ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള സന്ദേശമായിരുന്നു അത്. ‘രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത്’ എന്ന സന്ദേശം. ഭയത്തിന്റെ ഒരു കാറ്റ് യൂദയായുടെ നഗരപ്രദേശങ്ങളിൽ ചുറ്റിയടിക്കുന്നുണ്ട്. 40 ദിവസത്തെ ഉപവാസവും പിശാചിന്റെ പ്രലോഭനങ്ങളെ വിജയകരമായി അതിജീവിച്ചതിനും ശേഷം പുതിയ ദൗത്യവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി തിരിക്കുവാൻ ഒരുങ്ങുന്ന യേശു കേൾക്കുന്ന വാർത്ത ഭയപ്പെടുത്തുന്നത് തന്നെയാണ്. പക്ഷേ ഭയത്തിന്റെ അന്തരീക്ഷത്തിൽ വിവേകത്തോടെ പെരുമാറുന്ന യേശുവിന്റെ ചിത്രമാണ് സുവിശേഷം ചിത്രീകരിക്കുന്നത്. അവൻ ഗലീലിയിലേക്ക് പിൻവാങ്ങുന്നു. അസ്വീകാര്യമാകുന്ന ഇടങ്ങളിൽ ഇടിച്ചുകയറി വചനം പ്രഘോഷിക്കുക എന്നത് യേശുവിന്റെ ശൈലിയല്ല. അതുകൊണ്ട് അവൻ വിവേകത്തോടെ സ്വീകാര്യമാകുന്ന ഇടങ്ങളിലേക്ക് പിൻവാങ്ങുന്നു. അതിലുപരി മറ്റൊരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. യോഹന്നാനെ ബന്ധനസ്ഥനാക്കിയതിലൂടെ രാജാവിന് ഒരുവന്റെ വായ മൂടി കെട്ടുവാൻ സാധിച്ചു. പക്ഷേ അതേ നിമിഷം തന്നെ യേശു തന്റെ സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നു. വചനം പ്രഘോഷിക്കുന്നവനെ ബന്ധനസ്ഥനാക്കാം, പക്ഷേ വചനത്തെ തടങ്കലിൽ ഇടുവാൻ സാധിക്കില്ല. വചനം മറ്റു വ്യക്തികളിലൂടെ പ്രവർത്തിക്കും. ഒരു നാവു ശക്തി ഉപയോഗിച്ചു പൂട്ടുമ്പോൾ, മറ്റ് അധരങ്ങളിൽ വചനം നിറയും. അവർ പ്രഘോഷകരായി നടുമുറ്റങ്ങളിലേക്കിറങ്ങും. ഇത് ദൈവത്തിന്റെ യുക്തിവിചാരമാണ്. അത് നിശബ്ദനാക്കപ്പെട്ട യോഹന്നാന്റെ ചിത്രത്തിലൂടെയും, വചനം പ്രഘോഷിക്കുകയും അനുയായികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന യേശുവിന്റെ ചിത്രത്തിലൂടെയും സുവിശേഷം ചുരുക്കം ചില വരികളിലൂടെ സുന്ദരമായി വ്യക്തമാക്കുന്നുണ്ട്.
യോഹന്നാൻ എവിടെയാണ് നിർത്തിയത്, അവിടെ നിന്നും തന്നെയാണ് യേശു തുടങ്ങുന്നത്. യോഹന്നാൻ എന്താണ് പ്രഘോഷിച്ചത്, അതേ വിഷയം തന്നെയാണ് യേശുവും പ്രഘോഷിക്കുന്നത്: “മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു” (v.17).
“മാനസാന്തരപ്പെടുവിൻ”. ഒരു ആഹ്വാനമാണ്. ഒരു കല്പനയല്ല. മനസ്സിന്റെ മാറ്റത്തെ കുറിച്ചാണ് പറയുന്നത്. മനോഭാവത്തിന്റെ നൈർമല്യമാണ് ആഹ്വാനത്തിലടങ്ങിയിരിക്കുന്നത്. നമ്മൾ അതിനെ തപിക്കലായി വ്യാഖ്യാനിച്ച് ‘അനുതാപം’ എന്നു വിളിച്ചു. പക്ഷേ സ്വന്തം ജീവിതത്തോടും ജീവിതശൈലിയോടും വിപ്ലവം നടത്താനുള്ള ഒരു ക്ഷണമാണിതെന്ന് പല പ്രാവശ്യവും നമ്മൾ മറന്നു പോയി. നിന്റെ ചിന്തയ്ക്കും മനസ്സിനും മുകളിലായി ദൈവികമായ ഒരു യുക്തിയുണ്ട്, ആ യുക്തി സ്വീകരിക്കാനുള്ള തുറവിയുണ്ടാക്കുക. നീ സഞ്ചരിക്കുന്ന വഴി എങ്ങോട്ടേക്ക് ഉള്ളതാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടാകുക. മാനസാന്തരപ്പെടുക എന്ന ആഹ്വാനം യേശു നൽകുന്ന ഒരു അവസരമാണ്. അതിലൊരു ക്ഷണം അടങ്ങിയിട്ടുണ്ട്; എൻറെ കൂടെ വരുക, ഇവിടത്തെ ആകാശം ഇരുൾ നിറഞ്ഞതല്ല, ഇവിടെ എന്നും പ്രകാശപൂരിതമാണ്, ഇവിടെ ജീവിതം സത്യസന്ധമാണ്.
എന്തിനു മാനസാന്തരപ്പെടണം? ഉത്തരം യേശു നൽകുന്നുണ്ട്. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. എന്താണ് ഈ സ്വർഗ്ഗരാജ്യം അഥവാ ദൈവരാജ്യം എന്ന സംഗതി? ജീവിതത്തിന്റെ എല്ലാ തലങ്ങളും അതിന്റെ അവസ്ഥാന്തരങ്ങളും പൂവണിയുന്ന നന്മയാണ് ദൈവരാജ്യം. സ്ഥല-കാല സങ്കല്പങ്ങളുടെ ചതുരാതിർത്തിയിൽ ഒതുങ്ങാത്ത ജീവന്റെ ഊർവ്വരതയുടെ ആഘോഷമാണ് ദൈവരാജ്യം. ആ രാജ്യം ദൈവത്തിന്റേതാണ് പക്ഷേ മനുഷ്യർക്കുള്ളതാണ്. ലോകത്തിന്റെ നവനിർമ്മിതിക്കുള്ളതാണ്. മാനുഷിക ബന്ധങ്ങൾക്കുള്ളതാണ്. ദൈവസ്വപ്നത്തിലുള്ള ഒരു ധരണിക്കുള്ളതാണ്. ആ രാജ്യം, ഇതാ, സമീപിച്ചിരിക്കുന്നു. കണ്ണു തുറന്നു നോക്കുക, മഹത്തായ എന്തോ സംഭവിച്ചിരിക്കുന്നു. പ്രകാശത്തിലേക്ക് തിരിയുക, അത് നിന്റെ തൊട്ടരികിലുണ്ട്. നന്മ പൊതിയുന്ന പ്രാണവായുവായി ദൈവം നമുക്കരികിലുണ്ട്. ഒരു പുളിമാവായി, ഒരു വിത്തായി, ഒരു ജീവത്വരകമായി…
സുവിശേഷം അവസാനിക്കുന്നത് നാലു മുക്കുവരെ വിളിക്കുന്ന രംഗത്തോടെയാണ്. മീൻപിടുത്തക്കാരായവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നൊരു ഉറപ്പു നൽകിയാണ് വിളിക്കുന്നത്. ഏതോ ഒരു മാന്ത്രികത ആ വിളിയിൽ അടങ്ങിയിട്ടുണ്ടാകണം. ഒരു അമൂല്യ നിധി കണ്ടെത്തി എന്ന പ്രതീതി ഉളവാക്കുന്ന രീതിയിൽ അവന്റെ വിളി കേട്ടവർ ‘എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്നു’. സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യം തന്നെയാണ് അവരെ ആകർഷിച്ചിരിക്കുന്നത്. അതെ, ആനന്ദം സാധ്യമാണ്. അത് സമീപസ്ഥവുമാണ്. യേശുവാണ് അതിലേക്കുള്ള വാതിൽ. ആ വാതിൽ തുറക്കാനുള്ള ഏക താക്കോൽ സ്നേഹം മാത്രമാണ്. അനന്തതയുടെ അതിരുകളോളം പടർന്നു കിടക്കുന്ന നമ്മുടെ നൊമ്പരങ്ങൾക്കുള്ള ഏക പ്രതിവിധി ആ അതിരുകൾക്കുമപ്പുറത്തേക്കും ‘നമ്മുടെ ഉള്ളിലെ സ്നേഹം എത്തിക്കുക’ എന്നത് മാത്രമാണ്.
തന്നെ അനുഗമിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിൽ ആ മുക്കവരോട് എന്ത് കാര്യമായിരിക്കാം യേശു പ്രഘോഷിച്ചിട്ടുണ്ടാകുക? എന്തോ ഒന്ന് അവരുടെ ഹൃദയത്തിന്റെ ആഴത്തിൽ സ്പർശിക്കുന്നത് അവനിൽ നിന്നും പ്രവഹിച്ചിട്ടുണ്ടാകണം. ദൈവവചനത്തെ അതിന്റെ സൗന്ദര്യം ഒന്നും നഷ്ടപ്പെടാത്ത രീതിയിൽ പ്രഘോഷിച്ചാൽ ശ്രോതാക്കളുടെ ഹൃദയത്തിന്റെ അന്തരാളങ്ങളിൽ തരംഗങ്ങൾ ഉണ്ടാകും. അത് ആത്മാവിന്റെ യഥാർത്ഥമായ ചോദനയിലേക്ക് കേൾവിക്കാരെ നയിക്കും. അപ്പോൾ നമ്മൾ ഇടംവലം നോക്കില്ല. ഇറങ്ങിപ്പുറപ്പെടും. അവനോടൊപ്പം മനുഷ്യരെ പിടിക്കാൻ, എങ്ങനെ? സ്നേഹത്തിന്റെ വലകൾ നെയ്തു കൊണ്ട്.
സുവിശേഷത്തിന്റെ അവസാന വരികൾ ശ്രദ്ധിക്കുക. യേശുവിന്റെ ജീവിതത്തിന്റെ ലളിതമായ സംഹാരമാണ്. അവൻ ചുറ്റി സഞ്ചരിച്ചു കൊണ്ട് സുവിശേഷം പ്രഘോഷിച്ചു. അവനൊരു അപ്പോത്തിക്കിരിയെപ്പോലെ ജനങ്ങളുടെ എല്ലാ രോഗങ്ങളും വേദനകളും സുഖപ്പെടുത്തി. എങ്ങനെയാണ് അവൻ സൗഖ്യം നൽകിയത്? ദൈവിക സ്നേഹം പകർന്നു നൽകിക്കൊണ്ട്. അതെ, ദൈവ സ്നേഹത്തിനു മാത്രമേ നമ്മുടെ ജീവിതത്തിന് സൗഖ്യം നൽകാൻ സാധികൂ. ഈ സ്നേഹത്തെയാണ് നമ്മളോരോരുത്തരും പ്രഘോഷിക്കേണ്ടത്. ഈ സ്നേഹത്തിലാണ് നമ്മളോരോരുത്തരും ജീവിക്കേണ്ടത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.