തപസ്സുകാലം മൂന്നാം ഞായർ
ഒന്നാംവായന: പുറപ്പാട് 20:1-17
രണ്ടാംവായന: 1 കൊറിന്തോസ് 1: 22-25
സുവിശേഷം: വി. യോഹന്നാൻ 2:13 -25
ദിവ്യബലിയ്ക്ക് ആമുഖം
വിളിക്കപ്പെട്ടവർക്ക് ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണെന്ന് തപസ്സുകാലം മൂന്നാം ഞായറിൽ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. നാമെല്ലാവരും ക്രിസ്തുവിന്റെ ബലിയർപ്പണത്തിനായി വിളിക്കപ്പെട്ടവരാണ്. ക്രിസ്തുവിലൂടെ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും ശ്രവിക്കുവാനും അനുഭവിച്ചറിയാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ദേവാലയം ശുദ്ധീകരിക്കുന്ന യേശുവിന്റെ പ്രവൃത്തിയ്ക്ക് പിന്നിൽ ചരിത്രപരമായ വ്യത്യസ്ത യാഥാർത്ഥ്യങ്ങളുണ്ട്. ജറുസലേം ദേവാലയത്തിൽ ബലികളർപ്പിക്കുവാൻ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും യഹൂദർ വരാറുണ്ട്. പ്രത്യേകിച്ചും തിരുനാൾ ദിനങ്ങളിൽ ദീർഘയാത്ര ചെയ്യുന്നവർ സ്വാഭാവികമായും ബലിയർപ്പിക്കേണ്ട മൃഗത്തെ കൂടെകൊണ്ടുവരുന്നതിന് പകരം ദേവാലയത്തിനടുത്ത്നിന്ന് വാങ്ങുകയാണ് ചെയ്തിരുന്നത്. അതോടൊപ്പം ദേവാലയത്തിനുള്ളിൽ യഹൂദരുടെ ഒരു പ്രത്യേകനാണയമേ അംഗീകരിച്ചിരുന്നുള്ളു. വിജാതിയരുടെതായി പരിഗണിച്ചിരുന്ന വ്യത്യസ്ത ഗ്രീക്ക് – റോമൻ നാണയങ്ങൾ ദേവാലയത്തിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല. ദേവാലയത്തിൽ കാണിക്കയർപ്പിക്കുവാനും വാർഷിക വരിസംഖ്യ അടയ്ക്കുവാനും എല്ലാവരും നിർബന്ധമായും ദേവാലയ പരിസരത്തെ നാണയ കൈമാറ്റക്കാരിൽനിന്ന് തങ്ങളുടെ കൈവശമുള്ള ഗ്രീക്ക്- റോമൻ നാണയങ്ങൾ മാറ്റിയെടുക്കണമായിരുന്നു. ബലിയർപ്പണവുമായി ബന്ധപ്പെട്ട ഈ വ്യാപാരം ദേവാലയന്തരീക്ഷത്തെ അസ്വസ്ഥമാക്കിയിരുന്നു.
അതിനെക്കാളുപരി നാണയ കൈമാറ്റക്കാർ തങ്ങളുടെ കൈമാറ്റ പ്രക്രിയയിൽ പലപ്പോഴും കള്ളത്തരം കാണിച്ചിരുന്നു. ബലിമൃഗങ്ങളെ വിൽക്കുന്നവർ നിയമം അനുശാസിക്കുന്ന വിധമല്ല വിശ്വാസികൾക്ക് മൃഗങ്ങളെ നൽകിയിരുന്നത്. ക്രയവിക്രയത്തിലുള്ള അഴിമതിയും, കള്ളത്തരവും, കുറവുകളും ദൈവാലയ അന്തരീക്ഷത്തെ ഒന്നുകൂടി മലീനസമാക്കി ഇതിനെതിരെ “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാക്കരുത്” എന്ന് പറഞ്ഞുകൊണ്ട് യേശു ശക്തമായി പ്രതികരിക്കുന്നു. യേശുവിന്റെ പ്രതികരണം കണ്ട ശിഷ്യന്മാർ “അങ്ങയുടെ, ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു” എന്ന 69-ാം സങ്കീർത്തനത്തിലെ 9-ാം വാക്യം അനുസ്മരിക്കുന്നു.
യേശുവിനെ ചോദ്യം ചെയ്തുകൊണ്ട് അടയാളം ആവശ്യപ്പെട്ട യഹൂദർക്ക് യേശു നൽകുന്ന മറുപടി “നിങ്ങൾ ഈ ദൈവാലയം നശിപ്പിക്കുക മൂന്ന് ദിവസത്തിനകം അത് ഞാൻ പുനരുദ്ധരിക്കും”. അതായത് ‘നിങ്ങൾ എന്നെ കൊല്ലുക മൂന്നാം ദിവസം ഞാൻ ഉയർത്തെഴുന്നേൽക്കും’. തന്റെ മരണത്തെയും ഉത്ഥാനത്തെയും ശരീരമാകുന്ന ആലയത്തേയും കുറിച്ച് യേശു ഇവിടെ പറയുവാൻ കാരണമെന്ത്? യഹൂദർക്ക് ജറുസലേം ദേവാലയം ദൈവം വസിക്കുന്ന ഭവനമാണ്. ദൈവവും മനുഷ്യനും സന്ധിക്കുന്ന സ്ഥലം. എന്നാൽ യേശുവിന്റെ വരവോടുകൂടി ദൈവവും മനുഷ്യനും സന്ധിക്കുന്ന പുതിയ ദൈവാലയം സംജാതമായി. പുതിയ നിയമത്തിലെ ദൈവസാന്നിധ്യം ദൈവാലയത്തിലല്ല മറിച്ച് യേശുവിലാണ്. അതുകൊണ്ടാണ് വി. യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആദ്യം പറയുന്നത് “വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു”. ദൈവാലയത്തിലർപ്പിച്ചിരുന്ന നിരവധി ബലികളെ തന്റെ കുരിശുമരണമാകുന്ന ഏകബലിയിലൂടെ യേശു പൂർത്തീകരിക്കുകയാണ്. ചരിത്രത്തിലെ മറ്റൊരു യാഥാർത്ഥ്യം AD 70-ൽ ജറുസലേം ദേവാലയം റോമാക്കാരാൽ നശിപ്പിക്കപ്പെട്ടതിനു ശേഷമാണ് വി. യോഹന്നാന്റെ സുവിശേഷം രചിക്കപ്പെടുന്നത്. ഇതിലൂടെ പിതാവായ ദൈവത്തിലുള്ള വിശ്വാസം ദൈവാലയ നാശത്തിനുശേഷം പുത്രനായ ക്രിസ്തുവിലൂടെ സകല മനുഷ്യരിലും എത്തിച്ചേർന്നിരിക്കുന്നുവെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു.
യേശു ബലിയർപ്പണത്തിനെതിരായിരുന്നില്ല എന്നാൽ ദേവാലയത്തിൽ ബലിയർപ്പണത്തേക്കാളും ദൈവസാന്നിധ്യത്തേക്കാളും പ്രാധാന്യം കല്പിച്ചിരുന്ന സർവ്വതിനെയും യേശു എതിർക്കുന്നു.
ഇന്നത്തെ ഒന്നാം വായനയിലും ദൈവം നമ്മോടു പറയുന്നതും ഇതു തന്നെയാണ്: “ഞാനാണ് നിന്റെ കർത്താവായ ദൈവം ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്”. നമ്മുടെ ആത്മീയ ജീവിതത്തിലും ദൈവത്തേക്കാൾ പ്രാധാന്യം നൽകുന്ന എന്തെങ്കിലുമുണ്ടോ? നമ്മുടെ ഇടവക ജീവിതത്തിൽ ദിവ്യബലിയെക്കാൾ പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളുണ്ടൊ? ദേവാലയ ശുദ്ധീകരണത്തിലൂടെ നമ്മുടെ ആത്മീയ ശുദ്ധീകരണത്തിനും, അതിലൂടെ സഭാ നവീകരണത്തിനും യേശു നമ്മെ ക്ഷണിക്കുകയാണ്.
ആമേൻ
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക https://catholicvox.com/
വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് ചേരുക https://chat.whatsapp.com/KMYSKwGAL9eK6ozQUstMgT
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/CatholicVox
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.