ഉയിർപ്പുകാലം മൂന്നാം ഞായർ
സുഹൃത്തുക്കളായ രണ്ട് യാത്രക്കാർ. അവർക്ക് പരസ്പരം പങ്കുവയ്ക്കാനുള്ളത് മാഞ്ഞു പോയ അവരുടെ സ്വപ്നങ്ങളും ഭാവി ജീവിതത്തിന്റെ ഇരുളിമയും മാത്രം. യാത്രയുടെ ഒരു ഘട്ടത്തിൽ ഒരു അപരിചിതനും അവരുടെ കൂടെ കൂടുന്നു. അയാൾ നല്ലൊരു കേൾവിക്കാരനാണ്. അവരുടെ സംസാരത്തിലേക്ക് അയാൾ തള്ളി കയറുന്നില്ല. അവരുടെ സങ്കടത്തിലേക്ക് ഒരു റെഡിമെയ്ഡ് ഉത്തരവുമായി കയറി കൂടുന്നുമില്ല. മറിച്ച് അയാൾ അവരുടെ കൂടെ നടക്കുന്നു. നിശബ്ദമായി എല്ലാം ശ്രവിക്കുന്നു. അങ്ങനെ ഒരു ഘട്ടത്തിൽ അവർക്ക് സംസാരിക്കാനായി ഇനി വിഷയങ്ങളില്ല എന്ന അവസ്ഥ വരുമ്പോൾ, അവരുടെ വാക്കുകൾ തീരുമ്പോൾ അയാൾ അവരോട് പതുക്കെ അവരോട് ചോദിക്കുന്നു; “എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്?” (v.17). ആ അപരിചിതൻ അന്ന് അവരുടെ കൂടെ യാത്ര ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ആ വഴിത്താര വ്യാമോഹങ്ങളുടെയും നഷ്ട സ്വപ്നങ്ങളുടെയും കഥകൾ നമ്മോട് പറയുമായിരുന്നേനെ.
വഴിത്താരകൾ പള്ളിക്കൂടങ്ങളാക്കിയവനായിരുന്നു യേശു. മല നിരകളും മരുഭൂമികളും കടൽത്തീരങ്ങളും പാടവരമ്പുകളുമെല്ലാം ഗുരുകുലമാക്കിയ അലഞ്ഞു തിരിഞ്ഞു നടന്ന പെരിപ്‌തെറ്റിക് റബ്ബിയായിരുന്നു അവൻ. കൂടെ നടക്കുവാനാണ് എന്നും അവൻ ആഗ്രഹിച്ചത്. ഉത്ഥാനത്തിന് ശേഷവും അവനത് തുടരുന്നു. ഇപ്പോൾ സഹയാത്രികനായ അവൻ യാത്രികന്റെ വഴികാട്ടിയായി മാറുന്നില്ല. യാത്രികന്റെ വഴി സ്വീകരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവൻ നമ്മുടെ വഴി സ്വീകരിക്കുന്നു. ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. നീ നടക്കുന്ന വഴിയെ അവൻ നടക്കുന്നു. നിന്റെ ദൈനംദിന ജീവിതത്തിലെ കാലടികളോടെ ചേർന്ന് അവനും നടക്കുന്നു. നിന്റെ യാത്രയുടെ വേഗതയ്ക്കൊപ്പം അവനും നീങ്ങുന്നു. യാത്രയുടെ ചലനാത്മകതയിലാണ് ഉത്ഥിതൻ ആ രണ്ടു ശിഷ്യരോടും പല ദൈവീക സത്യങ്ങളും വെളിപ്പെടുത്തുന്നത്. അവരുടെ നഷ്ട സ്വപ്നങ്ങൾക്കുള്ളിലെ ദൈവികതയെ കാണുവാൻ വചനങ്ങളിലൂടെ സഹായിക്കുന്നു. അവരുടെ സങ്കടത്തിലും പ്രതീക്ഷയിലും പങ്കുചേരുന്നു.
കുരിശിനെയാണ് അവർക്ക് മനസ്സിലാക്കാൻ സാധിക്കാതെ പോയത്. കാൽവരിയിൽ പരാജയപ്പെട്ട മിശിഹായായിരുന്നു ആ നിമിഷം വരെ അവരുടെ ഗുരുനാഥൻ. ഇപ്പോഴിതാ അപരിചിതനായ ഒരു യാത്രികൻ അതിനെക്കുറിച്ചെല്ലാം ആധികാരികമായി സംസാരിക്കുന്നു. ആഴമായ സത്യത്തിലേക്കാണ് അയാൾ അവരെ കൈപിടിച്ചു കൊണ്ടു പോയത്. ഓർക്കണം നമ്മൾ, അസാധ്യമെന്നു കരുതുന്ന ഇടങ്ങളിൽ ദൈവത്തിന്റെ കരം എപ്പോഴും ഉണ്ടാകും. അസംബന്ധമെന്ന് നമ്മൾ കരുതുന്ന വേദനകളിലും ഒറ്റപ്പെടലുകളിലും ഇല്ലായ്മയിലുമെല്ലാം ദൈവത്തിന്റെ കരങ്ങളുണ്ടാകും, കാൽവരിയിലെ കുരിശിൽ ദൈവ കരം ഉണ്ടായിരുന്നതുപോലെ.
ഒരു യാത്രയിലാണ് ഉത്ഥിതൻ തന്റെ ആദ്യ അത്ഭുതം പ്രവർത്തിക്കുന്നത്. അത് മോഹഭംഗിതരായ തന്റെ രണ്ടു ശിഷ്യരുടെ ഹൃദയം ജ്വലിപ്പിക്കുകയെന്ന അത്ഭുതമായിരുന്നു. അതെ കുറിച്ചോർത്തവർ വിസ്മയപെടുന്നുണ്ട്: “വഴിയില്‍ വച്ച് അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?” (v.32). ഉത്ഥിതനിൽ നിന്നും പഠിക്കണം നമ്മൾ എങ്ങനെയാണ് വിശ്വാസം പകർന്നു നൽകേണ്ടതെന്ന്. അത് മതബോധനവും ദൈവശാസ്ത്രവും ഡോഗ്മകളും മാത്രമല്ല. ഹൃദയത്തെ ജ്വലിപ്പിക്കാൻ സാധിക്കുന്ന വചനസദ്യയുമാണ്. വിശ്വാസത്തിന്റെ താപം സ്നേഹമായി പകർന്നു നൽകണം. അപ്പോൾ ഹൃദയങ്ങൾ ജ്വലിക്കും, തിരുഹൃദയം പോലെ. അങ്ങനെ ജ്വലിക്കുന്ന ഹൃദയത്തിൽ നിന്നേ ഏറ്റവും സുന്ദരമായ പദങ്ങൾ പ്രാർത്ഥനയായി പുറത്തേക്കു വരൂ: “ഞങ്ങളോടുകൂടെ താമസിക്കുക” (v.29). ഉള്ളിൽ അന്ധകാരം ചാഞ്ഞിറങ്ങുന്ന നേരത്ത്, കർത്താവേ, ഞങ്ങളോടൊത്ത് വസിക്കണമേ. ഞങ്ങളുടെ ദിനം അസ്തമിക്കുന്ന നേരത്ത്, കർത്താവേ, ഞങ്ങളോടു കൂടെ ഉണ്ടായിരിക്കണമേ.
അപ്പം മുറിക്കുമ്പോഴാണ് അവർ യേശുവിനെ തിരിച്ചറിഞ്ഞത്. പക്ഷേ അവരുടെ മുമ്പിൽ നിന്നും അവൻ അപ്രത്യക്ഷനാകുന്നുമുണ്ട്. സുവിശേഷം വളരെ വ്യക്തമായി പറയുന്നു: “അവൻ അപ്രത്യക്ഷനായി” (v.31). അവൻ എങ്ങോട്ടെങ്കിലും പോയി മറഞ്ഞതല്ല. അവൻ അദൃശ്യനാകുകയാണ് ചെയ്തത്. അപ്പോഴും അവൻ അവരോടു കൂടെയുണ്ട്; അദൃശ്യനായി. അദൃശ്യത അഭാവമല്ല. കണ്ണുകൾക്ക് മുന്നില്ലില്ലാത്തത് അഭാവമല്ല. കണ്ണുകൾക്കു അതീതമായ ഭാവമാണ്. ഇത് ദൈവീക ഭാവമാണ്. എവിടെ ഉത്ഥിതൻ? ഉത്ഥിതൻ നമ്മോടൊപ്പമുള്ള അദൃശ്യ സാന്നിധ്യമാണ്: സഹയാത്രികനായി, വചനവ്യാഖ്യാതാവായി, അപ്പം മുറിക്കുന്നവനായി, ഹൃദയം ജ്വലിപ്പിക്കുന്നവനായി, തമസ്സിൽ സഹവാസിയായി… അതിലുപരി സ്വർഗ്ഗീയ ജറുസലേമിലേക്ക് യാത്ര ചെയ്യുന്ന നമ്മുടെ മാർഗ്ഗവും അവൻ തന്നെയാണ്. വഴിയും സത്യവും ജീവനുമായ ഉത്ഥിതനായ യേശു തന്നെ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.