Categories: Meditation

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

സ്തോത്രഗീതം മറിയത്തിന്റെ സുവിശേഷമാണ്...

ആഗമനകാലം നാലാം ഞായർ

എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന് അതിശയകരമായി വിവരിച്ചിരിക്കുന്നു അത്. ചാർച്ചക്കാരായ രണ്ടു സ്ത്രീകളുടെ വിശ്വാസമാണ് ദൈവത്തിന്റെ ഇറങ്ങിവരവിനെ സാധ്യമാക്കുന്നത്. സമാനമായ പാത പിന്തുടരുന്നവരാണവർ. രണ്ടുപേരും ദൈവത്തിന്റെ ഇടപെടലിനാൽ ഗർഭവതികളായവർ. രണ്ടുപേർക്കുമുണ്ട് സംശയംപേറിയ ഭർത്താക്കന്മാരും. രണ്ടുപേർക്കും സമാനമായ അനുഭവങ്ങൾ ഉള്ളതിനാൽ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നു. ജീവിതത്തിൽ നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുന്നത് രണ്ട് കാരണങ്ങളാലാണ്: ഒന്നുകിൽ നമുക്ക് സമാനമായ കാര്യങ്ങൾ സംഭവിക്കുന്നു അല്ലെങ്കിൽ മറ്റൊരാളുടെ ഹൃദയത്തിൽ പ്രവേശിക്കാൻ കഴിയുന്നു.

ഗലീലിയുടെ വടക്കുനിന്ന് മറിയം യൂദയായുടെ തെക്കുഭാഗത്തേക്ക് യാത്ര തിരിക്കുന്നു. ലൂക്കായുടെ സുവിശേഷത്തിലെ മറിയം ദീർഘയാത്ര നടത്തുന്ന, ദൃഢനിശ്ചയമുള്ള, ശക്തയായ, ധീരയായ ഒരു സ്ത്രീയാണ്. അവൾ യാത്രയുടെ തിരക്കിലാണ്, കാരണം സ്നേഹം എപ്പോഴും തിരക്കിലാണ്, അതിന് കാലതാമസം സഹിക്കാൻ കഴിയില്ല. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? മറിയം ഒരിക്കലും സുവിശേഷത്തിൽ തനിച്ചല്ല, അവൾ തനിക്കായി ഒരു ഇടം ഉണ്ടാക്കിയിട്ടുമില്ല, അവൾ നിരന്തരം മറ്റുള്ളവരിലേക്ക് പോകുന്നു. തന്റെ വിളി മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണെന്ന് അവൾക്ക് നന്നായി അറിയാം. അവൾ നല്ല ഒരു യാത്രികയാണ്. അതുകൊണ്ടുതന്നെ അവൾ വഴികാട്ടിയുമാണ്.

“അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു”. അവൾ ആദ്യം സഖറിയയെ അഭിവാദ്യം ചെയ്യണമായിരുന്നു, പക്ഷെ ചെയ്യുന്നില്ല. കാരണം, അവിശ്വാസത്തിന്റെ മൂകതയ്ക്ക് സ്നേഹത്തിന്റെ ഭാഷ മനസ്സിലാകണമെന്നില്ല. സ്നേഹിക്കുന്നവർക്ക് മാത്രമേ സ്നേഹം മനസ്സിലാക്കാൻ കഴിയൂ. സന്തോഷമുള്ളവർക്ക് മാത്രമേ സ്നേഹത്തിൻ്റെ ഭാഷ മനസ്സിലാകൂ. സഖറിയയ്ക്ക് അത് മനസ്സിലാകുന്നില്ല. കാരണം, അവന് അത്ഭുതപ്പെടാനറിയില്ല, ആനന്ദിക്കാനറിയില്ല. വിസ്മയം നഷ്ടപ്പെട്ടവന് മനുഷ്യരുടെ അഭിവാദനവും മനസ്സിലാകണമെന്നില്ല. മറിയത്തിന്റെയും എലിസബത്തിൻ്റെയും ഹൃദയം അവനില്ല.

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി”. ചരിത്രമല്ല ദൈവശാസ്ത്രമാണ് സുവിശേഷം. എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി എന്ന് രണ്ടു പ്രാവശ്യം സുവിശേഷകൻ ആവർത്തിക്കുന്നുണ്ട്. ആനന്ദമാണ് ദൈവം. ആ ആനന്ദത്തെ തിരിച്ചറിയുന്നവനാണ് പ്രവാചകൻ. യോഹന്നാൻ ഉദരത്തിൽ വച്ചു തന്നെ അത് തിരിച്ചറിയുന്നു. മറിയത്തിന്റെയും യേശുവിന്റെയും സാന്നിധ്യത്തിൽ എലിസബത്ത് പരിശുദ്ധാത്മാവാൽ നിറയുന്നു. വലിയൊരു വിരോധാഭാസമാണ് സുവിശേഷകൻ വിവരിക്കുന്നത്. പുരോഹിതനായിരുന്ന സഖറിയയ്ക്ക് പരിശുദ്ധാത്മാവിന്റെ ചൈതന്യം ലഭിക്കുന്നില്ല. അവൻ തന്റെ ഭക്തികളിലും ആചാരങ്ങളിലും വളരെയധികം ശ്രദ്ധാലുവായിരുന്നു. എന്നിട്ടും… പക്ഷെ, അവന്റെ ഭാര്യയിൽ പരിശുദ്ധാത്മാവ് നിറയുന്നു. കാരണം അവൾ ദൈവത്തിനായി സ്വയം സമർപ്പിച്ചിരുന്നു. പുതിയ നിയമത്തിലെ ആദ്യത്തെ പ്രവാചകർ രണ്ട് സ്ത്രീകളാണ്; എലിസബത്തും മറിയവും.

എലിസബത്ത് ഉദ്ഘോഷിക്കുന്നു: “എന്‍റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”. മറിയം ഗർഭവതിയാണെന്ന് എലിസബത്ത് എങ്ങനെ അറിഞ്ഞു? പരിശുദ്ധാത്മാവാണ് ആ അറിവ് നൽകുന്നത്. നമ്മുടെ അനുഭവവും കാഴ്ചകളും ഒന്നുമല്ല, പരിശുദ്ധാത്മാവാണ് അപ്പുറം ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ മാത്രമേ നമ്മുടെ ചരിത്രത്തിലെ ദൈവത്തിന്റെ കാലടികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ കഴിയൂ.

ദൈവം ലോകത്തിനു നൽകിയ സമ്മാനം ദൈവം തന്നെയാണെന്ന് എലിസബത്ത് മനസ്സിലാക്കുന്നു. എലിസബത്തിന്റെ ആദ്യ വാക്ക് ഒരു അനുഗ്രഹമാണ്: “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം”. ഓരോ ഭാഷണവും ഒരു അനുഗ്രഹമാകണം. ആരോടെങ്കിലും “ഞാൻ നിന്നെ അനുഗ്രഹിക്കുന്നു” എന്നു പറയുന്നതിനർത്ഥം അവരെ ആശ്ചര്യത്തോടെ നോക്കുക, അവരിലെ നന്മ കാണുക എന്നതാണ്.

അവസാനം, ഒരു സ്തോത്രഗീതത്തിലൂടെ മറിയത്തിന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു. ഒരു ആലിംഗനം അവളിൽ കൃതജ്ഞതയുടെ തന്മാത്രകൾക്ക് ജീവൻ നൽകുന്നു.

സ്തോത്രഗീതം മറിയത്തിന്റെ സുവിശേഷമാണ്. അതിൽ അവളുടെ ജീവിതവും ശൂന്യവൽക്കരണവും ഉണ്ട്. എങ്കിലും അവളല്ല, ദൈവമാണ് അതിലെ കേന്ദ്ര കഥാപാത്രം. പത്തു തവണയോളം ദൈവം അതിൽ ആവർത്തിക്കപ്പെടുന്നുണ്ട്. കാണുന്നതും ഉയർത്തുന്നതും വീഴ്ത്തുന്നതും അവനാണ്. അതെ, ദൈവമാണ് നമുക്കായി മഹത്തായ കാര്യങ്ങൾ ചെയ്യുന്ന സർവ്വശക്തൻ. മറിയത്തെപ്പോലെ ഒരു കൃതജ്ഞതാഭാവം നമുക്കും ഉണ്ടാകണം. ഇടയ്ക്കൊക്കെ നമുക്കും ഒരു സ്തോത്രഗീതം കുറിച്ചുവയ്ക്കാൻ സാധിക്കണം. ദൈവം നമുക്കുവേണ്ടിയും നമ്മൾ മുഖേനയും ചെയ്ത മഹത്തായ കാര്യങ്ങൾ എന്തൊക്കെയാണ്?

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago