Categories: Sunday Homilies

3rd Sunday of Easter_Year A_എമ്മാവൂസിലെ സഹയാത്രികൻ എന്റെ ജീവിതത്തിൽ

യേശുവിന്റെ സഞ്ചാരം സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൃദയങ്ങളിലാണ്...

പെസഹാകാലം മൂന്നാം ഞായർ

ഒന്നാം വായന: അപ്പൊ.പ്രവ. 2:14,22-23
രണ്ടാം വായന: 1പത്രോസ് 1:17-21
സുവിശേഷം: 24:13-35

വചന വിചിന്തനം

ഉത്ഥാനാനന്തര സംഭവങ്ങളിൽ പ്രധാനമായ “എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ യാത്ര”യാണ് നമ്മുടെ മുഖ്യവിചിന്തന വിഷയം. ജറുസലേമിൽ നിന്ന് എമ്മാവൂസിലേയ്ക്ക് ഏകദേശം 12 കിലോമീറ്റർ അകലം ഉണ്ടായിരുന്നു. ജറുസലേമിൽ നിന്ന് എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർ ദുഃഖിതനായിരുന്നു. അവർ സംസാരിച്ചും സംവദിച്ചും കൊണ്ടിരുന്നു. അവരുടെ ദുഃഖത്തിന്റെ കാരണവും, സംവാദത്തിന്റെ മുഖ്യ വിഷയവും ഒന്നുതന്നെയാണ്. അവർ ഇത്രയും കാലം നേതാവായി, നായകനായി ആദരിച്ചിരുന്ന, ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവർത്തിയിലും ശക്തനായ പ്രവാചകൻ, ഇസ്രായേലിനെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യേശു ഇതാ ദാരുണമായി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഒരു നേതാവ് എന്ന് കരുതിയവൻ കുറ്റവാളിയായി കൊല്ലപ്പെട്ടിരിക്കുന്നു. ശിഷ്യന്മാർ എന്താണോ പ്രതീക്ഷിച്ചിരുന്നത് അതിന് വിപരീതമായി സംഭവിച്ചിരിക്കുന്നു.

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ യേശു അവരുടെ അടുത്തെത്തി, അവരോടൊപ്പം നടന്നു, അവരോട് വിവരങ്ങൾ തിരക്കുന്നു. ശിഷ്യന്മാർ യേശുവിനെ തിരിച്ചറിയുന്നില്ല. യേശുവിനെക്കുറിച്ച് അവർക്കുണ്ടായിരുന്ന പ്രതീക്ഷകളും, നിരാശയും, ശൂന്യമായ കല്ലറയെക്കുറിച്ചുമെല്ലാം അവർ പറയുന്നു. യേശുവാകട്ടെ, മോശ മുതൽ പ്രവാചകന്മാരെല്ലാം യേശുവിനെക്കുറിച്ച് പറഞ്ഞതും, വിശുദ്ധ ലിഖിതങ്ങളിൽ എഴുതിയതും എടുത്തുപറഞ്ഞു വ്യാഖ്യാനിക്കുന്നു. യേശുവിന്റെ സംഭാഷണത്തിലെ മുഖ്യപ്രമേയം അവരുടെ തെറ്റിദ്ധാരണ തിരുത്തുക എന്നതാണ്. ശിഷ്യന്മാർ കരുതിയത് ക്രൂശിതനായവൻ ഒരിക്കലും മിശിഹായാകാൻ (രക്ഷകനാകാൻ) സാധിക്കുകയില്ല എന്നാണ്. ഈ തെറ്റിദ്ധാരണയെ യേശു തിരുത്തുകയാണ്. യേശുവിലൂടെ പൂർത്തിയായ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സായുധ വിപ്ലവത്തിലൂടെയല്ല, യുദ്ധവിജയത്തിലൂടെയല്ല മറിച്ച് സഹകരണത്തിലൂടെയും, പീഡനത്തിലൂടെയും, ഉത്ഥാനത്തിലൂടെയുമാണെന്ന് യേശു അവരെ പഠിപ്പിക്കുന്നു. അങ്ങനെ അവർ കാത്തിരുന്ന രക്ഷകൻ യേശു തന്നെയാണെന്നും, ദൈവത്തിന്റെ രക്ഷാകര പദ്ധതി യേശുവിലൂടെ പൂർത്തിയായെന്നും യേശു അവരെ ബോധ്യപ്പെടുത്തുന്നു.

ഇനി രണ്ടാംഘട്ടം ആരംഭിക്കുകയാണ്. ശിഷ്യന്മാരുടെ നിർബന്ധപ്രകാരം അവരോടൊപ്പം താമസിക്കാൻ തയ്യാറായ യേശു ഭക്ഷണത്തിനിരുന്നപ്പോൾ അന്ത്യഅത്താഴ വേളയിൽ ചെയ്തതുപോലെ അപ്പമെടുത്ത് ആശീർവദിച്ച്, മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അവർ യേശുവിനെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അപ്രത്യക്ഷനായി, അവർ ജറുസലേമിലേക്ക് തിരികെപോയി യേശുവിനെ കണ്ട കാര്യം മറ്റു ശിഷ്യന്മാരുടെ മുൻപിൽ സാക്ഷ്യപ്പെടുത്തുന്നു.

ധ്യാനം

1) എമ്മാവൂസിലേക്ക് പോയ രണ്ടു ശിഷ്യന്മാരിൽ ഒരാളുടെ പേര് ക്ലെയോപാസ് എന്നാണ്, മറ്റൊരാളുടെ പേര് നമുക്ക് അജ്ഞാതമാണ്. ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത് ഈ അജ്ഞാതനായ ശിഷ്യൻ നാം ഓരോരുത്തരുമാണ് എന്നാണ്. നമുക്കോരോരുത്തർക്കും ഉത്ഥിതനായ യേശുവിനെ അനുഭവിക്കാനും, അവനെ അറിയാനും, അവന്റെ വാക്കുകൾ ശ്രദ്ധിക്കാനും, അവനോടു സംസാരിക്കാനും, അവസാനമായി യേശുവിനോടൊപ്പം അത്താഴമേശയിലിരിക്കാനും സാധിക്കണം. അതിന് നമ്മുടെ ജീവിതയാത്രയിൽ യേശുവിനെ കൂടെ കൂട്ടണം.

2) നമുക്കോരോരുത്തർക്കും നമ്മുടേതായ ഒരു എമ്മാവൂസ് യാത്രയുണ്ട്. അഥവാ, നാം യേശുവിനോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. ശിഷ്യന്മാരുടെ എമ്മാവൂസ് യാത്ര പരിശോധിച്ചാൽ വിഷാദം, നിരാശ, ദേഷ്യം, നടുക്കം, പാലായനം, ഒളിച്ചോടൽ, യാത്ര, സംസാരം, ശ്രവിക്കൽ, പഠനം, ക്ഷണം, താമസിക്കൽ, തിരിച്ചറിയിൽ, ഊർജ്ജസ്വലത, പ്രത്യാശ, തിരിച്ചുപോക്ക്, സാക്ഷ്യം, തുടങ്ങിയ ഘട്ടങ്ങൾ കാണാം. യേശുവിനോടൊപ്പമുള്ള ജീവിതയാത്രയിൽ നാം ഇതിൽ ഏത് ഘട്ടത്തിലാണെന്ന് നമുക്ക് പരിശോധിക്കാം.

3) എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ സുവിശേഷത്തെ ദിവ്യബലിയുമായി സാദൃശ്യപ്പെടുത്താം. വഴിയേ നടന്നു കൊണ്ട് യേശു വിശുദ്ധ ലിഖിതങ്ങൾ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്നത് ദിവ്യബലിയിലെ വചനപ്രഘോഷണമാണ്. ഒന്നിച്ചിരുന്ന് ഭക്ഷിക്കുമ്പോൾ അപ്പമെടുത്ത് ആശീർവദിച്ച്, മുറിച്ച് കൊടുക്കുന്നത് ദിവ്യബലിയിലെ സ്തോത്രയാഗകർമ്മമാണ്. ജീവിതമാകുന്ന യാത്രയിൽ, നാം യേശുവിനെ അനുഭവിക്കുന്നത് ദിവ്യബലിയിലാണ്. രണ്ടു ശിഷ്യന്മാർക്കും അപ്പം മുറിച്ചു കൊടുത്തപ്പോൾ അവർ യേശുവിനെ തിരിച്ചറിഞ്ഞു, എന്നാൽ യേശു അപ്രത്യക്ഷനായി. ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, അപ്രത്യക്ഷനായ യേശു ആ മുറിച്ചു കൊടുക്കപ്പെട്ട അപ്പത്തിലാണ്. അങ്ങനെ യേശുവിനെ സ്വീകരിച്ചുകൊണ്ടാണ് അവർ ജറുസലേമിലേയ്ക്ക് തിരികെ പോകുന്നത്. ഓരോ ദിവ്യബലിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, യേശുവിനെ സ്വീകരിച്ചുകൊണ്ട് നാം സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നു.

4) നമുക്ക് യേശുവിനെ നമ്മുടെ ജീവിതങ്ങളിൽ കൂടെ കൂട്ടാം. നമ്മുടെ ജീവിതയാത്രയിൽ നമ്മോടൊപ്പം അദൃശ്യനായി കൂടെ നടക്കാനും, നമ്മുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ച വിഷമങ്ങളെ പങ്കുവയ്ക്കാനും, വചനത്തിന്റെ അർഥം ആഴത്തിൽ വിശദീകരിക്കാനും, നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കാനും യേശുവിന് കഴിയും. യേശുവിന്റെ സഞ്ചാരം സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൃദയങ്ങളിലാണ്. എന്നെ അറിയുന്ന, എന്നെ മനസ്സിലാക്കുന്ന, എന്റെ സഹയാത്രികൻ. നമുക്ക് യേശുവിനെ വഴികാട്ടിയായി കൂടെ കൂട്ടാം. കാരണം, അവനേ അറിയുകയുള്ളൂ നമ്മുടെ യാത്രകൾ എവിടെ, എങ്ങനെ അവസാനിക്കുമെന്ന്.

ആമേൻ.

vox_editor

View Comments

  • Very useful Nd Theological..

    I have a suggestion kindly post Sunday homily in advance....if it is ready on Thursday it will be more helpful.

    Thank u

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

6 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago