Categories: Meditation

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആനന്ദമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതുതന്നെയാണ് അവന്റെ ഇച്ഛയും സ്വപ്നവും...

ആണ്ടുവട്ടത്തിലെ നാലാം ഞായർ

“ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി”. തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ, സാധ്യതകൾ, പരിമിതികൾ, മൂർത്തമായ സാഹചര്യങ്ങൾ എന്നിവ ഹൃദയത്തോട് ചേർത്തുവച്ചാണ് അവൻ മലകയറുന്നത്. അങ്ങനെയാണ് സുവിശേഷഭാഗ്യങ്ങൾ ഉണ്ടാകുന്നത്. ഒരു മലയിൽ വച്ച് മോശ കൽപ്പനകൾ നൽകിയതുപോലെ, മറ്റൊരു മലയിൽ വച്ച് യേശു സുവിശേഷഭാഗ്യങ്ങൾ നൽകുന്നു. ഇത്തവണ നിയമം കല്ലിൽ കൊത്തിവച്ചിട്ടില്ല, മറിച്ച് മനുഷ്യരുടെ ഹൃദയങ്ങളിലാണ്.

പുതിയ നിയമത്തിന്റെ കാതലാണ് സുവിശേഷഭാഗ്യങ്ങൾ. ഒമ്പത് തവണയാണ് “മക്കാരിയോയി” (Μακάριοι) അഥവാ അനുഗൃഹീതർ എന്ന വാക്ക് പ്രതിധ്വനിക്കുന്നത്. ദരിദ്രരും കരയുന്നവരും തെറ്റിദ്ധരിക്കപ്പെട്ടവരുമൊക്കെയാണ് ആ പദത്തിനുള്ളിൽ കയറിപ്പറ്റുന്നത്. കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും നീതിക്കുവേണ്ടി യാചിക്കുന്നവരുമെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ യേശുവിന്റെ മാനിഫെസ്റ്റോയാണ് സുവിശേഷഭാഗ്യങ്ങൾ. അതിലൂടെയാണ് ആരാണ് ദൈവമെന്നും ആരാണ് നമ്മളെന്നും അവൻ വെളിപ്പെടുത്തുന്നത്. സീനായ് മലയിലെ കൽപ്പനകൾ അടിസ്ഥാനപരമായി നമ്മൾ എന്തുചെയ്യണം, ചെയ്യരുത് എന്നൊക്കെ പ്രതിപാദിക്കുമ്പോൾ യേശുവിന്റെ വചസ്സുകൾ നമ്മൾ എങ്ങനെയായിരിക്കണമെന്നാണ് പറയുന്നത്. നമുക്ക് എന്തായിത്തീരാൻ കഴിയുമെന്നും, നാം എന്തിനുവേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവ കാണിച്ചുതരുന്നു. നമ്മുടെ പ്രഘോഷണങ്ങളിലും മതബോധനങ്ങളിലും മോശയുടെ കൽപ്പനകൾക്ക് കൊടുക്കുന്ന പ്രാധാന്യം സുവിശേഷഭാഗ്യങ്ങൾക്ക് നമ്മൾ കൊടുക്കാറുണ്ടോ?

ഇസ്രായേലിലെ ഗുരുക്കന്മാരെപ്പോലെ യേശു ഒരിടത്ത് ഇരിക്കുന്നു. എന്നിട്ടവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ, ഗ്രീക്ക് പാഠത്തിൽ “അവൻ തന്റെ വായ തുറന്നു അവരെ പഠിപ്പിക്കാൻ തുടങ്ങി” എന്നാണുള്ളത്. “വായ തുറന്നു” (ἀνοίξας τὸ στόμα) എന്നത് ആരെങ്കിലും ഒരു ഗൗരവമേറിയ പ്രഖ്യാപനം ആരംഭിക്കാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഒരു സെമിറ്റിക് പദപ്രയോഗമാണത്.

ആനന്ദമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതുതന്നെയാണ് അവന്റെ ഇച്ഛയും സ്വപ്നവും. അതിനുവേണ്ടി മാത്രമാണ് അവൻ ചെലവഴിക്കുന്ന സമയവുമെല്ലാം. എന്നിട്ടും ചോദ്യങ്ങൾ അവശേഷിക്കുന്നു: ആരാണ് സന്തുഷ്ടൻ? ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാൻ? നമുക്ക് എങ്ങനെ സന്തുഷ്ടനാകാൻ കഴിയും?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സുവിശേഷഭാഗ്യങ്ങളിലുണ്ട്. അത് നിലവിലുള്ള ചിന്തകളെ അസ്വസ്ഥമാക്കുകയും തകിടംമറിക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ, അത് നിർഭാഗ്യത്തെ പ്രശംസിക്കുന്നതായി തോന്നും. ദരിദ്രരെയും കരയുന്നവരെയുമാണ് അവൻ ആനന്ദിക്കുന്നവർ എന്നു വിളിക്കുന്നത്. അപ്പോഴും അവൻ വേദനയെയും കഷ്ടപ്പാടിനെയും സഹിഷ്ണുതയെയും മഹത്വവൽക്കരിക്കുകയല്ല. യേശുവിന്റെ ദൈവം വേദനയെ സ്നേഹിക്കുന്ന ദൈവമല്ല. നൊമ്പരങ്ങളോട് രാജിയാകാൻ അവൻ നമ്മെ ക്ഷണിക്കുന്നുമില്ല. നോക്കുക, യേശു ആനന്ദത്തെക്കുറിച്ച് പറയുമ്പോൾ, അവൻ ഭാവി കാലഘട്ടത്തിലാണ് സംസാരിക്കുന്നത്. കാരണം നമ്മൾ സന്തോഷവാനായിരിക്കാൻ നോക്കേണ്ടത് ഭാവിയിലേക്കാണ്. അപ്പോഴും ആദ്യത്തെ സുവിശേഷഭാഗ്യം വർത്തമാനകാലത്തിലാണ് (“ദൈവരാജ്യം നിങ്ങളുടേതാണ്”). നാളെയല്ല ദരിദ്രരുടെ ആനന്ദമുള്ളത്, ഇന്നാണ്. കാരണം, ദരിദ്രരിലൂടെയാണ് ദൈവം ചരിത്രത്തെ മാറ്റിയെഴുതുന്നത്.

ബൈബിളിൽ, സന്തുഷ്ടരായിരിക്കുക അല്ലെങ്കിൽ അനുഗൃഹീതരായിരിക്കുക എന്നതിനർത്ഥം ദൈവത്തെ എല്ലാത്തിനും, എല്ലാവർക്കും മുമ്പായി നിർത്തുക എന്നാണ്. ആനന്ദം ഒരു ലക്ഷ്യവും ലക്ഷ്യസ്ഥാനവുമല്ല, അത് പാതയാണ്.

ആനന്ദം എന്നതിന്റെ ഒരു ഹീബ്രൂ പദം אושר (Osher) ആണ്. അതിന് “മുന്നോട്ട് പോകുക, നയിക്കുക” എന്നും അർത്ഥങ്ങളുണ്ട്. ആനന്ദം എന്നത് ലക്ഷ്യസ്ഥാനമല്ല, മറിച്ച് നമ്മെ നയിക്കുന്ന പാതയാണ്. ആനന്ദം ഇന്നാണ് അല്ലെങ്കിൽ ഒരിക്കലും ഇല്ല. ഈ വർത്തമാന നിമിഷം എങ്ങനെ ആസ്വദിക്കണമെന്ന് അറിയുക അല്ലെങ്കിൽ ഭാവിയിൽ ഒരിക്കലും അത് ഉണ്ടാകില്ല. സന്തോഷം എന്നത് “നന്മ അനുഭവിക്കുക” മാത്രമല്ല, ജീവിതം ജീവിക്കുക എന്നതുമാണ്. ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവർക്ക് അപ്പുറത്ത് ഒരു പറുദീസ ഉണ്ടാകില്ല. ഇന്ന് സന്തോഷമില്ലാത്തവർക്ക് നാളെ അനന്തമായ സന്തോഷമുണ്ടാകണമെന്നുമില്ല.

vox_editor

Recent Posts

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

23 hours ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 week ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago