Categories: Meditation

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ലോകം വലിയൊരു തീഗോളത്തിൽ അവസാനിക്കും എന്നതല്ല പുതിയ നിയമത്തിലെ അന്ത്യകാല കാഴ്ചപ്പാട് (eschatology)...

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ

വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും ചെയ്യും. കാരണം, രോഗാതുരമാണ് ലോകം. എന്നിട്ടും നമ്മൾ അതിനെ ഒഴിവാക്കുന്നില്ല. യേശുവിനെപ്പോലെ അതിന് സൗഖ്യം നൽകാൻ ശ്രമിക്കുന്നവരുടെയിടയിൽ നമ്മളും ജീവിക്കുന്നു.

യേശുവിന്റെ അവതാരം ലോകത്തിന്റെ തിന്മകളെ പരിഹരിച്ചോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ അവനിലുള്ള വിശ്വാസം അക്രമത്തിനും വിദ്വേഷത്തിനും എതിരെയുള്ള ഒരു നിലപാടാണെന്ന കാര്യത്തിൽ തർക്കമില്ല. അത് തിന്മയ്ക്കെതിരെയുള്ള പോരാട്ടം തന്നെയാണ്.

യേശുവും അവന്റെ അനുയായികളും ജറുസലേം ദേവാലയവും നമ്മുടെ ശരീരമെന്ന ആലയവും ഈ ലോകം തന്നെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും, കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും അനുഭവത്തിലൂടെ കടന്നുപോകണമെന്നാണ് ഇന്നത്തെ സുവിശേഷം വിവക്ഷിതമാക്കുന്നത്. ഇത് പ്രപഞ്ച ചരിത്രത്തിന്റെ അലിഖിത നിയമമാണ്. എല്ലാം കുരിശിൽ കേന്ദ്രീകൃതമാണ്. എല്ലാം പുനരുത്ഥാനത്തിൽ നവീകൃതവുമാണ്.

ലോകം വലിയൊരു തീഗോളത്തിൽ അവസാനിക്കും എന്നതല്ല പുതിയ നിയമത്തിലെ അന്ത്യകാല കാഴ്ചപ്പാട് (eschatology). മറിച്ച് അതിനൊരു പുതിയ സൗന്ദര്യം കിട്ടുമെന്നാണ്. സൃഷ്ടിയുടെ സർവനാശമായി ലോകാവസാനത്തെ പലരും കരുതുന്നുണ്ട്. അങ്ങനെയല്ല. അതൊരു പ്രണയാതുരമായ തുടക്കമാണെന്നാണ് വെളിപാടിന്റെ പുസ്തകം പറയുന്നത്: “വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു” (വെളി 21:2). ദൈവത്തിന്റെ ഇടപെടലിന്റെ സുന്ദര ചിത്രമാണിത്. ജീവിതത്തിലേക്ക് ദുരന്തങ്ങൾ ക്ഷണിക്കാതെ കടന്നു വരുമ്പോൾ ഓരോ ക്രൈസ്തവനും ഈ ചിത്രം ഉള്ളിൽ സൂക്ഷിക്കണം. കാരണം സുവിശേഷം പറയുന്നു; “നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല” (v.18). അക്രമവും വിദ്വേഷവും കൂടി ചുറ്റിലുമുള്ള സകലതും നശിപ്പിച്ചാലും, നീ നശിക്കപ്പെടില്ല.

മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്; “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ ഭയപ്പെടേണ്ടാ” (10:30-31). ചെറിയ കാര്യങ്ങളിലുള്ള ദൈവത്തിന്റെ അനന്തമായ ശ്രദ്ധയാണത്. ഈ ശ്രദ്ധ സ്നേഹനിർഭരമായ പരിചരണമാണ്. താൻ സ്നേഹിക്കുന്നവരുടെ ഒന്നിനെയും അവൻ നിസാരമായി കരുതുന്നില്ല. ഇത് ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ട ഹൃദയാഭിലാഷം മാത്രമാകരുത്, ഹൃദയജ്ഞാനം കൂടിയാകണം. തീരെ ചെറുത് എന്ന് നമ്മൾ കരുതുന്നതിൽ പോലും മഹത്തായ ദൈവീക കരുതൽ അടങ്ങിയിട്ടുണ്ടെന്നാണ് അവൻ നമ്മെ പഠിപ്പിക്കുന്നത്.

നന്ദിയുള്ളവരാകണം നമ്മൾ. കാരണം ചുറ്റിലും അരാജകത്വം നിറഞ്ഞാലും അവന്റെ നോട്ടം നമ്മിൽ നിന്നും മാറുന്നില്ല. ഒരു ന്യായാധിപനെ പോലെയല്ല അവൻ നമ്മെ വീക്ഷിക്കുന്നത്, ഒരു പിതാവിന്റെ ശ്രദ്ധയോടെയാണ്. ആ പിതാവിന് ഒന്നും ചെറുതല്ല. വിദ്വേഷത്തിന്റെ ദിനങ്ങളിൽ ചിലപ്പോൾ നമ്മൾ അകപ്പെട്ടാലും, കർത്താവിന്റെ ദിനത്തിൽ തീർച്ചയായും നമ്മൾ രക്ഷിക്കപ്പെടും.

ആ ദിനത്തിനായി എങ്ങനെ നമ്മൾ കാത്തിരിക്കണം? അതിനാണ് യേശു ദൈനംദിന ആത്മീയതയുടെ ഒരു രൂപരേഖ നമുക്ക് നൽകുന്നത്. അവൻ പറയുന്നു; “ക്ഷമയോടെ ഉറച്ചുനിൽക്കുക” (v.19). hypomonē അഥവാ patient endurance. ആന്തരികശക്തിയെ ഉണർത്തുന്ന ഒരു പദമാണിത്. നമ്മൾ കടന്നുപോകുന്ന കഷ്ടപ്പാടുകളുടെ പാതയിൽ അവശ്യം വേണ്ട ആന്തരികതയാണത്. ഒപ്പം നമ്മുടെ തലമുടികളെ എണ്ണുന്നവനിൽ പ്രത്യാശ വയ്ക്കാനുള്ള ആർജ്ജവം കൂടിയാണത്. എന്നിട്ടവൻ പറയുന്നു; “അങ്ങനെ നിങ്ങളുടെ ജീവനെ നിങ്ങൾ നേടും”. നോക്കുക, നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കപ്പെടുന്നത് അലസമായ നിസംഗതയിലല്ല, ഭൂമിയെയും അതിന്റെ മുറിവുകളെയും പരിപാലിക്കുന്ന സ്ഥിരതയുള്ള, എളിമയുള്ള, ദൈനംദിന ജോലിയിലാണ്. അതാണ് ക്ഷമയോടെയുള്ള ഉറച്ചുനിൽക്കൽ. അവിടെ നിരാശയോ നിരുത്സാഹമോ ഉണ്ടാവുകയില്ല, വ്യാജ പ്രവാചകന്മാരുടെ വശീകരണത്തിൽ ആരും വീഴുകയുമില്ല. കാരണം, ചുറ്റിനും രക്തച്ചൊരിച്ചിലുകളായാലും നമുക്കായി യുദ്ധം ചെയ്യുന്നവൻ നമ്മുടെ തലമുടിയിഴയെ പോലും കാത്തുകൊള്ളും.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago