ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ
ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന വൈരുദ്ധ്യാത്മകത നിറഞ്ഞ ഒരു സങ്കല്പകഥ. ഒരിക്കലും അമ്മയാകാൻ സാധിക്കാതെ ഏഴു പ്രാവശ്യം വിധവയായവൾ! പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായർ ചില വ്യംഗ്യാർത്ഥങ്ങൾ കുത്തി നിറച്ചു കൊണ്ട് വരക്കാൻ ശ്രമിക്കുന്ന വിശ്വാസത്തിന്റെ ഒരു കാരിക്കേച്ചർ ആണ് ഈ വിധവ. അതുകൊണ്ടാണ് അവർ മെനഞ്ഞെടുത്ത ഈ കഥ പരിഹാസം നിറഞ്ഞ ഒരു ചോദ്യത്തോടെ അവസാനിക്കുന്നത്; “പുനരുത്‌ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ” (v.33).
ഈ വിധവയുടെ കഥയിൽ നിത്യതയെ കുറിച്ചുള്ള സദുക്കായരുടെ കാഴ്ചപ്പാടുകൾ അടങ്ങിയിട്ടുണ്ട്. നിത്യതയെ corporate personality യോട് ചേർത്തു നിർത്തിയാണ് അവർ മനസ്സിലാക്കിയിരുന്നത്. അതായത്, എന്റെ മക്കളിലൂടെയും അവരുടെ മക്കളിലൂടെയും ഞാൻ ജീവിക്കുന്നു എന്ന സങ്കല്പമാണിത്. അതുകൊണ്ട് നിത്യതയെ കുറിച്ചുള്ള വ്യക്തമായ ഒരു ഉത്തരത്തിന് വേണ്ടിയല്ല അവർ യേശുവിനടുത്ത് വന്നിരിക്കുന്നത്. മറിച്ച് അവനെ അവരുടെ ചുരുങ്ങിയ മന:സ്ഥിതിയിൽ കുരുക്കിയിടുന്നതിനു വേണ്ടിയാണ്. പക്ഷെ അവൻ നിത്യത എന്ന യാഥാർത്ഥ്യത്തിന്റെ പുതിയൊരു ചക്രവാളം തുറന്നിടുകയാണ്. നിത്യതയെന്നത് ജനിതക കൈമാറ്റത്തിലൂടെ സ്വായത്തമാക്കുന്ന ഒരു സംഗതിയല്ല, ദൈവമാണ് നിത്യത.
ഇനി നമുക്ക് യേശു നൽകുന്ന മറുപടിയെ ഒന്ന് വിശകലനം ചെയ്യാൻ ശ്രമിക്കാം:
“വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല” (v.35).
ഒറ്റ വായനയിൽ ഈ വാക്യത്തിൽ തെറ്റിദ്ധാരണയുടെ ചില വിത്തുകൾ ഒളിഞ്ഞു കിടക്കുന്നതായി കാണാം. അറിയാതെ തന്നെ നമ്മൾ ചോദിച്ചു പോകും; സ്നേഹമെന്ന യാഥാർത്ഥ്യത്തിന്റെ അവസാനമാണോ പുനരുത്ഥാനം? മാനുഷിക സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ തലമാണല്ലോ വിവാഹം. അതില്ലാതാകും എന്നു പറയുന്നത് സ്നേഹമെന്ന യാഥാർത്ഥ്യത്തിന്റെ ഇല്ലായ്മ തന്നെയല്ലേ? ശരിയാണ്. പുനരുത്ഥാനത്തിൽ വിവാഹം എന്ന സങ്കൽപ്പത്തിന് ഒരു പ്രാധാന്യവുമില്ല. അപ്പോഴും സ്നേഹത്തിന്റെ പാരസ്പര്യത്തിന് അവിടെ ഒരു കുറവും സംഭവിക്കുന്നില്ല. സ്നേഹത്തിന് നിത്യതയുടെ ഒരു മാനം ലഭിക്കുന്നു. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം, ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി മുതൽ നിലനിന്നു പോന്നിരുന്ന ചില മൂല്യങ്ങളുണ്ട്, അവയൊന്നും പുനരുത്ഥാനത്തിലൂടെ നശിപ്പിക്കപ്പെടുന്നില്ല. ഇന്ന് നമ്മളനുഭവിക്കുന്ന മാനുഷികമായ സ്നേഹത്തിലേക്ക് ദൈവികമായ സ്നേഹം അതിന്റെ പൂർണ്ണതയിൽ നിറയപ്പെടുന്ന അനുഭവമാണ് പുനരുത്ഥാനം. അവിടെ ബന്ധങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ ആരും ഒതുങ്ങി പോകില്ല. എന്തെന്നാൽ നിത്യതയിലേക്ക് തുറന്നിട്ടിരിക്കുന്ന വാതിലാണ് പുനരുത്ഥാനം.
“പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്” (v.36).
ദൈവവും മനുഷ്യനും മുഖത്തോടുമുഖം നോക്കി നിൽക്കാൻ സാധിക്കുന്ന ഒരു അവസ്ഥയെ ചിത്രീകരിക്കുന്നതിനാണ് യേശു ദൈവദൂതന്മാർ എന്ന അലങ്കാരം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ അമൂർത്തമായ, ഭാവനാത്മകമായ ഒരു സൃഷ്ടിയായി നമ്മൾ പുനരുത്ഥാനത്തിൽ പരിണമിക്കുമെന്ന് അവൻ കരുതുന്നില്ല. എന്തെന്നാൽ ഉത്ഥാനം ശാരീരികവും മൂർത്തവുമായ ഒരു സത്യമാണ്. യേശു ഉത്ഥിതനായ ശേഷം പറയുന്നുണ്ട്: “എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍. എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ”
(ലൂക്കാ 24:39-40).
പുനരുത്ഥാനം ശാരീരികതയേയും മാനുഷികതയേയും സ്നേഹവികാരങ്ങളെയും മായ്ച്ചുകളയുന്നില്ല. മാനുഷിക തനിമയുടെ മരണമല്ല പുനരുത്ഥാനം. ആ തനിമയുടെ ദൈവീകമായ രൂപാന്തരീകരണമാണ്. നിത്യതയെ സമയബന്ധിതമായ ഒരു യാഥാർത്ഥ്യമായിട്ടു മാത്രമല്ല കരുതേണ്ടത്. അത് സ്ഥലസംബന്ധവുമാണ്. ദൈവീകമായ ഒരിടത്തിന്റെ കണ്ടെത്തലാണത്. കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ഇടം ദൈവത്തെ സ്നേഹിക്കുന്നവർക്ക് സജ്ജീകരിച്ചിരിക്കുന്നതിനെക്കുറിച്ച് പൗലോസപ്പസ്തലൻ പറയുന്നുണ്ട് (1 കോറി 2: 9).
“അവിടുന്ന് മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാണ്” (v.38).
ദൈവം അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ്. ചരിത്രത്തിന്റെ താളുകളിൽ നിന്നും മാഞ്ഞു പോയവരല്ല ഇവർ. ശാരീരികമായ അസാന്നിധ്യത്തിലും ഇന്നും ജീവിക്കുന്നവരാണ്. മരിച്ചവർക്ക് ദൈവമില്ല എന്നല്ല ഇവിടെ വിവക്ഷിതമാകുന്നത്. മറിച്ച്, ജീവിതം മുന്നോട്ടുനീങ്ങുന്നത് മരണത്തെ ലക്ഷ്യമാക്കിയല്ല, പുനർജീവനെ ലക്ഷ്യമാക്കിയാണെന്ന സത്യമാണ്. അബ്രഹാമും ഇസഹാക്കും യാക്കോബും ദൈവത്തെ സ്വന്തമാക്കിയവരായിരുന്നു. ദൈവം അവരെയും സ്വന്തമാക്കിയിരുന്നു. അങ്ങനെ ദൈവത്തിന്റെ സ്വത്വത്തിലേക്ക് അവരുടെ പേരും കൂടി ചേർക്കപ്പെടുന്നു. അബ്രഹാമിന്റെ ദൈവം എന്നു പറയുമ്പോൾ സങ്കൽപ്പതലങ്ങളിൽ വസിക്കുന്ന ദൈവത്തിൽ നിന്നും വ്യത്യസ്തമായി വ്യക്തികളുടെ ദൈവത്തിന്റെ ഒരു ചിത്രം ഇവിടെ കടന്നു വരുന്നുണ്ട്. തന്നെ സ്നേഹിച്ചവരെ തന്നോടു കൂടെ ചേർത്തു നിർത്തിയിരിക്കുന്ന ദൈവത്തിന്റെ ചിത്രം. മരണത്തെക്കാൾ ശക്തനായ ആ ദൈവത്തിന് തന്നെ സ്വന്തമാക്കിയവരെ കൂടെ ചേർത്തു നിർത്തുകയല്ലാതെ മറ്റെന്ത് ചെയ്യുവാൻ സാധിക്കും! അങ്ങനെ ദൈവത്തോടു കൂടെ ചേർന്നു നിൽക്കുന്നവർ ജീവിക്കുന്നവരാണ്. അവരെക്കുറിച്ചാണ് യേശു യോഹന്നാന്റെ സുവിശേഷത്തിൽ “മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞത് (11: 25). ദൈവം തന്റെ തനിമയായ നിത്യതയെ തന്നെ സ്നേഹിക്കുന്നവരോട് ചേർത്ത് നിർത്തുന്നതിലൂടെ വലിയൊരു സത്യം അവിടെ വെളിവാക്കപ്പെടുന്നുണ്ട്; ജീവനല്ല മരണത്തെ അതിജീവിക്കുന്നത്, സ്നേഹമാണ്. അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം, എന്റെയും നിന്റെയും ദൈവം. ദൈവം ഇങ്ങനെ സ്വന്തമായി മാറുമ്പോൾ അവന്റെ നിത്യതയിൽ നമ്മളും പങ്കുകാരാകും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.