories: Meditation

5th Sunday of Easter_Year B_മുന്തിരിച്ചെടിയും ശാഖകളും (യോഹ. 15:1-8)

ഞാൻ എന്ന വ്യക്തിയുടെ നിലനിൽപ്പ് യേശുവുമായുള്ള ബന്ധത്തിലധിഷ്ടിതമാണ്...

ഈസ്റ്റർ കാലം അഞ്ചാം ഞായർ

മുന്തിരിച്ചെടി: വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ ആദ്യമായിട്ടാണ് ഒരു വ്യക്തിയുടെ രൂപകമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്രയും നാളും മുന്തിരിച്ചെടിയും തോപ്പും ഇസ്രായേൽ ജനതയുടെയോ ഒരു കൂട്ടായ്മയുടെയോ പ്രതീകമായിട്ടാണ് വേദഗ്രന്ഥ താളുകൾ വരച്ചിരുന്നത്. ഇന്നിതാ ഗുരുനാഥൻ ആ പ്രതീകത്തെ തന്റെ സ്വത്വത്തിലേക്ക് ആവഹിക്കുന്നു. ഇന്നലെവരെ മുന്തിരിച്ചെടി ദൈവ-മനുഷ്യ ബന്ധത്തിന്റെയും കണക്കെടുപ്പിന്റെയും പ്രതീകമായിരുന്നു. ഇന്ന് ആ ബന്ധത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു.

യേശു സാക്ഷാൽ മുന്തിരിച്ചെടിയും ഞാൻ അതിന്റെ ശാഖയും. ഞാനും യേശുവും ഒന്നായി മാറുന്ന ഒരു മാന്ത്രികത വരികളിൽ നിറയുന്നു. ഇനി ദ്വൈതമില്ല. അദ്വൈതം മാത്രം. ഞാനാണ് അവൻ, അവനാണ് ഞാൻ. ഞാനും യേശുവും ഒരേ ചെടി തന്നെ. എനിക്കും യേശുവിനും ഒരേ ജീവൻ, ഒരേ വേരുകൾ, ഒരേ നിണനീരുകൾ. അവൻ എന്നിലും ഞാൻ അവനിലും. അനിർവചനീയമായ ഉള്ളടക്കത്തിന്റെ ആത്മനിർവൃതി പേറുന്ന സ്വത്വ രൂപീകരണം. ഇതിലും വലിയൊരു ആത്മീയത ഒരു ദർശനവും മുന്നോട്ട് വയ്ക്കുന്നില്ല. കാരണം ഈ അദ്വൈതം ഞാൻ ദൈവമായി മാറുന്ന ഗുണാത്മകമായ ബന്ധമല്ല. മറിച്ച് യേശുവിൽ വിരിയുന്ന സ്വത്വ നിർമ്മിതിയാണ് ഞാൻ; അമ്മയുടെ ഉദരത്തിൽ വളരുന്ന ഗർഭസ്ഥശിശു പോലെ.

വിശുദ്ധ ഗ്രന്ഥത്തിൽ ദൈവത്തിനെന്നും ഒരു കൃഷിക്കാരന്റെ മുഖമാണ്. നടുന്നവൻ, വളർത്തുന്നവൻ, പരിചരിക്കുന്നവൻ, അദ്ധ്വാനിക്കുന്നവൻ. എത്ര സുന്ദരമാണ് ഈ ദൈവ ചിത്രം. എനിക്കുവേണ്ടി അധ്വാനിക്കുന്ന ഒരു ദൈവം. ചെങ്കോലുള്ള ഒരു രാജാവല്ല ഈ ദൈവം. എന്നെ വെട്ടിയൊരുക്കുന്ന, രൂപീകരിക്കുന്ന, ഫലങ്ങൾ നൽകാൻ സഹായിക്കുന്ന ഒരു ദൈവം. ഈ ദൈവത്തിന്റെ മുന്നിലെ ഞാനോ യേശുവെന്ന മുന്തിരിച്ചെടിയിലെ ശാഖയാണ്. അതാണ് എനിക്ക് കിട്ടിയ കൃപ. ഞാൻ എന്ന വ്യക്തിയുടെ നിലനിൽപ്പ് യേശുവുമായുള്ള ബന്ധത്തിലധിഷ്ടിതമാണ്. അവിടെ ധ്രൂവികരണത്തിന്റെയും ഏകതയുടെയും സൗന്ദര്യശാസ്ത്രമില്ല. മനുഷ്യനായി അവതരിച്ച ദൈവം ഒറ്റയ്ക്ക് നിൽക്കുന്ന കലാസൃഷ്ടിയല്ല. നമ്മളും ആ മുന്തിരിച്ചെടിയുടെ ഭാഗമാണ്; അഗ്നിയിലെ സ്ഫുലിംഗം പോലെ, ജലത്തിലെ തുള്ളിപോലെ, വായുവിലെ നിശ്വാസം പോലെ.

മനുഷ്യാവതാര രഹസ്യത്തിന്റെ എല്ലാ ചാരുതയും അടങ്ങിയിട്ടുള്ള സുന്ദരമായ ഉപമയാണ് മുന്തിരിച്ചെടിയും ശാഖകളും. മാനുഷികതയോടുള്ള ദൈവത്തിന്റെ പ്രണയം അതിന്റെ പൂർണ്ണതയോടെ വരച്ചിട്ടിരിക്കുന്ന ഒരു വാഗ്മയചിത്രം. വിതക്കാരൻ വിത്താകുന്ന, കുശവൻ കളി മണ്ണാകുന്ന, സ്രഷ്ടാവ് സൃഷ്ടിയായി മാറുന്ന ദൈവീക രമ്യത. ഈ രമ്യദർശനത്തിൽ ദൈവം തൻ്റെ തനിമ നിലനിർത്തിക്കൊണ്ട് നമ്മെ അവനിലേക്ക് ചേർത്തു നിർത്തുകയും ദൈവീക ജീവൻ നൽകി ഫലദായകമാകാൻ വെട്ടിയൊരുക്കുകയും ചെയ്യുന്നു.

വെട്ടിയൊരുക്കൽ: നൊമ്പരം പേറുന്ന പ്രക്രിയയാണ്. എങ്കിലും അത് തിന്മയല്ല. സഹനമാണ്. ദൈവികമാണ്. അതുകൊണ്ടുതന്നെ ആ നൊമ്പരങ്ങൾ നമ്മെ തളർത്തുകയില്ല. ശക്തിപകരും. അത് ഇന്നലെയെ ഓർത്തുള്ള സങ്കടമല്ല. ഭാവിയെ പൂവണിയിക്കുന്ന ശാക്തീകരണമാണ്. കാരണം കർഷകനറിയാം എല്ലാ വെട്ടിയൊരുക്കലുകളും ചെടിക്കു നൽകുന്ന നൊമ്പരദാനങ്ങളാണെന്ന്. ആ നൊമ്പരങ്ങളാണ് ചെടിയെ ഏറെ രസമുള്ള ഫലങ്ങൾ പുറപ്പെടുവിക്കാൻ പ്രാപ്തനാക്കുന്നത്.

ചെടിയും ശാഖയും തമ്മിലുള്ള ബന്ധത്തെ സുവിശേഷം വ്യക്തമാക്കുന്നത് വാസം എന്ന പദത്തിലൂടെയാണ്. സ്നേഹമുള്ളിടത്ത് മാത്രം സാധ്യമാകുന്ന യാഥാർഥ്യമാണത്. ജൈവികതയാണ് സ്നേഹം. അത് ശാഖകളിലേക്ക് പകരുന്നത് ചെടിയുടെ ആന്തരികതയിൽ നിന്നുമാണ്. അതുകൊണ്ടാണ് ചില തകർന്ന ജീവിതങ്ങൾ യേശുവിനോട് ചേർന്നപ്പോൾ തളിർക്കുകയും പൂവിടുകയും കായ്ക്കുകയുമെല്ലാം ചെയ്യുന്നത്. കള്ളിമുള്ളുകൾ എന്നു കരുതിയ വ്യക്തിത്വങ്ങൾ പോലും യേശുവിനെ അടുത്തറിഞ്ഞപ്പോൾ നയന ശോഭയാർന്ന മരങ്ങളായി മാറുന്ന മാന്ത്രികത അവൻ പകർന്നുനൽകുന്ന സ്നേഹമാണ്. അത് ദൈവിക ജീവനാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്നവർക്കു മാത്രം ലഭിക്കുന്ന നന്മ. ആ ജീവന്റെ വാഹകർ നൊമ്പരങ്ങളുടെ മുന്നിൽ തളരില്ല. കാരണം ദൈവം എന്ന കർഷകൻ അറിയാതെ ഒരു വേദനയും കടന്നു വരുന്നില്ല. യേശുവിൽ വസിക്കുന്നവന് എല്ലാം നൊമ്പരങ്ങളും വെട്ടിയൊരുക്കലുകളാണ്; ഏറെ ഫലം പുറപ്പെടുവിക്കുന്നതിനുവേണ്ടിയുള്ള വെട്ടിയൊരുക്കലുകൾ.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

6 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago