Categories: Sunday Homilies

2nd Sunday_Advent_Year B_ദൈവം വരുന്നത് നമ്മുടെ ജീവിത വഴികളിലൂടെ

തന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനു മുമ്പ് ദൈവം മനുഷ്യ ഹൃദയത്തിന്റെ എളിമ കണ്ടറിയുന്നു...

ആഗമനകാലം രണ്ടാം ഞായർ
ഒന്നാം വായന: ഏശയ്യ 40:1-5, 9-11
രണ്ടാം വായന: 2 പത്രോസ് 3:8-14
സുവിശേഷം: വി.മർക്കോസ് 1:1-8

ദിവ്യബലിയ്ക്ക് ആമുഖം

ആഗമന കാലത്തിലെ രണ്ടാം വാരത്തിലേയ്ക്ക് നാം പ്രവേശിക്കുന്ന ഈ ഞായറാഴ്ച ആശ്വാസത്തിന്റെയും പ്രത്യാശയുടേയും വചനങ്ങളാണ് നാം ശ്രവിക്കുന്നത്. “കർത്താവ് തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല” എന്ന് രണ്ടാം വായനയിൻ നാം ശ്രവിക്കുന്ന വി.പത്രോസ് അപ്പോസ്തലന്റെ വാക്കുകൾ നിരവധിയായ നിയോഗങ്ങളുമായി ദിവ്യബലിയിൽ പങ്കെടുക്കുന്ന നമുക്കേവർക്കും പ്രത്യാശ പകരുന്നു. നാം അനുവദിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ ദൈവം ഒരിക്കലും വൈകുന്നില്ല. അനുതാപത്തിന്റെ സ്നാനം സ്വീകരിച്ച്, കർത്താവിന്റെ വഴികൾ നേരെയാക്കുവാൻ സുവിശേഷം നമ്മോട് ആവശ്യപ്പെടുമ്പോൾ സംശുദ്ധമായ മനസ്സോടെ ഈ ബലിയർപ്പിക്കുവാൻ നമ്മുടെ പാപങ്ങളോർത്ത് മനഃസ്തപിക്കാം, ദിവ്യബലിയർപ്പണത്തിനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സേനഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

വി.മർക്കോസിന്റെ സുവിശേഷത്തിലെ ഒന്നാമദ്ധ്യായത്തിലെ ആദ്യ തിരുവചനങ്ങളാണ് നാം ശ്രവിച്ചത്. വളച്ചുകെട്ടൊന്നുമില്ലാതെ താൻ അറിയിക്കുന്ന സദ് വാർത്തയ്ക്ക് വളരെ ലളിതമായ ഒരാമുഖം സുവിശേഷകൻ നൽകുന്നു – “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം”.

“കർത്താവിന്റെ വഴിയൊരുക്കുവിൻ അവന്റെ പാതനേരെയാക്കുവിൻ” – ഇതാണ് ഇന്നത്തെ സുവിശേഷത്തിലെ മുഖ്യസന്ദേശം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അദ്ധ്യായത്തിലെ 3-ാം വാക്യമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ഈ വചനം പൂർണ്ണമായും നാം ശ്രവിക്കുകയുണ്ടായി. പ്രവാസത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തിന് സന്തോഷവും പ്രതീക്ഷയും പ്രദാനംചെയ്യാൻ അരുൾ ചെയ്യപ്പെട്ട പ്രവാചക വാക്യങ്ങളെ അവർത്തിച്ചുകൊണ്ട്, യേശു മനുഷ്യകുലത്തിന് മുഴുവൻ സന്തോഷവും പ്രതീക്ഷയും നൽകാൻ ജാതനായ, പ്രവാചകന്മാരിലൂടെ വെളിവാക്കപ്പെട്ട ദൈവപുത്രനായ മിശിഹായാണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. ദൈവം മനുഷ്യനുവേണ്ടി മനുഷ്യന്റെ ഇടയിലേയ്ക്ക് ഇറങ്ങിവരുവാൻ വരുവാൻ തെരഞ്ഞെടുത്ത പാതയാണ് ക്രിസ്തുമസ്. ഓർക്കുക, ദൈവത്തിന് വേണ്ടി മനുഷ്യൻ തെരഞ്ഞെടുക്കുന്നതാകട്ടെ അവന്റെ ജീവിത വഴികളുമാണ്.

ദൈവം വരുന്നത് മനുഷ്യന്റെ ജീവിത വഴികളിലൂടെ

വഴികളും, പാതകളും നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് നമുക്കറിയാം. അതിനെക്കാൾ പ്രധാനമാണ് ദൈവത്തിന് കടന്നുവരുവാൻ നാം ഒരുക്കുന്ന ജീവിതവഴി. കൊട്ടാര സമാനമായ ഒരാഡംബര ഭവനം പണിതുയർത്തിയിട്ട് ആ ഭവനത്തിലേയ്ക്ക് കടന്നു വരുവാൻ വഴിയില്ലങ്കിൽ എന്ത് പ്രയോജനം? മറ്റുള്ളവരുമായി ബന്ധമില്ലാതെ ആ ഭവനം വാസയോഗ്യമല്ലാതെയാകും. എത്ര ഉന്നതമായ സ്ഥാപനമാണെങ്കിലും വഴിയില്ലെങ്കിൽ ആ സ്ഥാപനം ജനസമ്പർക്കമില്ലാതെ അടച്ച് പൂട്ടേണ്ടിവരും. ആവശ്യക്കാരന് കടന്ന് വരുവാൻ വഴിയില്ലാത്ത ഒരു കച്ചവട കേന്ദ്രത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഇതു തന്നെയാണ് ദൈവത്തിന് ഇറങ്ങി വരുവാൻ വഴിയില്ലാത്ത മനുഷ്യ ജീവിതത്തിന്റെ അവസ്ഥയും. നമ്മുടെ ജീവിതത്തിൽ ദൈവത്തിന് വരുവാൻ വഴിയില്ലങ്കിൽ നാം ആത്മീയമായി നശിക്കുകയും, കാലക്രമേണ അത് നമ്മുടെ ഭൗതിക ജീവിതത്തെയും ബാധിക്കുകയും, അവസാനം നാം സംപൂർണ്ണ നാശത്തിലേയ്ക്ക് നിപതിയ്ക്കുകയും ചെയ്യും. അഹങ്കാരത്തിന്റെ ആഘോഷങ്ങളോ, പാപത്തിന്റെ കുഴികളോ, വെറുപ്പ് സൃഷ്ടിക്കുന്ന തടസങ്ങളോ ദൈവത്തിനുവേണ്ടി നാം തീർത്ത സഞ്ചാര പാതയിലുണ്ടെങ്കിൽ അതിനെയെല്ലാം നേരെയാക്കാനും ആവശ്യമെങ്കിൽ പുതിയ പാതകൾ നിർമ്മിക്കുവാനുമുള്ള ഒരവസരമാണ് ഈ ആഗമന കാലം. ഓർമ്മിക്കുക, ദൈവം വരുന്നത് മേഘങ്ങൾക്കിടയിലൂടെ മാത്രമല്ല നമ്മുടെ ഓരോരുത്തരുടേയും ജീവിത വഴികളിലൂടെയുമാണ്.

സ്നാപക യോഹന്നാൻ എന്ന മാർഗദർശി

മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ച സ്നാപക യോഹന്നാൻ ഈ ആഗമന കാലത്ത് നമുക്ക് നല്ലൊരു മാർഗ്ഗദർശിയാണ്. പഴയനിയമത്തിൽ മരുഭൂമി ഏകാന്തതയുമായി ബന്ധപ്പെട്ട ഒരു ഒറ്റപ്പെട്ട സ്ഥലമല്ല, മറിച്ച് ദൈവം തന്റെ ജനത്തിന് കല്പനകൾ നൽകിയ, അവരുമായി ഉടമ്പടിയുണ്ടാക്കിയ, ദൈവവും മനുഷ്യനുമായി സമാഗമിക്കുന്ന ഒരു സവിശേഷ സ്ഥലമാണ്. ഈ മരുഭൂമിയിലേയ്ക്കാണ് യൂദയായിലേയും, ജറുസലേം പട്ടണത്തിലേയും നിവാസികൾ തങ്ങളുടെ ദൈനംദിന പ്രവർത്തികൾ ഉപേക്ഷിച്ച് സ്നാപക യോഹന്നാനെ കാണുവാൻ ഓടിയണയുന്നത്. ദൈവാനുഭവത്തിനും, ദൈവവചനം ശ്രവിക്കുന്നതിനും, ദൈവവുമായി സമാഗമിക്കുന്നതിനും, നാം ദേവാലയത്തിലേയ്ക്ക് വരുമ്പോഴും ഈ മരുഭൂമി അനുഭവത്തിലേയ്ക്ക് ക്ഷണിക്കപ്പെടുകയാണ്. മരുഭൂമിയിൽ മനുഷ്യൻ ദൈവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ ലൗകീക സമ്പർക്കങ്ങളിൽ നിന്നും മാറി നിൽക്കുന്നു. പലപ്പോഴും ഈ ദൈവാനുഭവത്തെ സംരക്ഷിക്കുന്നതിനാണ് ദേവാലയത്തിൽ ഫോൺ ഉപയോഗിക്കരുത്, ദേവാലയത്തിൽ മാന്യമായ വസ്ത്ര ധാരണം വേണമെന്നൊക്കെ നിർദ്ദേശിക്കപ്പെടുന്നതും.

സ്നാപകയോഹന്നാൻ ദൗത്യം ആരംഭിക്കുന്നു

രക്ഷകനായ മിശിഹാ വരുന്നതിന് മുൻപ് സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകൻ വീണ്ടും വരുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഏലിയ ആഗ്നേയ രഥങ്ങളാൽ സ്വർഗ്ഗത്തിലേയ്ക്കെടുക്കപ്പെട്ട അതേ ജോർദ്ദാൻ നദിക്കരയിൽ വച്ച് സ്നാപകയോഹന്നാൻ തന്റെ ദൗത്യമാരംഭിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളിൽ അതിശക്തമായ സന്ദേശം സ്നാപകയോഹന്നാൻ നൽകുകയാണ്: “എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു, കുനിഞ്ഞ് അവന്റെ ചെരുപ്പിന്റെ വള്ളികൾ അഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല”. മത്സര്യത്തിന്റെയും, ഒന്നാമനാകാനുള്ള പരക്കം പാച്ചിലിന്റേയും ഈ ലോകത്ത് സ്നാപകൻ നൽകുന്ന എളിമയുടെ സന്ദേശം വളരെ പ്രസക്തമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ ഇടയിൽ ആരാണ് വലിയവൻ? എന്ന ചോദ്യം ഉയരാറുണ്ട്. പിൽക്കാലത്ത് ക്രിസ്തുവിന്റെ ശിഷ്യന്മാർക്കിടയിൽപ്പോലും ഈ തർക്കമുണ്ടായി. ഇതേ ചോദ്യം നമ്മുടെ കൂട്ടായ്മകളിലും, ബന്ധങ്ങളിലും എന്തിനേറെ കുടുംമ്പങ്ങളിലും ഉയർന്നു വരാറുണ്ട്. ഇതിനുത്തുമായി എളിമയുടെ ഒരു വലിയ മാതൃക സ്നാപകയോഹന്നാൻ കണിച്ചുതരുന്നു. മറ്റെല്ലാ പുണ്യങ്ങളുടെയും താക്കോലാണ് എളിമ. തന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനു മുമ്പ് ദൈവം മനുഷ്യ ഹൃദയത്തിന്റെ എളിമ കണ്ടറിയുന്നു. അതുകൊണ്ടാണ് അനുതാപത്തിന്റെ സ്നാനം സ്വീകരിച്ചവർക്കുമുമ്പിൽ സ്നാപകൽ സ്വയം എളിമപ്പെടുന്നത്.

ഉപസംഹാരം

കൊറോണാ മഹാമാരിയുടെ കാലത്ത് ഫ്രാൻസിസ് പാപ്പാ നൽകിയ “എല്ലാവരും സഹോദരങ്ങൾ” എന്ന ചാക്രിക ലേഖനം നമ്മുടെ ജീവിതത്തിനും ഇന്നത്തെ ലോകത്തിനും വഴിവിളക്കാകണം. പരസ്പര സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും സുന്ദരലോകം സാധ്യമാകണമെങ്കിൽ എളിമയുടെ കനിവ് ഓരോ മനുഷ്യന്റെയും ജീവിതഭാഗമായി മാറണം. ക്രിസ്തുമസിന് ഉണ്ണിയേശുവിനെ നന്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കുവാൻ തക്കവിധത്തിൽ നമുക്ക് നമ്മുടെ ജീവിതങ്ങളെ എളിമപ്പെടുത്താം. അങ്ങനെ നമ്മുടെ ജീവിതത്തിലേയ്ക്കുള്ള യേശുവിന്റെ പാതകൾ നേരെയാക്കാം.

ആമേൻ.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

18 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago