Categories: Meditation

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ

നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നവനാണീ ഇടയൻ. അതാണവന്റെ നന്മ. അതാണവന്റെ സൗന്ദര്യവും. മരണവുമായി വരുന്ന ചെന്നായ്ക്കളുടെ മുന്നിൽ ഒരു മതിലായി നിന്നുകൊണ്ട് ആടുകളെ സംരക്ഷിക്കുന്നവനാണ് നല്ലിടയൻ. അപകടസാധ്യത 100 ശതമാനമാണെന്നറിഞ്ഞിട്ടും തന്നെ ഏൽപ്പിച്ചിരിക്കുന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ചാർത്താവുന്ന വിശേഷണമാണ് ഇടയൻ. പക്ഷേ നല്ലിടയൻ എന്ന വിശേഷണം അതു ക്രിസ്തുവിനു മാത്രമുള്ളതാണ്. കാരണം അവൻ വന്നിരിക്കുന്നത് കൂടെയുള്ളവർക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (v.10).

വേദഗ്രന്ഥ കാഴ്ചപ്പാടിൽ ആർദ്രതയുടെയും മൃദുലതയുടെയും പര്യായമാണ് നല്ലിടയൻ. ഏശയ്യായുടെ ദർശനം എത്ര സുന്ദരമായിട്ടാണ് ആ ഇടയനെ ചിത്രീകരിച്ചിരിക്കുന്നത്: “അവിടുന്ന്‌ ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്‌ തള്ളയാടുകളെ സാവധാനം നയിക്കുന്നു” (40 : 11). ഇടയന്റെ ഒരു സ്ത്രൈണ മുഖം ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഈ ചിത്രം ക്രിസ്തുവിലേക്കു ചേർത്തു വയ്ക്കുമ്പോൾ അത് പരസ്പരവിരുദ്ധമായ രണ്ട് സങ്കല്പങ്ങൾ ഒന്നിക്കുന്ന വാക്യാലങ്കാരമായി മാറും. ഒരു divine oxymoron! ഏശയ്യ ദർശനത്തിലെ ആർദ്രത, മൃദുലത തുടങ്ങിയ സ്ത്രൈണ സങ്കല്പങ്ങൾക്കൊപ്പം ധീരത, സാമർത്ഥ്യം തുടങ്ങിയ പൗരുഷ സങ്കൽപ്പങ്ങളും നല്ലിടയനിൽ വന്നുചേരുന്നു.

ആശയ പ്രേമത്തിലധിഷ്ഠിതമായ ഒരു തത്ത്വമല്ല നല്ലിടയന്റെ പ്രത്യേകത. ഒരിക്കലും കീഴടങ്ങാത്ത ആർദ്രതയുടെ പ്രവർത്തീതലമാണ്. അതുകൊണ്ടാണ് ചെന്നായ്ക്കൾ വരുമ്പോൾ ഓടി രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും കാരണങ്ങളും ഉണ്ടെങ്കിൽ തന്നെയും അവയെ അവഗണിച്ച് ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നത്. ആഴമായ സ്നേഹബന്ധമുള്ളിടത്തു മാത്രമേ ഇത് സാധ്യമാകൂ. സ്നേഹമില്ലാത്ത ഏതു ബന്ധത്തിലും കൂലിക്കാരന്റെ മനോഭാവമെ അടിത്തറയായി നിൽക്കൂ. അങ്ങനെയുള്ളവർ സങ്കടക്കടൽ ഒരു തിരമാലയെന്ന പോലെ നിന്റെ ജീവിതത്തിലേക്ക് ആഞ്ഞടിക്കുമ്പോൾ കൂടെ നിൽക്കില്ല. അവർ ഒന്നുകിൽ നിന്നിൽ നിന്നും ഓടിയൊളിക്കും അല്ലെങ്കിൽ അപരിചിത ഭാവം നടിക്കും. എന്നിട്ടവസാനം എല്ലാം ശാന്തമാകുമ്പോൾ വീണ്ടും വരും; ഒന്നും അറിഞ്ഞില്ല, ഒന്നും സംഭവിച്ചില്ല എന്ന ഭാവത്തിൽ.

ആർദ്രതയില്ലാത്ത ബന്ധങ്ങളിൽ തലവെച്ചു കൊടുക്കരുത്. അവർ കൂലിക്കാർ മാത്രമാണ്. അവർ നിന്നെ ഒരു ബലിമൃഗമാക്കി കാര്യം സാധിക്കും. പക്ഷേ ആർദ്രതയുള്ളവർ നല്ലിടയന്റെ അവതാരങ്ങളാണ്. അവർ നിന്നെ ബലിയാക്കില്ല. ഒരു ബലിയായി മാറി സംരക്ഷിക്കും അവർ നിന്നെ.

ജീവൻ നൽകാൻ ശേഷിയുള്ളവനാണ് നല്ലിടയൻ. ഇന്നത്തെ സുവിശേഷത്തിൽ ഏകദേശം അഞ്ചു പ്രാവശ്യം നല്ലിടയൻ ആടുകൾക്കു വേണ്ടി ജീവൻ അർപ്പിക്കുന്നു എന്നാവർത്തിക്കുന്നുണ്ട്. ഈ അർപ്പണത്തെ മരണമായിട്ട് മാത്രം കാണരുത്. ഇത് സ്നേഹത്തെപ്രതി ചെന്നായ്ക്കൾക്കെതിരെ പൊരുതാനുള്ള മനസ്സും കൂടിയാണ്. ഈ ജീവാർപ്പണത്തിൽ കീഴടങ്ങലില്ല. പിടിച്ചെടുക്കലുമില്ല. കാരണം യേശു എന്ന ഇടയൻ ദൈവമാണ്. നിത്യജീവനാണ്. അതുകൊണ്ടുതന്നെ അവനു ജീവൻ അർപ്പിക്കാനും അത് തിരികെ എടുക്കാനും അധികാരമുണ്ട് (v.18).

മരണത്തിന്റെ കണികകളല്ല ജീവന്റെ സമർപ്പണത്തിൽ അടങ്ങിയിരിക്കുന്നത്. സ്നേഹത്തിന്റെ പുനർജീവനമാണ്. അത് ഒരു ഗർഭിണിയുടെ പൊക്കിൾക്കൊടി കുഞ്ഞിനു ജീവൻ പകരുന്നതു പോലെയാണ്. ആർദ്രതയുടെ ഉള്ളടക്കത്തിൽ മാത്രം അനുഭവമാകുന്ന യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഞാൻ എന്റെ ജീവൻ സമർപ്പിക്കുന്നു എന്നു ഇടയൻ പറയുമ്പോൾ സ്വർഗീയ ചൈതന്യം ഞാൻ നിങ്ങൾക്ക് പകരുന്നു എന്നും വ്യാഖ്യാനിക്കാവുന്നതാണ്.

ദൈവിക ജീവൻ എന്ന ചേരുവ ഇല്ലാതെ മരണത്തിന്റെ പ്രതിനിധികളോടും മരണ സംസ്കാരത്തോടും നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ക്രിസ്തു നൽകുന്ന നിത്യജീവന്റെ തന്മാത്രകൾ നമ്മുടെ ഓരോ കോശങ്ങളിലുമുണ്ട് എന്ന ബോധ്യത്തിലേക്ക് നമ്മൾ ഉണരണം. നമുക്കാർക്കും കായേനെ പോലെ ചോദിക്കാൻ സാധിക്കില്ല ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരനെന്ന്. കാരണം നമ്മൾ കാവൽക്കാർ അഥവാ ഇടയന്മാർ തന്നെയാണ്. അത് കുടുംബത്തിന്റേതാകാം, സൗഹൃദത്തിന്റേതാകാം, കൂട്ടായ്മയുടെതാകാം. അവിടെ ഇടയനാകണമെങ്കിൽ ആന്തരീക ധൈര്യവും ലാവണ്യവും തമ്മിൽ സങ്കലനമുണ്ടാകണം. പൊരുതാനുള്ള മനസ്സും ആർദ്രതയും തമ്മിൽ പരസ്പരം ലയിക്കണം. കരുതലും കാവലും ഒന്നിക്കുന്ന അർദ്ധനാരീ സങ്കൽപ്പത്തിലെ സ്ത്രൈണമാനസവും പുരുഷചോദനയും നമ്മിൽ സന്തുലിതമായി സമ്മേളിക്കണം. കാരണം, അമ്മമനസ്സും പിതൃഹൃദയവുമുള്ളവനാണ് നല്ലിടയൻ.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

20 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

20 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago