Categories: Meditation

30th Sunday_ഇരുളും വെളിച്ചവും (മർക്കോ 10: 46-52)

ഇരുളിൽ നിന്നും പുറത്തേക്ക് വരാനുള്ള ശക്തമായ ആഗ്രഹമാണത്. പ്രത്യാശയുടെ അവസാന നിശ്വാസമാണത്...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

മർക്കോസിന്റെ സുവിശേഷത്തിലെ അവസാനത്തെ സൗഖ്യവും ജറുസലേമിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള നിർണായകമായ അത്ഭുതവുമാണ് ഇന്നത്തെ വചനഭാഗം. കുരിശിലേക്കുള്ള യാത്രയിൽ ഇനി വേണ്ടത് വിശ്വാസത്തിന്റെ നേത്രങ്ങളാണ്. ശിഷ്യർ അന്ധരായി തുടരുമ്പോൾ, അന്ധയാചകൻ ആഴങ്ങൾ ദർശിക്കുന്നു. കണ്ണല്ല, കാഴ്ചയാണ് അപ്പോൾ വിഷയം. അന്ധയാചകൻ വെളിച്ചവും കരുണയും യാചിക്കുന്ന ഓരോരുത്തരുടെയും പ്രതീകമാണ്.

ഈ വചനഭാഗം ഒരു രോഗശാന്തിയുടെ ചരിത്രം മാത്രമല്ല പറയുന്നത്, യഥാർത്ഥ ശിഷ്യത്വത്തിന്റെ തനിമ കൂടിയാണ്. ശ്രവണം, യാചന, യേശുവിന്റെ വിളി, അവനുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച, അനുഗമനം… അങ്ങനെ പല പ്രമേയങ്ങൾ ഈ വചനഭാഗത്ത് ഉണ്ട്. ആർത്തു വിളിച്ചു പ്രാർത്ഥിക്കുന്നവനെ ശ്രവിക്കുന്ന ദൈവമുണ്ട് ഇവിടെ, പുറങ്കുപ്പായം ദൂരെയെറിഞ്ഞു കുതിച്ചു ചാടുന്ന ഒരു നിസ്സഹായന്റെ പ്രത്യാശയുണ്ട് ഇവിടെ.

മർക്കോസിന്റെ കാഴ്ചപ്പാടിൽ ചിലപ്പോൾ ഇവൻ മാത്രമായിരിക്കാം വിടർന്ന മിഴികളോടെ കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിച്ച ഏകശിഷ്യൻ. ഗോൽഗോത്തായിൽ ഒരു ശതാധിപൻ യേശുവിനെ കാണുന്നുണ്ട്. ഉത്ഥാനത്തിനുശേഷം സ്ത്രീകളും അവനെ കാണുന്നുണ്ട്. ഒത്തിരി താമസിച്ചാണ് അപ്പോസ്തലന്മാർ അവനെ കാണുന്നത്. നസ്രത്തിലെ യേശുവിന്റെ ചരിത്രമെന്നത് അന്ധരായ ചില മനുഷ്യരുടെയും ചരിത്രം കൂടിയാണ്. കണ്ണുണ്ടായിട്ടും കാണാതിരുന്നവരാണ് അവർ.

ജറീക്കോയിലെ വഴിത്താരയിൽ യേശുവിനെ പിടിച്ചുനിർത്തുന്നത് ഉച്ചത്തിലുള്ള ഒരു മനുഷ്യന്റെ നിലവിളിയാണ്. ബർതിമേയൂസ് എന്നാണ് അയാളുടെ പേര്. യാചകനാണ്. സ്വയം ആശ്രയിക്കാത്ത ഒരാൾ. കാഴ്ചകളെ ചോദിച്ചറിയുന്ന ഒരാൾ. നസറായന്റെ കടന്നുപോക്കിനെ തിരിച്ചറിഞ്ഞ ഒരാൾ. “ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ!” കരച്ചിലാണത്. ആ കരച്ചിലിൽ നൊമ്പരവും യാചനയും വേദനയും ഉണ്ട്. ഉള്ളം തുറന്ന പ്രാർത്ഥനകളെല്ലാം ഇങ്ങനെയാണ്. മുന്നിൽ ഇരുട്ടു മാത്രമാകുമ്പോൾ, ജീവിതം കീഴ്മേൽമറിയും എന്നു തോന്നുമ്പോൾ കനിയണമേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ പറ്റൂ. ഇരുളിൽ നിന്നും പുറത്തേക്ക് വരാനുള്ള ശക്തമായ ആഗ്രഹമാണത്. പ്രത്യാശയുടെ അവസാന നിശ്വാസമാണത്.

ആരൊക്കെയോ ചുറ്റിൽ നിന്നും വിളിച്ചു പറയുന്നുണ്ട് നിശബ്ദനായിരിക്കാൻ. അങ്ങനെയാണ് ചിലർ. കൂടെയുണ്ടെങ്കിലും നമ്മുടെ നൊമ്പരങ്ങളെ തിരിച്ചറിയാൻ സാധിക്കാതെ പോകുന്നവരാണവർ. ഇരുളിന്മേൽ മൂകതയുടെ ശാസന പുറപ്പെടുവിക്കുന്നവർ. ഇന്ന് ബർതിമേയൂസിനോട് നിശബ്ദരാകാൻ പറയുന്നവർ തന്നെയായിരിക്കാം നാളെ യേശുവിനെ ക്രൂശിക്കാൻ അലമുറയിടുന്നവരും. ജനക്കൂട്ടം യാചകനെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു, അവൻ ഉച്ചത്തിൽ നിലവിളിക്കുന്നു. പിന്മാറാൻ അവൻ ഉദ്ദേശിക്കുന്നില്ല. അവനു യേശുവിന്റെ കരുണയിൽ വിശ്വാസമുണ്ട്. അത് നൊമ്പരങ്ങൾ പകർന്നു നൽകിയ ആത്മധൈര്യമാണ്, ഇരുളിൽ തെളിയുന്ന സ്വപ്നമാണ്. അതൊരു ചെറിയൊരു വെട്ടമാണ്. എന്തു തടസ്സമുണ്ടായാലും ആ വെട്ടത്തിൽ നിന്നും പിന്മാറരുത്. അവൻ്റെ സ്വരം യേശു ശ്രവിക്കുന്നു. അവനെ വിളിപ്പിക്കുന്നു. വലിയ സ്വപ്നങ്ങൾക്ക് ദൈവത്തെ പിടിച്ചു നിർത്താൻ സാധിക്കും. യാചകനെ എതിർത്തവർ, ഇതാ, അവന് ധൈര്യം പകർന്നു നൽകുന്നു.

“ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു”. ധൈര്യം! നൊമ്പരങ്ങളുടെ ചുഴികളിൽ അകപ്പെട്ടിരിക്കുന്നവർക്ക് നൽകാൻ സാധിക്കുന്ന ഏക പുണ്യം. എഴുന്നേൽക്കുക! ഒരു സങ്കടവും ജീവിതത്തിന്റെ അവസാനമല്ല. മുന്നിൽ ഇനിയും വഴികളുണ്ട്. കാരണം യേശു നിന്നെ വിളിക്കുന്നു. ജീവിതത്തിന്റെ ബഹുലീകരണമാണ് വിശ്വാസം. ചിലപ്പോൾ അത് യുക്തിക്ക് വിപരീതമായിരിക്കാം. അപ്പോഴും അതിനൊരു സൗന്ദര്യമുണ്ട്. കാരണം അതിനു മാത്രമേ ജീവിതത്തെ പൂർണ്ണമാക്കാൻ സാധിക്കു.

നിശബ്ദരാകാൻ പറഞ്ഞവർ ധൈര്യം പകരുന്നവരായി മാറുന്നു. ഉള്ളിൽ കെടാത്ത വിശ്വാസമുണ്ടെങ്കിൽ ആർക്കും നമ്മെ നിരുത്സാഹപ്പെടുത്താൻ സാധിക്കില്ല. അങ്ങനെയുള്ളവരോട് മാത്രമേ ദൈവം ചോദിക്കൂ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” ഈ ചോദ്യത്തിനു മുന്നിൽ ആത്മാർത്ഥതയുള്ളവർ ഭൗതികമായതൊന്നും ചോദിക്കുകയില്ല. യഥാർത്ഥ വിശ്വാസം അധികാരവും ആധിപത്യവും പണവും സമ്പത്തും ആഗ്രഹിക്കുകയില്ല. ബർതിമേയൂസിന് വേണ്ടത് വെളിച്ചവും അവബോധവുമാണ്, കാഴ്ചയും കാഴ്ചയുടെ പൂർണ്ണതയുമായ ദൈവീകതയുമാണ്. അവനു വേണ്ടത് വീണ്ടും ഒരു കാഴ്ചയാണ്.

സുവിശേഷം അവസാനിക്കുന്നത് അവൻ യേശുവിനെ അനുഗമിച്ചു എന്ന് പറഞ്ഞു കൊണ്ടാണ്. മുന്നിലുള്ളത് കുരിശിലേക്കുള്ള വഴിയാണ്. അത് കാഴ്ചയുണ്ടെന്നു കരുതുകയും കാണാതിരിക്കുകയും ചെയ്യുന്നവർക്കുള്ളതല്ല. ആഗ്രഹങ്ങളുടെ ശുദ്ധീകരണത്തിലെ യഥാർത്ഥ കാഴ്ചയുണ്ടാകൂ. വചനത്തിന്റെ വെളിച്ചത്തിലെ ഇച്ഛകൾ ശുദ്ധീകരിക്കപ്പെടു. ആഗ്രഹിക്കേണ്ടത് ബർതിമേയൂസിനെ പോലെ ആയിരിക്കണം. ആ ആഗ്രഹത്തിൽ ആന്തരികമായ പരിണാമവും പരിവർത്തനവും ഉണ്ട്. ഇച്ഛകളിൽ ശുദ്ധത വന്നാൽ മാത്രമേ നമ്മളിലും വെളിച്ചം നിറയൂ.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

3 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

5 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

6 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

7 days ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

7 days ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago