Categories: Meditation

3rd Sunday Lent_സമരിയാക്കാരിയുടെ നന്മ (യോഹ. 4:5-42)

യേശു അവളിൽ ഒരു ദേവാലയം പണിയുകയാണ്...

തപസ്സുകാലം മൂന്നാം ഞായർ

പൊട്ടിപ്പോയ സ്നേഹത്തിന്റെ നൂലുകൾ വീണ്ടും കെട്ടണോ? അനേകം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചവനായ യേശു അതിന്റെ രീതി നമുക്ക് കാണിച്ചു തരും. യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും സമ്പന്നവും സർഗ്ഗാത്മകവുമായ ഒരു ആഖ്യാനത്തിലൂടെ: യേശുവും സമരിയാക്കാരിയും.

യാത്ര ചെയ്തു ക്ഷീണിച്ച യേശു സിക്കാറിലെ യാക്കോബിന്റെ കിണറിന്റെ കരയിൽ ഇരിക്കുന്നു. ദുർബല ജീവിതത്തിന്റെ ചരിത്രമുള്ള പേരില്ലാത്ത ഒരു സ്ത്രീ അവിടെ വരുന്നു. ഏകനാണവൻ. അവളും അതുപോലെതന്നെ. മനുഷ്യത്വമാണ് അവൾ ഇത്രയും നാൾ തേടിയിരുന്നത്. മനുഷ്യത്വമാണ് അവനും ആഗ്രഹിക്കുന്നത്. പല പ്രണയങ്ങളുടെയും പിന്നാലെ പോയ ഒരു പ്രണയിനിയാണവൾ. അവനോ വധുവിനെ തിരികെ നേടാൻ കൊതിക്കുന്ന വരനായ ദൈവമാണ്. ആ വരൻ സ്നേഹത്തിന്റെ കാര്യത്തിൽ ക്ഷീണിതനല്ല. ആരുടെയും തെറ്റുകൾക്കോ കുറവുകൾക്കോ അല്ല അവൻ പ്രാധാന്യം കൊടുക്കുന്നത്. ഹൃദയത്തിൽ എത്രത്തോളം ദാഹമുണ്ട്, എത്രത്തോളം ആഗ്രഹമുണ്ട്; അത് മാത്രം മതി അവന്.

വിവാഹത്തിന്റെതായ പ്രതിധ്വനികളും ഓർമ്മകളും വരികളുടെയിടയിൽ നിറയുന്നുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് വിശുദ്ധഗ്രന്ഥം വൈവാഹികമായ ഒരു മാനം നൽകുന്നുണ്ടെന്ന കാര്യം നമുക്കറിയാം. ജീവരേണുക്കൾ നമ്മിൽ സന്നിഹിതമാകുന്ന നിമിഷം മുതൽ ദൈവം അവനുമായുള്ള ഒരു വിവാഹത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന്റെ ഇണകളാണ് നമ്മൾ. കാരണം, ദൈവവുമായി ഒന്നാകുമ്പോഴാണ് നമ്മുടെ ആത്മാവിന് യഥാർത്ഥ ചാരിതാർത്ഥ്യം അനുഭവിക്കാൻ സാധിക്കുക.

“എനിക്ക് കുടിക്കാൻ തരുക”. വരന് ദാഹിക്കുന്നു. വെള്ളത്തിനല്ല, സ്നേഹിക്കപ്പെടാനാണ്. ഇതാ, ഒരു സ്നേഹബന്ധം ആരംഭിക്കുന്നു, ഒരു വാഗ്ദാനത്തിലൂടെ: “ദൈവത്തിന്റെ ദാനം എന്തെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ…” ദൈവത്തിന്റെ പ്രേമാഭ്യർത്ഥനയ്ക്കുള്ള മറുപടിയാണ് വിശ്വാസം.

ദാനമാണ് ഈ പ്രണയകഥയുടെ താക്കോലും വാതിലും. ദൈവം ചോദിക്കുന്നില്ല, അവൻ നൽകുന്നു. ദൈവം ആവശ്യപ്പെടുന്നില്ല, അവൻ വാഗ്ദാനം ചെയ്യുന്നു: നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയെ നിനക്ക് തരാം. ഒരു തുള്ളി വെള്ളമല്ല, ഒരു അരുവിയാണ് അവന്റെ ദാനം. മനോഹരമായ ഒരു പ്രതീകമാണത്. നിന്റെ ദാഹം ശമിപ്പിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതലാണ് അരുവി. അതിന് അളവില്ല, അവസാനമില്ല, കണക്കുകളുമില്ല. അത് സമൃദ്ധവും അമിതവുമാണ്. ദൈവത്തിന്റെ ദാനം സ്വയം നൽകുന്ന ദാനമാണ്. അത് അവന്റെ പ്രതിച്ഛായ തന്നെയാണ്. ആ ദാനത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്; നാം എല്ലാവരും അവനിലേക്ക് തിരികെ വരണം. ദാസന്മാരായിട്ടോ അടിയാളന്മാരായിട്ടോ അല്ല, അവനെ പ്രണയിക്കുന്നവരായിട്ടാണ്.

“നീ ചെന്ന് നിന്നെ സ്നേഹിക്കുന്നവനെ കൂട്ടിക്കൊണ്ടു വരുക”. സ്ത്രീകളോട് സംസാരിക്കുമ്പോൾ യേശു നേരെ അവരുടെ ഹൃദയത്തിനുള്ളിലേക്ക് പോകും. അവൻ അവരുടെ ഭാഷയും വികാരവും ആഗ്രഹവും ജീവിക്കാനുള്ള അവരുടെ ശക്തമായ കാരണവും സ്വന്തമാക്കും. സ്ത്രീകൾക്കിടയിൽ മാത്രമാണ് അവന് ശത്രുക്കൾ ഇല്ലാത്തത്. അവന്റെ സർഗാത്മകമായ ആന്തരിക നോട്ടം അവളുടെ ഉള്ളിലെ നന്മയെ കണ്ടെത്തുന്നു. രണ്ടുപ്രാവശ്യം അവൻ പറയുന്നു, “നീ പറഞ്ഞത് ശരിയാണ്”, “നീ പറഞ്ഞത് സത്യമാണ്”. പരുക്കനായ ഒരു ജീവിതമാണ് അവളുടേത്. അതിൽ പോലും അവൻ നന്മയും സത്യവും കണ്ടെത്തുന്നു. അവളുടെ തുടിക്കുന്ന ഹൃദയത്തിനുള്ളിലെ സത്യസന്ധത അവൻ കാണുന്നു. പിന്നെയുള്ള അവരുടെ സംഭാഷണം സ്വർണ്ണ ലിപികളിലാണ് സുവിശേഷകൻ കുറിച്ചിരിക്കുന്നത്.

ആ സംഭാഷണത്തിൽ കുറ്റപ്പെടുത്തലോ വിധിക്കലോ ഉപദേശങ്ങളോ ഒന്നും തന്നെയില്ല. പകരം യേശു അവളിൽ ഒരു ദേവാലയം പണിയുകയാണ്. എവിടെയാണ് ഞങ്ങൾ ദൈവത്തെ ആരാധിക്കേണ്ടത്? ഏതു പർവ്വതത്തിലാണ് ഞങ്ങൾ അവനെ തേടേണ്ടത്? ശക്തമാണ് അവളുടെ ചോദ്യം. ഉത്തരമോ അതിനേക്കാൾ ശക്തവും സുന്ദരവുമാണ്. ദൈവം നിന്നിലാണ്. നീയാണ് അവൻ വസിക്കുന്ന പർവ്വതം. ആ ദൈവത്തെ ആരാധിക്കേണ്ടത് നിന്റെ ആത്മാവിലും സത്യത്തിലുമാണ്. നീയായിരിക്കും ദൈവം വസിക്കുവാൻ പോകുന്ന ആലയം.

അവൾ കുടം ഉപേക്ഷിച്ചു തന്റെ പട്ടണത്തിലേക്ക് പോകുന്നു: “ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ കാണുവിൻ” (v.29). അവളുടെ ഇന്നലത്തെ ബലഹീനത ഇന്ന് ശക്തിയായി മാറിയിരിക്കുന്നു. അവളുടെ ഇന്നലത്തെ മുറിവുകൾ നാളേക്കുള്ള പഴുതുകളായി മാറുന്നു. ആ ബലഹീനതകളുടെയും മുറിവുകളുടെയും മുകളിൽ അവനൊരു സാക്ഷ്യപേടകം പണിതിരിക്കുന്നു.
നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണ് സമരിയാക്കാരിയുടെ ആഖ്യാനം പറഞ്ഞുവയ്ക്കുന്നത്. ബലഹീനതകളെ ഭയക്കരുത്, അവയുടെ മേൽ ദൈവത്തിന്റെ ആലയം പണിയണം. നമ്മുടെ ബലഹീനതകൾക്ക് നമ്മൾ പണിയുന്ന ദേവാലയത്തിന്റെ മൂലക്കല്ലായി മാറാൻ സാധിക്കും.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago